Thursday 11 January 2018 05:25 PM IST : By സ്വന്തം ലേഖകൻ

കാലില്‍ തൊട്ട ആരാധകരുടെ കാലിൽ തൊട്ടു തൊഴുത് സൂര്യ; വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

suriya_fan_respect

താര  ആരാധനയ്ക്ക് തമിഴകം കഴിഞ്ഞേ ഉദാഹരണം ഉള്ളു എന്ന് പല താരങ്ങളുമായും ചുറ്റിപ്പറ്റിയുള്ള സംഭവങ്ങൾ തെളിവാണ്. എന്നാൽ ആരാധകരെ ഇത്രമേൽ സ്നേഹിക്കുന്ന താരങ്ങളുണ്ടാകുമോ എന്ന് തോന്നിപ്പോകും തമിഴകത്തെ സൂപ്പർ താരമായ സൂര്യയുടെയും വിക്രത്തിന്റെയുമൊക്കെ വാർത്തകൾ കണ്ടാൽ. ഓഫ് സ്ക്രീനിൽ റിയൽ ഹീറോയാണ്  പ്രിയതാരം സൂര്യയെന്നാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. സൂര്യയുടെ പൊങ്കൽ റിലീസായ ‘താനാ സേർന്ത കൂട്ട’ത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ തന്റെ കാലിൽ വീണ ആരാധകരുടെ കാലിൽ തിരികെ വീണ സൂര്യയുടെ ദൃശ്യങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയയിലെ ആരാധകർ.  

നേരത്തെയും ഇത്തരത്തിൽ കാലിൽ വീണ ആരാധകരെ പലതവണ വിലക്കിയിട്ടുണ്ട് താരം.  ആരാധകർ ഇതു കേൾക്കാതെ വന്നപ്പോഴാണ് സൂര്യ അവരുടെ കാലിൽ തിരിച്ചു വീണ് തൊഴുതതത്. പ്രൊമോഷന്റെ ഭാഗമായി സൂര്യയെ കാണാനായി വലിയൊരു ആരാധക കൂട്ടം തന്നെ എത്തിയിരുന്നു.  സൂര്യയെ അടുത്ത് കാണണമെന്നും ഒപ്പംനിന്ന് ഫോട്ടോയെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. അതിന് അനുവാദം നൽകിയ താരത്തോട് എങ്ങനെ സ്നേഹവും ബഹുമാനവും അറിയിക്കണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു ആരാധകർക്ക്.

ആരാധകരുടെ കാലിൽ വീണശേഷം അവരോട് തന്റെ കാലിൽ ഒരിക്കലും വീഴരുതെന്ന് സൂര്യ വീണ്ടും അഭ്യർത്ഥിച്ചു. ആരാധകരോടുള്ള തന്റെ സ്നേഹം അറിയിച്ച താരം  അവരോടൊപ്പം താനാ സേർന്ത കൂട്ടം സിനിമയിലെ സൊടക്ക് മേലെ എന്ന ഗാനത്തിനൊപ്പം  നൃത്തം ചെയ്യാനും  മറന്നില്ല.