Thursday 21 February 2019 02:32 PM IST : By സ്വന്തം ലേഖകൻ

45 വയസിലും ചെറുപ്പം! ഇതു ദ ഗോഡ്ഫാദർ ഡാ...

the_god_father

ലോക സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ ദ ഗോഡ്‌ഫാദറിന് 45 വയസ്. 1972ൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോള സംവിധാനം ചെയ്തു ഹോളിവുഡിൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമ വിശ്വസിനിമയിൽ തന്നെ പാഠപുസ്തകമായാണ് കരുതപ്പെടുന്നത്. 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. മാർലൻ ബ്രാണ്ടോ, അൽ പച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ് എസ്. കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, റിച്ചാർഡ് കോണ്ടെ, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

ഒരു സാങ്കൽപ്പിക മാഫിയകുടുംബമായ കോർലിയോൺ കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇറ്റാലിയൻ-അമേരിക്കൻ ആണ് ഇവർ. 1945 മുതൽ 1955 വരെയുള്ള ഒരു ദശകം ഇതിൽ പ്രതിപാദിച്ചിരിക്കുന്നു.ഗോഡ്ഫാദർ എന്ന് അറിയപ്പെടുന്ന ഡോൺ വിറ്റോ കോർലിയോൺ എന്ന മാഫിയാ തലവനെയാണ് മാർലൻ ബ്രാണ്ടോ അവതരിപ്പിക്കുന്നത്. ഇയാളുടെ മകനായ മൈക്കൾ കോർലിയോണിയെ അൽ പച്ചീനോയും അവതരിപ്പിക്കുന്നു. തുടക്കത്തിൽ കുടുംബത്തിന്റെ മാഫിയാ ബിസിനസിൽ താത്പര്യമില്ലാതിരുന്ന മൈക്കൽ പല സാഹചര്യങ്ങൾ മൂലം‌ കഠിനഹൃദയനായ മാഫിയാ നേതാവായി പരിണമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. മികച്ച ചിത്രം, മികച്ച നടൻ, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ എന്നീ വിഭാഗങ്ങളിൽ ഈ സിനിമ അക്കാദമി അവാർഡുകൾ കരസ്ഥമാക്കി.

അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ "100 വർഷങ്ങൾ...100 ചലച്ചിത്രങ്ങൾ..." എന്ന പട്ടികയുടെ 10-ആം വാർഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായാണ് ഈ ചലച്ചിത്രം‌ സ്ഥാനംപിടിച്ചിരിക്കുന്നത്. രണ്ട് തുടർചിത്രങ്ങൾ പിന്നീട് നിർമ്മിക്കപ്പെട്ടു. ദ ഗോഡ്ഫാദർ പാർട്ട് II 1974ലും ദ ഗോഡ്ഫാദർ പാർട്ട് III 1990ലും. മണിരത്നത്തിന്റെ നായകൻ, രാം ഗോപാൽ വർമ്മയുടെ സർക്കാർ തുടങ്ങിയ സിനിമകൾക്ക് പ്രചോദനമായതും ഗോഡ്ഫാദറാണ്.