Friday 22 March 2019 02:23 PM IST : By സ്വന്തം ലേഖകൻ

നാടൻ പെൺകുട്ടിയും തനിനാടൻ പ്രണയവും; അതിലേറെ ഹൃദ്യം ഈ സംഗീതം

suraj-song2

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ’തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയിലെ പാട്ടു പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടും പുതുമുഖ നായിക നിമിഷ സജയനുമാണ് പാട്ടു സീനിൽ. ’കണ്ണിലെ പൊയ്‌ക...’ എന്നുതുടങ്ങുന്ന പാട്ട് അതിമനോഹരമാണ്. സുരാജും നായികാ കഥാപാത്രവും തമ്മിലുള്ള പ്രണയമാണ് പാട്ടില്‍ രസകരമായ ചിത്രീകരിച്ചിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. ബിജിബാലിന്റെതാണ് സംഗീതം.

സംവിധായക കുപ്പായം അഴിച്ചുവച്ച് രാജീവ് രവി ക്യാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. നിമിഷ സജയൻ, അലൻസിയർ എന്നിവരാണ് മറ്റു താരങ്ങൾ. ’നി കൊ ഞാ ചാ’ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രസംയോജനം കിരൺദാസ്.