Friday 19 January 2018 10:32 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മക്കള്‍ സെല്‍വന്‍! എഴുന്നേറ്റ് നില്‍ക്കാനാകാത്ത ആരാധകന് നിലത്തിരുന്ന് മുത്തം നല്‍കി വിജയ് സേതുപതി

vijay_fan

ആരാധകര്‍ക്ക് മക്കള്‍ സെല്‍വനാണ് വിജയ് സേതുപതി. വിജയ് യെ മക്കൾ സെൽവനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ മികച്ച അഭിനയം മാത്രമല്ല, എളിമയും കരുണയും കൊണ്ടുതന്നെയാണ്. താരജാടകളില്ലാത്ത ഈ നടന് തന്റെ വിജയ വഴികളെക്കുറിച്ച് തലക്കനമില്ല. സൗഭാഗ്യങ്ങളില്‍ നിന്നല്ല, ഇല്ലായ്മയിലും കഷ്ടപ്പാടിലും നിന്ന് സൂപ്പര്‍ താര പദവി നേടിയ വിജയ്ക്ക്  ആരാധകരോടുളള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ആരാധകരില്ലെങ്കിൽ താനില്ല എന്നു എപ്പോഴും പറയുന്ന വിജയ് സേതുപതി തന്റെ വാക്കുകളിലും പ്രവൃത്തികളിലും തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതാ ആരാധകനൊപ്പമുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
 
അംഗവൈകല്യമുളള ആരാധകനൊപ്പം നിലത്തിരുന്ന് ഫോട്ടോയെടുക്കുന്ന വിജയ്. തന്നെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആരാധകന് കവിളില്‍ സ്നേഹത്തിന്റെ മുത്തവും നല്‍കാന്‍ മടിച്ചില്ല വിജയ്. ഇതാണ് തങ്ങളുടെ മക്കൾ സെൽവനെന്ന് പറഞ്ഞാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.  അതേസമയം, ചിത്രം പകർത്തിയത് എവിടെയാണെന്നതിനക്കുറിച്ച് വ്യക്തതയില്ല. കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ പിറന്നാളായിരുന്നു. ആരാധകർക്കൊപ്പമാണ് വിജയ് പിറന്നാൾ ആഘോഷിച്ചത്.

പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വിജയ് തന്റെ കടുത്ത ആരാധകനെ കണ്ടുമുട്ടിയതെന്നും ഒപ്പം സെൽഫി പകർത്തിയതെന്നും  വാര്‍ത്തകളുണ്ട്. ഷൂട്ടിങ് സെറ്റിൽ വിജയ് നിലത്തിരിക്കുന്ന ചിത്രങ്ങളും വിജയ് സേതുപതിയെ ആരാധകര്‍ ഉമ്മ വയ്ക്കുന്ന  ചിത്രങ്ങളും മുമ്പും വൈറലായിട്ടുണ്ട്. എങ്കിലും ഇതിന് ഒരു കണ്ണുനീര്‍ നനവിനെ പുഞ്ചിരി ആക്കിയ താരത്തിന്റെ മനസ്സിന്റെ മുഖമാണുള്ളത് എന്ന് ആരാധകര്‍ പറയുന്നു.