Saturday 13 January 2018 11:47 AM IST : By സ്വന്തം ലേഖകൻ

‘എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന്’! ടാറ്റു പതിച്ചത് മനസ്സിലെ മോഹം കൊണ്ടെന്ന് വിക്രം

vikram_karnan

ചിയാന്‍ വിക്രം കയ്യില്‍ പതിച്ച ടാറ്റു ഏറെ നാള്‍ ആയി തെന്നിന്ത്യയിലെ ഹോട്ട് ടോപിക് ആയിരുന്നു. താരം തന്നെ ഡിസൈന്‍ ചെയ്ത ഈ ടാറ്റു പല ആരാധകരും പകര്‍ത്തിയിരുന്നു. സൂര്യന്റെ ടാറ്റുവാണ് വിക്രം കൈയില്‍ കുത്തിയിരിക്കുന്നത്. കര്‍ണന്റെ കവചത്തില്‍ പതിഞ്ഞ് ചരിത്ര താളുകളിലൂടെ നമ്മള്‍ കണ്ട മുദ്രയും സര്യന്‍ തന്നെ. ‘എനിക്കറിയാമായിരുന്നു ഞാനൊരു ദിവസം കര്‍ണന്‍ ചെയ്യുമെന്ന്’കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ വിക്രം ഇടതുകൈയിലുള്ള ടാറ്റുവിനെക്കുറിച്ച് ചോദിച്ചപ്പോള്‍  പറഞ്ഞ മറുപടിയാണിത്.

തമാശയായി നല്‍കിയതാണ് മറുപടിയെങ്കിലും അത് താരത്തിന്റെ ഉള്ളില്‍ പതിഞ്ഞ മോഹമെന്നാണ് ആരാധകര്‍ വായിച്ചെടുക്കുന്നത്. ‘ആള്‍ക്കാര്‍ എന്നോട് ഏതു തരം കഥാപാത്രം ചെയ്യാനാണ് താല്‍പര്യമെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ടായിരുന്നു, ചരിത്രപരമായ കഥാപാത്രങ്ങളെന്ന്. അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് കൈയില്‍ സൂര്യനെ പിടിച്ചുകെട്ടിയത്.’ വിക്രം വിശദമാക്കി. കര്‍ണന്‍ ആകാന്‍ തയ്യാറെടുക്കുന്നതിനെക്കുറിച്ചു വിക്രം പറഞ്ഞു.

‘മഹാഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ് കര്‍ണന്‍. ആ കഥ ആര്‍.എസ്. വിമല്‍ എഴുതിയിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. എല്ലാവര്‍ക്കും അറിയാവുന്ന കഥയാണ് മഹാഭാരതം എന്നത്. എന്നാല്‍, വിമല്‍ അത് പ്രസന്റ് ചെയ്യുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്’ വിക്രം തന്റെ സ്വപ്ന പ്രോജക്ടിനെക്കുറിച്ചു പറഞ്ഞു. സ്കെച്ചിന്റെ പ്രൊമോഷന് കൊച്ചിയിലെത്തിയതായിരുന്നു താരം.