Thursday 31 January 2019 04:47 PM IST : By രൂപാ ദയാബ്ജി

ഉടല്‍ മണ്ണുക്ക് ഉയിർ തമിഴ്ക്ക്! ജയലളിതയെക്കുറിച്ചുള്ള ഓർമകൾ...

PTI5_23_2015_000099B

മറീന ബീച്ചിലെ കടലിൽ സൂര്യനൊപ്പം അസ്തമിച്ചത് തമിഴ്നാടിന്റെ സിന്ദൂരതിലകം. ജയലളിതയെക്കുറിച്ചുള്ള ഓർമകൾ...

ഉയിരോളം സ്നേഹിച്ച തമിഴ്നാടിന്റെ മണ്ണിലേക്ക് ആ ഉടലും ചേർന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ 68 വർഷത്തെ ഇതിഹാസതുല്യ ജീവിതത്തിനു മറീനാ ബീച്ചിൽ വിരാമമാകുമ്പോൾ കടൽക്കാറ്റിന്റെ തണുപ്പിനൊപ്പം സൂര്യനും അസ്തമിച്ചിരുന്നു. ആണധികാരത്തിന്റെ തീക്കാറ്റിൽ ഉരുകാത്ത ധീരത, തമിഴ്മനം കവർന്ന അഭിനേത്രി, ഹൃദയം തൊട്ട എഴുത്തുകാരി, ഏതു വിഷയത്തിലും അസാമാന്യ അറിവുണ്ടായിരുന്ന പുസ്തകപ്രേമി, ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാക്കളിൽ ഒരാൾ... വിശേഷണങ്ങൾ നിരവധിയുണ്ട് ജയലളിതയെന്ന പെൺകരുത്തിന്. പക്ഷേ, അടുത്തറിയുന്നവർക്ക് ലാളിത്യത്തിന്റെ സ്ത്രീരൂപമാണ് അവർ. നേരിട്ടറിഞ്ഞ ആ കഥകള്‍ പങ്കുവയ്ക്കുകയാണ്, താരങ്ങളായ ഇന്നസെന്റും ഷീലയും പ്രതാപ് പോത്തനും രാധയും.

‘വെള്ളിത്തളികയിൽ ആ തല തരൂ...’ ഇന്നസെന്റ്

ഞാനൊക്കെ സിനിമയിൽ തല കാണിക്കാൻ മോഹിച്ച് കോടമ്പാക്കത്ത് താമസമാക്കിയ കാലം. ഒരുദിവസം രാവിലെ ഇറങ്ങുമ്പോൾ ഉമാ ലോഡ്ജുടമ സാമി പിടിച്ചുനിർത്തി, ‘‘പോന മാസത്തിലേ വാടക 30 രൂപ നീ കൊടുക്കലയേ. ഇന്ന് സായംകാലത്തുക്കുള്ളേ അത് നീ കൊടുക്കലേനാ, ഉങ്ക ബോക്സെല്ലാം നാൻ വെളിയിൽ പോടുമേ...’’ വൈകിട്ടുവരെ സമയമുണ്ടല്ലോ എന്നോർത്താണ് ജെമിനി സ്റ്റുഡിയോയിലേക്ക് നടന്നത്. അവിടെ ‘ജീസസ്’ എന്ന മലയാള സിനിമയുടെ സെറ്റിട്ടിരിക്കുന്നു. സംവിധായകൻ പി.എ. തോമസിന് ഇരിങ്ങാലക്കുടയിലെ എന്റെ കുടുബവുമായി ബന്ധമുണ്ട്. അങ്ങനെ നാട്ടുരാജാവിന്റെ റോൾ കിട്ടി. രാജാവിന് മീശ വയ്ക്കണം, ഞാൻ പറഞ്ഞു, ‘വച്ചോളൂ.’ അപ്പോൾ താടിയും വയ്ക്കണമെന്നായി. ‘‘മൂത്ത മോനല്ലേ രാജാവാകേണ്ടത്. അവന് താടിയും മീശയുമില്ലെങ്കിൽ രാജാവാക്കില്ലേ...’’ മേക്കപ്പ്മാൻ മോഹനോട് ഞാൻ തർക്കിച്ചു. പരാതി സംവിധായകന്റെ മുന്നിലെത്തി.‘‘മീശയും താടിയുമൊന്നും വയ്ക്കാൻ പറ്റില്ലെങ്കിൽ റോളില്ല.’’ സംവിധായകന്റെ പഞ്ച് ഡയലോഗ്.

കുറച്ചുസമയം കഴിഞ്ഞ് അദ്ദേഹം സൗമ്യനായി വന്നുപറഞ്ഞു, ‘‘ഇന്നച്ചൻ, സംവിധായകന്‍ പറയുമ്പോൾ അതിനെ കളിയാക്കുകയാണോ വേണ്ടത്?’’ എന്റെ മറുപടി ഇങ്ങനെ, ‘‘പ്രേംനസീറാകാൻ വേണ്ടി ഇരിങ്ങാലക്കുടയിൽ നിന്ന് പെട്ടിയുമെടുത്ത് പോന്നിട്ട് രണ്ടുമൂന്ന് വർഷമായി. താടിയും മീശയും ഒട്ടിച്ചാൽ ആരും തിരിച്ചറിയുക പോലുമില്ല...’’ അടുത്ത് നിന്ന തമിഴ് മേക്കപ്പ്മാന് എന്താ കാര്യമെന്തെന്നറിയണം. എന്റെ ഡയലോഗിനെ പറ്റി സംവിധായകൻ പറയുന്നത് കേട്ട് അയാളും ചിരിച്ചു. ഈ സിനിമയിൽ നൃത്തം ചെയ്യാൻ വരുന്നത് തമിഴ് തിലകം ജയലളിതയാണെന്ന് അറിയുന്നത് അപ്പോഴാണ്. കുറച്ചുസമയം കഴിഞ്ഞ് ജയലളിത വന്നു, കൂടെ അമ്മയുമുണ്ട്. വന്നപാടെ മേക്കപ്പ് ചെയ്ത്, ഡാൻസിനുള്ള ഡ്രസൊക്കെയിട്ട് വന്നു. രാജധാനിയും അവിടെ നിന്ന രണ്ടുമൂന്ന് നാട്ടുരാജാക്കന്മാരെയും അവരൊന്നു നോക്കി. നോട്ടം എന്നിലായപ്പോൾ ആ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. ആ നിമിഷം ഞാനൊരു സത്യം മനസ്സിലാക്കി, അവിടെ നടന്ന സംഭവങ്ങൾ മേക്കപ്പ്മാൻ അവരോട് പറഞ്ഞിട്ടുണ്ട്.

j-innocent

ഹെറോദേസ് രാജാവിന്റെ അരമനയിൽ നൃത്തം ചെയ്ത ശേഷം അവരുടെ ഡയലോഗ് ഇതാണ്, ‘‘എനിക്ക് ഒരു വെള്ളിത്താലത്തിൽ സ്നാപകയോഹന്നാന്റെ തലയാണ് വേണ്ടത്...’’ ഞാനും  മറ്റു രാജാക്കന്മാരും വീഞ്ഞുകുടിച്ച് മത്തുപിടിച്ച് നിൽക്കുകയാണ്. ‘‘അവന്റെ മാത്രമല്ല, അവന്റെ അപ്പന്റപ്പന്റെ തല വരെ കൊണ്ടുതരാം...’’ എന്റെ മറു ഡയലോഗ്.
കാലങ്ങൾ കഴിഞ്ഞ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി. ഞാൻ ‘അമ്മ’യുടെ പ്രസിഡന്റും. ഒരിക്കൽ തമിഴ് മാഗസിന്റെ റിപ്പോർട്ടർ ‘അമ്മയുടെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലേ’ എന്ന് ചോദിച്ചു.‘വെള്ളിത്താലത്തിൽ സ്നാപക യോഹന്നാന്റെ തലയാണ് അവർ ചോദിച്ചതെങ്കിലും ആ മുഖത്ത് വെള്ളിത്താലത്തിൽ വച്ച് മദ്രാസ് നഗരം തരൂ എന്നാണ് കണ്ടതെന്ന്’ നേരമ്പോക്കിന് ഞാൻ തട്ടിവിട്ടു. ആ വിവരം അറിഞ്ഞപ്പോൾ, ‘ഇന്നസെന്റാണ് അത് പറഞ്ഞതെങ്കിൽ സാരമില്ല’ എന്നായിരുന്നു ജയലളിതയുടെ മറുപടി. ആ സീൻ  അഭിനയിക്കുമ്പോഴും ഉമാ ലോഡ്ജിനു മുന്നിലെ റോഡിൽ എന്റെ തകരപ്പെട്ടി വെയിലുകൊണ്ട് കിടക്കുന്നതായിരുന്നു ചിന്ത. ആ 30 രൂപയുടെ കുറവ് എന്റെ നാട്ടുരാജാവിന്റെ മുഖത്തുണ്ടായിരുന്നു എന്നാണ് മകൻ സോണറ്റ് പറയാറ്. ബാക്കി എല്ലാം ഓക്കെ. ഒരിക്കൽ ഓണത്തിന് ലോനപ്പൻ നമ്പാടൻ എന്നെ ദൂരദർശന് വേണ്ടി ഇന്റർവ്യൂ ചെയ്തു. ‘‘തന്നെപ്പോലെ സാധാരണക്കാരനായ ഒരാളെ എന്നെപ്പോലെ മന്ത്രിയായിരുന്ന ഒരാൾ ഇന്റർവ്യൂ ചെയ്യുമ്പോൾ മതിപ്പ് തോന്നുന്നില്ലേ’’ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ‘‘തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പണ്ട് എന്റെ മുന്നിൽ നൃത്തം ചെയ്തിട്ടുണ്ട്. അതിലും വലുതല്ലല്ലോ ഇത്.’’ എന്റെ മറുപടി കേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.

പഴയ മൈസൂരു സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മാണ്ഡ്യയിൽ 1948 ഫെബ്രുവരി 24നാണ് ജയലളിത ജനിച്ചത്. ജയലളിതയുടെ അച്ഛൻ ജയറാം വക്കീലും അമ്മ വേദവല്ലി ക്ലർക്കുമായിരുന്നു. അമ്മയുടെ അച്ഛൻ രംഗസാമി അയ്യങ്കാർ എൻജിനീയറായിരുന്നു. അച്ഛന്റെ അച്ഛൻ നരസിംഹൻ രങ്കാചാരി മൈസൂരു രാജാവിന്റെ പേഴ്സണൽ ഡോക്ടറും. ജയയുടെ ഒരേയൊരു സഹോദരൻ ജയകുമാർ 1995ൽ അപകടത്തിൽ മരിച്ചു. മദ്രാസിലെ ബിഷപ് കോട്ടൺസ് ഗേൾസ് സ്കൂളിൽ എല്ലാ ക്ലാസിലും ഒന്നാം റാങ്കുകാരിയായിരുന്നു ജയ. ബാസ്കറ്റ് ബാൾ, ബാഡ്മിന്റൻ, റോളർ സ്കേറ്റിങ്, നീന്തൽ മത്സരങ്ങളിലെയും വിജയി. പന്ത്രണ്ടാം വയസ്സിൽ ജയയുടെ നൃത്ത അരങ്ങേറ്റം കണ്ട നടികർ തിലകം ശിവാജി ഗണേശൻ ‘തങ്ക ശിലൈ’ എന്നാണ് ജയയെ വിശേഷിപ്പിച്ചത്. പത്താംക്ലാസിൽ മികച്ച വിജയവും സ്കോളർഷിപ്പും നേടിയെങ്കിലും ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ അഡ്മിഷൻ വേണ്ടെന്നുവച്ച് ജയലളിത സിനിമയിലെത്തി.

‘ഇതാണ് ആണാധിപത്യം...’ ഷീല

അതൊരു കാലമാണ്. ഒരേസമയം തന്നെ ഒരുപാട് സിനിമകളുടെ ഷൂട്ടിങ്ങുണ്ടാകും. മലയാളസിനിമയുടെ ഷൂട്ടിങ്ങിന് ഞാൻ ചെല്ലുമ്പോഴാകും  തമിഴ് സിനിമയുമായി ജയലളിത വരുന്നത്. വാണിശ്രീയും  മഞ്ജുളയും  പല സിനിമകളുമായി വരും. ജെമിനി സ്റ്റുഡിയോയുടെ വളപ്പിലെ മരങ്ങളുടെ താഴെയിട്ട കസേരകളിലാണ് ഞങ്ങൾ ഇരിക്കുക. ഒറ്റയ്ക്കിരുന്ന് പുസ്തകം വായിക്കുന്ന ജയലളിതയാണ് ആദ്യത്തെ കാഴ്ച. ജയ നോക്കിയപ്പോൾ ഞാൻ ചിരിച്ചു. എന്റെ കൈയിൽ ഉണ്ടായിരുന്ന പുസ്തകത്തെ കുറിച്ചാണ് സംസാരിച്ചു തുടങ്ങിയത്. ഞങ്ങൾ പെട്ടെന്നു കൂട്ടായി. അമ്മു എന്നു ഞാൻ വിളിച്ചു.

അന്ന് എം.ജി.ആർ സിനിമകളിലാണ് ജയ അഭിനയിക്കുന്നത്. ഭാര്യയുടെയോ കാമുകിയുടെയോ റോൾ. കലക്ടർ മാലതി, സ്ഥാനാർഥി സാറാമ്മ, കള്ളിച്ചെല്ലമ്മ പോലുള്ള സിനിമകളിലാണ് ഞാൻ അഭിനയിച്ചിരുന്നത്. അതുകേട്ട് അമ്മു ചോദിച്ചു, ‘‘നീയല്ലേ മെയിൻ റോൾ. നിന്റെ കഥാപാത്രത്തിന്റെ പേരിലാണ് സിനിമ ഇറങ്ങുന്നതും. അപ്പോൾ ടൈറ്റിൽ കാർഡിൽ നിന്റെ പേരാണോ ആദ്യം വയ്ക്കുന്നത് ?’’ ഒരു സീനിൽ വന്നു പോയാലും നടന്മാരുടെ പേരിനു പിന്നിലേ അന്ന് നടിമാരുടെ പേര് കൊടുക്കാറുള്ളൂ. മറുപടി കേട്ട് അമ്മു രോഷം കൊണ്ടു. ‘‘ഇതല്ലേ ആണാധിപത്യം? നിന്റെ പേരിലുള്ള പടമാണെങ്കിൽ നിന്റെ പേരിനു ശേഷം മതി നടന്മാരുടെ പേരെന്നു പറയണം.’’ ആ സിനിമയുടെ പ്രൊഡ്യൂസറോടു ഞാൻ ഇക്കാര്യം പറഞ്ഞു. കാലങ്ങളായി പിന്തുടരുന്ന രീതി മാറ്റാൻ മടി. പക്ഷേ, ചെറിയ മാറ്റം വരുത്തി. ‘നിങ്ങളുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്നു’ എന്നതിനു ശേഷം നസീർ– ഷീല എന്നു കാണിച്ചുതുടങ്ങി.

ചെന്നൈയിൽ വലിയ എക്സിബിഷനുകൾ വരും. പക്ഷേ, അമ്മുവിന് പോകാൻ പറ്റില്ല, അത്ര പ്രശസ്തയാണ് അവർ. ഒരിക്കൽ ഞങ്ങൾ പ്ലാൻ ചെയ്തു. ടെയ്‌ലറെ കൊണ്ട് രണ്ടു പർദ തയ്പ്പിച്ചു. ആ പർദയിട്ട് പുറത്തുപോകുന്നത് ഞങ്ങൾ പതിവാക്കി. ആ പർദ ഇപ്പോഴും എന്റെ കൈയിൽ ഭദ്രമായുണ്ട്.
ചെന്നൈയിൽ ഞങ്ങളൊന്നിച്ചാണ് സ്ഥലം വാങ്ങിയത്. വീടും വച്ചു. അമ്മുവിന്റെ വീടിനടുത്താണ് രജനീകാന്തിന്റെ വീ ട്. അതിനിപ്പുറത്താണ് എന്റെ വീട്. ജയയുടെ ചേട്ടൻ ജയകുമാർ യു.എസിൽ പഠിക്കുന്ന കാലത്താണ് അവരുടെ അമ്മ മരിക്കുന്നത്. വിവരമറിഞ്ഞ ഞാന്‍ അവിടേക്ക് പോയി. തമിഴ് സിനിമാലോകം മുഴുവൻ പുറത്തുണ്ട്. അകത്തെ മുറിയിൽ വിഷമിച്ചിരിക്കുകയാണ് ജയ. അന്ന് അവരുടെ പഴ്സനൽ അസിസ്റ്റന്റും  ഡ്രൈവറുമെല്ലാം  മലയാളിയായ മാധവനാണ്. ഓരോരുത്തർ വരുമ്പോഴും  മാധവൻ വിവരം ചെന്നുപറയും. ആർക്കും അകത്തേക്ക് ചെല്ലാൻ അനുവാദം കിട്ടിയില്ല. എന്നെ കണ്ടയുടനേ ‘‘നീങ്ക വന്നാ മട്ടും ഉള്ളെ വര ശൊന്നാങ്കേ...’’ എന്നുപറഞ്ഞ് മാധവൻ കൂട്ടിക്കൊണ്ടുപോയി.

j-sheela

പിന്നെയൊരിക്കൽ അമ്മു ഒരാവശ്യം പറഞ്ഞ് എന്നെ വന്നുകണ്ടു, ‘‘േചട്ടന്റെ വിവാഹം നടത്തിയാൽ വീട്ടിൽ എനിക്കൊരു കൂട്ടാകും.’’ സാമ്പത്തിക സ്ഥിതി മോശമായാലും വേണ്ടില്ല, വടകല അയ്യങ്കാർ പെണ്ണു വേണം എന്നതായിരുന്നു ഡിമാൻഡ്. എന്റെ അഡ്വക്കേറ്റും ഓഡിറ്ററുമായിരുന്ന അഡ്വ. രങ്കാചാരിയോട് ഞാൻ കാര്യം പറഞ്ഞു. ‘‘എട്ടു പെൺമക്കളാണ് എനിക്ക്, മൂത്തവൾ ഭൂമയ്ക്ക് വിവാഹപ്രായമായി. അവളെ ആലോചിക്കാമോ ?’’ രങ്കാചാരി ചോദിച്ചു. ഭൂമയോട് (രാജി) വീട്ടിലേക്ക് വരാൻ പറഞ്ഞിട്ട് ഞാൻ അമ്മുവിനെ വിവരമറിയിച്ചു. എന്റെ വീട്ടിൽ വന്നാണ് രാജിയെ അമ്മു കണ്ടത്. ആദ്യകാഴ്ചയിൽ തന്നെ ഇഷ്ടമായി. അവരുടെ വിവാഹവേദിയിലേക്ക് വരന്റെ ബന്ധുക്കളായി പോയത് ഞാനും അമ്മുവും മാധവനുമായിരുന്നു.

എന്റെ മോനെ പ്രസവിക്കുന്നത്  രാത്രി 11.50നാണ്. പന്ത്രണ്ടുമണിയായപ്പോഴേക്കും വിവരമറിഞ്ഞ് അമ്മു ആശുപത്രിയിലെത്തി. കുഞ്ഞിനുള്ള സമ്മാനങ്ങളുമായി. ജയകുമാറിനും രാജിക്കും രണ്ടുമക്കളുണ്ടായി, ദീപക്കും ദീപയും. രണ്ടുപേർക്കും പേരിട്ടത് അമ്മുവാണ്. കുട്ടികളെ അമ്മുവിന് വലിയ ഇഷ്ടമായിരുന്നു. ദീപയെ തോളിലിട്ട് അമ്മു നടക്കുന്നത് കാണാൻ ചുറ്റുപാടുമുള്ളവർ എത്തിനോക്കുമായിരുന്നു. അമ്മവീട് ഭാഗം നടന്നപ്പോൾ അവർക്ക് കിട്ടിയ കുടുംബവീട്ടിലേക്ക് ജയകുമാറും രാജിയും കുട്ടികളും താമസംമാറി. മോന്റെ പഠനത്തിനായി ഞാൻ ഊട്ടിയിലേക്കും പോയി. അതോടെ അമ്മു വീട്ടിൽ ഒറ്റയ്ക്കായി. അതിനുശേഷമാണ് അവർ രാഷ്ട്രീയത്തിലേക്ക് വരുന്നതും തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതും. മരിച്ചു കിടക്കുന്ന അമ്മുവിന്റെ മുഖം കണ്ടപ്പോൾ ഞാനോർത്തത് അന്നത്തെ ചോദ്യമാണ്, ഇതല്ലേ ആണാധിപത്യം ?

1980ൽ അഭിനയജീവിതം അവസാനിപ്പിച്ച ജയയുടെ കരിയറിൽ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, മലയാളം, ഇംഗ്ലിഷ് ഭാഷകളിലായി 140 സിനിമകളുണ്ട്. 1971 മുതല്‍ 1975 വരെ തുടർച്ചയായി അഞ്ചുവർഷം മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് ജയലളിത നേടി. ഒരു കലണ്ടർ വർഷത്തിൽ റിലീസായ 11 സിനിമകളും ഹിറ്റാക്കിയ നടി എന്ന ക്രഡിറ്റും 1966ൽ ജയ സ്വന്തം പേരിലാക്കി. തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, കന്നട, തെലുങ്ക്, ഉറുദു, മലയാളം എന്നീ ഭാഷകൾ ജയലളിത അനായാസം കൈകാര്യം ചെയ്തിരുന്നു. ‘തായ്’ എന്ന തൂലികാനാമത്തിൽ നിരവധി ചെറുകഥകളും കവിതകളും ഒരു നോവലും എഴുതിയിട്ടുണ്ട്. ഇതേ പേരിലാണ് കോളങ്ങളും എഴുതിയിരുന്നത്. ആറുവട്ടം മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാസം ഒരു രൂപയാണ് ശമ്പളം പറ്റിയിരുന്നത്. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷനേതാവാകുന്ന ഏക വനിതയും ജയലളിതയാണ്.
കടുംപച്ചയായിരുന്നു ഇഷ്ടനിറം. വാച്ചുകളോടും വലിയ പ്രിയമായിരുന്നു. മറൂണോ കടുംപച്ചയോ നിറമുള്ള, എട്ടര മീറ്റർ (ഒമ്പത് യാർഡ്) നീളമുള്ള സാരി ചുറ്റിയുടുത്താണ് ചടങ്ങുകൾക്കെത്തുക. 60ാം ജന്മദിനത്തിലുടുത്ത കടുംപച്ച നിറമുള്ള സാരിയുടുപ്പിച്ച്, പ്രിയപ്പെട്ട വലിയ ഡയൽ വാച്ച് അണിയിച്ചാണ് ജയയുടെ ഭൗതികദേഹം സംസ്കരിച്ചത്.


മീണ്ടും ഒരു ‘ജയ’കഥൈ പ്രതാപ് പോത്തൻ

രണ്ടുപ്രാവശ്യം ജയലളിതയെ നേരിട്ടു കാണാനും സംസാരിക്കാനുമുള്ള അവസരം എനിക്കുണ്ടായി. 1985 ലാണ്. ഞാൻ സംവിധാനം ചെയ്ത ആദ്യസിനിമ ‘മീണ്ടും ഒരു കാതൽകഥൈ’ ഇറങ്ങുന്നത് ആ വർഷമാണ്. ഏത് പുതുമുഖ സംവിധായകനും നേരിടേണ്ടി വരുന്ന പ്രശ്നം എനിക്കുമുണ്ടായി. ആ സിനിമ ആരും വിതരണത്തിനെടുക്കുന്നില്ല. അങ്ങനെ ത മിഴ്നാട്ടിലെ പ്രമുഖരെയെല്ലാം വിളിച്ച് ഒരു ഷോ നടത്തി. സിനിമാക്കാരെയും രാഷ്ട്രീയക്കാരെയും പ്രത്യേകം ക്ഷണിച്ചു. ജയലളിത സിനിമ കാണാൻ വരുമെന്നായിരുന്നു പ്രതീക്ഷ, പക്ഷേ, വന്നില്ല.
നികുതിയിലോ മറ്റോ ഇളവ് കിട്ടിയാൽ ആരെങ്കിലും വിതരണത്തിന് എടുത്തേക്കുമെന്ന് ചിലർ ഉപദേശിച്ചു. അവസാന പ്രതീക്ഷയെന്ന നിലയ്ക്കാണ് ജയലളിതയോട് സഹായം അഭ്യർഥിച്ചത്. നേരിട്ടുചെന്ന് വിവരം പറഞ്ഞപ്പോൾ നടികർ സംഘത്തിൽ സിനിമ പ്രദർശിപ്പിക്കാൻ നിർദേശം നൽകി. ഈ ടൈപ്പ് സിനിമയിൽ വളർന്ന ആളല്ലല്ലോ ജയലളിത. കണ്ടാൽ തന്നെ ഈ സിനിമ അവർക്ക് ഇഷ്ടപ്പെടുമോ എന്നും സംശയമായിരുന്നു. ഗ‍ൗരവക്കാരിയാണ് അവർ എന്നാണ് കേട്ടിട്ടുള്ളത്. എം.ജി.ആറിന്റെ പ്രതാപകാലമല്ലേ. ജയലളിത അദ്ദേഹത്തിന്റെ പാർട്ടി പരിപാടികളുടെ പ്രചാരണ വിഭാഗം ചുമതലകളാണ് വഹിക്കുന്നത്. ഇതൊക്കെയാണെങ്കിലും നടികർ സംഘത്തിന്റെ ഓഫിസിൽ നടത്തിയ ഷോ കാണാൻ അവർ വന്നു.

പൊട്ടിച്ചിരിച്ചും കണ്ണീർ തുടച്ചുമൊക്കെയാണ് അവർ സിനിമ കണ്ടുതീർത്തത്. സിനിമ കണ്ടിറങ്ങുമ്പോൾ അവരുടെ മുഖത്ത് സന്തോഷമുണ്ടായിരുന്നു. അതായിരുന്നു എനിക്കു കിട്ടിയ ആദ്യത്തെ അവാർഡ്. പിറ്റേദിവസം വീട്ടിലേക്ക് ചെല്ലാൻ നി ർദേശിച്ചു. പോയസ് ഗാർഡനിലെ വേദനിലയത്തിലേക്ക് ചെന്ന് ഞാനവരോടു സംസാരിച്ചു. സിനിമ മാത്രമല്ല വിഷയമായത്, സംഗീതവും സാഹിത്യവുമെല്ലാം ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ സംസാരിച്ചു. സിനിമയെ കുറിച്ച് പറയുമ്പോൾ പലപ്പോഴും അവർ വാചാലയായി. തമിഴ് സിനിമ എങ്ങനെയാകണമെന്ന ഉൾക്കാഴ്ച അവർക്കുണ്ടായിരുന്നു. പക്ഷേ, മേക്കപ്പും കോസ്റ്റ്യൂമുമണിഞ്ഞ് എം.ജി.ആറിനു ചുറ്റും ഒഴുകിനടന്ന് നൃത്തം ചെയ്യുകയായിരുന്നു താൻ എന്ന് പറഞ്ഞ് അവർ പൊട്ടിച്ചിരിച്ചു.

j-prathab

എന്റെ ആദ്യത്തെ സിനിമയാണല്ലോ അത്. ജയലളിത നേരത്തേ തന്നെ അഭിനയജീവിതം അവസാനിപ്പിച്ച ആളും. വളരെ ശ്രദ്ധിച്ചുവേണം ഇൻഡസ്ട്രിയിലേക്ക് കാൽവയ്ക്കാനെന്ന് അവരെന്നോടു പറഞ്ഞു. ‘‘ധൈര്യവും കഴിവും വേണം ഇവിടെ നിൽക്കാൻ. പേടിക്കേണ്ട, അതു നിങ്ങളുടെ രക്തത്തിലുണ്ട്. വലിയ വിജയങ്ങൾ നിങ്ങളെ തേടിവരട്ടെ.’’ ആ വാക്കുകൾ ഞാൻ ഓർത്തുവച്ചു. പിന്നീടൊരിക്കൽ ജയ എനിക്കൊരു കത്തെഴുതി. ‘മീണ്ടും ഒരു കാതൽ കഥൈ’യെ പ്രശംസിച്ചുകൊണ്ടായിരുന്നു അത്. വിലമതിക്കാനാകാത്ത നിധിയായി വളരെക്കാലം സൂക്ഷിച്ചുവച്ചിരുന്നെങ്കിലും പിന്നീട് എന്റെ കൈയിൽ നിന്ന് അത് നഷ്ടപ്പെട്ടുപോയി. മികച്ച പുതുമുഖ സംവിധായകനും മികച്ച തമിഴ് സിനിമയ്ക്കുമുള്ള ദേശീയ അവാർഡ് ‘മീണ്ടും ഒരു കാതൽകഥൈ’യ്ക്ക് കിട്ടി. വിവരമറിഞ്ഞ് ജയലളിത എന്നെ ഫോണിൽ വിളിച്ചു, ‘‘അന്നേ ഞാൻ പറഞ്ഞിരുന്നതല്ലേ’’ എന്നു ചോദിച്ചു. അതെ, അവർ പറഞ്ഞിരുന്നതാണ്. മരണമൊഴികെ എല്ലാം മുൻകൂട്ടി അവർ കണ്ടിരുന്നതാണല്ലോ.

‘പനിനീർ പൂവുപോലെ ജയാമ്മ’ രാധ

ചെറിയ ഗ്രാമത്തിൽ നിന്നു സിനിമയിലെത്തി വലിയ അവസരങ്ങൾ‍ കിട്ടിയപ്പോൾ അമ്പരന്നുപോയിട്ടുണ്ട് ഞാൻ. അന്ന് അമ്മയാണ് പറഞ്ഞത്, ദാ ഈ നടിയെ കണ്ടുപഠിക്ക് എന്ന്. അത് ജയലളിതയായിരുന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തമിഴ്മനം കീഴടക്കിയ ജയാമ്മ. ദേഹത്തിന് ഒരു ചലനവുമില്ലാതെ ഒഴുകിയാണ് ജയാമ്മ നടക്കുന്നത്. അതു കാണുമ്പോൾ ഞങ്ങളോട് അമ്മ പറയും, ‘തത്തക്ക പുത്തക്ക എന്നുപറഞ്ഞ് നടക്കാതെ ആ നടപ്പ് കണ്ടുപഠിക്കാൻ.’ എല്ലാ കാര്യത്തിനും എന്റെയും അംബിക ചേച്ചിയുടെയും റോ ൾ മോഡൽ ജയാമ്മയായി. ബബ്ലി, ആംഗ്രി യങ് എന്നൊക്കെ പ റയാവുന്ന മോഡേണ്‍ റോളുകളാണ് ഞാനന്ന് ചെയ്തിരുന്നത്. ചിലപ്പോഴൊക്കെ ജയാമ്മയുടെ ഹെയർസ്റ്റൈൽ പരീക്ഷിക്കും. മോഡേൺ ഡാൻസ്  ചെയ്യുംമുമ്പ് ജയാമ്മയുടെ ഡാൻസ് വിഡിയോ കണ്ട് സ്റ്റെപ്സ് ചെയ്തുനോക്കും.

2011ലാണ് അത്. വിവാഹശേഷം ഞാൻ അഭിനയരംഗത്തു നിന്ന് പിൻമാറി. ഭർത്താവും മൂന്നുമക്കളുമൊത്ത് ഞാൻ മുംബൈയിലാണ്. ഒരു ദിവസം അംബിക ചേച്ചി വിളിക്കുന്നു, ജയാമ്മയെ കാണാൻ അനുവാദം കിട്ടി. ഞാനും ചേച്ചിയും അമ്മയും കൂടി പോയസ് ഗാർഡനിലെ വീട്ടിൽ പോയി. ഗസ്റ്റ് റൂമിൽ കുറേ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. പിന്നെ മുടി ഫ്രഞ്ച് കട്ട് ചെയ്ത, ആറുവയസ്സുള്ള ജയാമ്മയുടെ ഫോട്ടോ. ഫ്രഞ്ച് കട്ട് വിഗ് വച്ച് ജയാമ്മ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതേ തരം വിഗ് വച്ച് രജനീകാന്തിനൊപ്പം ‘ഉദയസൂര്യൻ’ എന്ന സിനിമയിൽ ഞാനുമഭിനയിച്ചു. ആ ഓർമയിൽ എനിക്ക് അഭിമാനം തോന്നി. കാത്തിരിപ്പിനൊടുവിൽ പർപ്പിൾ കളറിലുള്ള സിംപിള്‍ സാരി ചുറ്റി ജയാമ്മ വന്നു. പനിനീർ റോസിന്റെ അതേ തുടുത്ത നിറമാണ് ജയാമ്മയ്ക്ക്. മേക്കപ്പിന്റെയോ ആഭരണങ്ങളുടെയോ തരി പോലുമില്ല. കണ്ണെഴുതിയിട്ടില്ല, ചെറിയൊരു പൊട്ടും മുകളിൽ മറ്റൊരു നീളൻ പൊട്ടും. ആ പ്രഭ കണ്ട് ഞങ്ങൾ എഴുന്നേറ്റു നിന്നു.

j-radha

ചേച്ചിയാണ് സംസാരിച്ചുതുടങ്ങിയത്. ചേച്ചി മിക്ക താരങ്ങളെയും അനുകരിക്കും. ജയാമ്മ ചിരിക്കുന്നതും ദേഷ്യപ്പെടുന്നതും നടക്കുന്നതുമെല്ലാം ചേച്ചി അനുകരിച്ചു കാണിച്ചു. അതുകണ്ട് അവർ ചിരിച്ചു. ‘മുതൽ മര്യാദ’ എപ്പോൾ ടിവിയിൽ വന്നാലും കുറച്ചെങ്കിലും കാണുമെന്ന് ജയാമ്മ എന്നോടു പറഞ്ഞു. അംബികചേച്ചിയുടെ ‘അന്ത ഏഴു നാൾകൾ’ ഇഷ്ടമായി എന്നും പറഞ്ഞു. എനിക്ക് മൂന്ന് കുട്ടികളുണ്ട് എന്നറിഞ്ഞപ്പോൾ ജയാമ്മ അത്ഭുതത്തോടെ, ‘‘ബിസി ഹൗസ് വൈഫാണോ?’’ എന്നു ചോദിച്ചു. ഞങ്ങളുടെ അമ്മ ഉടുത്തിരുന്ന ഖദർ സാരി കണ്ട് ജയാമ്മ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. അതു മനസ്സിലായപ്പോൾ ‘പണ്ടുമുതലേ കോൺഗ്രസുകാരിയാണ്’ എന്ന് അമ്മ എടുത്തുപറഞ്ഞു.
വരുന്നവരുടെയൊക്കെ ഫോട്ടോ എടുക്കാൻ അവിടെ ഒരാളുണ്ട്. ഫോട്ടോ എടുക്കും മുമ്പ് ചേച്ചി ആ ആഗ്രഹം തുറന്നുപറഞ്ഞു, ‘‘അമ്മയെ ഒന്നു കെട്ടിപ്പിടിക്കാൻ മോഹമുണ്ട്...’’ എനിക്കും ജയാമ്മയെ ഒന്നു തൊട്ടുനോക്കാൻ വലിയ കൊതിയായിരുന്നു. ചിരിച്ചുകൊണ്ടു തന്നെ ജയാമ്മ അതിന് അനുവാദം നൽകി. കെട്ടിപ്പിടിച്ച്, ഇരുവശവും നിന്ന് ഞങ്ങൾ ഫോട്ടോയെടുത്തു.

ജയലളിത നായികയായ ആദ്യ തമിഴ്ചിത്രത്തിൽ വിധവയുടെ റോളായിരുന്നു അവർക്ക്. ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ്. പുതിയ ചിത്രത്തിലേക്ക് നായികയെ തേടുകയായിരുന്ന എം.ജി.ആറിന് ജയലളിതയുടെ ചിത്രം ഒരിക്കൽ കാണിച്ചുകൊടുത്തത് ഭാര്യ ജാനകിയായിരുന്നു. പിന്നീട് ജയ മറ്റുള്ളവരുടെ നായികയാകുന്നത് പല വഴികളിലൂടെ അദ്ദേഹം തടഞ്ഞു. ഏഴുവർഷക്കാലം ഇരുവരും അകൽച്ചയിലായിരുന്നു. ഈ കാലത്ത് തെലുങ്ക് സൂപ്പർസ്റ്റാർ ശോഭൻ ബാബുവുമായി ജയ പ്രണയത്തിലായി. ഇവർ വിവാഹിതരായെന്ന് എഴുതിയ മാസികയ്ക്ക് ഒരിക്കൽ ജയലളിത കത്തെഴുതി, ‘‘ഞങ്ങൾ പ്രണയത്തിലാണ്. പക്ഷേ, അദ്ദേഹം വിവാഹമോചനം നേടിയ ശേഷമേ ഞങ്ങളുടെ വിവാഹമുണ്ടാകൂ.’’

j-ambika