Thursday 31 January 2019 04:48 PM IST : By രൂപാ ദയാബ്ജി

ഹൃദയത്തിൽ നീ മാത്രം...

rajeshpillai5.jpg.image.784.410 ഫോട്ടോ: സരിൻ രാംദാസ്

സിനിമ റിലീസ് ഇല്ലാത്ത ദിവസമായിരുന്നു അത്, ബുധനാഴ്ച.  പക്ഷേ, സന്തോഷവും സസ്പെ ൻസും ത്രില്ലുമെല്ലാമുള്ള ഞങ്ങളുടെ ജീവിതസിനിമ റിലീസായ ദിവസം അതായിരുന്നു. കൃത്യമായി പറഞ്ഞാൽ 2005 ജൂൺ മാസം ഒന്നാം തീയതി. ഡിഗ്രി ഫസ്റ്റ് ഇ യറിനു പഠിക്കുന്ന എന്നെ ആരുമറിയാതെ വിളിച്ചിറക്കി കൊണ്ടുപോയി ആറ്റുകാൽ അമ്പലത്തിൽ വച്ച് ഏട്ടൻ താലി കെട്ടിയ ദിവസം. ഇതെന്റെ പെണ്ണ് എന്നുറക്കെ പറഞ്ഞ് തലയുയർത്തി വീട്ടിലേക്ക് കയറിച്ചെന്ന ദിവസം. അന്നുമുതൽ ആ വലംകൈയിൽ എന്റെ ഇടംകൈ അദ്ദേഹം ചേർത്തുപിടിച്ചിരുന്നു. മോർച്ചറിയിലേക്ക് മാറ്റാനായി എടുക്കുമ്പോൾ നഴ്സുമാരും സുഹൃത്തുക്കളും ബലം പ്രയോഗിച്ചാണ് ആ കൈ അടർത്തിമാറ്റിയത്. അന്നേരവും ഏട്ടന്റെ വിരലുകൾക്ക് ചെറിയ ചൂടുണ്ടായിരുന്നു. ചേർത്തുപിടിക്കുമ്പോൾ എന്നും ഞാനറിഞ്ഞിരുന്ന സ്നേഹത്തിന്റെ ചൂട്.’

എനിക്കാണു നീ... നിനക്കാണു ഞാൻ...

‘തൃക്കുന്നപ്പുഴയാണ് എന്റെ നാട്. രാജേഷേട്ടന്റെ കസിൻ സ്വപ്നയും  ഞാനും  പ്ലസ്ടുവിന്  ഒന്നിച്ചാണ് പഠിച്ചത്. സ്വപ്നയെ വെക്കേഷന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ വന്നപ്പോഴാണ് ഏട്ടനെ ഞാൻ ആദ്യമായി കണ്ടത്, ഏട്ടൻ എന്നെയും. നാട്ടിൽ നിന്ന് പിന്നെ, സ്വപ്ന വിളിക്കുമ്പോൾ ഒരിക്കൽ എട്ടൻ സംസാരിച്ചിരുന്നു, ‘സുഖമാണോ, എന്തുണ്ട് വിശേഷം’ എന്നൊക്കെ തികച്ചും ഔപചാരികമായി മാത്രം. പിന്നെയൊരു ദിവസം വിളിച്ചപ്പോൾ സ്വപ്ന പറഞ്ഞു, ഏട്ടന് എന്തോ സീരിയസായി പറയാനുണ്ട്. പക്ഷേ, ഫോൺ വാങ്ങി ഒന്നും മിണ്ടാതെ കുറേ നേരം നിന്നു. പറയാനുള്ളത് എന്താണെന്ന് അറിയാമായിരുന്നു എങ്കിലും കേൾക്കാനുള്ള കൊതി മനസിലടക്കി ഞാൻ കാത്തുനിന്നു. മഴ വന്നു മനസ്സിൽ തൊടുന്നതുപോലെ നേർത്ത ശബ്ദത്തിൽ ഏട്ടൻ പറഞ്ഞു, ‘എനിക്ക് മേഘയെ ഇഷ്ടമാണ്. വിവാഹം കഴിച്ച് കൂടെ കൂട്ടണമെന്നു തോന്നുന്നു. ആലോചിച്ച് മറുപടി പറയണം.’ എനിക്ക് ആലോചിക്കാൻ ഒന്നുമുണ്ടായിരുന്നില്ല. നൂറുവട്ടം സമ്മതം.

അന്ന് ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുകയാണ്, മാവേലിക്കരയിൽ. ഏട്ടൻ ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞാൻ പറഞ്ഞു, ‘ആ ഇഷ്ടം  എനിക്കു വേണം. എനിക്കു മാത്രമായി.’ കാര്യവട്ടം ക്യാംപസിൽ പൊളിറ്റിക്സ് വിഭാഗം മേധാവിയായിരുന്നു, ഏട്ടന്റെ അച്ഛൻ പ്രൊഫ.കെ. രാമൻ പിള്ള. അമ്മ സുഭദ്ര കരൾരോഗം ബാധിച്ച് 2002ൽ മരിച്ചിരുന്നു. രാജേഷേട്ടന്റെ ചേച്ചി ശ്രീരേഖ. വിവാഹശേഷം കുടുംബസമേതം മുംബൈയിലായിരുന്നു ചേച്ചി.

അച്ഛന് ആരോഗ്യപ്രശ്നങ്ങളുള്ളതു കൊണ്ട് അധികം കാത്തിരിക്കാൻ ഏട്ടൻ തയാറല്ലായിരുന്നു, അന്ന് ഏട്ടന് 31 വയസ്സുമുണ്ട്. രജിസ്റ്റർ വിവാഹം നടത്തി, ആറ്റുകാൽ അമ്പലത്തിൽ പോയി താലികെട്ടി രാജേഷേട്ടന്റെ വീട്ടിലേക്കു പോയി. പക്ഷേ, എന്റെ വീട്ടിൽ വലിയ പ്രശ്നമായിരുന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞിരുന്നില്ല.

rajeshpillai6.jpg.image.784.410



വീട്ടിൽ ഉള്ളപ്പോൾ 24 മണിക്കൂറും സിനിമ കണ്ടിരിക്കാൻ ഒരു മടിയുമില്ല. കൊച്ചുകുട്ടികളുടെ സ്വഭാവം തന്നെ. ചേച്ചിയുമായി ആറു വയസ്സിന്റെ വ്യത്യാസമുണ്ട് ഏട്ടന്. അതിന്റെ കുട്ടിത്തം എപ്പോഴും കാണിക്കും. ചേച്ചിക്ക് തിരിച്ചും അങ്ങനെ തന്നെ. അച്ഛന്റെ പ്രിയപ്പെട്ട മകനായിരുന്നു ഏട്ടൻ. അച്ഛൻ ഒരിക്കലും ഒന്നിനും രാജേഷേട്ടനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല. അച്ഛന് ഏട്ടൻ കൊച്ചുകുട്ടിയാണ്. അച്ഛന്റെ മടിയിൽ കിടന്നുറങ്ങാനും കൊഞ്ചി സംസാരിക്കാനും ഏട്ടനും ഇഷ്ടമായിരുന്നു. അച്ഛൻ കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിൽ നിന്ന് ഒരുരുള കിട്ടാതെ ഉറക്കം വരില്ല. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ പരാജയപ്പെട്ട് വീട്ടിലിരിക്കുന്ന സമയത്താണ് ഞങ്ങളുടെ വിവാഹം. കയ്യിൽ പൈസയില്ല. ട്രാഫിക് റിലീസാകുന്നത് വരെയുള്ള ആറുവർഷവും ഞങ്ങൾ ജീവിച്ചത് അച്ഛന്റെ പെൻഷൻ കൊണ്ടാണ്. കുട്ടികളെ ഇഷ്ടമായിരുന്നു ഏട്ടന്. ഞങ്ങൾക്ക് കുട്ടികളുണ്ടാകാത്തതിൽ വിഷമമൊന്നും പറഞ്ഞിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ.

ആദ്യയാത്ര ഗുരുവായൂരിലേക്ക്

കല്യാണം കഴിഞ്ഞത് കയ്യിൽ കാശൊന്നുമില്ലാത്ത കാലത്തായതു കൊണ്ട് യാത്രകളൊന്നും ഇല്ലായിരുന്നു. ആദ്യമായി ഞങ്ങൾ ദൂരയാത്ര പോയത് ഗുരുവായൂരിലേക്കാണ്, അതും അച്ഛൻ നിർബന്ധിച്ചിട്ട്. യാത്രകൾ എന്നും ഏട്ടന് ഹരമായിരുന്നു. സ്വയം ഡ്രൈവ് ചെയ്തേ പോകൂ. ‘ട്രാഫിക്’ ഹിന്ദി ചെയ്യുന്ന സമയത്ത് അവിടേക്കും വണ്ടി ഓടിച്ച് പോയി. വിമാനത്തിൽ കയറാൻ പേടിയായിരുന്നു. നന്നായി ആസ്വദിച്ച് വണ്ടി ഓടിക്കും, ഒരു അപകടവും പറ്റിയിട്ടില്ല. ആദ്യമൊക്കെ വണ്ടിയിൽ പോകുമ്പോൾ എനിക്ക് പേടിയായിരുന്നു. പിന്നെ, ശീലമായി.  

‘ട്രാഫിക്കി’ൽ ശ്രീനിയേട്ടൻ വണ്ടിയോടിക്കുന്ന സീനുണ്ട്. ‘സുദേവൻ, നിങ്ങളിപ്പോൾ എത്ര കിലോമീറ്റർ സ്പീഡിലാണുള്ളത്?’ ‘ഞങ്ങൾ 180 കിലോമീറ്റർ സ്പീഡിലാണ് സാർ...’ ഈ ഷോട്ടെടുക്കുമ്പോൾ തൊട്ടടുത്ത് കൂടി ഒരു സൈക്കിളുകാരൻ പാട്ടൊക്കെ പാടി വണ്ടിയെ ഓവർടേക്ക് ചെയ്ത് പോയെന്ന് പറഞ്ഞ് ഏട്ടൻ ഭയങ്കര ചിരിയായിരുന്നു. അത്ര പതുക്കെയാണത്രേ ശ്രീനിയേട്ടൻ വണ്ടിയോടിച്ചത്.

സൗഹൃദങ്ങളെ പ്രണയിച്ചവൻ

കുറേ നല്ല സുഹൃത്തുക്കൾക്കിടയിലായിരുന്നു രാജേഷേട്ടൻ എന്നും ജീവിച്ചിരുന്നത്. പക്ഷേ, ആദ്യത്തെ സിനിമ പരാജയപ്പെട്ട ശേഷം പലരും ഏട്ടനെ മുറിവേൽപിച്ചു. ഒരുപാട് പ്രൊഡ്യൂസർമാരെ കഥയുമായി കണ്ടിട്ടുണ്ട്. പലരും കാണാൻ അവസരം നൽകിയില്ല, ചിലർ കഥ കേട്ട ശേഷം ഇറക്കിവിട്ടു. മിക്ക ദിവസവും  വളരെ വിഷമിച്ചാണ് വീട്ടിലെത്തുന്നത്. ഒരു ദിവസം വന്നയുടനേ മുറിയിൽ പോയി കിടന്നു. കാര്യം ചോദിച്ചപ്പോൾ എന്റെ കൈയിൽ മുറുക്കെപിടിച്ചു വിതുമ്പി. നേരത്തേ അപ്പോയിന്റ്മെന്റ് എടുത്ത് ഏതോ നിർമാതാവിനോട് കഥ പറയാൻ പോയതായിരുന്നു. കഥ മുഴുവൻ കേട്ട ശേഷം ‘നിനക്കെങ്ങനെ ധൈര്യം വന്നു എന്നോടു വന്ന് ഇങ്ങനെ പറയാൻ’ എന്നുചോദിച്ച് അയാൾ ഇറക്കി വിട്ടു. ഏട്ടനെ അത് വല്ലാതെ തളർത്തി. അന്നുരാത്രി എന്തോ തീരുമാനിച്ച്  ഉറച്ചതു പോലെ ഏട്ടൻ പറഞ്ഞു, ‘എന്റെ അടുത്ത സിനിമ മലയാളം ചർച്ച ചെയ്യും.’

rajeshpillai2.jpg.image.784.410



വിവാഹശേഷം എന്റെ വീട്ടുകാർക്ക് ഉണ്ടായിരുന്ന പിണക്കം മാറാൻ രണ്ടുവർഷം എടുത്തു. ഒരു ദിവസം ഞാൻ വിഷമിച്ചിരിക്കുന്നതു കണ്ട് രാജേഷേട്ടൻ അമ്മയെ ഫോണിൽ വിളിച്ചു തന്നു. ചേട്ടൻ എന്താണ് അമ്മയോട്  പറഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ, അമ്മ പിണക്കമെല്ലാം മറന്ന് എന്നോട് സംസാരിച്ചു. പിന്നീട് ചേച്ചിയുടെ കല്യാണത്തിന് എന്നെ ക്ഷണിച്ചു. പക്ഷേ, ബന്ധുക്കളെയൊക്കെ കാണാൻ മടി. അതുകൊണ്ട് പോയില്ല. പിന്നീട് ഒരു ദിവസം ഞാനും ഏട്ടനും കൂടി വീട്ടിലേക്ക് പോയി.

സിനിമയിൽ ഏട്ടന് ഏറെ ഇഷ്ടമുള്ള രണ്ടുപേരാണ് ചാക്കോച്ചനും നിവിനും. ആദ്യസിനിമയിൽ ചാക്കോച്ചനായിരുന്നു നായകൻ. അതിന്റെ പരാജയത്തിനു ശേഷം അടുത്ത സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് ചെന്നപ്പോൾ ഒന്നും നോക്കാതെ ഡേറ്റ് കൊടുത്തു ചാക്കോച്ചൻ. എപ്പോഴും കൂടെ കൊണ്ടുനടക്കാൻ  ഇഷ്ടമുള്ള കുഞ്ഞനിയനെ പോലായിരുന്നു നിവിൻ. പിന്നെ, തിരക്കഥാകൃത്ത് സഞ്ജയ് ചേട്ടൻ. ‘ട്രാഫിക്കി’ന്റെ ചർച്ചകൾക്കായാണ് ഇരുവരും കണ്ടതെങ്കിലും പിന്നെ, ഏട്ടനൊപ്പം തുണയായി എപ്പോഴും സഞ്ജു ചേട്ടൻ ഉണ്ടായിരുന്നു.

‘ട്രാഫിക്’ റിലീസായപ്പോൾ അച്ഛൻ എന്തുപറയും എന്നതായിരുന്നു ഏട്ടന്റെ ടെൻഷൻ. ഞാനും അച്ഛനും ചേച്ചിയും കൂടി സിനിമ കാണാൻ പോയി. സിനിമ തീരുമ്പോൾ ‘സംവിധാനം രാജേഷ് പിള്ള’ എന്ന് എഴുതി കാണിക്കുന്നത് കണ്ട അച്ഛൻ കരഞ്ഞു. ‘അയാം  പ്രൗഡ് ഓഫ് മൈ സൺ...’ അച്ഛൻ രാജേഷേട്ടനോട് ഫോണിൽ പറഞ്ഞു. സന്തോഷം നിറഞ്ഞുതുളുമ്പിയ ദിവസങ്ങളായിരുന്നു പിന്നീട്, അവാർഡുകൾ, അംഗീകാരങ്ങൾ. ട്രാഫിക് റിലീസായ ശേഷമുള്ള ഒരാഴ്ച ഏട്ടൻ ഉറങ്ങിയിട്ടില്ല. രാത്രിയും പകലും നിർത്താതെ ഫോൺകോളുകൾ. ഉറങ്ങാൻ കിടന്നിട്ടും ഏട്ടൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കണ്ട് കാര്യം തിരക്കി.  ‘ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. ഹൃദയം അത്രയ്ക്ക് തുടിക്കുന്നുണ്ട്.’ എന്റെ കൈ പിടിച്ച് ഏട്ടൻ നെഞ്ചിൽ വച്ചു. എനിക്ക് കേൾക്കാമായിരുന്നു ആ നെഞ്ചിലെ സന്തോഷത്തിന്റെ മിടിപ്പ്.

പക്ഷേ, സിനിമ പോലെ തന്നെയാണ് ഞങ്ങളുടെ ജീവിതത്തിന്റെ തിരക്കഥയും ദൈവം എഴുതിയത്. തുടക്കം ഹാപ്പി, പിന്നെ, ട്വിസ്റ്റ്, ഒടുവിൽ ക്ലൈമാക്സ്. രോഗം കരിനിഴൽ വീഴ്ത്തിയ ദിനങ്ങള‍്‍ പെട്ടെന്നാണ് ജീവിതത്തിലേക്ക് വന്നത്.

rajeshpillai1.jpg.image.784.410



രോഗത്തിന്റെ ട്വിസ്റ്റ്

‘മിലി’യുടെ ഫസ്റ്റ് ഷെഡ്യൂൾ കഴിഞ്ഞ് ഒരുദിവസം നോക്കുമ്പോൾ  ഏട്ടന്റെ കാലിൽ നല്ല നീരുണ്ട്. വർക്കിനായി ദീർഘനേരം ഇരുന്നിട്ടാകും എന്നേ കരുതിയുള്ളൂ. രക്തം പരിശോധിക്കാം എന്നു പറഞ്ഞെങ്കിലും ഇൻജക്‌ഷൻ പേടിയായിരുന്നു ഏട്ടന്. സഞ്ജു ചേട്ടൻ വന്നാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ലിവർ ഫങ്ഷൻ ടെസ്റ്റിൽ പ്രശ്നമുണ്ടെന്നു മനസ്സിലായി. സ്കാനിങ് കഴിഞ്ഞാണ് നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആണെന്ന് തിരിച്ചറിയുന്നത്. സെക്കൻഡ് സ്റ്റേജ് ആയിരുന്നു. അന്ന് ഞാൻ തിരുവനന്തപുരത്താണ്, ഏട്ടൻ കൊച്ചിയിലും.

2014 ഡിസംബർ 26. ജീവിതത്തിലെ ഏറെ കറുത്ത ഒരു ദിവസമായിരുന്നു അന്ന്. വൈകിട്ട് ഏട്ടൻ ഫോണിൽ വിളിച്ചു കരഞ്ഞു, ‘നീ ഇങ്ങു വാ... നീയില്ലാതെ പറ്റുന്നില്ല.’ ഞാനാകെ പേടിച്ചു. കരളിന് പ്രശ്നമുള്ളതു കൊണ്ട് കാലിൽ നീരും ചൊറിച്ചിലും  ഉണ്ടായിരുന്നു. ചൊറിഞ്ഞു ചൊറിഞ്ഞ് പൊട്ടി അവിടെ ഇൻഫെക്‌ഷനായി. നടക്കാൻ വയ്യ. ചെറിയ പനിയുമുണ്ട്. നിർബന്ധിച്ച് ആശുപത്രിയിൽ കൊണ്ടുപോയി. അഞ്ചുദിവസം കിടന്നു. ആദ്യത്തെ ആശുപത്രിവാസം.

അന്നുമുതൽ ഭക്ഷണത്തിലും ജീവിതത്തിലും കുറേ മാറ്റങ്ങളൊക്കെ വരുത്തി. നടക്കാനോ വ്യായാമം ചെയ്യാനോ ഭയങ്കര മടിയായിരുന്നു. ‘വണ്ണം കുറയ്ക്കൂ ഏട്ടാ, ഇല്ലെങ്കിൽ നമ്മളെ കാണാൻ ഒരു ചേർച്ചയുമുണ്ടാകില്ല’ എന്നു പറയുമ്പോൾ, ‘എങ്കിൽ നീ കൂടി വണ്ണം വച്ച് എന്നെപ്പോലെയാകൂ’ എന്നാണ് പറഞ്ഞിട്ടുള്ളത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാതിരിക്കാൻ ഏട്ടന് പറ്റില്ല. പക്ഷേ, വയ്യാതായതോടെ അതെല്ലാം നിർത്തി. ആഹാരം വീട്ടിൽ നിന്നു തന്നെയാക്കി. വിളമ്പി കൊടുത്ത് അടുത്തിരുന്നില്ലെങ്കിൽ കഴിക്കില്ല. ഗുളിക കഴിക്കാനുള്ള മടി കൊണ്ട് പിന്നീട് മരുന്ന് കുത്തിവയ്ക്കാൻ പറയുമായിരുന്നു. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. പക്ഷേ, ഏട്ടന് താൽപര്യമില്ലായിരുന്നു. എപ്പോഴും സുഹൃത്തുക്കളോടൊപ്പം ഇരിക്കാൻ ആഗ്രഹിച്ച ആള് ഓപ്പറേഷൻ കഴിഞ്ഞാൽ ആരെയും കാണാതെ, കുറച്ചുനാൾ ഇരിക്കണ്ടേ. അതു വയ്യ.

ജങ്ക് ഫൂഡ് കഴിക്കും, ബോട്ടിൽഡ് ഡ്രിങ്കുകൾ ദിവസം മുപ്പതു ബോട്ടിലെങ്കിലും കുടിക്കും എന്നൊക്കെ ഏട്ടനെപ്പറ്റി പറയുന്നത് കേട്ടു. അതിൽ കുറച്ചൊക്കെ സത്യമുണ്ട്. സാധാരണ വെള്ളം കുടിക്കാൻ ഏട്ടന് മടിയായിരുന്നു. ജ്യൂസേ കുടിക്കൂ, അല്ലെങ്കിൽ പാക്ക്ഡ് ഡ്രിങ്കുകൾ. നാരങ്ങാവെള്ളം കുടിക്കും. അപ്പോൾ മധുരമില്ലാതെ പറ്റില്ലല്ലോ. പക്ഷേ, അസുഖം വന്ന ശേഷം അതെല്ലാം നിർത്തി. ഭക്ഷണത്തിൽ നല്ല നിയന്ത്രണം വച്ചു. പാരമ്പര്യമായി കിട്ടിയതുകൊണ്ടാകും, രോഗം വല്ലാതെ കൂടി. സിനിമയുടെ മാനസിക സംഘർഷങ്ങളുമുണ്ടായിരുന്നു. ‘മിലി’ വിചാരിച്ച പോലെ ഹിറ്റായില്ല. ഏട്ടന് ഏറ്റവും ഇഷ്ടമുള്ള സിനിമയായിരുന്നു അത്. കുറേയൊക്കെ ആത്മാംശമുള്ള കഥാപാത്രം. ‘പ്രഫസറുടെ മകൾ ഒരു പരാജയമാകും എന്ന പേടിയോടെയാണ് ഇത്രകാലം ജീവിച്ചത്’ എന്ന നായികയുടെ വാക്കുകൾ രാജേഷേട്ടന്റെ ഉള്ളിൽ നിന്നു വന്നതാണ്. പൊതുവേ ആളുകളുമായി ഇടപെടാൻ മടിയുള്ള ആളാണ്. സുഹൃത്തുക്കളോടൊപ്പം ഇരിക്കാം. പക്ഷേ, ഒരു പൊതുപരിപാടിക്കും പോകാൻ ഇഷ്ടമില്ല.

rajeshpillai3.jpg.image.784.410



മരണമെത്തുന്ന നേരത്ത്

‘വേട്ട’യുടെ ഷൂട്ടിങ് തുടങ്ങിയ സമയം മുതൽ ഏട്ടൻ ആശുപത്രിയിലാണ്. 20 ദിവസത്തോളം കിടന്ന ശേഷമാണ് ആദ്യ ഷെഡ്യൂളിനായി പോയത്. അവസാനത്തെ മൂന്നുനാല് ദിവസം ആശുപത്രിയിൽ നിന്നു പോയിവരികയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂളിനായി തെന്മലയിലേക്ക് പോകുമ്പോൾ ആകെ ക്ഷീണിതനായിരുന്നു. തണുപ്പ് ഒട്ടും സഹിക്കാൻ പറ്റില്ല. ഒരു ദിവസം പുലർച്ചെ തണുപ്പു കൂടി വിറയ്ക്കാൻ തുടങ്ങി. പുതപ്പൊക്കെ എടുത്തു പുതച്ചിട്ടും രക്ഷയില്ല. കുഞ്ഞിനെ എന്ന പോലെ ഏട്ടനെ ഞാൻ പൊതിഞ്ഞുപിടിച്ചു. വിറയൽ ഒന്നു ശമിച്ചപ്പോൾ എല്ലാം മറന്ന് എന്റെ നെഞ്ചിൽ കിടന്നുറങ്ങി.

ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ പിന്നെയും അസുഖം കൂടി. പക്ഷേ, ജോലി തീർക്കാതെ ആശുപത്രിയിലേക്കില്ലെന്ന് വാശിയായിരുന്നു. തിരുവനന്തപുരത്ത് വിസ്മയ സ്റ്റുഡിയോയിലായിരുന്നു പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികൾ ‍നടന്നത്. എല്ലാ പണിയും കഴിഞ്ഞ് സെൻസർ കോപ്പി ഒപ്പിട്ടുവാങ്ങുമ്പോൾ ഏട്ടന്റെ കൈ വിറച്ചു. അതുകഴിഞ്ഞ് വന്നാണ് ആശുപത്രിയിൽ പോയി അഡ്മിറ്റായത്.

പിറ്റേന്ന് ഏട്ടൻ ഒരു  ആഗ്രഹം പറഞ്ഞു, ‘മഞ്ജുവിനെ ഒന്നു കാണണം.’ അടുത്ത സിനിമയിൽ ജോയിൻ ചെയ്തിരുന്നു ചേച്ചി. പക്ഷേ, അടുത്ത ദിവസം തന്നെ വിസിറ്റേഴ്സ് ടൈമിൽ ചേച്ചി വന്നു കണ്ടു. ഏട്ടന് ഇടയ്ക്കിടെ ബോധം മറയും. ഛർദിക്കുമെന്നതു കൊണ്ട് വെള്ളം കൊടുക്കുന്നില്ലായിരുന്നു. പക്ഷേ, ചേച്ചിയോട് വെള്ളം വേണമെന്ന് പറഞ്ഞു. സിസ്റ്റർമാർ കൊടുത്ത വെള്ളം ചേച്ചി ഒഴിച്ചുകൊടുത്തു. അതായിരുന്നു ഏട്ടൻ അവസാനമായി കഴിച്ചത്. നാലുദിവസത്തെ ഷൂട്ടിങ് കൂടി കഴിഞ്ഞ് കൊച്ചിയിലെത്തി ഒന്നിച്ചുപോയി ‘വേട്ട’ കാണാമെന്ന് ഉറപ്പുപറഞ്ഞാണ് ചേച്ചി മടങ്ങിയത്.

കൊച്ചിയിലേക്ക് പോകണമെന്നു ചേട്ടന് വലിയ നിർബന്ധമായിരുന്നു. അവസാനം കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയിൽ നിന്നു വർക്കിന് പോയി വരാൻ അനുവദിച്ച ഡോക്ടർമാരുടെ ടീം ‘വേട്ട’ തിയറ്ററിൽ പോയി കാണാനും അനുവദിക്കുമെന്ന പ്രതീക്ഷയായിരുന്നു ഏട്ടന്. പക്ഷേ, കൊച്ചിയിൽ വന്നതോടെ ആകെ അവശനായി. ഇവിടെ എത്തിയപ്പോഴാണ് ന്യൂമോണിയ ഉണ്ടെന്ന് മനസിലായത്. ഐസിയുവിലേക്ക് മാറ്റി. പക്ഷേ, സഞ്ജു ചേട്ടനൊപ്പം റിലീസിനു തന്നെ ‘വേട്ട’ കാണണമെന്നു ഏട്ടൻ വാശി പിടിച്ചു.

അതൊരു വെള്ളിയാഴ്ചയായിരുന്നു. സിനിമ റിലീസായത് ഏട്ടൻ അറിഞ്ഞിട്ടുണ്ടാകില്ല. വെളുപ്പിന് എന്നെ ഐസിയുവിലേക്ക് വിളിപ്പിച്ചു. ‘എന്തിനാ എന്നെ ഒറ്റയ്ക്കിവിടെ കിടത്തിയിട്ട് നീ പുറത്തുപോയി ഇരിക്കുന്നത്’ എന്നു ചോദിച്ച് ഏട്ടൻ പരിഭവിച്ചു. എന്താ പറയേണ്ടതെന്നറിയാതെ ആ കൈകൾ പിടിച്ചുമുറുക്കി ഞാൻ റൂമിലേക്ക് മടങ്ങി. അൽപം കഴിഞ്ഞ് വീണ്ടും വിളി വന്നു. അന്നേരം രണ്ടു ഡോക്ടർമാരും കുറേ നഴ്സുമാരുമൊക്കെ അകത്തുണ്ട്. എനിക്കെന്തോ പന്തികേട് മണത്തു. ആദ്യത്തെ കാർഡിയാക് അറസ്റ്റ് വന്ന് ഏട്ടനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഏട്ടന്റെ കസിനോട് പറഞ്ഞിരുന്നു രക്ഷപ്പെടാൻ ഒന്നോ രണ്ടോ ശതമാനം ചാൻസേ ഉള്ളൂ എന്ന്. ഞങ്ങളൊക്കെ കാത്തിരുന്നു. പക്ഷേ, പിറ്റേന്ന് പുലർച്ചെ രണ്ടാമത്തെ കാർഡിയാക് അറസ്റ്റ്. പിന്നെ ഒന്നും ചെയ്യാനില്ല, വെന്റിലേറ്ററിൽ നിന്ന് മാറ്റണം. കുറേ സമയം കാത്തു. ഉച്ചയ്ക്ക് പതിനൊന്നരയോടെ വെന്റിലേറ്റർ മാറ്റി.  ജീവന്റെ അവസാന തുടിപ്പ് മായുമ്പോൾ എന്റെ കൈകളിൽ ഏട്ടൻ അമർത്തിപിടിച്ചിട്ടുണ്ടായിരുന്നു.’

rajesh-pillai-his-wife-megha1



ഹൃദയത്തിൽ സൂക്ഷിക്കാൻ

‘ഞങ്ങൾ തമ്മിൽ 12 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അതിന്റെ കുട്ടിത്തം ഞാനും വാത്സല്യം ഏട്ടനും കാണിച്ചു. കിടപ്പിലായ ശേഷം ഞാൻ വെള്ളമെടുക്കാൻ മാറിയാൽ പോലും ‘മേഘാ...’ എന്നു നീട്ടി വിളിക്കുമായിരുന്നു.

‘വേട്ട’ കഴിഞ്ഞ സമയത്തേ ചെറിയ പേടിയുണ്ടായിരുന്നു എന്നു തോന്നുന്നു. നിന്നെ ഫിനാൻഷ്യലി സെറ്റ് ചെയ്യണം എന്നു ഒരിക്കൽ പറഞ്ഞു. ‘ഏട്ടൻ കൂടെയുള്ളതല്ലേ എന്റെ ഭാവി...’ എന്നു ചോദിച്ചെങ്കിലും സമ്മതിച്ചില്ല. വേട്ട പൂർത്തിയാക്കാൻ വേണ്ടിയായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ഇപ്പോൾ തോന്നുന്നു.

ജീവിതത്തിൽ പ്രതീക്ഷ കൈവിടാത്ത ആളായിരുന്നു ഏട്ടൻ. അല്ലെങ്കിൽ ‘ട്രാഫിക്കു’മായി ഉയിർത്തെഴുന്നേൽക്കില്ലായിരുന്നു. പക്ഷേ, രോഗം തളർത്തിയപ്പോൾ സമാധാനിപ്പിക്കാൻ ശ്രമിച്ച എന്നെ ചേർത്തുപിടിച്ച് പറഞ്ഞു, ‘എനിക്കറിയാം ശരീരത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന്. നിന്നെ ഓർത്താണ് പേടി...’ വിറയ്ക്കുന്നുണ്ടായിരുന്നു കൈകൾ.

രാജേഷ് പിള്ള ഫിലിംസ് എന്ന പേരിൽ പ്രൊഡക്‌ഷൻ കമ്പനി ലോഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. വേട്ടയുടെ ടൈറ്റിൽ കാർഡിൽ നിർമാണം സൂരജ് ആൻഡ് രാജേഷ് പിള്ള എന്നാണ് വച്ചത്. പക്ഷേ, അവസാനനിമിഷം അത് സൂരജ് ആൻഡ് മേഘ രാജേഷ് പിള്ള എന്നു തിരുത്തി.

ആശുപത്രിയിലായിരുന്ന ഒരു ദിവസം പുലർച്ചെ മൂന്നുമണിക്ക് അസോഷ്യേറ്റ് മനു അശോകനെ ഫോണിൽ വിളിച്ചു. അന്നേരം ഓർമ വന്ന ഒരു കഥ പറയാനായിരുന്നു അത്. അതിന്റെ തിരക്കഥ എഴുതണമെന്നായിരുന്നു ഏട്ടന്റെ അവസാനത്തെ ആഗ്രഹം. എഴുതി തുടങ്ങിയ വൺലൈൻ പിന്നീട് മനുവിന് കൊടുത്തു.  

രാജേഷേട്ടന് ഏറെ പ്രിയപ്പെട്ട നഗരമാണ് കൊച്ചി. ഇ പ്പോൾ എനിക്കും ഈ നഗരം ഇഷ്ടമാണ്.  ഇവിടെ കൂട്ടിന് ഏട്ടന്റെ ഓർമകളുണ്ട്. എവിടെയും ഒറ്റയ്ക്ക് പോയിട്ടില്ല  ഞാൻ. എല്ലായിടത്തും ഏട്ടൻ കൂടെവരും. ഇനി ഒറ്റയ്ക്കാണെന്ന തോന്നലും എനിക്കില്ല. കണ്ണൊന്നു മുറുക്കിയടച്ചാൽ, മതി. ആ സ്വരമെന്റെ കാതിൽ വന്നു തൊടും.