Friday 09 February 2018 03:57 PM IST

കൗമാരക്കാരിയെ പോലെ പെരുമാറുന്ന മകൾ

Dr. C.P.Somanath

girl-teenage

"ബാല്യവും കൗമാരവും ആഘോഷം നിറഞ്ഞതാകട്ടെ ! മുറിപ്പാടുകളും കരിനിഴലും വീഴാതെ കുരുന്നുകളുടെ മനസ്സുകളിൽ വെളിച്ചം പകരാം..."എറണാകുളത്തെ പ്രശസ്ത സൈക്യാട്രിസ്റ്റ് ഡോ. സി.പി. സോമനാഥ് വായനക്കാരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു...

എന്റെ മോൾ ആറാം ക്ലാസിലാണ് പഠിക്കുന്നത്. ആർത്തവം തുടങ്ങിയതിന് ശേഷം മോൾ ആകെ മാറിപ്പോയി. കുട്ടിത്തം മാറി കൗമാരക്കാരി എന്ന നിലയിലാണ് ഇപ്പോഴത്തെ പെരുമാറ്റം. കളിചിരിയൊക്കെ മാറ്റി വീട്ടിലും പുറത്തും വലിയ കാര്യങ്ങൾ മാത്രം സംസാരിക്കുന്നു. അവളുടെ ഇൗ സ്വഭാവമാറ്റം അയൽക്കാർ പോലും ശ്രദ്ധിച്ചുതുടങ്ങി. വല്ലാതെ നാണക്കേട് തോന്നുന്നു.

ആർത്തവം വന്നതിനു ശേഷം കുട്ടിയോട് അമ്മയാണെങ്കിലും വല്യമ്മമാരാണെങ്കിലും പലതരത്തിലുള്ള അറിവുകൾ പകർന്നുകൊടുക്കും. നീ വലിയ കുട്ടിയായി, ഇനി പഴയതുപോലെയൊന്നുമല്ല വളരെ ശ്രദ്ധിക്കണം, അധികം ആൺകുട്ടികളുടെ കൂടെയൊന്നും പോയി കളിക്കരുത്, ഓടി കളിക്കരുത്, അല്ലെങ്കിൽ മറ്റു വീടുകളിൽ പോകുമ്പോൾ പറഞ്ഞിട്ടു പോയാമതി... ഇങ്ങനെ പല രീതിയിലുള്ള ഉപദേശങ്ങളും താക്കീതുകളും നിർദ്ദേശങ്ങളുമെല്ലാം കുട്ടിക്ക് മുതിർന്നവർ പറഞ്ഞുകൊടുക്കും.

അവരുടെ സാധാരണ മനസ്സിന്റെ അറിവ് വെച്ചു പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് ഇവ. അതുപോലെ കുട്ടിയും ശാരീരികമായി വന്നിരിക്കുന്ന ഈ പ്രതിഭാസത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നു നമുക്ക് അറിഞ്ഞുകൂടാ... അവൾ പൂർണ്ണമായ അറിവോടു കൂടിയായിരിക്കില്ല കാര്യങ്ങൾ മനസ്സിലാക്കുന്നത്. എന്തോ എനിക്കു വലിയ മാറ്റം സംഭവിച്ചു എന്നും ഞാൻ ചേച്ചിമാരെ പോലെ വല്യ കുട്ടിയായി എന്നുമുള്ള ധാരണയൊക്കെ കുട്ടിയുടെ മനസ്സിൽ രൂപപ്പെടാം.

ഏതു തെറ്റായ പെരുമാറ്റത്തിന്റെ പിന്നിലും ഒരു തെറ്റായ വിശ്വാസവും തെറ്റായ ചിന്താഗതിയും തെറ്റായ ശൈലിയും ഉണ്ടാവും. ഇവിടെ പെൺകുട്ടിയിൽ ഉണ്ടായിരിക്കുന്ന സ്വാഭാവിക മാറ്റം മാത്രമാണ് ആർത്തവം എന്ന് കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അമ്മ തന്നെയാണ് ഇത് ചെയ്യേണ്ടത്. കാരണം അമ്മയിൽ നിന്നാണല്ലോ കുട്ടികൾ അറിവ് നേടിയെടുക്കേണ്ടത്.