Friday 09 February 2018 04:51 PM IST : By സ്വന്തം ലേഖകൻ

സ്വയമുണ്ടാക്കിയ ഹെന്ന കോണുകളും ഡിസൈനുകളുമായി ജസ്മ

jasma01

ജെസ്മ മിഥുൻ
കോഴിക്കോട്
ഹെന്ന ആർട്ടിസ്റ്റ്
വയസ്സ് 27
മാസ വരുമാനം:  35,000– 40,000


രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതലേ പരിചയത്തിലുള്ള ചേച്ചിമാർക്കൊക്കെ മെഹന്ദിയിട്ടു കൊടുക്കുമായിരുന്നു ജെസ്മ. വീട്ടിലെ മൈലാഞ്ചിച്ചെടിയിൽ നിന്ന് ഇല പറിച്ച് അമ്മിക്കല്ലിലിട്ട്  അരച്ച് ഈർക്കിലി കൊണ്ട് കഷ്ടപ്പെട്ട് ഡിസൈൻ ഇട്ടു കൊടുക്കും. ഇന്നത്തേതു പോലെ മെഹന്ദി കോണുകളോ ഇത്രയും ഡിസൈനുകളോ ഇല്ലല്ലോ അന്ന്. മെഹന്ദി കോണുകളുടെ കാലമായപ്പോൾ സംഗതി കുറച്ചു കൂടി എളുപ്പമായി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വെഡ്ഡിങ്ങിനെല്ലാം മെഹന്ദി ഇടുന്ന ചുമതല ഏറ്റെടുത്തു. സ്കൂളിലും കോളജിലുമൊക്കെ മൈലാഞ്ചിയിടൽ മത്സരത്തിന് സ്ഥിരം ഒന്നാം സ്ഥാനക്കാരിയായി. പെരുന്നാളായാൽ മുസ്ലിം ചങ്ങാതിമാരെക്കൊണ്ടു വീടു നിറയുമെന്നതായി അവസ്ഥ.

ഇടവേളയ്ക്കു ശേഷം


ഡിഗ്രി എത്തിയതോടെ പഠിത്തത്തിലേക്ക് ശ്രദ്ധ തിരിച്ചു. മൈലാഞ്ചി ക്രേയ്സ് അതോടെ മങ്ങലിലായി. എം ബി എ കഴിഞ്ഞ് ടൊയോട്ടയിൽ പ്രൊസെസ് കോ ഓഡിനേറ്റർ, മൂന്നര വർഷം കോഴിക്കോട് ക്യൂറാ മോറിസ്  ലക്ഷ്വറി ഡയമണ്ട് ഷോറൂമിൽ ഫിനാൻസ് മാനേജർ, പിന്നെ ജനറൽ മാനേജർ. എച്ച് ഡി ബി ഫിനാൻഷ്യൽ സർവിസിൽ ബ്രാഞ്ച് മാനേജറായ മിഥുനുമായി കല്യാണം. പ്രസവം കഴിഞ്ഞിരിക്കുമ്പോഴാണ് മെഹന്ദിയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ പരതുന്നതിനിടെ കിരൺ സാഹിബിനെയും ജോയിനെയും പോലുള്ള ഇന്റർനാഷണൽ ആർട്ടിസ്റ്റുമാരെ കണ്ടു, പരിചയത്തിലായി. ‘എന്റെ ഡിസൈനുകൾ കണ്ട്,ഞങ്ങൾ പഠിച്ച് ചെയ്യുന്നവരാണ്, ഇതൊന്നും പഠിക്കാതെ നീയിത്രയും ഭംഗിയായി ചെയ്യുന്നുണ്ടല്ലോ എന്നവർ പ്രോത്സാഹിപ്പിച്ചു. അപ്പോഴാണ് ഞാനും ഇത് ഗൗരവമായി എടുത്താലോ എന്നാലോചിച്ചത്. മെഹന്ദി മിക്സിങ് അടക്കമുള്ള എന്റെ സംശയങ്ങൾക്കെല്ലാം മറുപടിയും ഒരുപാട് സഹായവും തരുന്നുണ്ടവർ.’


ഫെയ്സ്ബുക്കിൽ ജെസ്മ മിഥുൻ എന്ന പേരിലും ഇൻസ്റ്റാഗ്രാമിൽ ‘ജെസ്മാസ് ഹെന്ന’ എന്ന പേരിലും പേജ് തുടങ്ങിയിട്ടുണ്ട്. അതോടെ കോഴിക്കോടിനു പുറത്തു നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി. 2000 രൂപ മുതൽ ഹെന്ന ആർട്ട് ചെയ്തു കൊടുക്കുന്നുണ്ട്. ബ്രൈഡൽ ആണെങ്കിൽ 5000രൂപയിൽ തുടങ്ങും. തിരഞ്ഞെടുക്കുന്ന ഡിസൈനും ഇടാനുള്ള ബുദ്ധിമുട്ടും അനുസരിച്ച് 20 – 25,000 വരെ ഉയരും ഗ്രാഫ്.


ബ്രൈഡിന്റെ ഫോട്ടോ വച്ചുള്ളത്, പേരുള്ളത്, ഇന്ത്യൻ, അറബിക്, ഇന്തോ–അറബിക്, മൊറോക്കൻ, മണ്ഡലാസ്, സീഡ് ഓഫ് ലൈഫ്...അങ്ങനെ പോകും ഡിസൈൻ ലിസ്റ്റ്. ബ്രൈ‍ഡിനു വേണ്ടതെന്താണെന്ന് മനസ്സിലാക്കിയേ  ഡിസൈനിടൂ. ഹെവി ഇന്ത്യൻ ഡിസൈനാണ് ഏറ്റവും ചെലവ് കൂടിയത്. മണിക്കൂറുകൾ എടുത്താലേ അത്തരം ഡിസൈനുകൾ മുഴുവനാക്കാനാകൂ. എങ്കിലും ജെസ്മയുടെ പെഴ്സണൽ ഇഷ്ടം ഇന്ത്യൻ ഡിസൈനുകളോടു തന്നെയാണ്.


മെഹന്ദി കൂടുതൽ ദിവസം നിൽക്കാനായി ‘അഞ്ചു മുതൽ എട്ടു മണിക്കൂർ വരെ കൈയിൽ വച്ചാലേ നല്ല മെഹന്ദി ചുവക്കൂ. കടും നിറം കിട്ടണമെങ്കിൽ നന്നായി കെയർ ചെയ്യണം.  മെഹന്ദി അടർത്തിമാറ്റാനായി കഴുകരുത്. സ്പൂണോ കത്തിയോ കൊണ്ട് ചുരണ്ടിയെടുക്കണം. എടുത്തയുടൻ കൈയിൽ വെളിച്ചെണ്ണ തേക്കണം. ഇരുപത്തിനാലു മണിക്കൂർ സമയത്തേക്ക് വെള്ളവും സോപ്പും അടുപ്പിക്കരുത്. ഇടയ്ക്കിടയ്ക്ക് എണ്ണ തടവിക്കൊണ്ടിരിക്കാം.’ എന്നൊക്കെയുള്ള നിർദേശങ്ങളടങ്ങിയ കാർഡും ക്ലയന്റിന് നൽകും ജസ്മ.

jasma02

പരിശുദ്ധിയാണ് പ്രധാനം


ഡിസൈനിങ് സീരിയസാക്കിയപ്പോൾ നാച്വറൽ ഹെന്ന മാത്രമേ ഉപയോഗിക്കൂ എന്ന് ആദ്യം തീരുമാനിച്ചു. ശുദ്ധമായ മെഹന്ദി കോൺ കിട്ടാത്തതു കൊണ്ടു മാത്രം ആറുമാസം ഹെന്ന ഇടുന്നത് നിർത്തി വയ്ക്കേണ്ടി വന്നു.രാജസ്ഥാനിൽ നിന്നുള്ള, കെമിക്കലുകൾ ഒട്ടുമില്ലാത്ത ട്രിപ്പിൾ ഫിൽട്ടേഡ് മെഹന്ദി പൗഡർ ഉപയോഗിച്ച് കോണുകളുണ്ടാക്കാൻ പഠിച്ചു.  കുറച്ചു വില കൂടും ഈ പൊടിക്ക്. നിറം കിട്ടാൻ ഉപയോഗിക്കുന്നത് എസെൻഷ്യൽ ഓയിൽ ആണ്. ശുദ്ധരൂപത്തിലുള്ള എണ്ണയായതുകൊണ്ട് അതിനും വില കൂടുതലാണ്.
 സാധാരണ ഊഷ്മാവിൽ വച്ചാൽ പരിശുദ്ധമായ മെഹന്ദി പെട്ടെന്നു കേടാകും. അതുകൊണ്ട് ഫ്രീസറിൽ വയ്ക്കണം.നല്ല മെഹന്ദി തിരിച്ചറിയാനുള്ള വഴിയും അതാണ്. കടകളിൽ മെഹന്ദി ഫ്രീസറിൽ നിന്ന് എടുത്തു തരുന്നത് ആരും കണ്ടിരിക്കില്ല. ഒരു മണിക്കൂർ മതി അത് ചുവക്കാൻ. രാസവസ്തുക്കൾ ആവശ്യത്തിലേറെ ഉള്ളതുകൊണ്ടാണത്. അതണിഞ്ഞ് കൈ പൊള്ളിയവരുണ്ട്, കാൻസർ വന്നവരുണ്ട്. ഇതൊന്നും നമ്മൾ അറിയുന്നേയില്ല. കാര്യത്തിന്റെ ഗൗരവം പിടികിട്ടുന്നതിനു മുമ്പ് ഞാനും സാധാരണ കോണുകളാണ് ഉപയോഗിച്ചത്.

jasma03

ക്ഷമ വേണം, ഭൂമിയോളം


മെഹന്ദിയിടുന്നത് ഇത്ര വലിയ കാര്യമാണോ എന്ന് ചിലർക്കെങ്കിലും തോന്നാം. വീട്ടിൽ മിക്സ് ചെയ്ത് പെയ്സ്റ്റ് ആക്കി മണിക്കൂറുകളോളം ഡൈ റിലീസിനു വേണ്ടി കാത്തിരിക്കണം. കാരറ്റ് ബാഗിലാക്കി  ടെസ്റ്റ് കോൺ ചെയ്യും. വെള്ളമോ പഞ്ചസാരയോ ഇത്തിരി കൂടിയാലോ കുറഞ്ഞാലോ ഡിസൈൻ ശരിയായി വരില്ല. ഒടുവിൽ സെലോഫെയ്ൻ കോണാക്കി മാറ്റുന്നതു വരെ സമയവും ക്ഷമയും നല്ലപോലെ വേണം.
 എത്ര കൈകളിൽ ഇതുവരെ മൈലാഞ്ചി ചുവപ്പണിയിച്ചു എന്നു ചോദിച്ചാൽ എണ്ണമെടുക്കാനൊന്നും സമയം കിട്ടീലാ എന്നാവും മറുപടി.  സമയമെടുത്ത് ചെയ്യാൻ പറ്റുന്ന ഓർഡറുകളേ ഇപ്പോൾ എടുക്കുന്നുള്ളൂ. കേരളത്തിലെ ആദ്യത്തെ എക്സ്ക്ലൂസിവ് ഹെന്ന സ്റ്റൂഡിയോ എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഒരുക്കവും തുടങ്ങി. ബ്രാൻഡ് നെയിമും ലോഗോ ഡിസൈനിങുമൊക്കെ പ്ലാൻ ചെയ്തു വരുന്നേയുള്ളൂ. പണമുണ്ടാക്കുക എന്നതിനെക്കാളും ഹെന്ന ആർട്ട് എന്ന പാഷനാണ് ജെസ്മയെ ഹെന്ന ഡിസൈനിങ്ങിലേക്ക് വലിച്ചടുപ്പിക്കുന്നത്.

Keep in Mind

∙ എട്ടും പത്തും മണിക്കൂർ ഇരുന്ന് ബ്രൈഡൽ മെഹന്ദിയൊക്കെ ചെയ്യാനുള്ള ക്ഷമയും വരയ്ക്കാനുള്ള കഴിവും ഇല്ലാതെ മെഹന്ദി ഡിസൈനിങ് സാധിക്കില്ല. കസ്റ്റമർ പറയുന്ന ഡിസൈൻ വരച്ചുകൊടുക്കാൻ പറ്റണം. വല്ലാത്ത ഒരിഷ്ടവും വേണം. നല്ല ക്വാളിറ്റി പൊടി കണ്ടെത്താൻ പല തവണ പരീക്ഷണങ്ങൾ വേണ്ടി വരും.    
∙ സൂക്ഷ്മതയും പെർഫെക്‌ഷനും പ്രധാനമാണ്.മെഹന്ദി കോൺ ശരിക്ക് ചുരുട്ടി സീൽ ചെയ്ത് ഉണ്ടാക്കിയില്ലെങ്കിൽ ലീക്ക് ഉണ്ടാകും. ഉദ്ദേശിച്ച രീതിയിൽ ഡിസൈൻ ശരിയായി വരാതിരുന്നാൽ പെർഫെക്‌ഷൻ കിട്ടില്ല.  
∙പെട്ടെന്ന് ഒരു ദിവസം ഡിസൈനിങ് തുടങ്ങി അടുത്ത ദിവസം മുതൽ പണം സമ്പാദിക്കാം എന്നു കരുതരുത്. ഈ മേഖലയിൽ കഴിവ് തെളിയിക്കാനും ഡിമാൻഡ് ഉള്ള ഡിസൈനർ ആകാനും കുറച്ച് സമയമെടുക്കും. അതുവരെ കാത്തിരിക്കണം.