Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതിഹാസം പിറന്ന തസ്രാക്ക് ; നിഷ്കളങ്ക ഗ്രാമം, കഥാപാത്രങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു

Author Details
Thasrak 1 copy

ഒരു നോവലിന്റെ പേരുകൊണ്ടു മാത്രം ലോകപ്രശസ്തി നേടിയ പാലക്കാടന്‍ ഗ്രാമമാണ് തസ്രാക്ക്. നെല്‍പ്പാടവും കരിമ്പനകളും മൊട്ടക്കുന്നുകളുമല്ലാതെ തസ്രാക്കിന്റെ പ്രകൃതിയിൽ യാത്രികരെ ആകർഷിക്കാൻ തക്കവണ്ണം അതിസുന്ദരമായ വിശേഷങ്ങളില്ല. അമിത പ്രതീക്ഷയുമായി തസ്രാക്കിൽ പോയി പലരും നിരാശയോടെ അഭിപ്രായ പ്രകടനം നടത്താറുണ്ട്. തസ്രാക്കിന്റെ നാട്ടുചന്തം ഉൾക്കൊള്ളാൻ സാധിക്കാത്തവർ ഒരാവർത്തി കൂടി ഖസാക്കിന്റെ ഇതിഹാസം എന്ന നോവൽ ഇരുത്തി വായിക്കുക. അതിനുശേഷം കണ്ണുകൾ തുറന്നു പിടിച്ച് തസ്രാക്കിലേക്കു പോവുക. കിഴക്കൻ ഗ്രാമമായ തസ്രാക്കിലേക്കുള്ള മുൻ യാത്രകളിൽ കണ്ടിട്ടില്ലാത്ത പലതും അപ്പോൾ നിങ്ങളുടെ മുന്നിൽ വന്നു നിൽക്കും. കനാൽ വരമ്പിലൂടെ നടക്കുമ്പോൾ കാണുന്ന ഓരോ മുഖങ്ങളും മുൻപെവിടെയോ കണ്ടു മറന്നതാണെന്നു തോന്നും. കണ്ടാലറിയുന്ന ചിലരിലൂടെ ഒരുനാടിന്റെ ഹൃദയത്തെ നമ്മളിലേക്കു ചേർത്തു വച്ച മഹാനായ എഴുത്തുകാരന്റെ മനസ്സ് തസ്രാക്കിനെ വിട്ടുപിരിഞ്ഞിട്ടില്ല. പത്തുമുപ്പത്തഞ്ചു വർഷങ്ങൾക്കു മുൻപുള്ള ഗ്രാമത്തിന്റെ മാറ്റമില്ലാത്ത മുഖം ആ യുഗപുരുഷനും തസ്രാക്കുമായുള്ള ആത്മബന്ധത്തിന്റെ കഥ നമുക്കു പറഞ്ഞുതരും.  

Thasrak 2 copy

അതികാലത്തും ഉച്ചയ്ക്കും വൈകിട്ടുമായി,പത്തിലേറെ തവണ തസ്രാക്കിൽ പോയിട്ടുണ്ട്. സന്ദർശകർ ഏതു മാനസികാവസ്ഥയിലാണെങ്കിലും അതിനൊത്തു വിനയം പ്രകടിപ്പിക്കുന്ന തസ്രാക്കിന്റെ പ്രകൃതി അപ്പോഴെല്ലാം അതിശയമുണ്ടാക്കി. ഊട്ടുപുലായ്ക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ.വി. വിജയനെ ഖസാക്കിന്റെ ഇതിഹാസത്തിലെത്തിച്ചത് ഇതുപോലെയുള്ള കൗതുകങ്ങളായിരിക്കാം. തസ്രാക്കിലെ സ്‌കൂളിൽ അധ്യാപകനായി വിജയൻ വരുന്ന കാലത്ത് അവിടെ അപ്പുക്കിളി എന്ന വിദ്യാർഥിയും അല്ലാപ്പിച്ചമൊല്ലാക്കയും സുന്ദരിയായ മൈമുനയും ഉണ്ടായിരുന്നു. അവരൊക്കെ ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ...?ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളിൽ കുറേയാളുകൾ ഇപ്പോഴും തസ്രാക്കിലുണ്ട്.

തസ്രാക്കിനെ തൊട്ടുമടങ്ങിയ യാത്രകളില്‍ ഏറ്റവും രസകരമായി അനുഭവപ്പെട്ടത് ഇതിഹാസം പിറന്നതിന്റെ നാല്‍പ്പത്തിമൂന്നാം വാര്‍ഷികത്തില്‍ അവിടെ പോയപ്പോഴാണ്. അതായത്, 2012ല്‍. വിജയന്‍ കഥാപാത്രങ്ങളാക്കിയ മനുഷ്യര്‍ക്ക് നാലുപതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന കൗതുകം വലിയ ആകാംക്ഷയുണ്ടാക്കി. എങ്കിലും ക്ഷമയുടെ പാഠങ്ങളില്‍ കണ്ണടച്ച് ഓരോ കാഴ്ചകളിലും പഴമയെ തിരിച്ചറിയാന്‍ ശ്രമിച്ചു. 

പാടവരമ്പത്തു കാവല്‍ക്കാരെപ്പോലെ നില്‍ക്കുന്ന കരിമ്പനകള്‍ക്കു മീതെ സൂര്യന്‍ ഉദിക്കുന്നതേയുണ്ടായിരുന്നുള്ളൂ. കനാല്‍ വരമ്പില്‍ മേയുന്ന പശുക്കള്‍ക്കിടയിലൂടെ ബെല്ലടിച്ചു കടന്നുപോയ സൈക്കിളുകളില്‍ ഏതൊക്കെയോ മുഖങ്ങള്‍ തെളിഞ്ഞു. അരയാലിന്റെ തണലത്തു നിറുത്തിയിട്ട ഓട്ടൊറിക്ഷകളില്‍ പത്രം വായിച്ചിരിക്കുന്ന ഡ്രൈവര്‍മാരുടെ മുഖത്ത് അദ്ഭുതം. 'ആരാണ്ട്രാ ഇവന്‍' എന്നൊരു ചോദ്യം മൗനമായി തെളിഞ്ഞു. 

Thasrak 3 copy

ജരയും ദീനതയും വേരുകളാഴ്ത്തിയ ചെമ്മണ്ണിലൂടെ, രവി നടന്ന വഴിയിലൂടെ പതുക്കെ നടന്നു. 

സുന്ദരിയായ മൈമൂന എവിടെ?

അപ്പുക്കിളിയെ കാണാൻ പറ്റുമോ?

ചോദ്യങ്ങളുടെ നിര മനസ്സിലേക്ക് ചൂളമടിച്ചുകയറി. 

കാവിക്കച്ച ചുറ്റി ചവിട്ടു വഴിത്താരയിലൂടെ കുന്നുകയറി പള്ളമിറങ്ങി നിരത്തിലേക്കു നടന്നു. പക്ഷേ, രവി കണ്ട മരങ്ങളും പാറകളും കുറ്റിച്ചെടികളും അവിടെ അവശേഷിക്കുന്നില്ല.

'ഇവിടന്നു രണ്ടാമത്തെ വീട്'

വിജയന്‍ താമസിച്ച സ്ഥലം ചോദിച്ചപ്പോള്‍ നൈറ്റി ഉടുത്ത പെണ്‍കുട്ടി വഴി കാണിച്ചു. ആ വഴിക്കുവരുന്ന അപരിചിതരെല്ലാം കഥയിലെ രവിയെ തേടി എത്തുന്നവരാണ്. ഒ.വി. വിജയനെ നേരിൽ കണ്ടിട്ടുണ്ടെന്ന് അവരെല്ലാം പറഞ്ഞു. ഇതില്‍ ആരൊക്കെയാണ് ‘ശരിക്കും’ വിജയനെ നേരില്‍ കണ്ടവര്‍? ഖസാക്കില്‍ പറയുന്ന ഏകാധ്യാപക വിദ്യാലയത്തില്‍ ആരെല്ലാം പഠിച്ചിട്ടുണ്ട് ? അങ്ങനെയൊരു അന്വേഷണം ആവശ്യമെന്നു തോന്നി. അതിനെ പിന്തുടർന്ന്

വിജയന്‍ കഥയെഴുതിയ വീട്ടിലേക്കു പോയി. കളപ്പുരയെന്നാണ് ആ വീട് അറിയപ്പെടുന്നത്. പത്തറുപതുവര്‍ഷം മുന്‍പുണ്ടാക്കിയ വീടിന് വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. കഴുക്കോലുകളില്‍ താങ്ങി നിര്‍ത്തിയ ഓട്ടുപുര. പാലക്കാടിനു സുപരിചിതമായ പൂമുഖം. നീളന്‍ വരാന്തയെ താങ്ങി നിര്‍ത്തുന്ന ആറു തൂണുകള്‍. കരിമരത്തിന്റെ വാതിലും തഴുതുമുള്ള മൂന്നു മുറികള്‍. കിഴക്കു ഭാഗത്തുള്ള ചെറിയ മുറിയിലിരുന്നാണ് വിജയന്‍ ഇതിഹാസം രചിച്ചത്. താമരക്കുളത്തില്‍ കുളി കഴിഞ്ഞു വരുന്ന മൈമുനയെ സ്വപ്‌നം കണ്ടത്....

ഇരുപത്തേഴര സെന്റിലെ മണല്‍ത്തരികള്‍ക്കും ചെറിയ പുരയ്ക്കും ഉയര്‍ന്നുനില്‍ക്കുന്ന തെങ്ങിനും ഒരുപാടു കഥകള്‍ പറയാനുണ്ടാകും, ഉറപ്പ്.

Thasrak 4 copy

മന്നാട്ടില്‍ രാഘവന്‍ നായരുടെ കാര്യസ്ഥനായിരുന്ന നാഗുവിന്റെ മകന്‍ കിട്ടയെ തിരഞ്ഞു കണ്ടെത്തി. വിജയന്‍ താമസിച്ചിരുന്ന വീടിന്റെ മേല്‍നോട്ടക്കാരനായിരുന്നു നാഗു. വിജയന്‍ താമസിക്കുന്ന സമയത്ത് അച്ഛന്റെയൊപ്പം കളപ്പുരയില്‍ പോയിട്ടുണ്ടെന്നു കിട്ട പറഞ്ഞു. ചാരുകസേരയില്‍ ചാരിയിരുന്ന് ആകാശത്തേക്കു നോക്കുന്നയാളാണ് കിട്ടയുടെ കാഴ്ചപ്പാടിലെ വിജയൻ 'മേഷ്'. മേഷ് പറയുന്നതൊന്നും കുട്ടിക്കാലത്ത് കിട്ടയ്ക്കു പിടി കിട്ടിയില്ല. 

‘‘ശെയ്ക്ക് തങ്ങളാണേ, ബദരീങ്ങളാണേ, മുത്തുനബിയാണേ അന്ത കാഫിരോടെ ഷ്‌കോളി പുഗമാട്ടേ'’ 

സ്‌കൂളില്‍പോകില്ലെന്ന് കഥയിലെ കുഞ്ഞാമിന സത്യം ചെയ്ത കാലത്ത്, ഒന്നാം ക്ലാസിൽ വച്ചു പഠനം അവസാനിപ്പിച്ചയാളാണു കിട്ട. അദ്ദേഹം ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല. മലയാളം വായിക്കാനറിയില്ല. പിറന്ന മണ്ണിന്റെ നിഷ്‌കളങ്കത മുഖത്തു നിറച്ച് കിട്ട നിറഞ്ഞു ചിരിച്ചു. 

കന്നുമേയ്ച്ചും നിലമുഴുതും ജീവിക്കുന്ന കുറച്ചാളുകള്‍. അവർക്കിടയിലേക്ക് സ്കൂള്‍ അധ്യാപകനായി വിജയന്‍ എത്തി. തസ്രാക്കിലെ സ്കൂളിൽ വിജയന്റെ കാലത്ത് പഠിപ്പു പൂർത്തിയാക്കിയ കുട്ടികൾ ഏറെയില്ല. അവിടെ നിന്നാരും ഉയര്‍ന്ന ക്ലാസുകളിലേക്ക് പഠിക്കാനായി മറ്റു സ്‌കൂളുകളില്‍ ചേര്‍ന്നിട്ടില്ല. അഥവാ, തസ്രാക്കില്‍ നിന്നു പഠിച്ചുയര്‍ന്ന ഉദ്യോഗസ്ഥരില്ല. സ്‌കൂള്‍ എന്താണെന്നോ, പഠിപ്പിന്റെ ഗുണം എന്താണെന്നോ മനസ്സിലാകാത്ത ആളുകൾ ജീവിച്ചിരുന്ന പഴയ സമൂഹത്തില്‍ പതുക്കെപ്പതുക്കെ വിജയന്‍ ഒറ്റയ്ക്കായി. ഏകാന്തതയിൽ കുലുങ്ങാതെ വിജയൻ മറ്റൊരു ലോകമായി തസ്രാക്കിനെ സ്വപ്നം കണ്ടു. ആ ലോകത്തിനു ഖസാക്ക് എന്നു പേരിട്ടു.

ഇതെല്ലാം പുതുലോകത്തിന്റെ താത്വികമായ അവലോകനം. അതെന്തെങ്കിലുമാകട്ടെ. തസ്രാക്കിലേക്കു തിരിച്ചു വരാം.

പാടവരമ്പത്ത് ചൂണ്ടയിട്ടു കൊണ്ടിരുന്ന കുഞ്ഞണ്ണനോട് പാട്ടറിയുമോ എന്നു ചോദിച്ചു. 

‘‘മുങ്ങിക്കോഴിമുങ്ങാക്കോഴി 

മുങ്ങിച്ചാകണ് പുപ്പൂച്ച...’’

കുഞ്ഞണ്ണൻ ഉറക്കെ പാടി. കുഞ്ഞണ്ണന് പന്ത്രണ്ടുവയസ്സ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. പാട്ടറിയുമോ എന്നു ചോദിച്ചപ്പോള്‍ അവന്‍ പാടിയത് പുപ്പൂച്ചയുടെ കഥ. പണ്ട് വിജയന്‍ മാഷ് ഇതേ വരികള്‍ ഖസാക്കിന്റെ ഇതിഹാസത്തില്‍ എഴുതിയിട്ടുണ്ട്. കൊച്ചുമക്കൾക്കു മുതിർന്നവർ പറഞ്ഞു കൊടുക്കുന്ന പാട്ടിനു പോലും ആ നാട്ടിൽ മാറ്റങ്ങളില്ല.

ഖസാക്കിന്റെ സൗന്ദര്യമായി വിജയന്‍ അവതരിപ്പിച്ച മൈമൂന ഈ ലോത്ത് ലൈല എന്ന പേരിലാണ് ജീവിക്കുന്നത്. ഒരു ചിരി കടിച്ചമര്‍ത്തി ഖസാക്കിലെ യാഗാശ്വമായി നടുപ്പറമ്പിലൂടെ പറന്നു നടന്ന മൈമൂനയെ അവരുടെ വീട്ടില്‍ പോയി കണ്ടു. 

മതം പഠിപ്പിച്ചിരുന്ന അബ്ദുറഹ്മാന്റെ മകളാണ് ലൈല. അബ്ദുറഹ്മാനുമായി വിജയൻ എന്തൊക്കെയോ 'കുശുകുശേ' പറയുന്നതു കുട്ടിക്കാലത്ത് ലൈല കേട്ടിട്ടുണ്ട്. വെള്ളക്കുപ്പായം കൈത്തണ്ടയോളം തെറുത്തുവച്ച് തരിവളകള്‍ തെറുത്തു കേറ്റി നിര്‍ത്തിയ മൈമൂന വിജയന്റെ സൃഷ്ടിയാണെന്ന് ലൈല പറഞ്ഞു. കുട്ടിക്കാലത്തൊരു കരിവള കാണാന്‍ പോലും ലൈലയ്ക്ക് ഭാഗ്യമുണ്ടായിട്ടില്ല.

ഖസാക്കിന്റെ ഇതിഹാസം കഥയാണ്, അതിലെ കഥാപാത്രങ്ങൾ മഹാനായ ഒരു എഴുത്തുകാരന്റെ വിശാലമായ ഭാവനയും. ഉച്ചവെയിലില്‍ നീലയും പച്ചയും പീതയുമായി സോപ്പിന്‍ കുമിളകള്‍ ചിമ്മി മിഴിച്ചതൊക്കെ കഥാകാരന്റെ സ്വപ്‌നസഞ്ചാരത്തിലെ കാഴ്ചകള്‍. 

അള്ളാപ്പിച്ച മൊല്ലാക്കയുടെ കബറിനു മുകളില്‍ നൈസാമലി ചന്ദനത്തിരി കത്തിക്കുന്ന സ്ഥലം ഇപ്പോള്‍ വെളിമ്പറമ്പാണ്. ആരോരുമില്ലാത്തവര്‍ അന്നും ഇന്നും ശവമടക്കുന്ന കുന്നിന്‍ ചെരിവ്. ഷെയ്ക്കിനു മുന്നില്‍ കുമ്പിടാന്‍, ഖസാക്കിലെ പഴയതലമുറ എത്തുന്നിടത്തേക്ക് അല്ലാപ്പിച്ച മൊല്ലാക്കയെ വിജയന്‍ യാത്രയാക്കിയത് ഈ കുന്നിന്‍ ചെരിവിലൂടെയാണ്. 

കടല മുറുക്കു കയ്യില്‍ കിട്ടിയപ്പോള്‍ ക്ലാസ് മുറിയുടെ മുന്‍ നിരയില്‍ പഠിക്കാനിരുന്ന അപ്പുക്കിളിയെ തണ്ണീര്‍പ്പന്തലിൽ വച്ചാണു കണ്ടത്. അബ്ദുറഹ്മാന്‍ എന്നാണ് അദ്ദേഹത്തിന്റെ പേര്. വിജയന്റെ കഥയിലെ അപ്പുക്കിളിയെ തേടി ആരെങ്കിലും വരുമ്പോള്‍ ‘‘ഫോട്ടം പിടിക്കുമെന്ന്’’ അബ്ദുറഹ്മാന്‍ പറഞ്ഞു. അത്രയേ ആ നോവലിന്റെ പെരുമയെക്കുറിച്ച് അവർക്ക് അറിയൂ. അതാണ് തസ്രാക്ക്, അഥവാ അതാണ് ഇപ്പോഴും പാലക്കാടിന്റെ കിഴക്കന്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്നവരുടെ നിഷ്‌കളങ്കത.

ഇതൊക്കെ കണ്ടുംകേട്ടും ആ നാട്ടിൽ നിന്നു മടങ്ങുമ്പോള്‍ നമ്മള്‍ കുറേ വര്‍ഷങ്ങള്‍ പുറകിലേക്കു പോയെന്നു തോന്നിയേക്കാം. എങ്കില്‍ അതൊരു വലിയ നേട്ടമായി സ്വയം വിലിയിരുത്തുക. റിവൈന്‍ഡിങ് ബട്ടൻ ഇല്ലാത്ത ജീവിതത്തില്‍ കാലത്തിനു പിന്നിലേക്കുള്ള സഞ്ചാരം സാധ്യമായാല്‍ അതിനെയൊരു അഡീഷണല്‍ ബോണസായി കരുതുന്നതിലെന്താണു തെറ്റ്? ഇനി വിജയന്റെ വാക്കുകളിലേക്ക്:

'അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍, വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി...'

കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുൻപൊരു ചെറിയ വിശദീകരണം.

തസ്രാക്കിലേക്കു പലപ്പോഴായി നടത്തിയ യാത്രകളില്‍ എട്ടാംതവണ, കൃത്യമായി പറഞ്ഞാല്‍, ഇതിഹാസങ്ങള്‍ ഉപേക്ഷിച്ച് വിജയൻ യാത്രയായി ഏഴു വര്‍ഷങ്ങള്‍ക്കുശേഷം തസ്രാക്കിൽ പോയതിന്റെ ഓർമക്കുറിപ്പാണിത്. പിന്നെയും അഞ്ചുവര്‍ഷം കഴി‍ഞ്ഞിരിക്കുന്നു. ഇപ്പോൾ സംഭവിച്ചിരിക്കാനിടയുള്ള മാറ്റങ്ങൾ ഊഹിക്കാമല്ലോ.

കാലത്തിന്റെ അനിവാര്യതയായ ചില്ലറ മാറ്റങ്ങളല്ലാതെ തസ്രാക്ക് എന്ന ഗ്രാമത്തിനെ വലിയ വികസനങ്ങളൊന്നും അലട്ടിയിട്ടില്ല. ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടുള്ളവർക്കും ആ നോവൽ വായിച്ചിട്ടില്ലാത്തവർക്കും സുഖം പകരുന്ന ഗ്രാമക്കാഴ്ചയാണ് തസ്രാക്ക് എന്ന ഗ്രാമം. ഇംഗ്ലീഷ് നോവലുകൾക്കു പശ്ചാത്തലമൊരുങ്ങിയ പാശ്ചാത്യ ഗ്രാമങ്ങളെല്ലാം പിൽക്കാലത്ത് അറിയപ്പെടുന്ന ടൂറിസം ഡെസ്റ്റിനേഷനുകളായി മാറി. അതുപോലെ ഒ.വി. വിജയന്റെ കഥയ്ക്കു പശ്ചാത്തലമായ തസ്രാക്ക് എന്ന ഗ്രാമവും നമ്മൾ പരിശ്രമിച്ചാൽ ലോകം ബഹുമാനിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.