Monday 08 January 2018 03:24 PM IST : By സ്വന്തം ലേഖകൻ

വിവാഹവസ്ത്രം തയാറാക്കാൻ 67 വിദഗ്ധർ, പൂർത്തിയാക്കിയത് 32 ദിവസമെടുത്ത്!

virat-anu09

മഞ്ഞുതുള്ളിയും പനിനീർപ്പൂക്കളും നിറഞ്ഞ ഒരു പുലർകാലസുന്ദര സ്വപ്നത്തിലെ നായികാനായകന്മാർ. വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമയുടെയും വിവാഹചിത്രങ്ങൾ ‘എത്ര സ്വപ്നസുന്ദരം’. നേർത്ത പിങ്ക് തീം കളറാക്കിയുള്ള ആ വെഡിങ് മാജിക്കിൽ താര‍ജോഡികളുടെ ആരാധകർ മാത്രമല്ല, ലോകം മുഴുവനുമാണു മയങ്ങിപ്പോയത്. വിരാടിന്റെയും അനുഷ്കയുടെയും വിവാഹവസ്ത്രങ്ങൾ രൂപകൽപന ചെയ്തതു ലോകപ്രശസ്ത ഡിസൈനർ സബ്യസാചി. തുന്നൽപണിയും അതിമനോഹരമായ അലങ്കാരപ്പണികളും ചെയ്തത് 67 തുന്നൽവിദഗ്ധർ, അതും 32 ദിവസമെടുത്ത്.

നേർത്ത പിങ്കിലുള്ള ലെഹങ്കയിൽ നവോത്ഥാന കാലത്തെ അലങ്കാരപ്പണികൾക്കു വിന്റേജ് ഇംഗ്ലിഷ് നിറപ്പൊലിമ. സ്വർണവും വെള്ളിയും ഇടകലർന്ന നൂലുകൾകൊണ്ടു തുന്നൽപണി ചെയ്തു സുന്ദരമാക്കിയതുകൂടാതെ ലെഹങ്കയിൽ പേളും മുത്തുകളും പതിപ്പിച്ചു. ‘അൺകട്ട്’ വജ്രവും ജാപ്പനീസ് പേളും ആഭരണത്തിന്. പ്രൗഢസുന്ദരമായ ജിമിക്കി കമ്മലും നെക്‌ലസും. നവവധു അനുഷ്ക ഒരു രാജകുമാരിയെപ്പോലെ മനോഹരിയായി.

വിരാടിന്റെ പട്ടു ഷെർവാണിയിലെ അലങ്കാരപ്പണികൾക്കു ബെനാറസ് സ്പർശം. റോസാപ്പൂനിറത്തിലെ തലപ്പാവിനു പ്രണയസ്പർശം. മിലാനിലെ ആഡംബര സുഖവാസ കേന്ദ്രമായ ടസ്കനിൽ വച്ചായിരുന്നു വിവാഹമെന്നതിനാൽ ആ മനോഹരമായ ചുറ്റുപാടിലെ നിറങ്ങളോടു ചേർന്നു പോകുന്ന നിറം തന്നെ തിരഞ്ഞെടുത്തെന്നാണു സബ്യസാചി വെളിപ്പെടുത്തിയത്. വിവാഹനിശ്ചയ വേളയിലും സബ്യസാചി വസ്ത്രാഭരണങ്ങളാണ് അനുഷ്ക അണിഞ്ഞത്.

കൂടുതൽ വായനയ്ക്ക്