Saturday 28 October 2017 11:50 AM IST : By സ്വന്തം ലേഖകൻ

സൂക്ഷിച്ചു നോക്കൂ... ഇതു ജീൻസാണ്! ഇതിലും മികച്ച ഫാഷൻ (ദു)സ്വപ്നങ്ങളിൽ മാത്രം

jeans-new3

വസ്ത്രം ധരിക്കുന്നത് ശരീരം മറയ്ക്കാനാണെന്നാണ് പൊതുവേയുള്ള വിശ്വാസം. ഫാഷനെന്ന പേരിൽ പല പരിഷ്കാരങ്ങൾ വരും വരെ എല്ലാവരും അങ്ങനെതന്നെയാണ് ധരിച്ചു വച്ചിരുന്നത്. ഇത്തരം പരിഷ്കാരങ്ങളുടെ ശ്രേണിയിലേക്ക് ഏറ്റവും പുതിയതായി ഒരു ജീൻസും കടന്നു വരുന്നു. ജീൻസിന്റെ പല വേർഷനുകൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ‘മ്യാരക’മായ ഒരു വേർഷൻ ആദ്യമായിരിക്കും.

ടോക്കിയോയില്‍ നടന്ന ആമസോണ്‍ ഫാഷന്‍ വീക്കിലാണ് ഈ കലക്കന്‍ ജീന്‍സ് അവതരിപ്പിച്ചത്. മൈകോ ബാന്‍ എന്ന ജാപ്പനീസ് ഡിസൈനറാണ് തോങ് ജീന്‍സ് എന്ന ഈ ഫാഷൻ ലോകത്തിനു മുന്നിൽ വച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇരുകാലുകളും വ്യക്തമായി കാണാം. അതായത് വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ മറയ്ക്കപ്പെടുന്നുള്ളു. കട്ട്ഔട്ട് ജീന്‍സ് എന്ന സങ്കല്‍പത്തെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് മൈകോ. ഒന്നു കൂടി  വ്യക്തമാക്കിയാൽ, സാധാരണ വസ്ത്രം ധരിച്ചാൽ ശരീര ഭാഗങ്ങൾ കാണാൻ സൂക്ഷിച്ചു നോക്കണം. എന്നാൽ ഈ ജീൻസ് ധരിച്ചാൽ അത്രയ്ക്ക് ‘കോൺസെൻട്രേഷൻ ഉണ്ടെങ്കിൽ മാത്രമേ വസ്ത്രം കാണാൻ കഴിയൂ എന്നതാണ് സ്ഥിതി.

എന്തായാലും തോങ് ജീന്‍സ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ ട്വീറ്റുകള്‍ ഉയര്‍ന്നിട്ടുണ്ട്. ജീന്‍സെടുത്ത് അങ്ങിങ്ങു കീറിവച്ചതുപോലെയുണ്ടെന്നാണ് ചിലരുടെ പരിഹാസം. ഫാഷന്‍ ഷോയില്‍ ശ്രദ്ധ കിട്ടാനായി ചെയ്ത ഡിസൈന്‍ ആണെന്ന് മറ്റു ചിലർ കണ്ടെത്തി. നിത്യജീവിതത്തില്‍ ആരും ഇതു ധരിക്കില്ലെന്നും ഇതു ധരിക്കുന്നതിനേക്കാള്‍ ഭേദം ഒന്നും ധരിക്കാതിരിക്കുന്നതാണെന്നും വരെ നീളുന്നു കമന്റുകൾ.

jeans-new1