Monday 08 January 2018 02:27 PM IST : By സ്വന്തം ലേഖകൻ

ഇവൾക്കിതു ഫാഷനല്ല, ദൈവത്തിന്റെ കൈപ്പിഴയാണ്! അപൂർവ രോഗം ബാധിച്ച മെലാനി സൂപ്പർ മോഡലായത് നിശ്ചദാർഢ്യം കൊണ്ട്

melanie1

പല്ലില്ല, എല്ലുകൾക്ക് തീരെ ബലമില്ല, തലയിൽ മുടിലവലേശമില്ല... മെലാനി ഗെഡോസിനെ കണ്ടാൽ ആരും മൂക്കത്തു വിരൽ വയ്ക്കും. ഇതെന്തു കോലം എന്നു സംശയിക്കും. അവളുടെ കഥ അറിയുമ്പോൾ തലകുനിച്ചു നമിക്കും. നിശ്ചയദാർഢ്യം കൊണ്ട് ജനിതക വൈകല്യത്തിന്റെ പരിമിതികൾ മറികടന്ന് മോഡലിങ് രംഗത്ത് നേട്ടങ്ങൾ വെട്ടിപ്പിടിച്ച അമേരിക്കൻ യുവതി മെലാനിയുടെ കഥ അത്ഭുമാണ്.

28 വയസേയുള്ളൂ മെലാനിക്ക്. ജനിച്ചു വീണതേ എക്ടോഡെർമൽ ഡിസ്ഫാൽസിയ എന്ന അപൂർവ ജനിതക രോഗവുമായാണ്. ശരീരത്തിൽ പല്ലുകളും, നഖങ്ങളും, എല്ലുകളും രോമകൂപങ്ങളും മറ്റും വളരാത്ത അപൂർവ ജനിതക തകരാറാണിത്. അതുകൊണ്ടുതന്നെ കാഴ്ചയിൽ വികൃതരൂപമാണ്. കൺപീലി വളരാത്തതു കൊണ്ടുതന്നെ കാഴ്ചയും പരിമിതമാണ്. തന്റെ അവസ്ഥയിൽ മനംനൊന്ത് നാണംകെട്ട് മെലാനി വീടിന്റെ നാലു ചുമരുകളിലേക്ക് ഒതുങ്ങി. നാലു വർഷം മുൻപ് അവൾ തീരുമാനിച്ചു. ഇതല്ല തന്റെ ജീവിതം. ഈ അവസ്ഥ തന്നെ വീടിനുള്ളിൽ തളച്ചിടാൻ പോന്നതല്ല. അങ്ങനെയാണ് ചങ്കുറ്റത്തോടെ മോഡലിങ് രംഗത്തേക്ക് ചുവടുവച്ചത്.

melanie2

വെളുത്തു കൊലുന്നനേയുള്ള സുന്ദരികളെ മാത്രം കണ്ടു പരിചയിച്ചവർക്കിടയിലേക്കാണ് മെലാനി കടന്നു ചെന്നത്. സ്വന്തം വ്യക്തിത്വം അതേപടി നിലനിർത്തിയാണ് മോഡലിങിന് ഇറങ്ങിയത്. വിഗ് ഉപയോഗിക്കാന്‍ പോലും അവർ തയാറായില്ല. ഒരുകാലത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യാൻ മടിയായിരുന്ന മെലാനി ബോയ്ഫ്രണ്ടിന്റെ പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് മോഡലിങിലേക്ക് കടന്നു വന്നത്. ഇപ്പോൾ മോഡലിങിന്റെ തിളക്കമാർന്ന ലോകത്ത് നക്ഷത്രമായി മിന്നിത്തെളിയുമ്പോൾ അവൾ ലോകത്തോടു വിളിച്ചു പറയുകയാണ്, സൗന്ദര്യം... അത് ആത്മവിശ്വാസത്തിന്റെ മറ്റൊരു പേരാണ്...