Monday 08 January 2018 02:41 PM IST : By സ്വന്തം ലേഖകൻ

മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിന് ആലപ്പുഴയൊരുങ്ങി; സൗന്ദര്യ റാണിയാകാൻ ‘കാതൽ മന്നന്റെ’ ചെറുമകളും!

ganeshan-priya.jpg.image.784.410

വിവാഹിതരായ വനിതകളിൽ നിന്നു ദക്ഷിണേന്ത്യൻ സൗന്ദര്യ റാണിയെ കണ്ടെത്തുന്നതിന് ആലപ്പുഴയൊരുങ്ങി. 18നു വൈകിട്ട് ആറു മുതൽ ആലപ്പുഴ കാംലോട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നു 18 സുന്ദരിമാർ പങ്കെടുക്കും.

ജ്യോതി വിജയകുമാർ (കൊച്ചി), ചിത്ര പോൾ (കോട്ടയം), ലക്ഷ്‌മി വത്സൻ (തൃശൂർ), സജ്‌നാസ് സലിം ഗുൽസാർ (ദുബായ്), ഡോ. സ്‌മിത പ്രമോദ് (കൊച്ചി), വിനീത വിൻസന്റ് (അങ്കമാലി) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്. ഡിസൈനർ സാരി, ബ്ലാക്ക് ഗൗൺ, റെഡ് ഗൗൺ എന്നീ മൂന്നു റൗണ്ടുകളിൽ നിന്നാണു ദക്ഷിണേന്ത്യൻ സുന്ദരിയെ കണ്ടെത്തുക.

മിസിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കൻഡ് റണ്ണറപ്പിനു 40,000 രൂപയുമാണു സമ്മാന തുക. ഇത്തവണ ആദ്യമായി സുന്ദരിമാരുടെ പാചക വൈവിധ്യവും പരീക്ഷിക്കും. മികച്ച സാമ്പാർ തയാറാക്കുന്നയാൾക്കാണു മിസിസ് ക്യൂലനേറിയൻ പുരസ്കാരം ലഭിക്കുക.

സൗന്ദര്യ റാണിയാകാൻ ‘കാതൽ മന്നന്റെ’ ചെറുമകളും

സൗന്ദര്യകിരീടത്തിനായി മത്സരിക്കാൻ തമിഴരുടെ ‘കാതൽ മന്നൻ’ ജെമിനി ഗണേശന്റെ പേരക്കുട്ടിയും. ജെമിനി ഗണേശന്റെയും അലമേലുവിന്റെയും മകൾ ഡോ. കമല സെൽവരാജിന്റെ മകളാണു ഡോ. പ്രിയ. ഡോ. പ്രിയയുടെ അമ്മ ഡോ. കമല സെൽവരാജും പ്രശസ്തയാണ്. ദക്ഷിണേന്ത്യയിൽ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചതു ഡോ. കമല സെൽവരാജിന്റെ മേൽനോട്ടത്തിലാണ്.

അമ്മയോടൊപ്പം ചെന്നൈ ജി.ജി. ഹോസ്പിറ്റലിൽ വന്ധ്യതാ ചികിത്സാ രംഗത്താണു ഡോ. പ്രിയയും പ്രവർത്തിക്കുന്നത്. പത്തുവർഷം മുൻപു മിസിസ് സൗത്ത് ഇന്ത്യ കിരീടം നേടിയിട്ടുണ്ട് ഡോ. പ്രിയ. പതിനാലു വയസ്സുകാരിയായ മകളുൾപ്പെടെ മൂന്നു മക്കളുടെ അമ്മയാണ്.

mrs-india-participants.jpg.image.784.410

കൂടുതൽ വായനയ്ക്ക്