Monday 08 January 2018 03:39 PM IST : By സ്വന്തം ലേഖകൻ

തുടകളുടെ വണ്ണം കുറയ്‌ക്കാൻ ശിൽപയുടെ അഞ്ചു യോഗാസനങ്ങൾ

silpa1

ഓരോ വ്യക്തികളുടെയും ശരീരത്തിൽ കൊഴുപ്പടിയുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലർക്ക് വയറു ചാടുന്നു, മറ്റുചിലരുടെ കൈകാലുകൾക്ക് വണ്ണം കൂടുന്നു. ചിലർക്കാണെങ്കിൽ മാറിടത്തിന് വലുപ്പം കൂടും. ശരീരത്തിന്റെ അഴകളവുകളെ പ്രധാനമായും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല. പ്രശ്നപരിഹാരമെന്ന നിലയ്‌ക്ക് ജിമ്മിൽ പോകുന്നവരും എന്തെങ്കിലും യോഗാസനങ്ങൾ ചെയ്യുന്നവരും കുറവല്ല. പക്ഷെ എന്ത് ചെയ്തിട്ടും വണ്ണം കുറയുന്നില്ല എന്ന പരാതിക്കാരാണ് ഭൂരിഭാഗവും.

ശരിയായ രീതിയിൽ വ്യായാമം ചെയ്തില്ലെങ്കിൽ ഒരു പ്രയോജനവും ഉണ്ടാവില്ല. ഇതിനെപ്പറ്റി അറിവുള്ളവർ പറഞ്ഞുതരുമ്പോഴാണ് അവയുടെ ഗുണഫലങ്ങൾ ലഭ്യമാവുക. ഇക്കാര്യത്തിൽ നല്ലൊരു നടി എന്നതിനേക്കാൾ ഉപരിയായി നല്ലൊരു യോഗാ ടീച്ചറാണ് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. ആർക്കും അനുകരിക്കാവുന്ന, എളുപ്പത്തിൽ ചെയ്യാവുന്ന വ്യായാമ മുറകളാണ് ശിൽപ്പ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. തുടകളുടെ വണ്ണം കുറയ്ക്കാനുള്ള അഞ്ചു യോഗാസനങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ; 

silpa3

1. വ്യാഘ്രാസന

ശ്വാസം വലിച്ചുകൊണ്ട് വലത് കാല് പിറകിലേക്ക് നീട്ടി ഉയർത്തിപ്പിടിക്കുക. അതേസമയം തല ഉയർത്തി കൈകൾ മുന്നിലേക്ക് പതിപ്പിച്ചുവയ്ക്കുക. ഒരു മിനിറ്റ് സമയം ഇതേ നിലയിൽ നില്ക്കുക. അതിനുശേഷം വിശ്രമിക്കുക. ശേഷം ഇടതുകാൽ ഉയർത്തി വിപരീത ദിശയിൽ പരിശീലിക്കുക.

silpa5

2. വീരഭദ്രാസന 1

കാലുകള്‍ അകറ്റി നിവര്‍ന്ന്‌ നില്‍ക്കുക. അതിനുശേഷം ഇരുകാലുകള്‍ക്കുമിടയില്‍ 3- 4 അടി അകലം വരത്തക്കവണ്ണം ഇടതുകാല്‍ വശത്തേക്ക്‌ നീക്കുക. ഇടതുകാല്‍ നേരെ വയ്‌ക്കുക. വലത്‌ വശത്ത്‌ മൊത്തമായി കാല്‍ ചുറ്റിക്കുക അതേസമയം വലത്‌ കാല്‍ ചെറുതായി മാത്രം കറക്കുക. കാലുകള്‍ ഒരേ സ്ഥിതിയില്‍ വച്ചിട്ട്‌ അരയ്‌ക്ക്‌ മുകള്‍ ഭാഗം കറക്കുക. ഇടതുകാലിന്റെ മുട്ടുകള്‍ മടക്കി ഉടല്‍ ഇടതു വശത്തേയ്‌ക്ക്‌ മുമ്പോട്ട്‌ കൊണ്ടുവരുക. ഇരുകൈകളും തലയ്‌ക്ക്‌ മുകളില്‍ നമസ്‌തേ പറയും പൊലെ ഉയര്‍ത്തുക.

silpa4

3. ധനുരാസനം

കമിഴ്ന്നു കിടക്കുക. കാലുകൾ മടക്കുക. വലതു കാലിന്റെ കണങ്കാലിൽ വലതു കൈകൊണ്ടു പിടിക്കുക. അതുപോലെ മറ്റേ കാലിലും. ശ്വാസം എടുത്തുകൊണ്ട് ആദ്യം കാലുകൾ ഉയർത്തുക. പിന്നീട് തലയുടെ ഭാഗം ഉയർത്തുക. കാലിന്റെ പെരുവിരലുകൾ ചേർത്തുവയ്ക്കാൻ ശ്രമിക്കുക. ഒരു വില്ലിന്റെ ആകൃതിയിൽ വരിക. കുറച്ചുനേരം അങ്ങനെ നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് പഴയ സ്ഥിതിയിലേക്ക് വരിക.

silpa6

4. ചക്രാസനം

മലർന്നു കിടക്കുക. കാലുകൾ മടക്കി പൃഷ്ഠത്തോട് ചേർത്തുവയ്ക്കുക. കൈകൾ ഇരുവശങ്ങളിലും കമഴ്ത്തി പതിച്ചുവയ്കുക. ശ്വാസം എടുത്തുകൊണ്ട്, തല നിലത്തുമുട്ടിച്ചുകൊണ്ട്, അരക്കെട്ട് ഉയർത്തുക. വീണ്ടും ശ്വാസം എടുത്തുകൊണ്ട് കൈകൾ നിവർത്തി തല നിലത്തുനിന്നും ഉയർത്തുക. സാധാരണ ശ്വാസത്തിൽ കുറച്ചുനേരം നില്ക്കുക. ശ്വാസം വിട്ടുകൊണ്ട് തിരിച്ചുവരിക.

silpa2

5. വീരഭദ്രാസന 2

വീരഭദ്രാസന ഒന്നിൽ പറഞ്ഞിരിക്കുന്നതെല്ലാം അതുപോലെ ചെയ്യുക. ഇതിലുള്ള ഏക വ്യത്യാസം കൈകള്‍ നമസ്‌തേ പോലെ തലയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ ഉയര്‍ത്തുന്നതിന്‌ പകരം തറയ്‌ക്ക്‌ സമാന്തരമായി ഇരുവശങ്ങളിലേയ്‌ക്കും ഉയര്‍ത്തുക.