Monday 08 January 2018 03:42 PM IST

സൗന്ദര്യം പ്രശ്നമല്ല, ശ്രമിച്ചാൽ നിങ്ങൾക്കും സൂപ്പർ മോഡൽ ആകാം!

Sreekanth Kalarikkal

Senior Photographer

super-model1 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വനിതാ സീനിയർ ഫോട്ടോഗ്രാഫറും വനിതയ്ക്കുവേണ്ടി ആദ്യമായി അണ്ടർവാട്ടർ ഫാഷൻ ഫോട്ടോ ഷൂട്ട് അടക്കമുള്ള ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശ്രീകാന്ത് കളരിക്കൽ മോഡലിംഗിനെക്കുറിച്ച്‌ എഴുതുന്നു...

എല്ലാക്കാലത്തും പെൺകുട്ടികളുടെ മോഹമാണ് മോഡലാവുക എന്നത്. എന്നാൽ നമ്മൾ വിചാരിക്കുന്നതുപോലെ അതത്ര എളുപ്പമുള്ള കാര്യമല്ല. ഒരു മോഡലിന്റെ നഖം തൊട്ട് മുടിനാരിഴ വരെ വളരെ പ്രധാനമാണ് എന്നർത്ഥം. ശരിക്കുപറഞ്ഞാൽ ശരീരഭാഷയിലും നടത്തത്തിലും വേഷത്തിലും സംസാരത്തിലുമെല്ലാം വേറിട്ട് നിൽക്കുന്ന വ്യക്തിത്വമായിരിക്കണം മോഡലിന്റേത്. മുഖത്തു വിടരുന്ന പുഞ്ചിരി തൊട്ട് ഒരു നോട്ടത്തിൽ പോലും വശ്യമായ സൗന്ദര്യം ഉണ്ടാകണം. മിന്നുന്ന ഫ്ലാഷ് ലൈറ്റുകൾ പോലും അവർക്കു മുൻപിൽ നിറം മങ്ങണം. അത്രയ്‌ക്ക് ചൈതന്യം തോന്നുന്ന രൂപമായിരിക്കണം മോഡലുകളുടേത്.

എല്ലാത്തിനും ഉപരിയായി ഈ രംഗത്ത് തിളങ്ങാൻ കഴിഞ്ഞാൽ കിട്ടുന്ന പണവും പ്രശസ്തിയുമെല്ലാം വളരെ വലുതാണ്. പലരും ബിഗ് സ്കീനിലേക്കുള്ള എൻട്രിയായാണ് മോഡലിംഗിനെ കാണുന്നത്. എന്നാൽ ഏതൊരാൾക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നല്ല മോഡലിംഗ്. പ്രൊഫഷനോട് ആത്മാർത്ഥമായ ഇഷ്ടവും കഠിനാധ്വാനം ചെയ്യാൻ മനസ്സുമുണ്ടെങ്കിൽ ആർക്കും നല്ലൊരു മോഡലാവാം. എല്ലാ കഴിവുകളോടെയും ഭൂമിയിൽ ആരും ജനിച്ചു വീഴുന്നില്ല. ക്ലാവ് പിടിച്ച പാത്രം മിനുക്കിയെടുക്കുന്നതുപോലെ മാറ്റങ്ങൾ സ്വയം ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതിന് മികച്ച തയ്യാറെടുപ്പുകൾ നടത്തണം. പ്രധാനമായും പ്രൊഫഷണൽ പോർട്ട് ഫോളിയോ തയ്യാറാക്കുകയാണ് ആദ്യപടി. നല്ലൊരു പരസ്യ ഏജൻസിയെ സമീപിക്കുമ്പോൾ അവർക്കു കൊടുക്കാൻ കൈവശം നല്ലൊരു പോർട്ട് ഫോളിയോയും ഉണ്ടായിരിക്കണം.

supermodel5

ഇങ്ങനെ പോർട്ട് ഫോളിയോ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങളുണ്ട്. മേക്കപ്പ് ആർട്ടിസ്റ്റ് മുതൽ വസ്ത്രാലങ്കാരം, ഫോട്ടോഗ്രാഫർ വരെ അങ്ങേയറ്റം പ്രൊഫഷണൽ ആയിരിക്കണം. കുറച്ചു പണം അധികം മുടക്കിയാലും കുഴപ്പമില്ല എന്നർത്ഥം. പരസ്യ ഏജൻസികൾ പരിഗണിക്കുന്നതും ഇത്തരം കാര്യങ്ങളാണ്. വിവിധ പോസിലുള്ള ഫോട്ടോകള്‍ക്ക്‌ പുറമെ, ഉയരം, തൂക്കം, നിറം, മുടി, കണ്ണ്, മുഖം തുടങ്ങിയവയുടെ പ്രത്യേകതകളും പോർട്ട് ഫോളിയോയിൽ ഉണ്ടായിരിക്കണം. മോഡലിംഗ്‌ പരിചയം, ജീവിതം, വിദ്യാഭ്യാസയോഗ്യത എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങളും പോര്‍ട്ട്‌ ഫോളിയോയിൽ ഉൾപ്പെടുത്തണം. എജന്‍സിയും ക്ലയന്റും മോഡലിന്റെ ഏറ്റവും പുതിയ ലുക്കാണ്‌ ആവശ്യപ്പെടുന്നത്‌. അതുകൊണ്ട് പോര്‍ട്ട്‌ ഫോളിയോ കൃത്യമായി അപ്‌ഡേറ്റ്‌ ചെയ്യാനും മറക്കരുത്.

നല്ല സൗന്ദര്യവും മികച്ച ശരീരഘടനയുമുള്ള പെണ്‍കുട്ടിക്ക്‌ മികച്ച മോഡലാകാന്‍ സാധിക്കുമെന്നൊരു തെറ്റിധാരണയും നമുക്കിടയിലുണ്ട്. എന്നാൽ മികച്ച പരിശീലനവും ആത്മാർത്ഥമായ ഇഷ്ടവുമില്ലെങ്കിൽ ആര്‍ക്കും ഒരു നല്ല മോഡലാവാന്‍ സാധിക്കില്ല. എനർജി ലെവൽ ഇതിൽ പ്രധാനമാണ്. മണിക്കൂറുകളോളം നീളുന്ന ഫോട്ടോ ഷൂട്ടില്‍ ഒട്ടും മടിയില്ലാതെ ഊര്‍ജസ്വലതയോടെ സഹകരിക്കാന്‍ മോഡലിന് കഴിയണം.

ഇനി പെൺകുട്ടികളോട്, ഒരു മോഡലാവാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ പറയുന്നു;

ഫാഷനോടുള്ള പാഷൻ

കാലത്തിനൊപ്പം മോഡൽ സഞ്ചരിച്ചുകൊണ്ടിരിക്കണം. ഏറ്റവും പുതിയ ഫാഷനിലുള്ള വസ്‌ത്രങ്ങളും പുത്തൻ ട്രെന്‍ഡുകളും അറിഞ്ഞിരിക്കണം. എല്ലാത്തിനുമുപരി ശരീരത്തിനും നിറത്തിനും ഇണങ്ങുന്ന സ്‌റ്റൈലുകള്‍ സ്വീകരിക്കണം, അത്തരത്തിലുള്ള പാറ്റേണുകൾ തിരഞ്ഞെടുക്കണം.

supermodel7

മോഡലിംഗിൽ സ്പെഷലൈസേഷൻ

എല്ലാ മോഡലിംഗും ഒരുപോലെയല്ല. റണ്‍വേ, പ്രമോഷണല്‍, പാര്‍ട്ട്‌ മോഡല്‍, ലൈവ്‌ ഷോ, ഫോട്ടോഗ്രാഫിക്‌, പ്ലസ്‌ സൈസ്‌ എന്നിങ്ങനെ മോഡലിംഗ് തന്നെ പലതരമുണ്ട്‌. ഏതുതരം മോഡലിംഗാണ് നമുക്ക് ചേരുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയിരിക്കണം. ലൈവ് ഷോയും പരസ്യ ഷൂട്ടും വ്യത്യസ്തമായിരിക്കും. അതുപോലെ പ്രിന്റിലും മീഡിയയിലും വ്യത്യസ്ത ആങ്കിളുകളായിരിക്കും പരീക്ഷിക്കുക. നമ്മുടെ കംഫർട്ടബിൾ സോണാണ്‌ പ്രധാനം. ശരീരത്തിന്റെയും മനസ്സിന്റെയും പോസിറ്റിവ് വശങ്ങൾ മനസ്സിലാക്കി വേണം മോഡലിംഗിൽ സ്പെഷലൈസേഷൻ ചെയ്യാൻ.

ശരീരഭംഗി പ്രധാനം

മോഡലിംഗ് രംഗത്തേക്ക് കാലെടുത്തുവെക്കുമ്പോൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത് ശരീരസൗന്ദര്യത്തിനാണ്. ഏതുതരം വസ്ത്രമായാലും അത് മോഡലിന് ഇണങ്ങണം. ഒരിക്കലും കാണുന്നവർക്ക് അരോചകം തോന്നുന്ന രീതിയിൽ കൂടുതൽ തടിച്ചിരിക്കുകയോ കൂടുതൽ മെലിഞ്ഞിരിക്കുകയോ ചെയ്യരുത്. എത്ര സുന്ദരമായ വസ്ത്രമാണെങ്കിലും അതിന്റെ ഭംഗി കൂട്ടാനും കുറയ്ക്കാനുമെല്ലാം ധരിക്കുന്ന ആൾക്ക് കഴിയും. മോഡലുകൾ എപ്പോഴും കൃത്യമായ അഴകളവുകൾ പരിപാലിച്ചു മുന്നോട്ടുപോകണം. എഎംഎയുടെ മാനദണ്ഡമനുസരിച്ച് മോഡലുകൾക്ക് മിനിമം ഉയരം 5’8’’ ഉണ്ടായിരിക്കണം. അത് കൂടിയത് 5’9’’, 5’11’’ വരെ ആകാം. അതുപോലെ ശരീരത്തിന്റെ പെർഫെക്ട് അളവ് എന്നുപറയുന്നത് 34-24-34 ഇഞ്ചസ് ആണ്.

ക്യാമറ സെൻസ് വേണം

ഫാഷൻ ഫോട്ടോഗ്രാഫിയുടെ പ്രധാന ഘടകമാണ്‌ ക്യാമറ. അതുകൊണ്ട് ക്യാമറ കൈകാര്യം ചെയ്യാനുള്ള സെൻസ് മോഡലുകൾക്ക് വേണം. പ്രത്യേകിച്ചും ക്യാമറയുമായി നേരിട്ടുള്ള ഐ കോണ്‍ടാക്‌ട് ഒഴിവാക്കി ഇടതുവലതു വശങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് അഭികാമ്യം. തലയുടെയും കണ്ണുകളുടെയും ചലനം എപ്പോഴും ഒരേ വശത്താക്കാന്‍ ശ്രദ്ധിക്കുക. ആത്മവിശ്വാസത്തോടും ശ്രദ്ധയോടും കൂടി ക്യാമറയെ ഫേസ് ചെയ്യണം. ഒരിക്കലും ശ്വാസംപിടിച്ചു ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യരുത്‌. കൈകൾ നിവർത്തിപ്പിടിക്കുന്നതാണ് കൂടുതൽ നല്ലത്. ചുരുട്ടിപിടിക്കുമ്പോൾ വികലാംഗത്വം ഉള്ളതുപോലെ തോന്നിക്കും.

supermodel2

നല്ല ചിരി

ഒരാളുടെ മുഖത്തെ ഫീച്ചേഴ്‌സിനെ ആകർഷകമാക്കുന്നതിൽ പ്രധാന റോൾ വഹിക്കുന്നത് പല്ലുകളും ചിരിയുമാണ്. മോഡലിനെ സംബന്ധിച്ചാണെങ്കിൽ കൂടുതല്‍ സുന്ദരിയാക്കുന്നതില്‍ ചിരി വലിയ പങ്കുവഹിക്കുന്നു. എങ്ങനെയാണ് ചിരിക്കേണ്ടതെന്നു പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് വരെ കേരളത്തിലുണ്ട്. ഓരോ പോസിനും അനുയോജ്യമായ രീതിയിൽ പുഞ്ചിരിക്കാൻ അറിഞ്ഞിരിക്കണം. ചിരിയാണ് മോഡലിന്റെ ഗ്രെയ്‌സ്, ആറ്റിറ്റ്യൂഡ് എന്നിവയൊക്കെ നിശ്ചയിക്കുന്നത്.

പൊസിഷനിൽ ശ്രദ്ധിക്കണം

മോഡലിന്റെ ശരീരഘടനയും സൗന്ദര്യവും അനുകൂലമാണെങ്കിലും പൊസിഷൻ ശരിയല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല. നട്ടെല്ല്‌ നിവര്‍ത്തി വേണം നിൽക്കാൻ. അതുപോലെ അലസമട്ടിൽ ഇരിക്കരുത്. നിവർന്ന് വയറു തോന്നാത്ത രീതിയിൽ വേണം ഇരിക്കാൻ. ഇരുന്നുകൊണ്ടുള്ള ഷൂട്ട്‌ കൂടുതല്‍ ശ്രദ്ധിച്ച്‌ ചെയ്യണം. ശാരീരികമായി പ്രഷർ തോന്നാത്ത രീതിയിൽ ചലനങ്ങൾ അയവുള്ളതായിരിക്കണം.

ഡെയിലി വർക്ക്ഔട്ട്

മോഡലിന് ദിവസം മുഴുവന്‍ ജോലി ചെയ്യേണ്ടി വരും. നല്ല ആരോഗ്യമുണ്ടെങ്കിലേ ക്ഷീണിക്കാതെ ജോലി ചെയ്യാൻ കഴിയൂ. ആഴ്‌ചയില്‍ അഞ്ചു ദിവസമെങ്കിലും ശരിയായ ഭക്ഷണക്രമവും വര്‍ക്കൗട്ടുകളും ശീലിക്കണം. കണ്ണിൽ കണ്ടത് മുഴുവൻ വാരിവലിച്ചു തിന്നുന്ന ശീലം നിർത്തണം. ഭക്ഷണകാര്യത്തിലും വ്യായാമത്തിലും പക്വതയോടെ പെരുമാറണം. രാവിലെയുള്ള ഓട്ടം, നടത്തം എന്നിവയെല്ലാം നല്ല വ്യായാമങ്ങളാണ്‌. സ്ഥിരമായി ജിമ്മില്‍ പോകുന്നതും വളരെ നല്ലതാണ്. യോഗ ചെയ്യുന്നവരാണെങ്കിൽ ദിവസവും മുടങ്ങാതെ ചിട്ടയോടെ ചെയ്യണം.

supermodel4

പാലിക്കേണ്ട ചില മര്യാദകൾ

ജോലിയുടെ ഭാഗമായി മോഡലിന് ധാരാളം യാത്രകൾ ആവശ്യമായി വരും. ഒറ്റയ്‌ക്ക് യാത്ര ചെയ്യാനും കാര്യങ്ങൾ മാനേജ് ചെയ്യാനുമുള്ള ധൈര്യം ഉണ്ടായിരിക്കണം. ആരെയും മുഷിപ്പിക്കാതെ കൃത്യസമയത്ത് ജോലി ചെയ്തുതീർക്കണം. എല്ലാ കാര്യത്തിനും വ്യക്തമായ പ്ലാനിങ് ഉണ്ടാവണം. ഒരു മോഡലിന്റെ സംബന്ധിച്ചിടത്തോളം വലിയ പാർട്ടികളിൽ പങ്കെടുക്കേണ്ടി വരും. ഇത്തരം സന്ദർഭങ്ങളിൽ മദ്യപാനം, പുകവലി, മയക്കുമരുന്നു ഉപയോഗം എന്നിവയോടൊക്കെ ’നോ’ പറയാനുള്ള തന്റേടം ഉണ്ടാക്കിയെടുക്കണം. ഒരിക്കലും സ്വന്തം അന്തസ്സ് കളയുന്ന പ്രവൃത്തികളിൽ ഉൾപ്പെടരുത്. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് കരിയറിനെ തന്നെ നെഗറ്റീവ് ആയി ബാധിക്കും.

കോണ്ടാക്റ്റുകൾ സൂക്ഷിക്കണം

മോഡലിംഗിൽ ഉറച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് നല്ല കോണ്ടാക്റ്റുകൾ ഉണ്ടാക്കിയെടുക്കുകയാണ്. ഏറ്റവും മികച്ച ഏജൻസികൾ, ഫോട്ടോഗ്രാഫർമാർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, ബിസിനസുകാർ എന്നിവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണം. പ്രത്യേകിച്ചും പ്രൊഫഷണൽ സമീപനത്തോടെ വേണം ക്ളൈന്റ്‌സുമായി ഇടപെടാൻ.

തളരാത്ത മനോവീര്യം

മോഡലിംഗ് രംഗത്ത് ധാരാളം അവസരങ്ങൾ ഉള്ളതുപോലെ നിലനിൽപ്പിനു വേണ്ടിയുള്ള മത്സരവും കൂടുതലാണ്. ഓരോരുത്തരും സ്വന്തം നേട്ടങ്ങൾക്കു വേണ്ടി പോരാടുന്നവരാണ്. ചില സമയങ്ങളിൽ കിട്ടിയ പ്രോജക്റ്റുകൾ നഷ്ടപ്പെട്ടേക്കാം. നിങ്ങളെ ഇഷ്ടമായില്ലെന്നു വരെ ക്ളൈന്റ്‌സിൽ നിന്നും പരാതി കേൾക്കേണ്ടിവരാം. ഇത്തരം സന്ദർഭങ്ങളിൽ മനോവീര്യം ചോരാതെ നോക്കണം. ചിരിച്ചുകൊണ്ട് സന്ദർഭങ്ങളെ അതിജീവിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കണം.

supermodel3

വിവരങ്ങൾക്ക് കടപ്പാട് : വനിത ഫാഷൻ ഫോട്ടോഗ്രാഫർ - ശ്രീകാന്ത് കളരിക്കൽ