Monday 08 January 2018 02:39 PM IST : By സ്വന്തം ലേഖകൻ

സുന്ദരമായാൽ മാത്രം പോര, ആഭരണങ്ങൾ വാങ്ങുമ്പോൾ അബദ്ധങ്ങൾ ഒഴിവാക്കാം

ornaments

ആഭരണങ്ങൾ വാങ്ങാൻ പോയാൽ കാഴ്ചയിൽ ചേലുള്ളതെന്തെങ്കിലും ഷോറൂമിൽ കയറുമ്പോൾ തന്നെ കണ്ണിൽ പതിയും. പിന്നെ, കണ്ണുമടച്ച് അതും വാങ്ങി വീട്ടിൽ പോരുന്ന ആളാണെങ്കിൽ കുറച്ചുകൂടി ശ്രദ്ധിച്ചേ തീരൂ. കാരണം, കുറച്ചുകാലങ്ങൾക്കു ശേഷമാകും പല പ്രശ്നങ്ങളും തിരിച്ചറിയുക.

∙ ഒന്നിലധികം ആഭരണങ്ങളാണ് വാങ്ങാൻ ഉദ്ദേശിക്കുന്നതെങ്കിൽ തീർച്ചയായും വൈവിധ്യമുള്ളത് തിരഞ്ഞെടുക്കണം. മോഡേൺ ആഭരണങ്ങൾ മാത്രമല്ല, ആഘോഷ വേളകളിലണിയാൻ ട്രഡീഷനൽ ആഭരണങ്ങളും ജോലിസ്ഥലത്തും മറ്റും അണിയാൻ സിംപിൾ ആഭരണങ്ങളും തിരഞ്ഞെടുക്കാം.

∙ സമ്പാദ്യമായാണ് സ്വർണം വാങ്ങുന്നതെങ്കിൽ ലളിതമായ ഡിസൈനുകൾ വേണം വാങ്ങാൻ. ഒരുപാട് വർക്ക് ഉള്ള ആഭരണത്തിന് പണിക്കൂലി കൂടുതലായിരിക്കും. സ്വർണത്തിന്റെ 25 ശതമാനം വരെ പണിക്കൂലി വന്നാൽ പിന്നെ വിൽക്കുമ്പോഴുണ്ടാകുന്ന നഷ്ടം എത്രയായിരിക്കും?

∙ ഓർഡർ ചെയ്ത ശേഷം, ദിവസങ്ങൾ കഴിഞ്ഞാണ് സ്വർണം വാങ്ങുന്നതെങ്കിൽ നിരക്കുകളിലെ വ്യത്യാസം ചോദിച്ച് മനസ്സിലാക്കണം. ഓർഡർ ചെയ്ത ദിവസത്തെ സ്വർണ നിരക്കും പുതിയതും തമ്മിലുള്ള അന്തരം കണക്കാക്കാതെ ഏറ്റവും ലാഭകരമായ നിരക്കിൽ നിങ്ങൾക്ക് സ്വർണം തരുന്നവരെ സമീപിക്കണം.

∙സ്വർണം വാങ്ങുമ്പോൾ വിശദമായ ബില്ല് തരാൻ കടയുടമയോട് ആവശ്യപ്പെടുക .എങ്കിൽ മാത്രമേ വാങ്ങിക്കുന്ന സ്വർണത്തിന്റെ ശരിയായ മൂല്യവും അമിതമായ ചാർജുകളും അറിയാൻ പറ്റൂ. ബില്ലിനൊപ്പം പ്യൂരിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ മറക്കരുത്.

∙ ഡയമണ്ട് വാങ്ങുമ്പോൾ കല്ലിന്റെ റാങ്ക് അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ചോദിച്ചു തന്നെ വാങ്ങണം. സർട്ടിഫിക്കറ്റ് ഇല്ലാത്ത ഡയമണ്ടിന് ഒരു വിലയുമില്ല.

∙വിലയേറിയ ഡയമണ്ട് വാങ്ങുമ്പോൾ അതിന്റെ കൂർത്ത അ റ്റം തെളിഞ്ഞു കാണുന്ന തരത്തിൽ തിരിച്ച് പിടിച്ചു നോക്കാം. മഴവിൽ നിറങ്ങളാണ് കാണാൻ പറ്റുന്നതെങ്കിൽ, ശുദ്ധമായ ഡയമണ്ടായിരിക്കും.

∙ഡയമണ്ട് മുറിക്കുന്നതില്‍ പല പ്രത്യേകതകളുമുണ്ട്. ഓവ ൽ, പിയർ കട്ടിങ്ങുകൾ കൂടുതൽ വലുപ്പമുള്ളതായും റേഡിയന്റ്, പ്രിൻസസ് കട്ടിങ്ങുകൾ ചെറുതായും അനുഭവപ്പെടും.

∙ പേൾ ആഭരണങ്ങൾ വാങ്ങുമ്പോൾ അവയിലെ തിളക്കം ശ്രദ്ധിക്കണം. പിങ്ക് നിറമാണെങ്കിൽ നല്ല മുത്തും നീലയോ പച്ചയോ ആണെങ്കിൽ നിലവാരം കുറഞ്ഞതും ആയിരിക്കും.

∙ മെലിഞ്ഞ ശരീരമാണെങ്കിൽ വലുപ്പമുള്ള ആഭരണങ്ങൾ ഒഴിവാക്കണം. ശരീരത്തിലെ ഏറ്റവും ആകർഷണീയമായ ഭാഗത്ത് ഭംഗിയുള്ള ആഭരണം അണിയുക. കൈത്തണ്ടകളാണ് സുന്ദരമെങ്കിൽ സ്റ്റേറ്റ്മെന്റ് വള അണിയാം. വിരലുകളാണ് ആ കർഷണീയമെങ്കിൽ ഭംഗിയുള്ള മോതിരങ്ങളും. നീളമുള്ള കഴുത്തിന്, കാതിൽ നീളൻ ലോലാക്കുകൾ അണിയാം. ∙

എത്ര കാരറ്റ് വേണം?

24 കാരറ്റ്, 22 കാരറ്റ്, 18 കാരറ്റ് സ്വർണാഭരണങ്ങളാണ് സാധാരണയായി കാണുന്നത്. 24 കാരറ്റ് ആണ് തികച്ചും ശുദ്ധമായ സ്വർണം എങ്കിലും 24 കാരറ്റിൽ ആഭരണം നിർമിക്കുമ്പോൾ പെട്ടെന്ന് വളഞ്ഞുപോകുന്നതിനും ഒടിഞ്ഞുപോകുന്നതിനും സാധ്യതയുണ്ട്. ബലം നൽകാൻ മറ്റു ലോഹങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും 22 കാരറ്റ് സ്വർണമാണ് ആഭരണങ്ങൾക്ക് ഏറ്റവും യോജിച്ചത്.

18 കാരറ്റ് സ്വർണാഭരണങ്ങളാണ് ഈടുനിൽക്കുന്നതിൽ മുന്നിൽ. അതുകൊണ്ട് ദിവസേന ഉപയോഗത്തിനുള്ള ആഭരണങ്ങൾ 18 കാരറ്റിൽ വാങ്ങാം. എന്നാൽ നിക്ഷേപം എന്ന രീതിയിൽ ആഭരണം വാങ്ങുമ്പോൾ 22 കാരറ്റ് തന്നെയാണ് നല്ലത്.