Tuesday 09 January 2018 03:58 PM IST : By സ്വന്തം ലേഖകൻ

കട്ട ലോക്കൽ ഷാജി പാപ്പൻ ഇന്റർനാഷണലായി! ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിലും ആട് തരംഗം

shaji_pappan

ആടും പാപ്പനും മലയാളികളുടെ മനസ് കീഴടക്കി യാത്ര തുടരുകയാണ്. പാപ്പനൊപ്പം പാപ്പന്റെ ഡബിൾ  കളർ മുണ്ടും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സരിത ജയസൂര്യ ഡിസൈൻ ചെയ്ത കറുപ്പും ചുവപ്പുമുള്ള പാപ്പൻ മുണ്ട് ക്യാന്പസുകളും ഉടുത്തുതുടങ്ങി. നാട്ടിൽ നായകനായി മാറിയ പാപ്പന്റെ പേരും പെരുമയും അങ്ങ് ഹോളിവുഡിലും എത്തിയിരിക്കുന്നു. ചില്ലറക്കാരനൊന്നുമല്ല, പ്രശസ്ത ഹോളിവുഡ് താരം ലോറൻസ് ഫിഷ്ബേൺ ആണ് പാപ്പന്റെ കട്ട ഫാനായി മാറിയിരിക്കുന്നത്.  

ഗോൾഡൻ ഗ്ലോബ് അവാർഡ് വേദിയിൽ എല്ലാവരും കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു വന്നപ്പോൾ ഫിഷ്ബേൺ എത്തിയത് പാപ്പൻ സ്റ്റൈലിൽ. റെഡ് ലൈനിങ് ഉള്ള ബ്ലാക്ക് കിമോണയായിരുന്നു വേഷം. ഒപ്പം ചുവപ്പു ഷൂസ് കൂടിയായപ്പോൾ ഫിഷ്ബേൺ അവാർഡ് നിശയിലെ ഏറ്റവും വലിയ ആകർഷണമായി. അടുത്തു കൂടിയ എല്ലാവർക്കും അറിയേണ്ടതും ഈ പുതിയ ഡിസൈനെക്കുറിച്ചായിരുന്നു.

എന്തായാലും പാപ്പൻ ഫാൻസായ മലയാളികൾക്ക് ആഘോഷിക്കാൻ ഒരു സംഭവം കിട്ടിയിരിക്കുകയാണ്. സോഷ്യൽ മീഡിയ ഫിഷ്ബേണിനെ ഏറ്റെടുത്തുകഴിഞ്ഞു. പാപ്പൻ ആള് കട്ട ലോക്കൽ ആണെങ്കിലും ആളിപ്പൊ ഇന്റർനാഷണൽ ആണെന്നാണ് ആരാധകരുടെ വാദം. തുടർച്ചയായ ഹിറ്റുകളിലൂടെ മലയാളത്തിലെ മാസ് ആക്ടർ പദവി ജയസൂര്യ സ്വന്തമാക്കിക്കഴിഞ്ഞു.