Saturday 06 January 2018 05:00 PM IST : By സ്വന്തം ലേഖകൻ

കേരളാ സാരിയിൽ സ്റ്റൈലിഷ് ആകാം!

fashion_kerala1

മലയാളികൾക്ക് ഏറ്റവും ഇണങ്ങുന്ന നിറമേതെന്നോ..നമ്മുടെ സ്വന്തം കേരള കസവുസാരിയുടെ നിറം, ഐവറി. ഏതു സ്കിൻ ടോണുള്ളവർക്കും ഐവറി നന്നായി ഇണങ്ങും. ബഹുഭൂരിപക്ഷം മലയാളികളുടെയും നിറമായ തേന്‍ നിറത്തിനു പ്രത്യേകിച്ചും. ഐവറി നിറത്തിൽ ഓണവെയിൽ പോലെ തിളങ്ങാൻ ഇതാ ചില ടിപ്സ്.

∙ ശരീരാകൃതി മനസ്സിലാക്കി സാരിയുടുത്താൽ ആർക്കും കേരളാസാരിയിൽ സുന്ദരിയാകാം. മെലിഞ്ഞ ശരീര പ്രകൃതമുള്ളവർ സാരി പശ മുക്കി നന്നായി സ്റ്റിഫ് ആക്കിക്കോളൂ. ഉടുത്താൽ വടിവൊത്തു തന്നെയിരിക്കണം. ഐവറി നിറത്തിലുള്ള ജ്യൂട്ട് സിൽക്, ടസ്സർ, സ്റ്റിഫ് കോട്ടൺ, ഓർഗൻഡി മെറ്റീരിയലുകളും പരീക്ഷിക്കാം.

∙ തടിച്ച ശരീരമുള്ളവർ കനം കുറഞ്ഞ സാരികൾ തിരഞ്ഞെടുക്കുന്നതാണ് വണ്ണം കുറച്ചുകാണിക്കാൻ നല്ലത്. വീതിയിൽ കസവു ബോർഡറുള്ള സാരി വേണ്ടേ വേണ്ട. പല്ലുവിന് വീതി കുറഞ്ഞ പ്ലീറ്റ്സ് എടുക്കുന്നതാണു ശരീരത്തിന് ഒതുക്കം തോന്നിക്കാൻ നല്ലത്.

∙ മെലിഞ്ഞ് നല്ല ഉയരമുള്ളവർക്ക് വീതിയുള്ള കസവ് ഇണങ്ങും. ബോർഡറിനോടു ചേർന്നു വലിയ പ്രിന്റുകളുമുള്ള സാരിയിൽ നിങ്ങൾ വളരെ സുന്ദരിയായിരിക്കും.

∙ ആകാരവടിവറിഞ്ഞു വേണം ബ്ലൗസ് തീരുമാനിക്കാൻ. തോൾഭാഗത്തിനു വീതി കൂടുതലുള്ളവർ പ്രിന്റഡ് ബ്ലൗസുകൾ തിരഞ്ഞെടുക്കാത്തതാണ് നല്ലത്. ഇത്തരക്കാർക്കു കടുംനിറങ്ങളിലുള്ള പ്ലെയ്ൻ ബ്ലൗസ് മതി. മിറർ വർക്കും പേൾ വർക്കുമൊക്കെ ട്രെന‍്‍ഡാണെങ്കിലും സ്ലീവിൽ മുഴുവൻ വയ്ക്കുന്നത് കൈവണ്ണം കൂടുതലുള്ളവർക്ക് ഇണങ്ങില്ല.

∙ തടിച്ചവർക്ക് വി നെക്ക്, ഹാർട്ട് നെക്ക് സ്റ്റൈലിൽ നെക്ക് പാറ്റേൺ ചെയ്യുന്നത് ഭംഗിയായിരിക്കും. അൽപം അലങ്കാരമായിക്കോട്ടെ എന്നു കരുതി കഴുത്തിൽ എംബ്രോയ്ഡറിയോ തുന്നൽപ്പണികളോ ചെയ്യുന്നത് വണ്ണം എടുത്തുകാണിക്കാനേ ഉപകരിക്കൂ. നീണ്ട കഴുത്തുള്ളവർക്ക് ഹൈ നെക്ക്, സെമി ഹൈ നെക്ക് ബ്ലൗസ് ഇണങ്ങും. ഇറങ്ങിയ കഴുത്തു വേണ്ട.

∙ ബ്ലൗസിന്റെ സ്ലീവിന് കൈമുട്ടിനു താഴെ വരെ ഇറക്കം വയ്ക്കുന്നത് മെലിഞ്ഞവർക്കും തടിച്ചവർക്കും ഒരുപോലിണങ്ങും. കൈവണ്ണം തോന്നിക്കാതിരിക്കാൻ സ്ലീവിൽ ലൈനിങ് വയ്ക്കാതിരിക്കാം. ബ്ലൗസിന്റെ അതേ നിറമുള്ള നെറ്റ്, ലൈക്ര പോലുള്ളവ സ്ലീവിൽ മാത്രം ഉപയോഗിച്ചാൽ സ്ലിം ആൻഡ് ട്രെൻ‍ഡി ലുക്ക് സ്വന്തമാക്കാം. കൈമുട്ടിനും തൊട്ടു മുകളിൽ വരെ നിൽക്കുന്ന സ്ലീവുകൾ മെലിഞ്ഞവർക്കാണു ഭംഗി.

saree_kerala2

∙ സാരി ഭംഗിയായി ടക്ക് ഇൻ ചെയ്യണം. വയറിന്റെ ഭാഗത്തു കട്ടിയായി സാരി ടക്ക് ഇൻ ചെയ്തുവച്ചാൽ വയറു കൂടുതൽ തോന്നിക്കും. പ്ലീറ്റുകൾ ഉള്ളിലേക്കു ഭംഗിയായി ഒതുക്കി വയ്ക്കണം.

∙ ഓണത്തിനു ടീനേജിന് സ്റ്റൈലാകാൻ കാൽപാദം വരെ ഇറക്കമുള്ള ബോഹോ സ്കർട് പരീക്ഷിക്കാം. കേരളാസാരിയുടെ മെറ്റീരിയൽ ഉപയോഗിച്ച് ബോഹോ സ്കർട് തുന്നി ബ്രോഡ് ബോർഡർ വയ്ക്കണം. ബോർഡറിൽ കസവുകരയ്ക്കൊപ്പം ബ്രൊക്കേഡ്, കലംകാരി, ഇക്കത്ത് പ്രിന്റുകളും പരീക്ഷിക്കാം. ഇതേ മെറ്റീരിയലിൽ ബ്ലൗസ് തുന്നണമെന്നു മാത്രം.

∙ ഫുൾലെങ്ത് സ്കർട്ടിനൊപ്പം ക്രോപ് ടോപ് അണിഞ്ഞാൽ ഓണത്തിനും ഫാഷനബിൾ ആകാം. മെലിഞ്ഞവർക്ക് സ്ലീവ്‌ലെസ് ക്രോപ് ടോപ് പരീക്ഷിക്കാം.