Saturday 06 January 2018 03:02 PM IST : By ശ്യാമ

കണ്ണിൽ കത്തിയാളുന്ന ഒറ്റക്കൽ മൂക്കുത്തി!

n4

‘‘നീ നിന്റെ കണ്ണ്, ചിരി.... എന്നെ കൊല്ലുന്നത് ഇതൊന്നുമല്ല. നിന്റയാ മൂക്കുത്തി!!!’ ഫെയ്സ് ബുക്ക് മെസഞ്ചറിൽ നിറയെ ഹൃദയ ചിഹ്നങ്ങൾ പറന്നു പൊങ്ങി. ഹിതേഷിന്റെ മെസേജിനു മറുപടി കൊടുക്കാതെ ഹിമ ലാപ്ടോപ്പ് അടച്ചു. ടേബിൾ ലാംപിന്റെ വെട്ടത്തിലേക്ക് മുഖം താഴ്ത്തി, അരികിലിരുന്ന വാൽക്കണ്ണാടിയിൽ നോക്കി. തിളക്കം. കണ്ണിൽ കത്തിയാളുന്ന പ്രണയനിറത്തിൽ ജ്വലിക്കുന്ന ഒറ്റക്കൽ മൂക്കുത്തി.

നക്ഷത്രത്തിളക്കമുളള മൂക്ക്

‘നവചമ്പക പുഷ്പാഭാ നാസാദണ്ഡ വിരാജിത താരാകാന്തി തിരസ്കാരി നാസാഭരണ ഭാസുരാ’

കാലത്തെഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി കണ്ണടച്ച് പ്രാർഥിക്കുമ്പോൾ അടഞ്ഞു കിടക്കുന്ന കോവിലിനുളളിൽ നിന്ന് ലളിതാ സഹസ്രനാമം. പുതിയ ചെമ്പക പുഷ്പത്തിനൊക്കുന്ന മൂക്കുളളവളും നക്ഷത്രത്തിളക്കമൊത്ത മൂക്കുത്തിയണിഞ്ഞ് പ്രകാശം ചൊരിയുന്നവളുമായ ദേവിയെ സ്തുതിക്കുകയാണു പൂജാരി. ദേവിയുടെ തിളങ്ങുന്ന മൂക്കുത്തിയെക്കുറിച്ചു കേട്ടപ്പോൾ സ്വന്തം മൂക്കുത്തിയിൽ ഒന്നു തൊട്ട് ഹിമ ചിരിച്ചു.

അമ്പലത്തിനു മുന്നിലെ ആൽത്തറയിലിരുന്ന് ഹിമ ലളിതസഹസ്രനാമത്തിന്റെ വരികൾ മനസ്സിൽ വെറുതേ ഉരുവിട്ടു. ആൽത്തറയിലെ സന്യാസി മുന്നിലിരിക്കുന്ന കുട്ടികളോട് പുരാണ കഥ പറയുന്നുണ്ട്. ‘‘കന്യകയായ ദുർഗാ ദേവിയാണ് കന്യാകുമാരിയിൽ. അതുകൊണ്ടാണ് കന്യാകുമാരി ദേവി എന്നു പേരു വന്നത്. കന്യാകുമാരിയമ്മയുടെ മൂക്കുത്തിയുടെ കഥ കേട്ടിട്ടില്ലേ?’’

മൂക്കുത്തിയെന്നു കേട്ടതും ഹിമയുടെ ശ്രദ്ധ സന്യാസിയുടെ വാക്കുകളിലായി. ‘‘പരശുരാമൻ പ്രതിഷ്ഠിച്ചെന്നു പറയപ്പെടുന്ന കന്യാകുമാരി ദേവി വിഗ്രഹത്തിൽ മാണിക്യത്തിൽ തീർത്തൊരു മൂക്കുത്തിയുണ്ട്. മൂക്കുത്തിയുടെ തിളക്കം കണ്ട് ദീപസ്തംഭത്തിൽ നിന്നുളള പ്രകാശമാണെന്നു തെറ്റിദ്ധരിച്ച് പണ്ട് കപ്പലുകൾ അടുപ്പിക്കാൻ ശ്രമിക്കുമായിരുന്നത്രെ. പക്ഷേ, അവയിൽ പലതും കരയോടു ചേർന്നുളള പാറകളിലിടിച്ചു തകർന്നു. അങ്ങനെയാണ് കോവിലിന്റെ കിഴക്കേ കവാടം അടച്ചിടാൻ തീരുമാനിച്ചത്. ഇപ്പോൾ വിശേഷദിവസങ്ങളിൽ പ്രത്യേക സ്നാനത്തിനു വേണ്ടി മാത്രമാണ് കിഴക്കേ കവാടം തുറക്കുക.’’

കഥ കേട്ട് ദേവിയുടെ മൂക്കുത്തിയെക്കുറിച്ചു വിസ്മയപ്പെട്ട് കുട്ടികൾ പോയി. ഇലകളിലൂടെ ഊർന്നിറങ്ങിയ സൂര്യപ്രകാശം മൂക്കുത്തിയിൽ തട്ടി തിളങ്ങാൻ തുടങ്ങിയതും സന്യാസി തിരിഞ്ഞ് ഹിമയെ നോക്കിപ്പറഞ്ഞു. ‘‘നിനക്കുമുണ്ടല്ലോ മൂക്കുത്തി. ഇതിന്റെ പേരിൽ പണ്ട് സമരം വരെ നടന്നിട്ടുണ്ട് അറിയ്യോ....?’’

ഇല്ലെന്ന ഭാവത്തിൽ തലയാട്ടിയതോടെ സന്യാസി ആ സമരകഥ പറഞ്ഞു. ‘വർഷങ്ങൾക്കു മുൻപ് പന്തളത്താണ് സംഭവം. ജാതിപ്പോര് നടക്കുന്ന സമയം.... ഈഴവ സ്ത്രീകൾക്ക് മൂക്കുത്തി ഇടാൻ വിലക്കുണ്ടായിരുന്നു അന്ന്. വിലക്ക് വകവയ്ക്കാതെ ഒരു ഈഴവ യുവതി പന്തളം ചന്തയിൽ മൂക്കുത്തിയിട്ടു നടന്നു. ഇത് കണ്ട് ഇരിക്കപ്പൊറുതി കെട്ട ഉയർന്ന സമുദായക്കാരായ ചിലർ അവരുടെ മൂക്കുത്തി വലിച്ചു പറിച്ച് ദൂരെയെറിഞ്ഞു. അവരെ ഉപദ്രവിക്കുകയും ചെയ്തു.

ഇതു കേട്ടറിഞ്ഞ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ധനികനായ ഈഴവ പ്രമുഖൻ പന്തളം ചന്തയിലെ സകല ഈഴവ സ്ത്രീകൾക്കും സ്വർണമൂക്കുത്തിയുണ്ടാക്കി കൊടുത്തു. അതിട്ടു നടക്കാനും പറഞ്ഞു. ധനികനും കരുത്തനുമായ പണിക്കരെ എതിർക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല. ആരും ഒരക്ഷരം പറഞ്ഞതുമില്ല.... ഇതാണ് 1860 മൂക്കുത്തി സമരം.

n1



മൂക്കുത്തി രൂപാന്തരം

അമ്പലത്തിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ഒറ്റക്കൽ മൂക്കുത്തിയണിഞ്ഞ കന്യാകുമാരീദേവിയുടെ രൂപമായിരുന്നു മനം നിറയെ. നിത്യകന്യയായി ഇന്നും നിൽക്കുന്ന ദേവി. വീട്ടിൽ വന്നു പത്രത്താളു മറിക്കുമ്പോൾ അതാ, പാർവതി മൂക്കുത്തിയണിഞ്ഞു മുന്നിൽ. ‘ചാർലി’ എന്ന സിനിമയിൽ ടെസയായി രൂപാന്തരം പ്രാപിച്ച പാർവതി. ആ അപൂർവ മൂക്കുത്തിയുടെ വിശേഷങ്ങൾ പറഞ്ഞു തരുന്നു ചാർലിയുടെ കോസ്റ്റ്യൂം ഡിസൈനർ സമീറ സനീഷ്.

‘‘ടെസ്സയുടെ ലുക് രൂപപ്പെടുത്തുന്നതിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് ഒരു മൂക്കുത്തി മനസ്സിൽ കയറി വന്നത്. അത്തരമൊരു മൂക്കുത്തിക്കായി കുറേ അലഞ്ഞു കിട്ടിയില്ല. ഒടുവിൽ വലിയൊരു കമ്മൽ മുക്കുത്തിപോലെ വളച്ചെടുത്താണ് നായികയ്ക്കു കൊടുത്തത്. അതു ടെസ എന്ന കഥാപാത്രത്തിന്റെ സ്റ്റേറ്റ്മെന്റായി മാറി.അതുപോലെ ഒരു പരീക്ഷണം കൂടി വരുന്നുണ്ട്. മമ്മൂട്ടിയുടെ ‘കസബ’ എന്ന സിനിമയിലെ നായിക വരലക്ഷ്മി ശരത്കുമാറിനു വേണ്ടി ചെയ്ത മൂക്കുത്തി’’

പത്രം മടക്കിവച്ച് ഹിമ ഫേയ്സ് ബുക്ക് തുറന്നു. തന്റെ മൂക്കുത്തി ശ്രദ്ധിച്ച് റിതേഷ് അയച്ച മെസേജുകൾ വീണ്ടും വീണ്ടും വായിച്ചു. മറുപടി അയച്ചില്ല, വെറുതേ വായിച്ചു. അവന് ഇഷ്ട പ്പെടാൻ വേണ്ടിയാണോ മൂക്കു കുത്താൻ തോന്നിയത് എന്നോർത്ത് മൂക്കുത്തി തൊട്ടു നോക്കി, എന്നിട്ടു സ്വയം ചോദിച്ചു, ‘ചിലരുടെ കടന്നുവരവിനായി അറിയാതെ തന്നെ നാം ഒരുങ്ങാറില്ലേ?’

അടുത്ത മൗസ്ക്ലിക്കിൽ, നടിയും മോഡൽ കനികുസൃതിയുടെ ഫെയ്സ് ബുക്ക് പേജു തുറന്നു വന്നു. വലിയ പൊട്ടും വലിയ മാലയും കുഞ്ഞി മൂക്കുത്തിയും അണിഞ്ഞ കനി.

‘‘അച്ഛനും അമ്മയും എന്റെ കാത് പോലും കുത്തിയിരുന്നില്ല. എനിക്ക് അറിവു വരണ പ്രായത്തിൽ ഇഷ്ടമുണ്ടെങ്കിൽ മാത്രം ഇതൊക്കെ ചെയ്താൽ മതി എന്നായിരുന്നു അവരുടെ അഭി പ്രായം.’’ കനി പറയുന്നു. ‘‘ഇരുപതു വയസ്സുളളപ്പോഴാണ് മൂക്കു കുത്തിയത്. തമിഴ്നാട്ടിലെ സ്ത്രീകളെ കണ്ട് ഭ്രമം തോന്നിയിട്ടായിരുന്നു അത്.’’

സ്വർണപ്പണിക്കാരോടു ഇഷ്ടമുളള ഡിസൈനുകൾ പറഞ്ഞു കൊടുത്ത് പണിയിപ്പിച്ച മൂക്കുത്തികളാണ് എനിക്കുളളത്. അക്കൂട്ടത്തിൽ ഏറ്റവും ഇഷ്ടം ഒരു കല്ലും അതിൽ തൊങ്ങലുകളും പിടിപ്പിച്ച മൂക്കുത്തിയാണ്. പിന്നീട് നോർത്ത് ഇന്ത്യയിൽ യാത്ര ചെയ്യാൻ തുടങ്ങിയപ്പോൾ വെളളി മൂക്കുത്തികൾ ഇഷ്ടപ്പെടാൻ തുടങ്ങി. ഫ്രാൻസിൽ പഠിക്കാൻ പോയ സമയത്ത് സ്റ്റേജ് പെർഫോമൻസുകൾ ചെയ്തിരുന്നു. ഒരിക്കൽ സ്റ്റേജിൽ നിന്നിറങ്ങി മൂക്കുത്തിയിടാൻ നോക്കുമ്പോൾ ദ്വാരമടഞ്ഞു പോയിരുന്നു. എനിക്കാകെ സങ്കടമായി, നാട്ടിൽ വന്നയുടൻ അതേ സ്ഥാനത്ത് വീണ്ടും മൂക്കു കുത്തിച്ചപ്പോഴാ സമാധാനമായത്.’’

സിനിമയിൽ കണ്ടതു പോലെ കുറേ മൂക്കുത്തികൾ ഉണ്ടാക്കി പാർവതിക്കെത്തിച്ച ‘കർമസൂത്ര’യുടെ ഫെയ്സ് ബുക് പേജ് ആരോ ഷെയർ ചെയ്തിരിക്കുന്നു. ദിവ്യ തോമസിന്റെ അപാരമായ മൂക്കുത്തി കളക്ഷനുകൾ. പാരമ്പര്യത്തിന്റെ വശ്യമായ സൗന്ദര്യം എല്ലാത്തിനും. താമരയും മുല്ലമൊട്ടും തളികയും സൂര്യനും ത്രിശൂലവും മൂക്കുത്തിയായി പരിണമിച്ചിരിക്കുന്നു. ‘റാബിറ്റ് ഔട്ട് ഓഫ് ദി ഹാറ്റ്’ എന്ന പേരിൽ‌ മൂക്കുത്തികൾക്കായി മറ്റൊരു പേജ്. വെളളി നിറവും ഇനാമലും ചേർന്ന് അദ്ഭുതമായി ഒരുപാട് ഡിസൈനുകൾ. കൊതിപ്പിക്കുന്ന ചിലത് കൈയ്യെത്തും ദൂരെ കാണുമ്പോൾ തെളിയുന്ന മഴവില്ല് ഹിമയുടെ കണ്ണിൽ.

മൂക്കുത്തിയെക്കുറിച്ചു പറയുമ്പോൾ ഉഷാ ഉതുപ്പിനെ എങ്ങനെ മറക്കും? ‘‘ ഞാൻ മൂക്കു കുത്തിയിട്ട് 35 വർഷത്തിനു മുകളിലായി. മകൾ അഞ്ജലി ഉണ്ടായ ശേഷമാണ് മൂക്കു കുത്തിയത്.’’മൂക്കുത്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങുമ്പോൾ പോപ് നമ്പർ പാടുന്ന ചുറുചുറുക്ക് ദീദിക്ക്. ‘‘പെണ്ണിനെ കൂടുതൽ പെണ്ണാക്കുന്ന ആഭരണമാണ് മൂക്കുത്തി. വലിയ ശരീരമൊക്കെയാണെങ്കിലും പട്ടുപുടവയും വളയും കമ്മലും മൂക്കുത്തിയും എനിക്ക് ഇഷ്ടമാണ്. എന്റെ കുടുംബത്തിൽ ഞാനൊരാൾ മാത്രമേ മൂക്കു കുത്തിയിട്ടുളളൂ. തമിഴ്നാട്ടിൽ വളരെ പ്രശസ്തമായ, എട്ടു കല്ലുളള ത്രികോണാകൃതിയിലുളള ‘ബേസരി’ മൂക്കുത്തിയാണ് എനിക്കുളളത്. ഇതു കൂടാതെ ഒറ്റക്കല്ലുളള ഡയമണ്ട് മൂക്കുത്തിയുമുണ്ട്. മകൾ അഞ്ജലി ക്കും മൂക്കുത്തിയുണ്ട്. ഞാൻ കുത്തിച്ചതാണ്, അവൾക്കും വലിയ ഇഷ്ടമാണത്.’’

n6



കുത്താത്ത മൂക്കുത്തി

മൂക്കുത്തിയിലൊന്ന് തൊട്ടാൽ മതി, തീരാത്ത കഥകളുടെ കെട്ടഴി‍ഞ്ഞു വീഴും. പാട്ടു ടീച്ചറുടെ അഞ്ചിതൾ മൂക്കുത്തി, മുറുക്കു വിൽക്കാൻ വരുന്ന പാട്ടി മൂക്കിന്റെ ഇരുവശങ്ങളിലും അണിയുന്ന ചുവപ്പ് കല്ല് വച്ച മൂക്കുത്തി, സിനിമയിലെ നായിക നൃത്തം ചെയ്യുമ്പോൾ മനസ്സിലുടക്കിയ അലുക്കുളള മൂക്കുത്തി....

മൂക്കുത്തിയിടാൻ ആദ്യമായി മോഹിച്ച കോളജ് കാലം ഇപ്പോഴും ഓർമയുണ്ട്. സ്വരുക്കൂട്ടി വച്ചിരുന്ന പോക്കറ്റുമണി മൂക്കുത്തിയായി പരിണമിച്ചു. ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പോയി വേദനയില്ലാതെ മൂക്കു കുത്തുകയായിരുന്നു. വേദനയുണ്ടാവില്ല, എന്നു പറഞ്ഞിട്ടും വേദനയെടുത്തു. വൈകുന്നേരം ആയപ്പോഴേക്കും വേദന കൂടി, മൂക്ക് വീർത്തു. ‘അതങ്ങട് അടഞ്ഞ് പോട്ടേ, മൂക്കല്ലേ പെണ്ണേ മൂക്കുത്തിയേക്കാൾ വലുതെന്ന്’ അമ്മയുടെ വഴക്ക്. ഉപ്പുനീരും വെളിച്ചെണ്ണയും ചാലിച്ചതിൽ തുളസിത്തണ്ട് മുക്കി അത് മൂക്കിലിടാൻ പറഞ്ഞത് അമ്മമ്മയാണ്. വേദന കുറഞ്ഞു, മുറിവ് ഉണങ്ങി. അതു കഴിഞ്ഞ് പുതിയ മൂക്കുത്തിയുമിട്ടു. അടുത്ത പിറന്നാളുണ്ണാൻ അമ്മമ്മയുണ്ടായില്ല. ഇപ്പോഴും മൂക്കുത്തിയിൽ തൊടുമ്പോൾ, അമ്മ നനച്ചു വളർത്തിയ തുളസിയുടെ മണം നിറയും മുറിയിൽ.

മൂക്കുത്തിയിടാനിപ്പോ മൂക്ക് കുത്തണമെന്നു പോലുമില്ല. പ്രസ് ചെയ്തു വയ്ക്കാവുന്ന പലതരം മൂക്കുത്തികളിട്ടാണ് കൂട്ടുകാരും കസിൻസും വിലസുന്നത്. ഉടുപ്പിനനുസരിച്ച് ട്രഡീഷനലും മോഡേണും വെസ്റ്റേണും ഈസ്റ്റേണും ഒക്കെ മൂക്കത്തിയായി മാറി മാറി കാണാം. റിങ് ടൈപ്പ് മാത്രമിടുന്നവരും ഒട്ടും കുറവല്ല. മൂക്കിന്റെ നല്ലൊരു പങ്കും മറയ്ക്കുന്ന മൂക്കുത്തി കളക്ഷനുകൾ കൂട്ടുകാരികളുടെ ബ്യൂട്ടി കിറ്റിലുണ്ട്. മൂക്കിന്റെ നടുക്കിടുന്ന സെപ്റ്റം റിങ്ങാണ് ചിലർക്കിഷ്ടം.

പത്തൊമ്പതാം നൂറ്റാണ്ടിൽ സൗത്ത് ഇന്ത്യയിൽ വന്ന അബ്ബേ ഡ്യുബോയിസ് എന്ന മിഷനറി പറ‍ഞ്ഞു വച്ച കൗതുകമാണ് അന്നേരം ഹിമ ഓർത്തത്. അന്നത്തെ പെണ്ണുങ്ങൾക്കും സെപ്റ്റം ഉണ്ടായിരുന്നത്രെ. പക്ഷേ, വലുപ്പവും നീളവും കാരണം ഒരു കൈകൊണ്ട് മൂക്കുത്തി ഉയർ‌ത്തി പിടിച്ചിട്ടാണ് അവർ ഭക്ഷണം കഴിച്ചിരുന്നത്. അന്നത്തെ പകലുറക്കത്തിലും ഹിമ ഒരു സുവർണ മൂക്കുത്തി സ്വപ്നം കണ്ടു.

കല്യാണ മണ്ഡപത്തിലേക്ക് കയറി റിതേഷിന്റെ അരികിൽ ഇരുന്നതും ഹിമയുടെ ചെവിയിൽ അവൻ ചോദിച്ചു. ‘‘ഈ മൂക്കുത്തിയും നിന്റെ പ്ലാനല്ലേ....?’’

മൂക്കിൽ വട്ടം ചുറ്റിക്കിടക്കുന്ന റിങ്, അതിന്റെ നടുക്കായി തിളങ്ങുന്ന കല്ല്. കല്ലിൽ നിന്ന് ചെവിയുടെ വശത്തേക്ക് നീളുന്ന മുത്തു പതിപ്പിച്ച ചെയ്ൻ. നതാനി എന്ന് വടക്കേ ഇന്ത്യക്കാർ പറയുന്ന നാസാഭരണം. കടകളായ കടകളൊക്കെ തേടിപ്പിടിച്ച് നടന്ന് ഹിമ സ്വന്തമാക്കിയതാണത്....‘‘മൂക്കുത്തി ഇഷ്ടപ്പെടുന്ന ചെറുക്കന്റെ സ്വന്തമാകുമ്പോൾ ഒട്ടും കുറക്കേണ്ട എന്നോർത്തു.’’ സിന്ദൂരച്ചുവപ്പിൽ കുറച്ച് പറന്നുവീണ മൂക്കുത്തിക്ക് കുസൃതിച്ചിരി.

n3



മൂക്കുത്തി വിശേഷം

∙കന്യാകുമാരി മുതൽ കശ്മീർവരെയുളള പരമ്പരാഗത വിവാഹ ആഭരണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് മൂക്കുത്തി.

∙ആറായിരം വർഷം പഴക്കമുളള വേദലിഖിതങ്ങളിൽ വരെ മൂക്കുത്തിയെക്കുറിച്ചു പരാമർശമുണ്ട്.

∙ഇടതു മൂക്കുകുത്തുന്നത് പ്രസവവേദനയും ആർത്തവത്തോടനുബന്ധിച്ച വേദനകളും കുറയ്ക്കുമെന്നും കരുതപ്പെടുന്നു.

∙മാതാപിതാക്കൾ, അമ്മാവൻ, ഭർത്താവ് എന്നിവരിൽ നിന്ന് മാത്രമേ മുക്കൂത്തി സ്വീകരിക്കാവൂ എന്ന് പൗരാണിക കാലഘട്ടത്തിൽ നിർബന്ധമുണ്ടായിരുന്നു. അന്യരിൽ നിന്ന് മൂക്കുത്തി സ്വീകരിക്കുന്നത് അക്കാലത്ത് ഗുരുതരമായ തെറ്റായിരുന്നു.

മൂക്ക് ശ്രദ്ധിക്കണം

മൂക്കുത്തിയിട്ടിരിക്കുന്നതൊക്കെ കാണാൻ രസം തന്നെ എന്നാൽ നല്ലവണ്ണം ശ്രദ്ധ വേണ്ട കാര്യമാണ് മൂക്കു കുത്തുക എന്നത്. മൂക്കുകുത്തും മുൻപും അതു കഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുമുണ്ട്.

∙മൂക്കു കുത്തി പരിചയമുളള തട്ടാന്റെയടുത്തു കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കാതെ കുത്താൻ അവർക്കറിയാം. ചില ഡോക്ടർമാരും മൂക്കുകുത്തി കൊടുക്കുന്നുണ്ട്. ബ്യൂട്ടിപാർലറുകളിൽ പോയി ഷൂട്ട് ചെയ്യിക്കുന്നതിനു മുൻപ് ഇക്കാര്യത്തിലുളള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാൽ മതി.

∙മൂക്കു കുത്തിക്കഴിഞ്ഞ് സ്വർണം തന്നെ ഇടാൻ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങൾ 70 ശതമാനം ആളുകൾ അലർജിയോ ഇൻഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകൾ തോന്നിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.

∙മൂക്കു കുത്തിക്കഴിഞ്ഞാൽ കുത്തിയ ഭാഗം ഇടയ്ക്കിടയ്ക്ക് തൊട്ടു നോക്കുന്നത് ഒഴിവാക്കണം. തൊടുന്നതനുസരിച്ച് മുറിവുണങ്ങാൻ വൈകും.

∙മുറിവ് പൂർണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാൽ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും.

n2

∙മൂക്കു കുത്തിയിട്ട് തല തുവർത്തുമ്പോഴും മുടി ചീകുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. മുടിയും കൈയും തട്ടി മൂക്കുത്തി വലിഞ്ഞ് വേദനയുണ്ടാകും. ചിലപ്പോൾ ചോര പൊടിഞ്ഞെന്നും വരാം.

∙മൂക്കുകുത്തി ഒരു വിധം ഉണങ്ങുന്നതു വരെ മലർന്നു കിടന്ന് ഉറങ്ങുന്നതാണ് നല്ലത്. തലയിണയിലും ഷീറ്റിലും തട്ടി മൂക്കുത്തി വലിയാതിരിക്കും.

∙മുഖം തുടയ്ക്കുമ്പോഴും തലവഴി ഉടുപ്പിടുമ്പോഴും മറ്റും മൂക്കുത്തി എവിടെയും ഉടക്കാതിരിക്കാൻ ശ്രമിക്കുക.

∙ഒരു തര‌ത്തിലുളള സ്പിരിറ്റ് ഉപയോഗിച്ചും മൂക്കും പരിസരവും തുടയ്ക്കരുത്. അതു കൂടുതൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയേ ചെയ്യൂ.

∙സാധാരണ മൂന്നാഴ്ചയ്ക്കുളളിൽ മൂക്കു കുത്തിയത് ഉണങ്ങും. അതിനു ശേഷവും രക്തംവരൽ, നീര്, വീക്കം, ചൊറിച്ചിൽ, പഴുപ്പ് എന്നിവയുണ്ടെങ്കിൽ ഡോക്ടറെ കാണുക.