Tuesday 16 January 2018 05:16 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിലെ അമിതവിയർപ്പും ദുർഗന്ധവും; വീട്ടിൽ ചെയ്യാവുന്ന മൂന്ന് ഒറ്റമൂലികൾ

sweat

വേനൽക്കാലമായതോടെ പലര്‍ക്കും വിയർപ്പും ശരീരദുർഗന്ധവും തലവേദനയായി മാറിയിരിക്കുകയാണ്. എല്ലാവർക്കും വിയർപ്പുണ്ട്. പക്ഷെ വിയർപ്പിന്റെ ദുർഗന്ധമില്ല. വിയർപ്പ് മൈക്രോസ്കോപ്പിക് ബാക്ടീരിയയുമായി ചേർന്ന് ദുർഗന്ധമുണ്ടാക്കുന്നു. ചിലരിൽ ഈ ബാക്ടീരിയ അധികമായി കാണപ്പെടുന്നു എന്നു മാത്രം. ഇതാ അമിത വിയർപ്പിൽ നിന്നും ശരീര ദുർഗന്ധത്തിൽ നിന്നും രക്ഷ നേടാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്ന് ഒറ്റമൂലികൾ. നിങ്ങളുടെ അടുക്കളയിൽ ലഭ്യമായ ചില കാര്യങ്ങൾ കൊണ്ട് തന്നെ വിയർപ്പും ദുർഗന്ധവും മാറ്റാം. ഈ മൂന്നു മാർഗങ്ങൾ ചെയ്താൽ പത്ത് മിനിട്ടിനകം വിയർപ്പു ഗന്ധത്തിന് പരിഹാരമുണ്ടാക്കാം.

നാരങ്ങ

lemon-copy

നാരങ്ങയിൽ സ്ട്രിക് ആസിഡ് ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ശരീരത്തിലെ പിഎച്ച് ലെവൽ താഴാൻ സഹായിക്കുകയും ഇത് ദുർഗന്ധമുണ്ടാകാൻ കാരണമുണ്ടാകുന്ന ബാക്ടീരിയയെ ഇല്ലായ്മ ചെയ്യുകയും ചെയ്യും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ഒരു നാരങ്ങാ രണ്ടായി മുറിച്ച് വിയർപ്പുഗന്ധമുള്ളിടത്തും കൂടുതലായി വിയർക്കുന്നിടത്തും ഉരസണം. ഇത് പത്ത് പതിനഞ്ച് മിനിട്ട് ഉണങ്ങാൻ വച്ച ശേഷം കഴുകി കളയാം. സ്ഥിരമായി ഇത് ചെയ്താൽ വിയർപ്പിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ ഒരു മാർഗം തന്നെയാണിത്.

തക്കാളി

sweat_tomato

ശരീര ദുർഗന്ധത്തിൽ നിന്ന് രക്ഷ നേടാൻ ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് തക്കാളിയുടെ ഉപയോഗം. ആന്റിസെപ്റ്റിക് പ്രോപ്പർട്ടീസ് അടങ്ങിയ തക്കാളി ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയയെ നശിപ്പിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, നാലോ അഞ്ചോ തക്കാളിയുടെ നീര് പിഴിഞ്ഞെടുക്കുക, ഇത് ഒരു ബക്കറ്റ് വെള്ളത്തിൽ ചേർക്കുക. ഈ വെള്ളത്തിൽ വിയർത്തിരിക്കുമ്പോൾ ശരീരം കഴുകാം. കുളിക്കാനുള്ള വെള്ളത്തിലും തക്കാളി നീര് ചേർക്കുന്നത് വിയർപ്പ് മാറ്റാൻ നല്ലതാണ്. തക്കാളി ജ്യൂസ് കുടിക്കുന്നത് സ്ഥിരമാക്കുകയും ഇതിന് പ്രതിവിധിയാണ്. കരൾ, കിഡ്നി രോഗങ്ങൾ ഇല്ല എന്നുറപ്പു വരുത്തണമെന്നുമാത്രം.

ബേക്കിങ് സോഡ

baking_soda

വീട്ടിലെ ബേക്കിങ് സോഡ വിയർപ്പുഗന്ധത്തിനുള്ള ഫസ്റ്റ്എയ്ഡ് ആണ് എന്നു തന്നെ പറയാം. പക്ഷെ സൂക്ഷിച്ച് ഉപയോഗിക്കണമെന്നുമാത്രം. ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയിൽ രണ്ട് ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് കക്ഷങ്ങളിലും വിയർപ്പുള്ള ഭാഗങ്ങളിലും പുരട്ടാം. അമർത്തി തിരുമരുത്. അഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകി കളയണം. ശരീരത്തിലെ നനവിനെ വലിച്ചെടുക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇത് ചെയ്ത ശേഷം ധാരാളം വെള്ളം കുടിക്കുകയും വേണം. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ഇത് തുടരണം.

വിയർപ്പിൽ നിന്നു രക്ഷ നേടാൻ ചില കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം.

  • രാവിലെയും വൈകിട്ടും തണുത്ത വെള്ളത്തിൽ കുളിക്കണം.
  • കുളികഴിഞ്ഞ് നന്നായി വെള്ളം തുടച്ചുമാറ്റണം. നനഞ്ഞ ശരീരം പെട്ടെന്ന് വിയർക്കുകയും ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയയെ ജനിപ്പിക്കുകയും ചെയ്യും.
  • കൂടുതലായി വിയർക്കുന്ന ഭാഗങ്ങളിലെ രോമങ്ങൾ നീക്കം ചെയ്യണം.
  • കോട്ടൻ വസ്ത്രങ്ങൾ കൂടുതൽ ഉപയോഗിക്കണം. ശരീരത്തിലേക്ക് കാറ്റ് പ്രവേശിക്കാത്ത അടഞ്ഞതും കറുത്ത നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ചൂടുകാലത്ത് ഒഴിവാക്കാം.