Wednesday 17 January 2018 10:26 AM IST

കിട്ടുന്നതെല്ലാം പരീക്ഷിച്ച് സൗന്ദര്യം കൂട്ടാന്‍ നോക്കിയാല്‍ നിങ്ങൾക്കും കിട്ടാം ‘എട്ടിന്റെ പണി’; വനിത നടത്തിയ അന്വേഷണം

Shyama

Sub Editor

beauty_harm1

സുന്ദരിയായ പെൺകുട്ടി. ഇടയ്ക്ക് ഫേഷ്യൽ ചെ യ്യാനും മറ്റും പാർലറിൽ ചെല്ലാറുണ്ട്. കുറച്ച് നാ ൾക്കു ശേഷം ഒരു ദിവസം കരഞ്ഞു കലങ്ങി ബ്യൂട്ടീഷ്യന്റെ അടുത്തെത്തി. മുഖം ആകെ കറുത്ത് കരുവാളിച്ച് നി റയെ കുരുക്കളുമൊക്കെയായി ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. ആറു മാസത്തിനു ശേഷം കല്യാണമാണ്. കൂടുതൽ വെളുക്കുമെന്ന് പര സ്യം കണ്ട് മരുന്നു വാങ്ങി തേച്ചതാണ്.


തലയിൽ ദുപ്പട്ടയും ഇട്ടിരുന്ന് വിങ്ങിപ്പൊട്ടിയ 35 വയസ്സുകാരിയെപ്പറ്റി പറയുന്നത് പ്രമുഖ സൈക്കോളജിസ്റ്റ്. ‘‘മനസ്സു തളർന്ന് ഡിപ്രഷന്റെ ലക്ഷണങ്ങളുമായിട്ടായിരുന്നു അവർ വന്നത്. ചുരുണ്ട മുടി ഇഷ്ടമല്ലാത്തതുകൊണ്ട് ഹെയർ സ്ട്രെയ്റ്റ്നർ ക്രീം വാങ്ങി മുടി നിവർത്താൻ നോക്കി. കുളി ക്കുമ്പോൾ തലമുടിയായ തലമുടിയൊക്കെ വേരോടെ പി ഴുതു പോന്നിരിക്കുന്നു’’


സന്ദർഭങ്ങൾ മാറിമാറി വരും. സൗന്ദര്യത്തിന്റെ പിറകെ പോയി ആളുകൾക്ക് അക്കിടി പറ്റുന്നത് കൂടുന്നതല്ലാതെ കുറയുന്നില്ല.  എന്താണ് ‘സൗന്ദര്യത്തിന്’ നാം കൊടുക്കുന്ന നിർവചനം എന്നു സ്വയം ചോദിച്ചു നോക്കൂ. കിട്ടുന്നതെല്ലാം പരീക്ഷിച്ച് സൗന്ദര്യത്തിന് മാറ്റുകൂട്ടാം എന്നാണെങ്കിൽ ഏതു നിമിഷവും നിങ്ങൾക്കും കിട്ടാം ഒാർക്കാപ്പുറത്ത് ഒരു ‘എട്ടിന്റെ പണി’.  


ആദ്യത്തെ അനുഭവത്തിൽ കരിവാളിപ്പു വന്നത് ഉപയോ ഗിച്ച വസ്തുവിന്റെ ഗുണമേന്മയില്ലായ്മ കൊണ്ടുതന്നെയാണ്. രണ്ടാമത്തേത് പക്ഷേ, ക്രീം കൂടുതൽ നേരം മുടിയിൽ വച്ചിരുന്നിട്ടാണ്. അപ്പോൾ കുറ്റം മുഴുവനും സൗന്ദര്യവർധകങ്ങളുടെ  മുകളിലാരോപിക്കാൻ പറ്റില്ല. നമ്മൾ ശ്രദ്ധിക്കാനുള്ള കാര്യം ശ്രദ്ധിക്കാതെ പോകുന്നതാണ് പലപ്പോഴും അപകടങ്ങളിലേക്ക് എത്തിക്കുന്നത്.


വെളുക്കാൻ തേക്കുന്നതും കഴിക്കുന്നതും


വെളുക്കാനായി വിദേശ ക്രീം വാങ്ങി തേച്ച് നൂറ്റമ്പതിൽപരം ആളുകൾ കാസർകോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ്  ഡ ർമറ്റോളജിയിൽ ചർമപ്രശ്നങ്ങൾക്കു ചികിത്സ തേടിയെത്തിയത് ഈ അടുത്താണ് വാർത്തയായത്. നിറത്തിന് പുറകേ പോ യി ദുരന്തം ഏറ്റു വാങ്ങുന്നത് ഇതാദ്യമല്ല. വിദേശത്ത് പലയിടത്തും സൗന്ദര്യ വർധക വസ്തുക്കൾക്ക് സ്റ്റാൻഡർഡൈസേഷനും ക്വാളിറ്റി ചെക്കിങ്ങും ഒക്കെ ഉള്ളപ്പോൾ ഇന്ത്യയിൽ ഇ തൊന്നും കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ഡോക്ടർമാർ ത ന്നെ  പറയുന്നു. നാഷനൽ സാനിറ്റേഷൻ സർട്ടിഫിക്കേഷൻ ആണ് സാധാരണ ഇത്തരം വസ്തുക്കളുടെ ഗുണമേന്മ ഉറ പ്പാക്കേണ്ടത്. കുഴപ്പമില്ലെന്ന് തെളിയുന്ന വസ്തുക്കൾക്ക്  എൻഎസ്എഫ് മുദ്ര കിട്ടും.
എൻജിനീയറിങ്ങിന് ഡിസ്റ്റിങ്ഷൻ വാങ്ങി പ ഠിച്ച കുട്ടിയുടെ അമ്മ വന്ന് ഡെർമറ്റോളജിസ്റ്റിനെ കണ്ട് പരാതി പറയുന്നു, ‘ക്ലാസിലെ ആൺകുട്ടിക ൾ നിറത്തിന്റെ പേരിൽ മകളെ കളിയാക്കുന്നു. അവള‍്‍ക്ക് വെളുക്കാനുള്ള മരുന്ന് പറഞ്ഞു കൊടു ക്കണം’.


വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞുമുള്ള സ്ത്രീ നിറം വേണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നു പറഞ്ഞ് ഡോക്ടറെ കാണാനെ ത്തുന്നു.അമ്മായിയമ്മ നിറക്കുറവിന്റെ പേരിൽ വാക്കുകൾ കൊണ്ട് മാനസികമായി നോവിക്കുന്നു എന്നതായിരുന്നു പരാതി. ഇത്തരം മരുന്നുകൾ കഴിച്ചാൽ കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നു പറഞ്ഞാൽ പോലും ‘ചത്താലും സാരമില്ല ചമഞ്ഞാൽ’ മ തി എന്ന മട്ടിലുള്ളവരാണത്രേ ചിലർ. ഡോക്ടർ പറയാതെ തന്നെ മരുന്നു വാങ്ങി പുരട്ടുന്നവരും കഴിക്കുന്നവരും കൂടി വരുന്നു. പുരട്ടുന്നതിലും ഇരട്ടി ദോഷമാണ് ഉള്ളിലേക്കു കഴിക്കുന്ന മരുന്നുകൾ.


സ്കൂളിനും കോളജിനും അടുത്തുള്ള മെഡിക്ക ൽ ഷോപ്പുകളിൽ നിന്ന് വെളുക്കാനുള്ള മെഡിക്കേറ്റഡ് ക്രീമുകളും ഗുളികകളും വാങ്ങി ഉപയോഗിക്കുന്നവർ ധാരാളമുണ്ട്. പെൺകുട്ടികളെക്കാള‍്‍ ആൺകുട്ടികളാണ് ഇത് കൂടുതൽ ചെയ്യുന്നതെന്ന് ഡോക്ടർമാർ. വീട്ടുകാരുടെ അറിവോടെയും അല്ലാതെയും ഇതു നടക്കുന്നു. ഡോക്ടർ തന്നെ എഴുതിയ കരുവാളിപ്പകറ്റാനുള്ള മരുന്ന്, കറുത്ത പുള്ളി മാറാനുള്ള മരുന്ന്... എല്ലാം വീണ്ടും വാങ്ങി മുഖത്തും കഴുത്തിലും കൈ കളിലും പതിവായി പുരട്ടി നിറം വർധിപ്പിക്കാൻ ശ്രമിക്കുന്നതാണ് ആവർത്തിക്കപ്പെടുന്ന മണ്ടത്തരം.


ഇങ്ങനെ ചെയ്യുമ്പോൾ ആദ്യ ആഴ്ചയ്ക്കുള്ളിൽ പ്രകട മായ മാറ്റം വരും. അതോടെ ആളുകൾ ഈ മരുന്നുകളുടെ ആകർഷണ വലയത്തിൽ മൂക്കും കുത്തി വീ ഴും. കുറേ നാൾ കഴിഞ്ഞ് നിർത്താൻ നോക്കിയാല്‍ പണ്ടുള്ളതിനേക്കാൾ ചർമം കറുക്കുകയും കൺതടങ്ങൾ ഇരുളുകയും ചെയ്യും.
ഈ മരുന്നുകൾ തുടർച്ചയായി പുരട്ടുന്നത് ചർമത്തിലെ ആന്റിഓക്സിഡന്റുകളെ ക്ഷയിപ്പിക്കും. അതുകൊണ്ട് വേറെ പ്രകൃതിദത്തമായ കാര്യങ്ങൾ ചെയ്താലും ചർമം പ്രതികരിക്കാതാകും. ചർമത്തെ ഇവ കൂടുതൽ മൃദുലമാക്കുന്നതുകൊണ്ട് രക്തം തുടിച്ചതു പോലുള്ള കവിൾത്തടങ്ങളുണ്ടാവും. ക്രമേണ വെയിലത്തിറങ്ങാൻ കൂടി പറ്റാത്തത്ര സെൻസിറ്റീവ് ചർമമായി തീരും.

beauty_harm4


കളിയല്ല എക്സ്പയറി ഡേറ്റ്


ഭക്ഷണ വസ്തുക്കളിലെ എക്സ്പയറി ഡേറ്റ് നോക്കി ശ്രദ്ധിച്ചു വാങ്ങുന്നവർ പോലും പക്ഷേ, സൗന്ദര്യവർധക വസ്തുക്കളുടെ കാര്യത്തിൽ അന്ധരായി മാറും. സ്കൂളിലെ യൂത്ത്ഫെസ്റ്റിവലിനു വാങ്ങിയ ഫൗണ്ടേഷനും ലിപ്സ്റ്റിക്കും സൂക്ഷിച്ചു വച്ച് അതു തന്നെ സ്വന്തം കല്യാണത്തലേന്നു വരെ ഉപയോഗിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ട്. പറയുന്ന കാലാവധിക്ക് അപ്പുറം ഉപയോഗിച്ചാൽ ഗുണത്തേക്കാളേറെ ദോഷം തരുന്ന കാര്യത്തിൽ സൗന്ദര്യ വർധകങ്ങളെ ക ഴിഞ്ഞേ ഉള്ളൂ മറ്റെന്തും.


മസ്കാര, ഐലൈനർ ഇവ പോലെ കണ്ണുമായി അടുത്തു നിൽക്കുന്നവ കഴിവതും ആറു മാസത്തിനു ശേഷം ഉപയോഗിക്കരുത്. കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവർ പറയുന്ന കാലയളവിലും കൂടുതൽ സമയം ഉപയോഗിക്കുന്നത് പല തരം നേത്ര രോഗങ്ങളും അണുബാധകളും വരുത്തി വയ്ക്കും. ലെൻസ് സൊല്യൂഷന്റെ കുപ്പി പൊട്ടിച്ച ശേഷമുള്ള കണക്കാണ് നോക്കേണ്ടത്. പൊട്ടിച്ച് ഉപയോഗിക്കാൻ തുടങ്ങിയ ശേഷമുള്ള 90 ദിവസത്തിനുള്ളിൽ തീർക്കുക എന്നൊക്കെ കുപ്പിയിൽ തന്നെ കൃത്യമായി എഴുതിയിട്ടുണ്ടാകും.


ലിപ്സ്റ്റിക്കിനും ലിപ് ഗ്ലോസിനും കൺമഷിക്കും ഒക്കെ ഈ എക്സ്പയറി ബാധകമാണ്. ഓർക്കാനെളുപ്പത്തിന് അവയുടെ താഴെ തന്നെ പേപ്പറിൽ എഴുതി ഒട്ടിക്കുകയോ കോറിയിടുകയോ ചെയ്യാവുന്നതാണ്. ബോട്ടിലിൽ വരുന്ന മിക്ക സൗന്ദര്യ ഉൽപന്നങ്ങളിലും എക്സ്പയറി ഡേറ്റിനേക്കാൾ ശ്രദ്ധിക്കേണ്ടത് ‘പീരിയഡ് ആഫ്റ്റർ ഓപ്പണിങ്’ ആണ്.


ചില ക്രീമുകളും മറ്റും അടപ്പ് തുറന്ന് വിരൽകൊണ്ട് എ ടുത്തു പുരട്ടി വീണ്ടും അടച്ചു വയ്ക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കൈകൾ വൃത്തിയായി കഴുകി ഉണങ്ങിയ ശേഷം മാത്രം എടുക്കുക. അല്ലെങ്കിൽ ഓരോ തവണ എടുക്കുമ്പോഴും കൈയിലെ പൊടി, നഖത്തിനിടയിലെ അഴുക്ക്, മറ്റ് മേക്കപ്പ് വസ്തുക്കളുടെ അംശം ഇതൊക്കെ ചെന്ന് ക്രീം കേടാകാൻ സാധ്യതയുണ്ട്.  

beauty_harm2


നിർദേശങ്ങൾ അനുസരിക്കാം


എക്സ്പയറി ഡേറ്റ് പോലെ തന്നെ പ്രധാനമാണ് അവ സൂക്ഷിക്കേണ്ട രീതികളും. പലരും നെയിൽ പോളിഷും ഐ ലൈനറും മറ്റും സൗകര്യത്തിനായി കാറിൽ തന്നെ വയ്ക്കും. വെയിലും ചൂടും തട്ടി പലപ്പോഴും ഇവയുടെ രാസഘടകങ്ങൾക്കു മാറ്റം സംഭവിക്കും. നെയിൽ പോളിഷും ഐലൈനറും മറ്റും ഉണങ്ങി കട്ടി കൂടുതലായി കണ്ടാലും കട്ടി കുറഞ്ഞ് ഒഴുകുന്ന പരുവമായാലും ഉപയോഗിക്കാതിരിക്കുക.


തണുത്ത സ്ഥലത്ത് സൂക്ഷിക്കാൻ പറയുന്നവ, വെളിച്ചം നേരിട്ട് തട്ടാതെ സൂക്ഷിക്കാൻ പറയുന്നവ, തുറന്നു വയ്ക്കാൻ പാടില്ലാത്തവ... തുടങ്ങിയ നിർദേശങ്ങൾ അനുസരിക്കാം. അ വയിലടിയിയിരിക്കുന്ന രാസവസ്തുക്കളുടെ പ്രതിപ്രവർത്തനത്തിന് അനുസരിച്ചാണ് ഇത്തരം നിർദേശങ്ങൾ വയ്ക്കുന്നത്. എക്സ്പയറി ഡേയ്റ്റ് കഴിഞ്ഞ സാധനങ്ങൾ ഉപയോഗിച്ചാൽ പ്രധാന പ്രശ്നം അലർജിയായിരിക്കും. ചൊറിഞ്ഞു തടിക്കൽ, നിറം മാറ്റം, നീരു വയ്ക്കൽ... ഇങ്ങനെ പല രീതികളിൽ ബുദ്ധിമുട്ടുകൾ വരും. ചുണ്ടു സ്ഥിരമായി കറുത്തു പോവുക, മുഖത്ത് പാടുകളും കരുവാളിപ്പും വരിക, മുടി വരണ്ടുപോകുക എന്നിവയും കാണാം.

അലർജി വില്ലനാകരുത്


ഹെയർ റിമൂവിങ് ക്രീം, വാക്സ്, ഹെയർ കളർ, ഹെയർ ഡൈ എന്നിവയും വീട്ടിൽ വാങ്ങി ഉപയോഗിക്കും മുൻപ് നിർബന്ധമായും അലർജി ടെസ്റ്റ് ചെയ്യുക. ഹെയർ കളർ, ഡൈ തുട ങ്ങിയവ ചെവിക്കു പിന്നിലായി അൽപം പുരട്ടി, ഉണങ്ങിയ ശേ ഷം കുളിക്കുക. 48 മണിക്കൂറെങ്കിലും ശ്രദ്ധിക്കണം. ചൊറിഞ്ഞു തടിക്കുക, കഴുത്തും മറ്റും വീർത്തു വരിക, നി റം മാറ്റം തുടങ്ങിയ ബുദ്ധിമുട്ടുകൾ കണ്ടാൽ അത് അലർജിയുടെ ലക്ഷണമാണ്. ഡൈ ഉപയോഗിക്കുന്നവർക്ക് ആദ്യം അലർജി ഉണ്ടായില്ലെങ്കിലും പിന്നീട് വരുന്നതായി കാണാറു ണ്ട്. ശരീരം അലർജിക്കു കാരണമാകുന്ന വസ്തുവിനോട് പ്രതികരിക്കാനെടുക്കുന്ന സമയം എപ്പോഴും ഒരുപോലെ ആ യിരിക്കില്ല. ഉപയോഗിക്കുന്ന ഡൈ ആണ് പ്രശ്നമുണ്ടാക്കുന്നത് എന്നു ഡോക്ടർ പറഞ്ഞാൽ ‘ഇത് ഞാൻ കുറേ നാളായി ഉപയോഗിക്കുന്നതാ.. അങ്ങനെ വരാൻ വഴിയില്ലെന്ന്’ തർക്കിക്കാൻ നിൽക്കേണ്ട.


ചിലർ കോസ്മെറ്റിക് അലർജിക്കു മരുന്നു വാങ്ങും. എന്നിട്ട് അലർജിയുള്ള വസ്തു തന്നെ വീണ്ടും ഉപയോ ഗിച്ച് ഒപ്പം മരുന്നും കഴിക്കും. ഇത് തെറ്റായ രീതിയാണ്.
അസ്വസ്ഥതയുണ്ടാക്കുന്ന എന്തു വസ്തുവും ഒഴിവാക്കുക എന്നതാണ് ആദ്യ പടി.


മുഖം നീരു വയ്ക്കുക, പാടുകൾ വരിക, പൂപ്പൽ പോലെ കാണുക, നിറം മാറ്റം എന്നിവയാണ് അലർജി  ലക്ഷണങ്ങൾ. ചിലർക്ക് തലകറക്കവും മനംപുരട്ടലും ഉണ്ടാകാം. പൗഡർ, ഷാംപൂ, സോപ്പ് തുടങ്ങിയവയ്ക്ക് സുഗന്ധം നൽകുന്ന വ സ്തുക്കളോടും അലർജിയുള്ളവരുണ്ട്. കാരണം തിരിച്ചറിയാ തെ പലരും ചികിത്സിക്കാതിരിക്കും. സ്വന്തമായി ചികിത്സ ചെയ്യുന്നതും കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. വാക്സിങ് ഫേഷ്യൽ ത്രെഡ്ഡിങ് തുടങ്ങിയവ ആദ്യമായി ചെയ്യും മുൻപും അലർജി ടെസ്റ്റ് നിർബന്ധമാണ്.
ശരീരത്തിൽ എല്ലായിടത്തും ചർമം ഒരുപോലെയല്ല, ചില ഭാഗങ്ങളിൽ കട്ടി കൂടും ചിലയിടത്ത് കുറയും. ചിലയിടങ്ങളി ൽ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സെൻസിറ്റിവിറ്റി കൂടും. ഇതൊക്കെ കണക്കിലെടുത്താണ് സൗന്ദര്യ വർധകങ്ങൾ ഉ ണ്ടാക്കുമ്പോള‍്‍ അത് ഏതെല്ലാം ഭാഗങ്ങളിൽ ഉപയോഗിക്കാം എന്നു നിശ്ചയിക്കുന്നത്. മുടിയിഴകളിൽ മാത്രം പുരട്ടേണ്ട ക ണ്ടീഷനർ, ഹെയർ സിറം എന്നിവ തലയോട്ടിയിൽ തേച്ചു പിടി പ്പിച്ചാൽ മുടിയുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും.


കാലിലേയും കൈയിലേയും രോമം കളയാനുള്ള വാക്സ് മുഖത്തും കക്ഷത്തിലുമൊക്കെ പുരട്ടി ചർമം പൊള്ളിയും  അ ടർന്നും ഡോക്ടറുടെ സഹായം ചോദിച്ചു വരുന്നവർ ഒരുപാടുണ്ട്. മുഖത്തിടാനും കഴുത്തിനു താഴെ പുരട്ടാനും ഒക്കെ വെവ്വേറെ വാക്സ് മാർക്കറ്റിൽ ലഭ്യമാണ്. പൗഡർ പതിവായി കക്ഷത്തിലിടുന്നവർ വിയർപ്പു പുറ ത്തേക്കു വരുന്ന ചർമത്തിലെ സൂക്ഷ്മ സുഷിരങ്ങളാണ് അ ടച്ചു കളയുന്നത്. അത് പിന്നീട് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളുമുണ്ടാക്കും. മുഖം കഴുകാൻ ഫേസ് വാഷ് ഉപയോഗിക്കുന്നതാണ് നല്ലത്. അതേപോലെ കൈകൾ വൃത്തിയാക്കാൻ ഹാൻഡ് വാഷിനു പകരം ഫേസ് വാഷ് കൊണ്ട് ‘അഡ്ജസ്റ്റ്’ ചെയ്യുന്നവരുണ്ട്. അണുക്കളുള്ള കൈകൾ അണുവിമുക്തമാക്കാൻ ഫേസ് വാഷിനു കഴിയില്ല എന്നോർക്കാം.

beauty_harm5


ഒറിജിനലിനെ വെല്ലുന്ന വ്യാജൻ


പേരെടുത്ത പല ബ്രാൻഡഡ് ഉൽപന്നങ്ങളുടെയും വ്യാജൻ നിർഭയം മാർക്കറ്റിൽ കറങ്ങുന്നുണ്ട്. ഓൺലൈനിൽ ഓർഡർ ചെയ്യുന്ന സാധനങ്ങൾ കൈയ്യിലെത്തുമ്പോള‍്‍ കബളിപ്പിക്കപ്പെട്ട കഥകൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. വ്യാജ ഉൽപന്നം കിട്ടിയാലും ആരും പരാതിപ്പെടാൻ നിൽക്കാറില്ലാത്തത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു. വിശ്വസ്ഥമായ സ്ഥലങ്ങളിൽ നിന്നു വാങ്ങുക എന്നതാണ് പോംവഴി. വ്യാജമാണെന്നു തോന്നിയാൽ ‘എന്തായാലും വാങ്ങി ഇനിയങ്ങ് ഉപയോഗിച്ചു തീർക്കാം’ എന്നു കരുതരുത്.  ലാഭം നോക്കുന്നതിനിരട്ടി പണം ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ ചിലവഴിക്കേണ്ടി വരും. വ്യാജ ഉൽപന്നം കിട്ടിയാൽ കഴിവതും അക്കാര്യം ആ കമ്പനിയിൽ വിളിച്ചറിക്കണം.
വ്യാജ ഉൽപന്നങ്ങൾ ഇറക്കുമ്പോൾ മിക്കവാറും ഒരു പേരോ അക്ഷരമോ മാറ്റിയിടാറുണ്ട്. അതുകൊണ്ട് വാങ്ങുന്നതിനു മുമ്പേ ഉൽപന്നത്തിന്റെ പേര് നന്നായി വായിച്ചു നോക്കുക. ചേരുവകളുടെ ലിസ്റ്റും നോക്കി ഉറപ്പു വരുത്തുക.

എന്നും വേണോ സ്ട്രെയ്റ്റനിങ്?

ഹെയർ സ്ട്രെയ്റ്റ്നർ, ഫെയ്സ് മസാജർ, സ്ക്രബർ തുടങ്ങിയ മെഷീനുകൾ സ്വയം ഉപയോഗിക്കുമ്പോൾ അബദ്ധങ്ങളുണ്ടാകാം. ഇവ ഒഴിവാക്കാൻ ചില കാര്യങ്ങൾ.
∙ മെഷീൻ നല്ല ബ്രാൻഡ് എന്ന് ഉറപ്പു വരുത്തുക. മുമ്പ് ഉപയോഗിച്ചവരോട് ചോദിച്ച ശേഷം മാത്രം വാങ്ങുന്നതാണ് നല്ലത്. ഇവയിൽ ഏതും തുടർച്ചയായി ഉപയോഗിക്കുന്നത് ദോഷം ചെയ്യും എന്നോർക്കുക.
∙ ഓരോ ആഴ്ചയെങ്കിലും ഇടവിട്ട് മാത്രമേ സ്ക്രബ് ചെ യ്യാവൂ. സ്ഥിരമായി ചെയ്താൽ ചർമത്തിന്റെ സ്വാഭാവിക മൃ ദുത്വം മാറി പരുക്കനാകും. സ്ക്രബർ ഉപയോഗിക്കുമ്പോൾ മുകളിലേക്കു മാത്രം വിരൽ ചലിപ്പിച്ച് പുരട്ടുക. അല്ലെങ്കിൽ ചർമം തൂങ്ങി, ചുളിവുകൾ വരും.
∙ പാർലറിൽ ചുരുണ്ട മുടി നിവർത്തുമ്പോൾ ഹീറ്റ് പ്രൊട്ടക്‌ഷൻ ക്രീം പുരട്ടിയാണ് ചൂടു കൊടുക്കുക. ഇതൊന്നുമില്ലാതെ വീട്ടിൽ സ്ഥിരമായി മുടി മെഷീൻ ഉപയോഗിച്ച് സ്ട്രെയ്റ്റൻ ചെയ്താൽ അത് ദോഷമായി ബാധിക്കും. ഷാംപൂ ചെയ്തിട്ട് സ്ട്രെയ്റ്റ്നർ ഉപയോഗിക്കുന്നത് മുടി വരണ്ടു പൊട്ടിപ്പോകാൻ ഇടവരും.
∙ ഫെയ്സ് മസാജർ സ്ഥിരമായി ഉപയോഗിച്ചാൽ ചർമത്തിന്റെ ഇലാസ്റ്റികത നഷ്ടപ്പെടും.

ടാഗ് പൊട്ടിയത് വേണ്ട

ഒരു ബ്യൂട്ടിപ്രോഡക്റ്റിനു തന്നെ ഇരുപതിൽ പരം ബ്രാൻഡുകൾ, പല ഓഫറുകൾ, പല അളവുകൾ... സൗന്ദര്യ ഉൽ പ്പന്നങ്ങൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കാം.
∙ എക്സ്പയറി ഡേറ്റ് കഴിഞ്ഞവ, കഴിയാനടുത്തവ എത്ര വിലക്കുറവിൽ കിട്ടിയാലും വാങ്ങരുത്.
∙െഎ പെൻസിൽ, ട്യൂബിലല്ലാതെ ഡപ്പിയിലുള്ള ക്രീമുകൾ, ലിപ്സ്റ്റിക് ഇങ്ങനെ ചില ഉൽപ്പന്നങ്ങൾക്ക്  ടാഗ്, പ്ലാസ്റ്റിക് കോട്ടിങ് ഇവയിലേതെങ്കിലുമുണ്ടാകും. ഇത് പൊട്ടിയതും തുറന്നിരിക്കുന്നതും വാങ്ങരുത്.
 ∙ ചർമം അനുസരിച്ചുള്ള ഉൽപന്നം മാത്രം വാങ്ങി ശീലി ക്കുക. സൺസ്ക്രീൻ പോലും പല ചർമക്കാർക്കുള്ള വ്യത്യസ്ഥത തരം കിട്ടും. എണ്ണമയമുള്ളവർ ജെൽ ബേസ്ഡ് വാങ്ങുക, വരണ്ട ചർമം ഉള്ളവർ ക്രീം ബേസ്ഡും. എണ്ണമയ വും വരൾച്ചയുമുള്ള കോംബിനേഷൻ സ്കിൻ ഉള്ളവർ ലോ ഷൻ ഉപയോഗിക്കുക. ഫൗണ്ടേഷനും ഫെയ്സ് വാഷും മ റ്റും വാങ്ങുമ്പോഴും ഇക്കാര്യം പ്രത്യകം ശ്രദ്ധിക്കുക.
∙ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഓൺലൈൻ വഴി വാ ങ്ങാതെ നേരിട്ട് നോക്കി വാങ്ങിക്കുക. പായ്ക്കിങ് മൂലം ചൂടേറ്റ് ഇതിലെ രാസവസ്തുക്കൾക്ക് മാറ്റം സംഭവിക്കാം.
∙ഷോപ്പിങ്ങിനിടയിൽ എപ്പോഴെങ്കിലും കാണുമ്പോൾ വാ ങ്ങാതെ, കഴിവതും ബ്രാൻഡഡ് ഉൽപന്നങ്ങൾ ബ്രാൻഡഡ് ഔട്ട്‌ലെറ്റുകളിൽ നിന്നു തന്നെ വാങ്ങാം. .
∙ അലർജി ടെസ്റ്റ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെങ്കിൽ അതിനു ശേഷം വാങ്ങിയാൽ മതി. അതില്ലെങ്കിൽ ആദ്യം ചെറിയ സൈസിലുള്ളവ വാങ്ങി നോക്കി അലർജിയില്ലെന്നുറപ്പിച്ച ശേഷം വലുതു വാങ്ങാം.
∙ ഹെർബൽ, നാചുറൽ, ഓർഗാനിക് എന്നൊക്കെ കാണുന്നത് ശുദ്ധമാണെന്നു കരുതി കണ്ണും പൂട്ടി വാങ്ങരുത്. ചേരുവകൾ വായിച്ച് മനസ്സിലാക്കിയിട്ട് മാത്രം വാങ്ങുക.
∙ കുഞ്ഞുങ്ങളുടെ ഷാംപൂവും ക്രീമും വാങ്ങി ഉപയോഗിക്കുന്നവർ രാസവസ്തുക്കൾ കുറഞ്ഞിരിക്കുമല്ലോ എന്നാണ് കരുതുന്നത്. ഇത് ശരിയല്ല. കുഞ്ഞുങ്ങൾക്കായുള്ള ഉൽപ്പന്നങ്ങളിൽ പോലും രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട്.

beauty_harm6

പ്രായം അതിപ്രധാനം


അഞ്ചാം ക്ലാസ് എത്തുമ്പോഴേ ത്രെഡ്ഡിങ്, ഏഴിൽ വാക്സി ങ്, ഹെയർ കളറിങ്, സ്ട്രെയ്റ്റനിങ്.. ചെറുപ്രായത്തിലെ ചർമത്തിൽ രാസപദാർഥങ്ങൾ ഉപയോഗിച്ചാൽ സംരക്ഷണമല്ല, പകരം ആപത്താകും സംഭവിക്കുക. കൊച്ചു കുഞ്ഞുങ്ങളുടെ ശരീരത്തിലൂടെ പെട്ടന്ന് രാസവസ്തുക്കള്‍ ഉള്ളിൽ കടന്ന് രക്തത്തിൽ ചേരും. ഇത് അഡ്രിനൽ ഫെയിലിയർ (അഡ്രിനൽ ഗ്രന്ധികൾ ഹോർമോണുകള്‍ ഉണ്ടാക്കാത്ത അവസ്ഥ) പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്കും കാരണമാകും.
∙ ടീനേജ് കഴിയും വരെ ഫേഷ്യൽ വേണ്ട. മികച്ച പരിശീലനം കിട്ടിയവരെ കൊണ്ട് ഫേസ് മസാജ് ആകാം. 16 വയസ്സെങ്കിലും കഴിയാതെ ത്രെഡ്ഡിങ് ശീലിക്കരുത്.
∙ വെയിലത്തിറങ്ങും മുമ്പ് മുതിർന്നവർക്കുള്ള സൺസ്ക്രീൻ കുട്ടികൾക്ക് പുരട്ടി കൊടുക്കരുത്. ബ്ലീച്ച് 30– 40 വയസ്സിനു മുമ്പ് വേണ്ട. സ്ക്രബിങ് 15 വയസ്സിനു ശേഷം മാത്രം.
∙ മേക്കപ്പ് കളയാനും ക്ലീനപ്പിനും മറ്റും ഉപയോഗിക്കുന്ന ആസ്ട്രിജന്റുകൾ ടീനേജിൽ ഒഴിവാക്കുക. ആൽക്കഹോൾ അടങ്ങിയ ഇവ ചർമത്തെ മോശമാക്കും. നിർബന്ധമെങ്കിൽ ടോണർ ഉപയോഗിക്കുക.


∙ മുടി നിവർത്തൽ, ചുരുട്ടൽ, കളറിങ് ഒക്കെ 18 വയസ്സു  വ രെയങ്കിലും മാറ്റി നിർത്തുക. ഇവ സ്ഥിരമായി ചെയ്യുന്നത് പൂ ർണമായി ഒഴിവാക്കുക.
∙ ചെറു പ്രായത്തിൽ പീല്‍ ഓഫ് മാസ്കുകൾ ഉപയോഗിക്കുന്നതും നല്ലതല്ല. മൃതകോശങ്ങൾ നീങ്ങുന്നതിനൊപ്പം ചർമം നേർത്തു വരാൻ ഇതിടയാക്കും.
∙ കെമിക്കൽ ട്രീറ്റ്മെന്റിനു ശേഷം ആഫ്റ്റർ കെയർ വേണ്ടതുപോലെ ചെയ്തില്ലെങ്കിൽ ചർമത്തിന്റെ സ്വാഭാവികമായ നൈസർഗികതയും ഇലാസ്തികതയും ഇല്ലാതെയാകും.  കെമിക്കൽ പീലിങ്,  ഗ്ലോ പീലിങ് ഇവ 18 വയസിനു ശേഷം മതി. ∙ അനാവശ്യ രോമവും പാടുകളും കളയാനുള്ള ലേസർ ചികി ത്സ 16–18 വയസ്സിനു മുമ്പേ നന്നല്ല.

വിവരങ്ങൾക്കു കടപ്പാട്:  ഡോ. സിമി എസ്.എം. അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്മെന്റ് ഓഫ് ഡെർമറ്റോളജി
 ശ്രീ ഗോകുലം മെഡിക്കൽ കോളജ്, തിരുവനന്തപുരം.
 ഡോ. റീമ പത്മകുമാർ, ഏസ്തെറ്റിക് കൺസൾട്ടന്റ്, റീമ്സ്, തിരുവനന്തപുരം