Thursday 01 February 2018 04:05 PM IST : By സ്വന്തം ലേഖകൻ

ആരോഗ്യകാര്യങ്ങളിലെ 7 അബദ്ധങ്ങൾ

hand-wash

ആരോഗ്യകാര്യങ്ങളിലാണ് നമുക്ക് പലപ്പോഴും ഏറ്റവും കൂടുതൽ അബദ്ധങ്ങൾ പറ്റുക. ശരീരത്തിന് വളരെ നല്ലതാണെന്നു കരുതി ചെയ്യുന്നവ പോലും ചിലപ്പോൾ ദോഷമാവും. പല സമയത്തും പഠന ഫലങ്ങൾ മാറിമറിയുന്നത് പലപ്പോഴും കുഴക്കാറുണ്ട്. ആരോഗ്യകാര്യങ്ങളിൽ പലരും വരുത്താറുള്ള അബദ്ധങ്ങള്‍ നമുക്ക് ഒന്നു നോക്കാം.

അധികമായാൽ വ്യായാമവും അപകടം

വ്യായാമം കൂടുതല്‍ ചെയ്താല്‍ നല്ലതാണ്, പെട്ടെന്ന് മെലിയുമെന്നു കരുതി ജിമ്മിൽ വീടുപോലെ കഴിയുന്നവരുണ്ട്. എന്നാല്‍ ഇതില്‍ യാതൊരു വാസ്തവവുമില്ല, ശരീരത്തിനു താങ്ങാവുന്നതിൽ കൂടുതൽ വ്യയാമം ചെയ്യുന്നത് സന്ധികൾക്കും പേശികൾക്കും എന്തിന് ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ മോശമായി ബാധിക്കും.

ഉറക്കം

വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍ അത് ശരീരത്തെ ആകെ ബാധിക്കും, എന്നാൽ ആവശ്യത്തിൽകൂടുതൽ‌ ഉറങ്ങിയാലോ?, അതെ ഉറക്കവും അധികമായാൽ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമത്രെ. എട്ടുമണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവർക്ക് ഹൃദയാരോഗ്യ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത 34 ശതമാനമാണ്. ശ്രദ്ധയില്ലായ്മയും അമിതഭാരവും പ്രമേഹ സാധ്യതയുമൊക്കെ ഉറക്കകൂടുതൽ കൊണ്ടും ഉണ്ടാകാം.

ആന്റിബയോട്ടിക്ക്

ആന്റിബയോട്ടിക്ക്‌ മരുന്നുകളുടെ അമിതോപയോഗം അപകടകരമാണ്‌. ശരീരത്തിലെ രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രതിരോധ ശക്തി ആർജ്ജിച്ചെടുക്കുന്നത് കൂടുതൽ അപകടകരമാകും. അത്യാവശ്യഘട്ടങ്ങളിൽ മാത്രം ആന്റിബയോട്ടിക്കുകള്‍ കഴിക്കുക.

അമിത ലൈംഗികത

ലൈംഗികത സ്വാഭാവികമാണെങ്കിൽ അമിത ലൈംഗികത ഒരു രോഗമാണ്. ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുടെ ഭാഗമാണ് അമിത ലൈംഗികത. കുടുംബ ബന്ധങ്ങളും സ്നേഹവും നശിപ്പിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കഴിവുള്ള ഒരു മാനസിക പ്രശ്‌നമായാണ് അമിത ലൈംഗികതയെ കാണുന്നത്.

കൈകഴുകൽ

കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 ന് കൈകഴുകൽ ദിനം ആചരിക്കാറുണ്ട്. അത്രയ്ക്ക് പ്രാധാന്യമുണ്ട് ഈ ആരോഗ്യ ശീലത്തിന്. എന്നാൽ ഇതും അമിതമായാൽ അപകടകരമാണ്. വീര്യമേറിയ സോപ്പുകളും ഹാൻഡ് വാഷും ചർമത്തെ നശിപ്പിക്കുകയും രോഗാണുക്കളുടെ താവളമാക്കുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണം‌

ശരീരത്തിന് വളരെയധികം പോഷകങ്ങൾ ലഭിക്കുന്ന ഭക്ഷണരീതിയാണോ നിങ്ങളുടേത്. പക്ഷേ എത്രത്തോളം നിങ്ങൾ കഴിക്കാറുണ്ട്?, ശരീരത്തിന് നല്ലതാണെന്നു കരുതി വാരിവലിച്ചു കഴിക്കുന്നത് പലപ്പോഴും എതിർഫലമാണുണ്ടാക്കുക. നമുക്ക് ആവശ്യമുള്ളതിൽകൂടുതൽ കാലറിയുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയാൻ കാരണമാകും.

വെള്ളം കുടി കൂടിയാൽ


ധാരാളം വെള്ളം കുടിക്കണമെന്ന് എല്ലാവരും പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷേ വെള്ളം കുടി കൂടിയാലും അപകടമാണ്. ഗുരുതരമായ വാട്ടർ ഇൻടോക്സിക്കേഷൻ എന്ന അവസ്ഥയിൽ ശരീരം എത്തിച്ചേരും. രീരത്തിലെ സോഡിയത്തിന്റെ അളവ് അമിതമായി കുറഞ്ഞ് മയക്കം, ഓക്കാനം മുതൽ ബോധക്ഷയം വരെ ഉണ്ടാകും.