Wednesday 17 January 2018 10:07 AM IST : By സ്വന്തം ലേഖകൻ

ജോലിയിലെ ടെൻഷനകറ്റുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ കഴിവുള്ള എട്ട് എണ്ണകൾ ഇതാ

beauty-oil

ക്ഷീണമകറ്റാൻ തല തണുക്കെ എണ്ണ തേച്ചൊന്നു കുളിച്ചാൽ മതിയെന്നു മുത്തശ്ശിമാർ പറയാറില്ലേ? ഫ്രഷാകാൻ മാത്രമല്ല സൗന്ദര്യം കാത്തുസൂക്ഷിക്കാനും ചർമത്തിന്റെ ആരോഗ്യം നിലനിർത്താനും എണ്ണ വളരെ നല്ലതാണ്.മനസും ശരീരവും സൗന്ദര്യത്തോടെ തിളങ്ങാൻ അറിഞ്ഞിരിക്കേണ്ട ചില എണ്ണകളിതാ...

ബദാം എണ്ണ

വിറ്റാമിൻ ഇ, പൊട്ടാസ്യം, സിങ്ക് എന്നിവയടങ്ങിയ ബദാം എണ്ണ സൗന്ദര്യ സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്താണ്. ചർമത്തിന്റെ വരൾച്ച, കരിവാളിപ്പ്, മൃതകോശങ്ങൾ, കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം എന്നിവയെ അകറ്റാൻ ബദാം എണ്ണകൊണ്ട് നിത്യവും അരമണിക്കൂർ മസാജ് ചെയ്താൽ മതി. ഒപ്പം പാദ സംരക്ഷണത്തിനും മേക്കപ്പ് റിമൂവറായും ഈ എണ്ണ ഉപയോഗിക്കാം.

ഒലിവ് ഓയിൽ

കരുത്തുറ്റ, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ഒലിവ് ഓയി ൽ കൊണ്ടൊരു ഹെയർ മസാജ് ചെയ്തോളൂ. ഒലിവ് ഓയിൽ അൽപം എടുത്ത്, ചെറുതായി ചൂടാക്കി വിരലിന്റെ അഗ്രങ്ങൾ ഉപയോഗിച്ച് തലയിൽ തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കുളിക്കുക. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യാം.

ജാസ്മിൻ ഓയിൽ

ജോലിയിലെ പ്രഷറും ടെൻഷനും മാറ്റിവച്ച് അൽപം സമാധാനവും ശാന്തിയുമാണു ലക്ഷ്യമെങ്കിൽ മുല്ലപ്പൂ എണ്ണ കൊണ്ടുള്ള മസാജിങ് തിരഞ്ഞെടുക്കാം. മുല്ലപ്പൂവിന്റെ മണം ഇഷ്ടമുള്ളവർക്ക് ഈ മസാജിങ് ഏറെ ആസ്വാദ്യമായിരിക്കും. മാസത്തിൽ ഒരിക്കൽ ഇത് ചെയ്യാം.

ലാവൻഡർ ഓയി

പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് ലാവൻഡർ ഓയിൽ. മറ്റ് ഏത് എണ്ണകൾക്കൊപ്പവും കൂട്ടിയോജിപ്പിച്ച് മസാജിങ് ചെയ്യാമെന്നതാണ് ലാവൻഡർ ഓയിലിന്റെ പ്രത്യേകത. മാനസികമായും ശാരീരികമായും ഫ്രഷ്നസ് ആഗ്രഹിക്കുന്നവർ ലാവൻഡർ ഓയിൽ കൊണ്ടുള്ള ബോഡി മസാജിങ് തിരഞ്ഞെടുക്കാം.

റോസ് ഓയിൽ

കുളിക്കുന്ന വെള്ളത്തിൽ രണ്ടു തുള്ളി റോസ് ഓയിൽ ചേർത്താൽ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാം. തൊലിപ്പുറത്തുണ്ടാകുന്ന അലർജി, കുരുക്കൾ, നിറവ്യത്യാസം, മുഖക്കുരു എന്നിവയെല്ലാം റോസ് ഓയിൽ മസാജിങ്ങിലൂടെ തടയാം. മുഖം മസാജ് ചെയ്യുമ്പോൾ താഴെ നിന്നും മുകളിലേക്കു വൃത്താകൃതിയിൽ വേണം മസാജ് ചെയ്യാൻ. മുഖക്കുരു കൂടുതലുള്ള ചർമത്തിൽ ദീർഘനേര മസാജുകൾ വേണ്ട.

കുന്തിരിക്കം എണ്ണ

മുഖത്തെ ചുളിവുകൾ നോക്കി ഇനി വിഷമിക്കേണ്ട. മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, കരിമംഗല്യം തുടങ്ങിയ പ്രായത്തിന്റെ ലക്ഷണങ്ങൾ തടയാൻ കുന്തിരിക്കം എണ്ണ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ മസാജ് ചെയ്താല്‍ മതി.

മല്ലിയെണ്ണ

പ്രകൃതി ദത്ത രീതിയിൽ തയാറാക്കുന്ന സുഗന്ധപൂരിതമായ ഈ എണ്ണ മനസ്സിനും ശരീരത്തിനും ഉൻമേഷവും ഉണർവും പകരും. ശരീരഭാരം കുറയ്ക്കാനും മല്ലിയെണ്ണ ഉപയോഗിച്ചുള്ള മസാജിങ്ങിന് കഴിയും.

സിട്രസ് ഓയിൽ

‌ചെറുനാരങ്ങയുടെ നീരും ഓറഞ്ച് നീരും കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന സിട്രസ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ നിറം വർധിപ്പിക്കും, ഫ്രഷ്നസ്സും നൽകും. ഈ എണ്ണ ഉപയോഗിച്ചു മസാജ് ചെയ്തുകഴിഞ്ഞയുടനെ അധികം വെയിൽ കൊള്ളരുത്.

വിവരങ്ങൾക്കുള്ള കടപ്പാട്: സീന സാക്കറിയ

കോസ്മെറ്റോളജിസ്റ്റ്, ഹെയർ ആന്റ് ബിയോണ്ട്, കൊച്ചി