Wednesday 17 January 2018 10:13 AM IST : By സ്വന്തം ലേഖകൻ

തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട 10 ആഹാരങ്ങൾ

hair

തലമുടി കൊഴിച്ചിൽ സ്ത്രീകളെയും പുരുഷൻമാരെയും ഒരേപോലെ ബാധിക്കുന്ന പ്രശ്നമാണ്. കഴിക്കുന്ന ഭക്ഷണങ്ങൾ മുടിക്ക് ആരോഗ്യം കൂടി നൽകുന്നതായാൽ മുടി ബലവും മൃദുത്വവുമുള്ളതാകും. മുടിയുടെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ ഇതാ.

മുട്ട: ആരോഗ്യമുള്ള മുടിയിഴകൾക്കു പ്രോട്ടീൻ ധാരാളം വേണം. ഈ പ്രോട്ടീനൊപ്പം ബയോട്ടിനും കൂടിയുണ്ടെങ്കിൽ മുടി ഉഷാറായി വളരും, മൃദുലമാകുകയും ചെയ്യും. ഇവ മുടിക്കു ലഭിക്കാൻ എന്നും രണ്ടു മുട്ടയുടെ വെള്ള കഴിക്കുക. മുട്ട മാത്രമല്ല പ്രോട്ടീൻ അടങ്ങിയ ചിക്കൻ, പയറു പരിപ്പ് വർഗങ്ങൾ‍ എന്നിവയും നല്ലതാണ്.

യോഗർട്ട് (കട്ടത്തൈര്): കാൽസ്യവും പ്രോട്ടീനുമാണ് മുടിക്കു ബലം നൽകുന്നതിൽ മുമ്പിൽ. ഇവ രണ്ടും ലഭിക്കാൻ കട്ടത്തൈര് കഴിക്കുക. പാലും പാൽ ഉൽപന്നങ്ങളും പ്രോട്ടീനൊപ്പം കാൽസ്യവും തരുന്നവയാണ്.

നെല്ലിക്ക: മുടി വളരാൻ നെല്ലിക്കാപ്പൊടിയിട്ട് എണ്ണ കാച്ചാറുണ്ട് മുത്തശ്ശിമാർ. വൈറ്റമിൻ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നതു മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും നല്ലതാണ്. 30 മില്ലി നെല്ലിക്കാനീര് 30 മില്ലി വെള്ളം ചേർത്തു ദിവസവും കുടിക്കാം.

മുരിങ്ങയില: അയണിന്റെ അളവ്‍ കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ മുരിങ്ങയില കഴിച്ചാൽ മതി. ഇരുമ്പ് ശരീരത്തിലേക്കു വേണ്ട വിധം ആഗീരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സിയും ശരീരത്തിലെത്തണം. ഈ വൈറ്റിൻ സിയും മുരിങ്ങയിലയില്‍ ധാരാളമുണ്ട്.

hair2

വോൾനട്സ്: വൈറ്റമിൻ ഇ യും ബയോട്ടിനും അടങ്ങിയിട്ടുള്ള വോൾനട്സ് ശിരോചർമത്തിനും മുടിക്കും ആരോഗ്യം നൽകും. നാലു വോൾനട്സ് നിത്യവും കഴിക്കാം. വൈറ്റമിൻ ഇ ധാരാളമായുള്ള ഇലക്കറികളും ദിവസവും കഴിക്കാം.

ബദാം: ബ്യൂട്ടി വൈറ്റമിൻ എന്നു വിളിക്കുന്ന വൈറ്റമിൻ ഇ അടങ്ങിയിട്ടുള്ള ബദാം മുടിയഴകിന് തിളക്കം കൂട്ടും. ബദാമിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, ബയോട്ടിൻ എന്നിവയും മുടി വളരാനും മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായിക്കും. ദിവസവും രണ്ടു ബദാം കഴിക്കുന്നതു ശീലമാക്കിക്കോളൂ.

nuts_hair

മധുരക്കിഴങ്ങ്: മുടികൊഴിച്ചിലുണ്ടാകുന്നത് മുടിയുടെ വേരുകൾക്കു ബലമില്ലാത്തതു കൊണ്ടാണ്. ശിരോചർമത്തിന് ആരോഗ്യമുണ്ടെങ്കിലേ മുടിയുടെ ചുവടുഭാഗം കരുത്തുറ്റതാകൂ. താരനും വരൾച്ചയും അകറ്റി ശിരോചർമം ആരോഗ്യമുള്ളതാക്കാൻ ബീറ്റാകരോട്ടിനും വൈറ്റമിൻ എയും അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുക.

ഫ്ലാക്സ് സീഡ്സ്: ഒരു ചെറിയ സ്പൂൺ ഫ്ലാക്സ് സീഡ് റോസ്റ്റ് ചെയ്ത് ദിവസവും കഴിക്കുന്നത് ശീലമാക്കാം. മുടി വളരാൻ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിൽ ധാരാളമായുണ്ട്. താരൻ, വരണ്ട ശിരോചർമം എന്നീ പ്രശ്നങ്ങളും പിന്നെയുണ്ടാകില്ല.

കൂൺ: മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്ന മിനറലാണ് കോപ്പർ. കൂണിൽ ഇവ ധാരാളമുണ്ട്. താരൻ അകറ്റുന്ന സെലീനിയവും ഇവയിലടങ്ങിയിട്ടുള്ളതിനാൽ മുടിയുടെ പൂർണ ആരോഗ്യത്തിന് കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പംപ്കിൻ സീഡ്സ്: കോപ്പർ, സിങ്ക്, സെലീനിയം, വൈറ്റമിൻ ഇ, വൈറ്റമിൻ ബി കോംപ്ലക്സ്, മഗ്‌നീഷ്യം. മുടിക്കാവശ്യമായ മിക്ക പോഷകങ്ങളും അടങ്ങിയ ആഹാരപദാർഥമാണ് മത്തൻകുരു. ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു പിടി റോസ്റ്റ് ചെയ്തെടുത്ത മത്തങ്ങയുടെ കുരു, സാലഡിനൊപ്പം കഴിക്കാം.

കടപ്പാട്: ലിജി മാത്യു,‍ഡയറ്റീഷൻ, മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ