Tuesday 27 March 2018 03:55 PM IST : By സ്വന്തം ലേഖകൻ

കുട്ടികളും സൗന്ദര്യവർധകങ്ങളും

baby_beauty

അമ്മേ, എനിക്കാ സീരിയലിലെ ചേച്ചിയെ പോലെ ലിപ്സ്റ്റിക്കിട്ടു താ. അതേപോലെ കണ്ണെഴുതിത്താ.’’ ഓഫിസിൽ പോകാനുള്ള നെട്ടോട്ടത്തിനിടയ്ക്ക് ഇത്തിരി മേക്കപ്പ് ചെയ്യാനിരിക്കുമ്പോൾ മകളുടെ ഡിമാൻഡ്സ് കേട്ടില്ലെന്ന് നടിക്കുകയേയുള്ളൂ. പക്ഷേ, അമ്മ പടിയിറങ്ങും മുമ്പുതന്നെ കാണാം വികൃതിക്കുട്ടി മേക്കപ്പ് ഇട്ട് കുണുങ്ങിക്കുണുങ്ങി വരുന്നത്. ‘അമ്മേടെ മുറിയിൽ കയറി കണ്ണാടി നോക്കി മോള് തന്നെ മേക്കപ്പിട്ടല്ലോ’ എന്നാകും വിശദീകരണം. കുഞ്ഞിച്ചുണ്ടിൽ ഒതുങ്ങി നിൽക്കാതെ പുറത്തേക്ക് പടർന്ന ലിപ്സ്റ്റിക്കും കണ്ണിനു ചുറ്റും നിറഞ്ഞ ഐലൈനറും നോക്കി അപ്പോൾ അമ്മ ചിരിക്കും. പക്ഷേ, വൈകിട്ടു തിരിച്ചു വീട്ടിലെത്തുമ്പോഴാകും പ്രശ്നത്തിന്റെ ഗൗരവം തെളിയുക. കുട്ടിയുടെ കണ്ണു രണ്ടും ചുവന്ന് കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥ. ഇന്നുവരെ തനിക്കു കുഴപ്പമൊന്നും വരുത്താത്ത ഐലൈനർ കുട്ടിയോട് ഇത് ചെയ്യും എന്ന് ആരെങ്കിലും ചിന്തിക്കുമോ?

കുട്ടികളുടെ ചർമം ലോലമാണ്

മുതിർന്നവരുപയോഗിക്കുമ്പോൾ പ്രശ്നമുണ്ടാക്കാത്ത എല്ലാ വസ്തുക്കളും കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാം എന്നു കരുതരുത്. അവരുടേതു മ‍ൃദുല ചർമമാണ്. അതുകൊണ്ടു പ്രശ്നങ്ങൾ വരാൻ സാധ്യതയും ഏറെയാണ്. ജനിച്ച് ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേ കുട്ടിയെ കുളിപ്പിച്ച് ടാൽക്കം പൗഡറിൽ പൊതിയുന്ന ശീലം അത്ര നല്ല തല്ല. പല കുട്ടികൾക്കും ഇതു ചർമത്തിൽ അലർജി ഉണ്ടാക്കു ന്നുണ്ട്. തുമ്മലും ചുമയും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെ. കു ട്ടിയുടെ ചർമത്തിന് ഇണങ്ങുംവിധം പി. എച്ച്. വാല്യൂ 5.5 ഉ ള്ള ബോ‍ഡിവാഷും ക്രീമും തന്നെ തിരഞ്ഞെടുക്കുക. വീര്യം കൂടിയവ ചർമത്തിന്റെ സ്വാഭാവിക ഘടനയ്ക്കു ദോഷമാകു കയും ചർമപ്രശ്നങ്ങൾക്കു വഴി വയ്ക്കുകയും ചെയ്യാം. ഇതുപോലെ തന്നെയാണ് കൺമഷിയുടെ കാര്യവും. വീട്ടിലുണ്ടാക്കുന്ന അല്ലെങ്കിൽ ആയുർവേദ കടകളിൽ വാങ്ങാൻ കിട്ടുന്ന കൺമഷി മാത്രമേ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാവൂ. കുഞ്ഞിനായി വാങ്ങുന്ന കൺമഷി മറ്റാരും ഉപയോഗിക്കാതെ നോക്കുകയും വേണം. വ‍ൃത്തിയില്ലാത്ത കൈകൊണ്ട് കുഞ്ഞിന്റെ കണ്ണെഴുതുന്നതും മറ്റുള്ളവർ ഉപയോഗിച്ച കൺമഷി കൊണ്ടെഴുതുന്നതും കുഞ്ഞിക്കണ്ണിൽ അസ്വസ്ഥതയും അലർജിയുമുണ്ടാക്കാം.

ഫേഷ്യൽ വേണ്ട

അമ്മയ്ക്കൊപ്പം പാർലറിൽ പോകുമ്പോൾ ഒരു ഫേഷ്യൽ ചെയ്തു നോക്കാമെന്ന് കുട്ടിക്കും തോന്നാം. ഇപ്പോൾ ആൺകുട്ടികൾക്കും പാർലറിൽ പോയി സൗന്ദര്യപരീക്ഷണങ്ങൾ നടത്താനുള്ള വ്യഗ്രത കൂടിയിട്ടുണ്ട്. പതിനെട്ടു വയസ്സിനു മുമ്പേ ഫേഷ്യലും ത്രെഡ്ഡിങ്ങും സ്പായും വേണ്ട. 12-15 വയസ്സിൽ തന്നെ മുഖത്ത് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും ഉള്ളവർക്ക് ക്ലീനപ്പ് ആകാം. പയറുപൊടിയോ അ രിപ്പൊടിയോ തേച്ചു മുഖം കഴുകിയാലും മതി. താരനുള്ളവർക്ക് കറ്റാർവാഴ നീരിൽ അല്പം നാരങ്ങയും മുട്ടവെള്ളയും ചേർത്ത മിശ്രിതം തലയിൽ പുരട്ടി പിന്നീട് നന്നായി കഴുകി കളയാം. ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ ബാത്തും നല്ലതാണ്. ഇതു ശരീരവും മുടിയും പുഷ്ടിപ്പെടുത്തും.

ത്രെഡ്ഡിങ്ങും വാക്സിങ്ങും

നീളൻ മുടി വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളുണ്ട്. സ്വന്തം മുടി തനിയെ കൈകാര്യം ചെയ്യാറാകുമ്പോൾ മുതൽ മുടി നീട്ടുന്നതിൽ തെറ്റില്ല. അതിനു മുമ്പ് ഷോർട് ഹെയർകട്ട് തന്നെയാണ് നല്ലത്. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളിൽ പേനും താരനും മുടിക്കായയും മുടിയുടെ അഗ്രം പൊട്ടലും ഒക്കെയുണ്ടാകും. നനഞ്ഞ മുടി ഉണങ്ങാതെ കെട്ടി വയ്ക്കരുത്. കുട്ടികൾക്കും ആഴ്ചയിലൊരിക്കൽ ഷാംപുവും കണ്ടീഷനിങ്ങും ചെയ്യണം. അൽപം ഷാംപു ഒരു മഗ് വെള്ളത്തിൽ കലക്കിയെടുത്തു തല കഴുകാനായി ഉപയോഗിക്കുക. 18 വയസ്സിനു മുമ്പ് ത്രെഡ്ഡിങ്ങും വാക്സിങ്ങും വേണ്ട. രോമം വലിച്ചെടുക്കുംതോറും ചർമത്തിന്റെ ഇലാസ്റ്റികത നഷ്ടപ്പെടും. രോമം പോയിടത്ത് കറുത്ത പാടുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

വീട്ടിൽ ചെയ്യാം പരിചരണം

∙ ഷൂസും ചെരുപ്പുമിട്ട് കാലിൽ പാടുവന്നാൽ അതു കുറയാൻ ചൂടുവെള്ളത്തിൽ ഉപ്പും ബേബി ഷാംപുവും ഇട്ട് കാലു മുക്കി വയ്ക്കുക. ദിവസവും ഒലിവ് ഓയിൽ മസാജ് ചെയ്യുക.

∙കൈകാൽ മുട്ടുകളിലെ കറുപ്പു നിറം മാറുന്നതിനും അഴുക്ക് അടിയുന്നതും നാരങ്ങാത്തൊണ്ടു കൊണ്ട് ഉരച്ചു കഴുകുക.

∙ ചർമത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകാൻ സിങ്ക്, വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവയടങ്ങിയ ഭക്ഷണം ശീല മാക്കാം. ഇലക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പു വർഗങ്ങൾ, മീ ൻ എന്നിവ ധാരാളമായി നൽകാം. ചർമത്തിലെ വരൾച്ച ഒഴി വാക്കാൻ ചെറുപ്പം മുതലേ വെള്ളം കുടിക്കാൻ ശീലിപ്പക്കാം. നാചുറൽ മേക്കപ്പ് മതി സ്കൂൾ പരിപാടികൾ, പാർട്ടി, പിറന്നാൾ പോലുള്ള അ വസരങ്ങളിലൊഴികെ കുട്ടികൾക്ക് മേക്കപ്പിന്റെ ആവശ്യമേയില്ല. മേക്കപ്പ് വേണമെന്നു വാശി പിടിക്കുന്ന കുട്ടികളെ സമാധാനിപ്പിക്കാനുള്ള പ്രക‍ൃതിദത്തമായ മാർഗങ്ങളുണ്ട്.

∙ ബീറ്റ്റൂട്ടിന്റെ ചാറെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് കോൾഡ് ക്രീമിൽ ചാലിച്ച് കുട്ടികൾക്ക് റൂഷായി പുരട്ടി കൊടുക്കാം. കവിളുകൾ തുടുത്തിരിക്കും. ഇതു തന്നെ കണ്ണിനു മുകളിൽ ഐഷാഡോയായും ഉപയോഗിക്കാം. ബീറ്റ്റൂട്ട് നീര് വെണ്ണയിലോ നെയ്യിലോ ചാലിച്ച് ലിപ്സ്റ്റിക്കാക്കി മാറ്റാം. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത മേക്കപ്പ് റെഡി.

∙ ഐലൈനറിനു പകരം കൺമഷി ഇയർ ബഡ്സി ൽ എടുത്ത് കണ്ണിനു മുകളിലെഴുതാം. എന്നിട്ട് അതിനുമുകളിലായി അൽപം പൗഡറിട്ടാൽ മതി.

∙ മേക്കപ്പ് സാധനങ്ങൾ കുട്ടികളുടെ കൈയെത്തും ദൂരത്തു നിന്ന് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. അമ്മ ചെയ്യുന്നതു കണ്ട് പ്ലക്കറും ബ്ലേഡും കൊണ്ട് ത്രെഡ് ചെയ്ത് കുട്ടികൾ അപകടം വരുത്തി വയ്ക്കാം.

കടപ്പാട്: ഡോ. ജി. നന്ദകുമാർ, അഡീഷനൽ പ്രഫസർ പത്തോളജി, ഗവ. മെഡിക്കൽകോളജ്, തിരുവനന്തപുരം മാഗ്ലിൻ ജാക്സൺ, ഹെർ ചോയിസ് ബ്യൂട്ടിപാർലർ, കൊച്ചി