Wednesday 10 January 2018 12:11 PM IST : By സ്വന്തം ലേഖകൻ

അഴകിനെ മറയ്ക്കുന്ന 50 ബ്യൂട്ടി മിസ്റ്റേക്സ് തിരിച്ചറിഞ്ഞു തിരുത്താം; കേരളത്തിലെ അഞ്ചു മികച്ച ബ്യൂട്ടീഷൻമാർ

beauty

സൗന്ദര്യത്തിനു മേല്‍ നിഴൽ വീഴ്ത്തുന്നത് എന്താണ്? ശരിയാണെന്നു കരുതി ചെയ്യുന്ന സൗന്ദര്യ സംരക്ഷണ രീതികളിലെ ചില പിഴവുകളാവാം പലപ്പോഴും വിനയായി മാറുന്നത്. അഴകിനെ മറയ്ക്കുന്ന 50 ബ്യൂട്ടി മിസ്റ്റേക്സ് തിരിച്ചറിഞ്ഞു തിരുത്താം. കേരളത്തിലെ മികച്ച അഞ്ചു ബ്യൂട്ടീഷൻമാർ നൽകുന്ന നിർദേശങ്ങൾ.

നല്ല കറുത്തു തിളങ്ങുന്ന ആരോഗ്യമുളള തലമുടി ഉലച്ചു കൊണ്ട് പരസ്യത്തിലെ സുന്ദരി. ഇതു പോലെ മുടി തിളങ്ങാൻ ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണറും പുരട്ടണമെന്ന് അടുത്തു നിൽക്കുന്ന സൗന്ദര്യ വിദഗ്ധ ഓർമ്മിപ്പിക്കുന്നു. കേട്ടപാതി കേൾക്കാത്ത പാതി ടിവി ഓഫ് ചെയ്ത് നേരേ കുളിമുറിയിൽ കയറി ഷാംപൂവും കണ്ടീഷണറും കൂട്ടി കലർത്തി ഒരൊറ്റ പുരട്ടലാണ്. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ മുടി പൊട്ടും. ഉടനെ ഷാംപൂവും കണ്ടീഷണറും ബ്രാൻഡ് ഒന്ന് മാറ്റി പിടിക്കും. അപ്പോഴും ഫലം തഥൈവ!

നന്നായി ഒരുങ്ങിത്തന്നെയാകും നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുക. പക്ഷേ, വൈകി തിരിച്ചെത്തിയാൽ മേക്കപ്പ് മാറാതെ ക്ഷീണിച്ചു കിടന്നങ്ങ് ഉറങ്ങും. കാലത്തെഴുന്നേറ്റ് കുളിക്കാനുളളതല്ലേ എന്നങ്ങു കരുതും.

കുളി കഴിഞ്ഞ് ദേഹം മുഴുവൻ ഡി ഓഡറന്റ് പൂശിയിട്ടാവും പുറത്തിറങ്ങുക. വിയർപ്പു മണം തോന്നുമ്പോൾ വീണ്ടും വീണ്ടും സ്പ്രേ ചെയ്യും‌. പിന്നെ അലർജിയായി, ചൊറിച്ചിലായി.....‌

നമ്മൾ അറിയാതെ തന്നെ സൗന്ദര്യ സംരക്ഷണ ശീലങ്ങളിൽ കയറിക്കൂടിയ തെറ്റുകൾ ഒരുപാടുണ്ട്. അബദ്ധങ്ങള്‍ ആവർത്തിക്കുമ്പോൾ സൗന്ദര്യത്തിനു കോട്ടം തട്ടും. ഇതൊഴിവാക്കാൻ വിദഗ്ധർ നൽകുന്ന നിർദേശങ്ങളിതാ.

നല്ല ചർമം സ്വത്താണ്

1 വെളുപ്പിനോട് അന്ധമായ ആരാധന വെച്ചു പുലർത്തുന്നവവർക്ക് പലപ്പോഴും പറ്റുന്ന ഒരു തെറ്റുണ്ട്. കണ്ണിനു താഴെയുളള കറുപ്പും മുഖത്തെ കറുത്ത പാടും മറ്റും മാറാൻ സ്കിൻ സ്പെഷലിസ്റ്റ് നൽകുന്ന ക്രീമുകൾ മുഖം മുഴുവൻ പുരട്ടിയാൽ നല്ല നിറം കിട്ടും എന്നു കരുതും. കഴുത്തിലും കൈ മടക്കിലുമെല്ലാം ഇതു പുരട്ടും. ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിലെ പിഗ്മെന്റുകളുടെ പ്രവർത്തനത്തെ താറുമാറാക്കുകയും ചര്‍മരോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും. വെയിലേൽക്കുമ്പോൾ ഈ പ്രശ്നം ഗുരതരമാകാൻ ഇടയുളളതുകൊണ്ട് ചിലർക്ക് വെയിലത്ത് ഇറങ്ങാനാവാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്.

2 ചില ദിവസങ്ങളിൽ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണിനു ചുറ്റും തടിപ്പു വരാറുണ്ട്. അതു മാറ്റാൻ ക്രീംപുരട്ടി മസാജ് ചെയ്യുന്നതു വരെ തടിപ്പു കൂട്ടുകയേ ചെയ്യൂ. മസാജിനു പകരം കണ്ണിനു കോൾഡ് കംപ്രഷൻ കൊടുക്കാം. തണുത്ത വെളളത്തിൽ പഞ്ഞിയോ തുണിയോ മുക്കി കണ്ണിനു മുകളിൽ‌ വച്ച് അൽപനേരമിരുന്നാല്‍ തടിപ്പു മാറി കണ്ണിനു നല്ല കുളിർമ കിട്ടും. ഭക്ഷണത്തിൽ ഉപ്പിന്റെ അളവു കുറയ്ക്കുന്നതും ഗുണം ചെയ്യും.

3 കുറേ നേരം തേച്ചു കുളിക്കുന്നതു ചർമത്തിലെ നാച്വറൽ ഓയിലുകൾ ഇല്ലാതെയാക്കും. 10–15 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന കുളി വേണ്ട. തേച്ച് കുളിക്കാൻ ചകിരിയും അതുപോലുളള പരുപരുത്ത വസ്തുക്കളും ഉപയോഗിക്കരുത്. ഇഞ്ച വാങ്ങി വെളളത്തിലിട്ടു വച്ച് മാർദവം വരുത്തിയ ശേഷം ഉപയോഗിക്കാം. ചകിരിയുടെ നേർത്ത നാരുകൾ മത്രം വെള്ളത്തിലിട്ട് മൃദുവാക്കിയതും നല്ലതാണ്. എപ്പോഴും ഇളം ചൂടുവെളളത്തിൽ കുളിക്കുന്നതാണ് ഉത്തമം.

4 മേക്കപ്പ് പൂർണമായും മാറ്റാതെ ഉറങ്ങുന്നതു സൗന്ദര്യത്തെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന കാര്യമാണ്. ചര്‍മത്തിലെ സുഷിരങ്ങള്‍ അടഞ്ഞു പോകുകയും അഴുക്കു അടിഞ്ഞുകൂടി കുരുവും പാടും വന്നു മുഖം വൃത്തികേടാകാനും ഇതു കാരണമാകും. രാത്രി ഉറങ്ങാൻ കിടക്കും മുമ്പു നിർബന്ധമായും മുഖം നന്നായി ക്ലെൻസിങ് ക്രീം കൊണ്ടു വൃത്തിയാക്കണം. മേക്കപ്പ് മാറ്റാൻ വൈപ്സ് ഉപയോഗിക്കുന്നതും ഒഴിവാക്കാം. അതിലുളള ആൽക്കഹോൾ ചർമത്തിന് അസ്വസ്ഥതയുണ്ടാക്കും. ലൈറ്റ് ആയ മേക്കപ്പും കഴുകിക്കളഞ്ഞശേഷം മത്രമേ ഉറങ്ങാൻ പോകാവൂ.

5 മുഖക്കുരു ഉളളവർ മുഖം ഇടയ്ക്കിടെ കഴുകുന്നതു കാണാറുണ്ട്. മുഖത്തു കൂടുതൽ എണ്ണമയം ഉണ്ടാകാൻ ഇത് ഇടയാക്കും. ചർമത്തിനു സ്വാഭാവികമായി ചില അഡ്ജസ്റ്റ്മെന്റുകൾ നടത്താനുളള കഴിവുണ്ട്. ഇടയ്ക്കിടക്കുളള മുഖം കഴുകൽ ഇത്തരം മാറ്റങ്ങളെ താറു മാറാക്കും. ഫേസ് വാഷും മറ്റും ഉപയോഗിച്ചു മുഖം കഴുകുന്നതു രാവിലെയും രാത്രിയും മാത്രമാക്കാം.

6 പതിനെട്ട് വയസായാൽ ഫേഷ്യൽ ചെയ്തു തുടങ്ങണം എന്ന ധാരണ തെറ്റാണ്. ഫേഷ്യലിൽ പ്രധാനം മസാജ് ആണ്. ഓരോരുത്തരുടെ ചർമത്തിനനുസരിച്ചു മാത്രമാണ് ഇതൊക്കെ തിരഞ്ഞെടുക്കേണ്ടത്, അല്ലാതെ പ്രായമല്ല മാനദണ്ഡം. നല്ല ബ്യൂട്ടീഷനോട് ചോദിച്ചിട്ട് അവരവരുടെ ചര്‍മത്തിനിണങ്ങുന്നവ തിരഞ്ഞെടുക്കാം.

ഓയിലി സ്കിൻ, നോർമൽ സ്കിൻ, ഡ്രൈ സ്കിൻ എന്നിവയ്ക്കിണങ്ങുന്ന പലതരം ഫേഷ്യലുകൾ പാർലറുകളിൽ ലഭ്യമാണ്. ഏതെങ്കിലും വസ്തുവിനോട് അലർജിയുണ്ടെങ്കിൽ അതും ബ്യൂട്ടീഷനോട് നേരത്തേ പറയുക.

7 മുഖത്തും ശരീരത്തിലും രോമമുളളവർ മാത്രം ബ്ലീച്ച് ചെയ്താല്‍ മതി. ഇതു രോമത്തിന്റെ കറുപ്പു നിറം മാറ്റി സ്വർണനിറം നൽകും. എല്ലാത്തവ‌ണയും ഫേഷ്യലും ക്ലീനപ്പും ചെയ്യുമ്പോള്‍ ബ്ലീച്ച് കൂടി വേണമെന്നു വാശി പിടിക്കേണ്ട.

8 വാക്സിങ്ങിനു പകരം ഷേവ് ചെയ്യുന്നത് അത്ര നല്ലതല്ല. മിക്കയാളുകളിലും ഷേവിനു ശേഷം തൊലിപ്പുറത്ത് കറുത്ത പാടുകൾ തെളിഞ്ഞു വരും. വാക്സിങ്ങില്‍ മുടി വേരോടെ പിഴുതു പോകുന്നതുകൊണ്ടു രോമവളർച്ചയും കുറയും. കക്ഷത്തിൽ രോമമകറ്റാൻ വാക്സ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കറുത്ത പാട് തീരെയുണ്ടാകില്ല. ചെറിയ കൈയുളള ഉടുപ്പ് ഇടുമ്പോൾ ആത്മവിശ്വാസത്തോടെ കൈ പൊക്കാം.

9 മുഖത്തു മസാജ് ചെയ്യുമ്പോൾ നഖം വെട്ടിയിട്ട് ചെയ്യാൻ ശ്രദ്ധിക്കുക. പാർലറുകളിൽ മസാജ് ചെയ്തു തരുന്നവരും നഖം വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്താം. നഖത്തിന്റെ പോറലുകൾ മുഖത്തു വീണാൽ അതു മാറ്റാൻ കാലതാമസം വരും. സ്റ്റേറിലൈസ്ഡ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന പാർലറുകളിൽ മാത്രം പോകാൻ ശ്രമിക്കണം.

10 ചിലർക്ക് ബ്ലാക്ക് ഹെഡ്സ് മാറ്റുമ്പോൾ അവിടെ കറുത്ത പാടു വരാറുണ്ട്. മേക്കപ്പ് ഇട്ടാലും മേക്കപ്പ് ഇട്ടാലും ഇതു തെളിഞ്ഞു കാണും. അതൊഴിവാക്കാൻ കല്യാണം, മനസ്സമ്മതം പോലുളള ചടങ്ങുകൾക്ക് രണ്ടാഴ്ച മുമ്പെങ്കിലും ബ്ലാക്ക് ഹെഡ്സ് റിമൂവ് ചെയ്യണം.

11 വിവാഹ ചടങ്ങിന് ഒരാഴ്ച മുൻപ് ബ്ലീച്ചും ഫേഷ്യലും ചെയ്താൽ മതി. ഇതെല്ലാം ചെയ്ത ശേഷം പൊടിയും വെയിലും ഏറ്റു ഷോപ്പിങ്ങിനും മറ്റും പോയാൽ അതു ചർമം കൂടുതൽ ഇരുണ്ടതായി തോന്നിക്കും. ബ്ലീച്ച് ചെയ്തിട്ട് കുറഞ്ഞത് 28 ദിവസമെങ്കിലും കഴിയാതെ അടുത്ത ബ്ലീച്ച് ചെയ്യരുത്.

12 എല്ലാ ദിവസവും സ്ക്രബ് ചെയ്യുന്നതു ചര്‍മം പരുഷമാക്കും. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ മാത്രം സ്ക്രബ് ചെയ്യുക. മുഖത്തിനോടൊപ്പം ലിപ് സ്ക്രബും ചെയ്യാൻ ശ്രമിക്കണം. ചുണ്ടുകളിലെ മൃതകോശങ്ങൾ നീങ്ങി കറുപ്പ് നിറം മാറി അവ തുടുക്കും.

സ്ക്രബ് വേണം ചുണ്ടിനും

13 ഐബ്രോ ത്രെഡിങ്ങും ബ്ലീച്ചും ചെയ്യേണ്ടപ്പോൾ ആദ്യം ബ്ലീച്ച് ചെയ്യുക എന്നിട്ടു മതി ത്രെഡിങ്. ഇല്ലെങ്കിൽ തുറന്നിരിക്കുന്ന സുഷിരങ്ങളിൽ ബ്ലീച്ച് കയറി ബുദ്ധിമുട്ടുണ്ടാകും.

14 മാർക്കറ്റിൽ ഇറങ്ങുന്ന എല്ലാ പുതിയ സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി പരീക്ഷിക്കും മുന്‍പ് നിങ്ങളുടെ ചർമത്തിനു യോജിച്ചതാണെന്ന് ഉറപ്പു വരുത്തുക. ഇതിന് ബ്യൂട്ടീഷന്റെ സഹായം തേടാം.

15 നഖത്തിനടിയില്‍ നല്ല കനത്തിൽ ക്യൂട്ടിക്കിൾ (കട്ടിയായിരിക്കുന്ന ചർമം) ഉളളവർ മാത്രം അതു കളഞ്ഞാൽ മതി. അല്ലാത്തവർ നിർബന്ധമായി കളയേണ്ടതില്ല. ഒരിക്കലും ബ്ലെയ്ഡ് ഉപയോഗിച്ചു ക്യൂട്ടിക്കിൾ മുറിക്കരുത്. നഖത്തിനിടയിൽ മുറിഞ്ഞ് അണുബാധയുണ്ടാകാം. പകരം സ്ക്രാപ്പർ ഉപയോഗിച്ച് ചുരണ്ടിക്കളയാം.

ഇടതൂർന്നു വളരട്ടെ മുടി

16 ഷാംപൂ ഉപയോഗിച്ച ശേഷം കണ്ടീഷണർ ഇടുമ്പോൾ പലരും തലയോട്ടിയിലും കൂടി തിരുമ്മിപ്പിടിപ്പിക്കും. എന്നാൽ തലയോട്ടിയിൽ തേക്കാതെ ചെവിയുടെ താഴേക്ക് കണ്ടീഷണർ ഇടുന്നതാണ് ശരിയായ രീതി. തലയുടെ സ്കാൽപിനു വേണ്ടിയാണ് ഷാംപൂ. മുടിയിഴകൾക്ക് കണ്ടീഷണർ. ഇത് ഓർമിക്കുക. അതു പോലെ കണ്ടീഷണർ കൂടുതൽ തേച്ചാൽ മുടി ഒട്ടിപ്പിടിക്കും. മുടിയുടെ നീളമനുസരിച്ച് വേണം കണ്ടീഷണർ ഉപയോഗിക്കാൻ.

beauty2

17 തുടര്‍ച്ചയായി സ്ട്രെയ്റ്റനിങ്ങും കളറിങ്ങും ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തെ ബാധിക്കും. ഇതൊക്കെ ചെയ്യുമ്പോൾ മുടിയുടെ തനതു സ്വഭാവം മാറുന്നുണ്ട്. തുടർച്ചയായി എളുപ്പത്തിൽ പൊട്ടിപ്പോകാനും കാരണമാകും. സ്ട്രെയ്റ്റനിങ്ങും കളറിങ്ങും ചെയ്തവർ വീണ്ടും ചെയ്യും മുൻപ് കുറഞ്ഞത് ആറുമാസത്തെ ഗ്യാപ് എങ്കിലും ഇടണം.

18 ഷാംപൂ ഇടുമ്പോഴെല്ലാം കണ്ടീഷണർ ഇടണമെന്നില്ല‌. ഷാംപൂ ഇട്ടു കഴിഞ്ഞ് ഒന്നിടവിട്ട് കണ്ടീഷനർ ഉപയോഗിച്ചാൽ മതി. എന്നാല്‍ കളറിങ്, സ്മൂത്‌നിങ്, സ്ട്രെയ്റ്റനിങ്ങ് തുടങ്ങിയവ ചെയ്തവരും വരണ്ടമുടി മൂലം സ്ഥിരമായി അഗ്രം പിളരുന്നവരും മുടിക്ക് സ്ഥിരമായി കണ്ടീഷനിങ് കൊടുക്കേണ്ടത് ആവശ്യമാണ്.

19 ഒരു തവണ പെര്‍മനന്റ് സ്ട്രെയ്റ്റന്‍ ചെയ്ത മുടിയിൽ വീണ്ടും ചെയ്യേണ്ടതില്ല. വളർന്നു വന്ന പുതിയ ഭാഗത്ത് ടച്ച് അപ് മാത്രം ചെയ്താൽ മതിയാകും.

ഫാഷൻ കളറിങ്ങിന് ആറുമാസം ഗ്യാപ് കൊടുക്കുമ്പോൾ ഗ്രേ ഹെയർ കളറിങ്ങിന് രണ്ടാഴ്ചയിലൊരിക്കൽ ടച്ച് അപ്പ് വേണ്ടിവരും. ടച്ച് അപ് എല്ലാ മുടിക്കും വേണ്ട, നരച്ചവയ്ക്കു മാത്രം മതി.

20 ഡോക്ടറോടോ ബ്യൂട്ടീഷനോടോ ചോദിച്ചു നിങ്ങളുടെ മുടിക്കും തലയോട്ടിക്കും ഇണങ്ങുന്ന ഷാംപൂ വാങ്ങാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ഓയിൽ മസാജ് ചെയ്തിരിക്കണം. താരനും അഴുക്കും പോയി മുടി സുന്ദരമായിരിക്കാൻ ഇതു സഹായിക്കും.

തല കഴുകുമ്പോൾ രണ്ടു തവണ ഷാംപൂ ചെയ്യണം. ആദ്യം മുടി നനച്ച ശേഷം അൽപം ഷാംപൂ എടുത്തു ‌തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിക്കാം. ഇതു കഴുകി കളഞ്ഞശേഷം ഉളളം കൈയിൽ ഇത്തിരി ഷാംപൂവും വെളളവും ചേര്‍ത്ത് മുടfിയിഴകളിൽ പുരട്ടി വൃത്തിയായി കഴുകാം.കണ്ടീഷണർ എടുത്തു ചെവിക്ക് താഴെയുളള മുടിയിൽ തേച്ചു മസാജ് ചെയ്യുക. ശേഷം വലിയ പല്ലുളള ചീപ്പ് / ഹെയർ ബ്രഷ് കൊണ്ടു മുടി ചീകി ഒരു ബട്ടർഫ്ലൈ ക്ലിപ്പിട്ട് മൂന്നു നാലു മിനിറ്റു വയ്ക്കുക. കണ്ടീഷണർ മുഴുവനായും കഴുകി കളയാതെ നാല്– അഞ്ച് കപ്പ് തണുത്ത വെളളമൊഴിച്ചു മുടി കഴുകാം.

21 കുളി കഴിഞ്ഞു ശക്തിയായി മുടി തുവർത്തുന്നതു മുടിക്കു കേടാണ്. മുടി പൊട്ടിപ്പോകാനുളള സാധ്യത കൂടുതലാണെന്നു മാത്രമല്ല തലമുടിയിലുളള സ്വlതസിദ്ധമായ എണ്ണമയം നഷ്ടപ്പെട്ടു പോകും. നാളുകൾ കഴിയുന്തോറും മുടിയുടെ ബലം കുറഞ്ഞു വരും. ടവ്വൽ‌ കൊണ്ട് നനഞ്ഞ മുടിയിലെ വെളളം പതുക്കെ ഒപ്പിക്കളയുകയാണ് വേണ്ടത്.

22 എല്ലാ ദിവസവും തലമുടി കഴുകണം എന്നു നിർബന്ധമില്ല. ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ ആഴ്ചയിൽ 3–4 തവണ മുടി നനച്ചാൽ മതിയാകും. എന്നും മുടി കഴുകുന്നത് മുടികൊഴിച്ചിലുണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

23 നടിമാരുടെയോ മോഡലുകളുടെയോ ഹെയർ സ്റ്റൈൽ നോക്കി മുടി വെട്ടാൻ പോകരുത്. ഒരാളുടെ മുഖത്തിന്റെ ആകൃതിയും മറ്റും നോക്കി വേണം വെട്ടാൻ. ഹെയർ സ്റ്റൈലിസ്റ്റിനോട് ഉപദേശം ചോദിക്കുന്നതാണ് നല്ലത്.

24 വിവാഹത്തിനു മുന്‍പ് വധു ഹെയർ സ്പാ ചെയ്യുന്നതിനെക്കാൾ നല്ലതു ചടങ്ങുകൾ മുഴുവൻ കഴിഞ്ഞു ചെയ്യുന്നതാണ്. വിവാഹസമയത്ത് ചെയ്ത ഹെയർ സ്പ്രേയുടെയും സ്ട്രെയ്റ്റനിങ്ങിന്റെയും ഒക്കെ പ്രശ്നങ്ങള്‍ മാറി മുടിക്ക് ആരോഗ്യവും തിളക്കവും കിട്ടും.

തല കഴുകുമ്പോൾ രണ്ടു തവണ ഷാംപൂ ചെയ്യണം.

25 എല്ലാ ദിവസവും ബ്ലോ ഡ്രൈ ചെയ്യുന്നതു മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ചടങ്ങുകൾക്കായി ഇടയ്ക്കു ചെയ്യുന്നതിൽ തെറ്റില്ല. അപ്പോഴും ഹീറ്റ് പ്രൊട്ടക്ഷൻ, ഹെയർ സ്ട്രെയ്റ്റനിങ്ങ് സ്പ്രേ ഉപയaോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക. കുളfി കഴിഞ്ഞയുടൻ നനഞ്ഞ മുടി ചീകുക, ചൂടു വെളളത്തിൽ മുടി നനച്ചു കുളിക്കുക എന്നതൊക്കെ മുടി എളുപ്പം പൊട്ടിപ്പോകാൻ ഇടയാക്കും.

26 എപ്പോഴും ഷവറിനു നേരേ താഴെ നിന്നു കുളിക്കരുത്. കുനിഞ്ഞു നിന്നു തല നനയ്ക്കുന്നതാണ് നല്ലത്. അതുപോലെ ഷാംപൂ നിറുകയിൽ മാത്രം തേച്ച് ഉരയ്ക്കുന്നതും നല്ലതല്ല. അൽപം ഷാംപൂ എടുത്ത് ഉച്ചിയിൽ കഴുത്തിനരികിൽ (കുഞ്ചിയിൽ) ചെവിക്കു മുകളിൽ എന്നിവിടങ്ങളിലൊക്കെ തേച്ചു പിടിപ്പിക്കണം. വിയര്‍പ്പ് ഏറ്റവും കൂടുതൽ അടിയുന്നത് ഇവിടങ്ങളിലാണ്. ഇതു കഴിഞ്ഞുളള പത കൊണ്ട് താഴേക്ക് വൃത്തിയാക്കിയeാൽ മതി. ശിരോ ചര്‍മം എണ്ണമയമുളളതാണെങ്കിൽ ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഷാംപൂ ചെയ്തിരിക്കണം.

27 മുടിയുടെ അഗ്രം പിളരുന്നവർ കൃത്യമായ ഇടവേളയില്‍ (കുറഞ്ഞത് 6 മാസത്തിനുളളില്‍ ഒരിക്കലെങ്കിലും) മുടി/യുടെ അറ്റം വെട്ടുക തന്നെ വേണം. ഇല്ലെങ്കിൽ മുടിയുടെ കനം കുറഞ്ഞ് കരുത്തു നഷ്ടപ്പെട്ട് തീരെ നേർത്തു പോകാനിടയുണ്ട്.

beauty1

28 ജെൽ, സിറം എന്നിവ മുടിയിൽ നനവുളളപ്പോൾ ഇടുന്നതാണ് നല്ലത്. മുടി മുഴുവൻ ഉണങ്ങിക്കഴിഞ്ഞാൽ ഉദ്ദേശിച്ച ഫലം കിട്ടില്ല. ചുരുളൻ മുടിക്കാർ ജെൽ പുരട്ടിയ ശേഷം മുടി ചീപ്പുകൊണ്ടു ചീകണമെന്നില്ല. വിരലുകൾ കൊണ്ട് ഉടക്കു മാറ്റി മാടി ഒതുക്കിയാൽ മതി. ചുരുളുകളുടെ ഭംഗി എടുത്തറിയും.

29 മുടി കളര്‍ ചെയ്തശേഷം സ്പാ ചെയ്യുന്നതു ബ്യൂട്ടീഷനോടു ചോദിച്ചിട്ടു വേണം. കളറിങ് കഴിഞ്ഞ മുടിക്കു സ്റ്റീം കൊടുക്കുമ്പോൾ കളര്‍ ഇളകി ഒഴുകി ഇറങ്ങാൻ സാധ്യതയുണ്ട്.

കണ്ണിനഴകായ്

30 യൂ ട്യൂബ് വീഡിയോസ് നോക്കി സ്വന്തമായി തന്നെ കണ്ണും കൺപീലിയും ഹൈലൈറ്റ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുന്നു. എവിടെ ചെയ്യണം, ഏതു നിറം ഉപയോഗിക്കണം എന്നൊന്നുമറിയാതെ ഹൈലൈറ്റിങ് ചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതുകൊണ്ടു കഴിവതും മേക്കപ്പിൽ സ്വന്തമായിട്ടുളള ഇത്തരം പരീക്ഷണങ്ങൾ ഒഴിവാക്കുക.

31 വീട്ടിലിരുന്ന് ബ്ലേയ്ഡും മറ്റും ഉപയോഗിച്ചു സ്വന്തമായി പുരികം ഷേപ് ചെയ്യുന്നവരുണ്ട്. മുറിവുണ്ടാകാനുളള സാധ്യത മാത്രമല്ല മറിച്ച് മുഖത്തിനിണങ്ങുന്ന തരത്തിൽ ആകൃതി വരികയുമില്ല. ഓരോരുത്തരുടെ മുഖത്തിന്റെ ആകൃതിക്കനുസരിച്ചു വേണം പുരികം ഷേപ് ചെയ്യാൻ. പുരികത്തിന്റെ ആകൃതി ചെറുതായി മാറിയാൽ പോലും അത് മുഴുവൻ ലുക്കും മാറ്റിക്കളയും.

32 സ്വയം പുരികം ഷേപ്പ് ചെയ്യണമെന്നുളളവർ ഒരിക്കലും മുകളിൽ നിന്നുളള രോമം എടുത്തു കളയരുത്. താഴേക്കു മാത്രം കളഞ്ഞാൽ മതി. മുടി വളരുന്നതിന് എതിർ ദിശയിലേക്ക് വലിച്ചു രോമം കളയരുത്. റേസര്‍ ഉപയോഗിക്കുന്നതു പാടു വീഴാൻ ഇടയാക്കും. അതുകൊണ്ടു ട്വീസറോ പ്ലക്കറോ തന്നെ ഉപയോഗിക്കുക.

33 ഐഷാഡോ ഇടുമ്പോൾ കടും നിറങ്ങൾ മാത്രം പുരട്ടുന്നതു കണ്ണു കുഴിഞ്ഞതായി തോന്നിക്കും. ലൈറ്റ് നിറം ഇട്ടിട്ട് കണ്ണിന്റെ പുറത്തേക്കുളള വശങ്ങളിൽ മാത്രം കടും നിറം ഇടുന്നതാണ് കൂടുതൽ നല്ലത്.

മേക്കപ്പ് ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് സ്ഥിരമായി ഉപയോഗിക്കുന്നവർ, മികച്ച ബ്രാൻഡുകൾ നോക്കി വാങ്ങുക

34 മസ്കാര കൺപീലിയുടെ അറ്റത്തു മാത്രമല്ല ഇടേണ്ടത്. പീലികളുടെ തുടക്കം മുതലേ പുരട്ടുക. പാർട്ടിക്കും മറ്റും പോകുമ്പോൾ രണ്ടോ മൂന്നോ കോട്ട് മസ്കാര ഇടാവുന്നതാണ്. വെപ്പു കൺപീലികളെക്കാൾ നാച്വറൽ ലുക്ക് കിട്ടും.

മേക്കപ്പ് പിഴവില്ലാതെ

35 മേക്കപ്പ് ഉപയോഗിക്കുമ്പോൾ, പ്രത്യേകിച്ച് സ്ഥിരമായി ഉപയോഗിക്കുന്നവർ, മികച്ച ബ്രാൻഡുകൾ നോക്കി വാങ്ങുക. വിലക്കുറവു നോക്കി ഗുണമേന്മയില്ലാത്തതു വാങ്ങി ഉപയോഗിക്കുന്നതാണു ചർമരോഗങ്ങൾക്കും പൊളളലുകൾക്കുമൊക്കെ വഴിവെക്കുന്നത്.

36 ഉടുപ്പിട്ട ശേഷം അതിനു മുകളിലല്ല പെര്‍ഫ്യൂം ഇടേണ്ടത്. പൾസ് പോയിന്റ്സിൽ (ചെവിക്കു പിന്നിൽ, കൈത്തണ്ടയിൽ...) ആണു പുരട്ടേണ്ടത്. കൈയിൽ പുരട്ടിയ ശേഷം കൈ തമ്മിൽ കൂട്ടിത്തിരുമ്മുന്നതും ഒഴിവാക്കണം. ഇതു വിയർപ്പും ചൂടും കെമിക്കലുകളും തമ്മിൽ പ്രവർത്തിച്ചു രൂക്ഷഗന്ധവും മറ്റു റിയാക്ഷനുകളും ഉണ്ടാക്കാനിടയുണ്ട്.

37 പല ഐ പെൻസിലുകളിലും ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നും കണ്ണെഴുതാൻ ഇവ തിരഞ്ഞെടുക്കുന്നത് അപകടമാണ്. പകരം നാടൻ രീതിയില്‍ വീട്ടിൽ തയ്യാറാക്കിയ കൺമഷി ഉപയോഗിക്കാം. പെൻസിൽ കൊണ്ട് തന്നെ എഴുതണമെങ്കിൽ കണ്ണിനകത്തേത്ത് എഴുതാതെ പുറമേ മാത്രം എഴുതുന്നതാണ് നല്ലത്.

38 വലിയ വില കൊടുത്തു വാങ്ങുന്ന സാധനങ്ങൾ സൂക്ഷിച്ചു വയ്ക്കുന്നവരാണ് പലരും. ഇതു നല്ല ശീലം തന്നെ. എന്നാല്‍ വില കൊടുത്തു വാങ്ങിയ മേക്കപ്പ് സാധനങ്ങൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞാലും കളയാതെ വച്ച് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം വഷളാകുന്നത്. കാശിന്റെ കാര്യമോർത്ത് ഇവ ചവറ്റു കുട്ടയിലിടാൻ മടിച്ചാൽ ചർമരോഗങ്ങൾ ചികിത്സിക്കാൻ മാത്രമേ നേരം കാണൂ. മേക്കപ്പ് സാധനങ്ങൾ വാങ്ങുന്ന സമയത്തും ഡേറ്റ് നോക്കി വാങ്ങണം.

39 മേക്കപ്പ് ഏറ്റവും പാളിപ്പോകുന്നതു നിങ്ങളുടെ നിറത്തിനു ചേരാത്ത ഫൗണ്ടേഷൻ ഇടുമ്പോഴാണ്. മിക്കയാളുകളും കൈത്തണ്ടയിലിട്ടു നോക്കിയാണ് ഫൗണ്ടേഷൻ വാങ്ങുന്നത്. ഇതിനു പകരം നല്ല വെളിച്ചമുളള മുറിയിൽ താടിയെല്ലിന് അരികിൽ ഫൗണ്ടേഷനിട്ട ശേഷം സൂര്യപ്രകാശത്തിൽ കണ്ണാടി നോക്കി നിങ്ങൾക്കു ചേരുന്ന നിറം തന്നെയാണോയെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വാങ്ങാം.

40 മാർക്കറ്റിൽ ധാരാളം സൗന്ദര്യവര്‍ധകങ്ങൾ ലഭ്യമാണ്. എല്ലാം നിങ്ങൾക്ക് ഇണങ്ങും എന്നു കരുതി വാങ്ങി ഉപയോഗിക്കരുത്. ഇവയെക്കുറിച്ച് അറിവുളള ബ്യൂട്ടീഷനോടോ ഡോക്ടറോടോ ചോദിച്ച ശേഷം മാത്രമേ ഉപയോഗിച്ചു തുടങ്ങാവൂ. ഒരു പ്രോഡക്റ്റ് കുറഞ്ഞത് ആറു ആഴ്ചയെങ്കിലും തുടർച്ചയായി ഉപയോഗിച്ചാലേ അതിന്റെ യഥാർഥ ഗുണമറിയൂ. അതു കൊണ്ട് ഉടൻ തന്നെ റിസൽട്ട് വേണമെന്നു വാശിപിടിക്കരുത്. അടുത്തതിലേക്ക് എടുത്തു ചാടുകയും അരുത്.

41 മൊയിസ്ച്വറൈസിങ്, ക്ലെൻസിങ്, മേക്കപ്പ് എന്തുമാകട്ടെ... അതു മുഖത്തു മാത്രമാക്കാതെ കഴുത്തിലും കൂടി ചെയ്യുക. പ്രായത്തിന്റെ രേഖകൾ ആദ്യം തെളിയുന്നത് കഴുത്തിലാണെന്ന കാര്യം മറക്കണ്ട.

42 ബ്ലഷ് ഉപയോഗിക്കുന്നവർ മിക്കയാളുകളും അതു കൂടുതൽ ഇടുന്നതു കാണാം. ചിരിച്ചു കൊണ്ട് ബ്ലഷ് ഇടാം. ചുണ്ടിന്റെ മുകളിൽ നിന്ന് കവിളിലേക്കും അവിടുന്ന് പുരികത്തിന്റെ വശത്തേക്കും നേരിയ തോതില്‍ കൈയ്ക്കു ബലം കൊടുക്കാതെ ബ്ലഷ് ഇടുന്നതാണ് ശരിയായ രീതി.

43 എത്രയൊക്കെ മേക്കപ്പ് ഉപയോഗിച്ചാലും ആളുകൾ ഇടാൻ മറക്കുന്ന കാര്യമാണ് സൺസ്ക്രീൻ ലോഷൻ. മാരകമായ അൾട്രാ വയലറ്റ് കിരണങ്ങളിൽ നിന്ന് ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ ശീലമാക്കാം . കുട്ടികൾക്കുളള സൺസ്ക്രീൻ ലോഷനുകൾ പ്രത്യേകം വാങ്ങാൻ കിട്ടും.

44 ചടങ്ങുകള്‍ക്കും മറ്റും മുഖത്തു മാത്രം മേക്കപ്പ് ചെയ്തിട്ടു കൈയും കാലും ഇരുണ്ടിരിക്കുന്നതു സാധാരണം കണ്ടു വരുന്ന പ്രശ്നമാണ്. ബോഡി മാച്ച് ചെയ്തു മേക്കപ്പ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം. മുഖത്തിടുന്ന ക്രീമുകളും മറ്റും കഴുത്തിലും കൈകാലുകളിലും കൂടി ഇടാൻ മറക്കരുത്.

45 മേക്കപ്പ് ചെയ്യുമ്പോൾ എപ്പോഴും ഓഡർ കീപ് ചെയd്യുക. ക്ലെൻസർ, ടോണർ, മൊയിസ്ച്വറൈസർ ഇതാണ് ആദ്യം വേണ്ടത്. പിന്നീട് പ്രൈമർ. അതിനു ശേഷം മാത്രം ഫൗണ്ടേഷൻ. നല്ല ബ്രഷ് കൊണ്ടോ സ്പോഞ്ച് കൊണ്ടോ മേക്കപ്പ് നന്നായി ബ്ലെന്റു ചെയ്യണം. അല്ലെങ്കിൽ മുഖത്തു പാടുകൾ വീണതുപൊലെ തോന്നിക്കും.

46 ചുണ്ടുകളുടെ ഭംഗി നിശ്ചയിക്കുന്ന കാര്യത്തിൽ ലിപ്സ്റ്റിക്കിനുളള പോലെ വലിയൊരു പങ്ക് ലിപ് ലൈനറുകൾക്കും ഉണ്ട്. വലിയ ചുണ്ടുളളവർ ചുണ്ടിന്റെ ആകൃതിക്കൊത്ത് ലിപ് ലൈനർ കൊണ്ട് ചുണ്ടിനകത്തേക്ക് എഴുതി ലിപ്‍സ്റ്റിക്ക് ഇടുക. ചെറിയ ചുണ്ടുളളവർ ലിപ് ലൈനർ ചുണ്ടിന്റെ അൽപം പുറത്തേക്ക് എഴുതിയിട്ട് വേണം ലിപ്സ്റ്റിക് ഇടാൻ.

47 ചടങ്ങുകള്‍ക്കും മറ്റും പോകുമ്പോൾ വെളുപ്പ് തോന്നായി ആളുകൾ‌ ചർമ്മത്തേക്കാൾ ലൈറ്റ് കളർ കോംപാക്റ്റാണു വാങ്ങാറ്. ചര്‍മത്തിന്റെ അതേ നിറമുളള കോംപാക്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. താടിയെല്ലിനു താഴെ പുരട്ടി സൂര്യപ്രകാശത്തിൽ നോക്കിയ ശേഷമേ വാങ്ങാവൂ. ചർമത്തിന് ഇണങ്ങാത്ത കോംപാക്ട് മേക്കപ്പ് എടുത്തു കാണിക്കും.

48 മേക്കപ്പ് ചെയ്യുന്നതില്‍ കാണിക്കുന്ന അതേ ശ്രദ്ധ തന്നെ മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കുന്നതിലും കാണിക്കണം. വെയിൽ നേരിട്ട് അടിക്കുന്ന ജനലിനടുത്തും മറ്റും നാച്വറൽ ഓയിലടങ്ങിയ മേക്കപ്പ് സാധനങ്ങൾ വയ്ക്കരുത്. തണുത്ത സ്ഥലത്ത് സൂക്ഷിക്കാൻ പറയുന്നവ ഫ്രിഡ്ജിൽ തന്നെ വയ്ക്കാം.

49 തടിച്ച ചുണ്ടുളളവർ ലിപ്സ്റ്റിക്കിനു ശേഷം ലിപ്ഗ്ലോസ് ഇടുന്നത് ഒഴിവാക്കുക. ഇത് ചുണ്ടിനു കൂടുതൽ വലിപ്പം ഉളളതായി തോന്നിക്കും. വലിയ ചുണ്ടുളളവർ മാറ്റ് ഫിനിഷ്, സാറ്റിൻ ഫിനിഷ്, ക്രീമി ഫിനിഷ് എന്നിങ്ങനെയുളള ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

50 മേക്കപ്പിനുപയോഗിക്കുന്ന വസ്തുക്കൾ വൃത്തിയാക്കാൻ മറക്കുന്നവർ ധാരാളം. ബ്രഷും സ്പോഞ്ചും മറ്റും മാസത്തിലൊരിക്കലെങ്കിലും ചൂടുവെളളവും ഷാംപൂവും ഇട്ട് കഴുകി ഉണക്കാം.

beauty3