Wednesday 10 January 2018 04:39 PM IST : By സ്വന്തം ലേഖകൻ

ചർമം വൃത്തിയാക്കുന്ന ക്ലെൻസർ വീട്ടിൽ തന്നെ തയാറാക്കാം, പൊടിക്കൈ ഇതാ

cleanser

വെയിലും പൊടിയുമേറ്റു ചർമം വരണ്ടുണങ്ങിയാൽ മൃദുവാക്കാൻ, മേക്കപ്പണിയുന്നതിനു മുമ്പ് മുഖം വൃത്തിയാക്കാൻ, കിടക്കും മുമ്പ് മേക്കപ്പ് തുടച്ചു നീക്കാൻ, ചർമത്തിലെ മൃതകോശങ്ങളും അഴുക്കും നീക്കം ചെയ്യാൻ... ഇങ്ങനെ പലവിധ ഉപയോഗങ്ങളുണ്ട് ക്ലെൻസിങ് മിൽക്കിന്. ഈ ക്ലെൻസിങ് മിൽക്ക് നമുക്കു വീട്ടിൽ തന്നെ തയാറാക്കാവുന്നതേയുള്ളൂ.

∙ ഒരു ചെറിയ സ്പൂൺ ഓറഞ്ചുതൊലി ഉണക്കിപ്പൊടിച്ചത് കാൽ കപ്പ് തണുത്ത പശുവിൻപാലിൽ അരമണിക്കൂർ ഇട്ടു വയ്ക്കുക. ഇതിൽ മുക്കിയ പഞ്ഞിക്കഷണം കൊണ്ടു മുഖം മസാജ് ചെയ്ത ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുക. ഫ്രിഡ്ജിൽ വച്ചിരുന്നാൽ ഒരാഴ്ചയോളം ഉപയോഗിക്കാം.

∙ അര ലീറ്റർ കുപ്പിയിൽ കാൽ കപ്പ് തേനും സമം ഗ്ലിസറിനും ചേർക്കുക. ഇതിലേക്ക് ഏതെങ്കിലും ലിക്വിഡ് സോപ്പ് കൂടി യോജിപ്പിച്ചു സൂക്ഷിക്കുക. ഈ ബോഡി ക്ലെൻസർ ഉപയോഗിച്ചു കുളിച്ചാൽ ശരീരം വൃത്തിയാകും, ചർമം മൃദുവാകും.

∙ മേക്കപ്പ് തുടച്ചു നീക്കാൻ ഒലീവ് ഓയിലോ ബദാം എണ്ണയോ ഉപയോഗിക്കാം. എണ്ണ മുഖത്തു പുരട്ടിയ ശേഷം ടിഷ്യൂപേപ്പർ ഉപയോഗിച്ച് തുടച്ചു നീക്കണം.

∙ രണ്ടു വലിയ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ചെറിയ സ്പൂൺ തേനും അൽപം എണ്ണയും യോജിപ്പിക്കുക. മേക്കപ്പ് നീക്കാൻ ഈ അലോവെര ക്ലെൻസർ ഉപയോഗിക്കാം.

∙ തിളപ്പിക്കാത്ത പശുവിന്‍പാൽ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം മുഖത്തു പുരട്ടി കഴുകിക്കളയാം. വരണ്ട ചർമമ്മുള്ളവർക്ക് നല്ലൊരു ക്ലെൻസറാണിത്.

∙ എണ്ണമയമുള്ള ചർമക്കാർ തേനും നാരങ്ങാനീരും സമാസമമെടുത്തു മുഖത്തു ക്ലെൻസറായി ഉപയോഗിക്കുക. സാധാരണ ചർമമാണെങ്കിൽ തേനും പാലും സമാസമം യോജിപ്പിച്ച് ഉപയോഗിക്കുക. ഇതിനൊപ്പം ഒരു ചെറിയ സ്പൂൺ പഞ്ചസാര കൂടി ചേർത്താൽ സ്ക്രബുമായി.

∙ ഒലീവ് ഓയിലും മുന്തിരിനീരും തുല്യ അളവിലെടുത്ത് ക്ലെൻസറായി മുഖത്തു പുരട്ടാം. എണ്ണമയമുള്ള ചർമമുള്ളവർ മുന്തിരിനീരിനൊപ്പം നാരങ്ങാനീരും ഒരു മുട്ടവെള്ളയും ചേർത്തോളൂ. നന്നായി മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.

∙ പച്ചക്കറികളെയും ക്ലെൻസറാക്കി മാറ്റാം. നാലു വലിയ സ്പൂൺ വീതം തക്കാളി നീരും കുക്കുമ്പർ നീരുമെടുത്ത് മുഖത്തു പല തവണ പുരട്ടി മസാജ് ചെയ്യുക. തണുത്തവെള്ളത്തിൽ കഴുകാം. ചർമം മൃദുവാകും.

∙ മുഖം വൃത്തിയാകുന്നതിനൊപ്പം ചർമവും സുന്ദരമാകാൻ ഈ ക്ലെൻസിങ് മിൽക്ക് സഹായിക്കും. മൂന്നു ബദാമും രണ്ടു വലിയ സ്പൂൺ അരിയും തരിയില്ലാതെ പൊടിച്ചു വയ്ക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിച്ചാൽ ആവശ്യാനുസരണം അൽപം പാൽ ചേർത്തു യോജിപ്പിച്ചു മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാം.