Tuesday 09 January 2018 05:23 PM IST : By സ്വന്തം ലേഖകൻ

സൗന്ദര്യത്തിന് തിളക്കം കൂട്ടാം...

clear-skin

ചെറിയൊരു തലവേദന വന്നാൽ പോലും ആശുപത്രിയിൽ പോകാനും മരുന്നു വാങ്ങാനും ഒരു മടിയുമില്ല. പക്ഷേ, പ്രശ്നം ചർമത്തിനാണെങ്കിലോ? സ്കിൻ അല്ലേ, അൽപം വൈകിയാലും വലിയ പ്രശ്നമൊന്നുമില്ലല്ലോ എന്നൊരു അലസൻ വിചാരമാണ് പലർക്കും. മുഖചർമത്തെ പരിചരിക്കാനും താലോലിക്കാനും കാണിക്കുന്ന ശ്രദ്ധയുടെ നാലിലൊന്നു പോലും നമ്മൾ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുടെ ചർമത്തിന് കൊടുക്കുന്നില്ലെന്നതാണ് സത്യം. നന്നായി പരിപാലിച്ചാൽ ഈസിയായി നേടാവുന്നതേയുളളൂ നല്ല പട്ടു പോലെയുള്ള, തിളങ്ങുന്ന ചർമം.

കാലുകളെ തഴയല്ലേ

‘കാല്‍പാദം കണ്ടാലറിയാം സ്വഭാവം’ എന്നൊരു ചൊല്ലുണ്ട്. അതിന്റെ വിശാലമായ അര്‍ഥത്തിലേക്കു പോയില്ലെങ്കിലും വൃത്തിയുള്ള പാദങ്ങൾ കാത്തു സൂക്ഷിക്കുന്നവരെക്കുറിച്ചു മതിപ്പു കൂടുക തന്നെ ചെയ്യും.

വരൾച്ച, വിണ്ടു കീറൽ തുടങ്ങിയവയാണ് പൊതുവെ കാലുകളെ അലട്ടുന്ന പ്രശ്നങ്ങൾ. പാദസംരക്ഷണം ശീലമാക്കണം. ദിവസവും പത്തു മിനിറ്റെങ്കിലും കാലുകൾ ഇളംചൂടുവെള്ളത്തിൽ മുക്കി വയ്ക്കണം. എന്നിട്ട് ചെറുതായി സ്ക്രബ് ചെയ്യുക. മൃതകോശങ്ങൾ ഇളകിപ്പോകാൻ ഇവ സഹായിക്കും. പിന്നീട് നല്ലവണ്ണം മോയസ്ച്വറൈസർ പുരട്ടുക. സോറിയാസിസ് പോലുള്ള രോഗങ്ങളുള്ളവർ ഇത് ഒഴിവാക്കുക.

കാലിലെ മുറിവുകളും ചതവുകളും നിസ്സാരമായിട്ടെടുക്കരുത്. അഴുക്കും മറ്റും കയറി ചർമത്തിനും നഖത്തിനും അണുബാധയുണ്ടാകും. അഴുക്കുള്ള സ്ഥലങ്ങളിൽ ചെരുപ്പിടാതെ നടക്കരുത്. വെളളം കെട്ടിക്കിടക്കുന്നിടത്തു കൂടി നടക്കേണ്ടി വന്നാൽ ഉടനെ കാലുകഴുകണം. ഒപ്പം തുടച്ചു വൃത്തിയാക്കുകയും വേണം. നനഞ്ഞ കാലിലും നഖങ്ങളിലും എളുപ്പത്തിൽ പൂപ്പൽ ബാധ വരും. വീട്ടമ്മമാർ സ്ഥിരം ചെയ്യുന്നൊരു ‘കലാപരിപാടി’യാണ് അലക്കിക്കഴിഞ്ഞ സോപ്പുവെള്ളം നേരെ കാലിലേക്ക് ഒഴിക്കുന്നത്. ഇത് ഒരിക്കലും ചെയ്യരുത്. ചർമത്തിലെ എണ്ണ മയം മുഴുവൻ ഊറ്റിക്കള‍ഞ്ഞ് ചർമത്തെ വരണ്ടതാക്കി മാറ്റാനേ സോപ്പുവെള്ളം ഉപകരിക്കൂ. തുണിയലക്കിക്കഴിഞ്ഞ്. ഉപ്പിട്ട ഇളം ചൂടുവെള്ളത്തിൽ കാലുകൾ കഴുകണം.

ചെരിപ്പും സൂക്ഷിക്കണം

കാലിനുണ്ടാകുന്ന മറ്റ് പ്രധാന ആരോഗ്യപ്രശ്നങ്ങളാണ് അലർജിയും ഷൂ ബൈറ്റും ആണിയും. ഇടുന്ന ചെരുപ്പ് കൃത്യമായ അളവിലുള്ളതല്ലെങ്കിൽ വരുന്ന പ്രശ്നമാണ് ഷൂ ബൈറ്റ്. കാലിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു മാത്രം മർദം കൂടുന്നതു കാരണം അവിടെ ചർമം കട്ടിയാകും. ഡോക്ടറുടെ നിർദേശാനുസരണം മരുന്ന് പുരട്ടി ഇതു പരിഹരിക്കാവുന്നതേയുള്ളൂ. വീണ്ടും അതേ ചെരുപ്പു തന്നെ ഇടാതിരിക്കാൻ ശ്രദ്ധിക്കാം.

പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ഭക്ഷണത്തോടൊപ്പം വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നതിൽ തെറ്റില്ല.

ചെരുപ്പുമൂലമുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ് അലർജി. കാലു ചൊറിഞ്ഞു പൊട്ടുക, തടിപ്പ്, വെള്ളമൊലിപ്പ്, പാടുകൾ തുടങ്ങി പല രൂപത്തിൽ ഇതു വരാം.ചെരുപ്പിനു നിറം കൊടുക്കുന്ന വസ്തുക്കൾ, ചെരുപ്പുണ്ടാക്കിയ വസ്തു, തുകലിനു കട്ടി കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന സാധനങ്ങൾ തുടങ്ങി പലതും അലർജിക്കു കാരണമാകാം. ചിലർക്ക് ഷൂസിലെയും ചെരുപ്പിലെയും ബക്കിളും മറ്റും കാലിലുരസി വെള്ളപ്പാണ്ടു പോലെയുള്ള അലർജി വരാറുണ്ട്. എന്താണ് അലർജിയുടെ യഥാർത്ഥ കാരണം എന്നു പരിശോധനകളിലൂടെ കണ്ടെത്തി അതൊഴിവാക്കുക മാത്രമാണ് പോംവഴി. നനഞ്ഞ ചെരിപ്പിൽ ഉണ്ടാകുന്ന ഫംഗസ് ചർമത്തിൽ അലർജിയുണ്ടാക്കും. നനഞ്ഞ ചെരിപ്പുകൾ (പ്രത്യേകിച്ച് തുകൽ) ഇടരുത്. നല്ല വെയിലത്ത് ഉണക്കിയ ശേഷം മാത്രം ഇടുക.

ആണി എന്ന പൊല്ലാപ്പ്

കാലിന്റെ ചുവട്ടില മൃദുവായ ടിഷ്യുവിലാണ് ആണി രോഗം വരുന്നത്. ശരീരത്തിന്റെ മുഴുവൻ ഭാരവും താങ്ങുന്നത് കാലിനടിയിലുള്ള സോൾ ആണ്. നടത്തിത്തിലുള്ള അപാകതകൾ, പരന്ന കാൽപ്പാദം തുടങ്ങി പല കാരണങ്ങൾ കൊണ്ട് ആണി വരാം. ഭാരം കൃത്യമായി വ്യാപിക്കാതെ ഒരിടത്തു കൂടുതലായി കേന്ദ്രീകരിക്കുമ്പോൾ അവിടുത്തെ ഫൈബറസായ ടിഷ്യൂസിനു കട്ടി വയ്ക്കും. ഇതാണ് ആണി. നടപ്പ് ശരിയാക്കുക, സംരക്ഷണം നൽകുന്ന പാദരക്ഷകർ വാങ്ങുക, ചെരുപ്പിനുള്ളിൽ വയ്ക്കാവുന്ന സിലിക്കോൺ ജെൽ ഫൂട്ട് പാഡുകൾ ഉപയോഗിക്കുക തുടങ്ങിയവ ആണിരോഗം തടയാൻ നല്ലതാണ്.

പുറമെയുള്ളതും ഉള്ളിലുള്ളതും

തുടയിടുക്കില്‍, കക്ഷത്തിൽ, കഴുത്തിൽ എന്നിവിടങ്ങളിൽ വരുന്ന കറുപ്പു നിറം കണ്ടിട്ടും മിണ്ടാതിരിക്കുന്നത് അപകടമാണ്. പോളിസിസ്റ്റിക്ക് ഓവറി, പ്രമേഹം, ആന്തരാവയവങ്ങൾക്കുള്ള പ്രശ്നങ്ങൾ എന്നിവയുടെ ലക്ഷണമാകാം ഈ നിറം മാറ്റം. സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം മൂലം, തുടകൾ തമ്മിലുരസ്സൽ, അടിവസ്ത്രങ്ങളുടെ അലർജി ഇവ കൊണ്ടും നിറം മാറ്റമുണ്ടാകും. എത്രയും പെട്ടെന്ന് ചര്‍മരോഗവിദഗ്ധനെ കാണണം. ബാത്റൂമില്‍ പോയിക്കഴിഞ്ഞ് നനവോടു കൂടി തന്നെ അടിവസ്ത്രങ്ങൾ ഇടുന്നത് ഫംഗൽ ബാധയുണ്ടാക്കും. നനവൊപ്പി മാറ്റിയ ശേഷം മാത്രം അടിവസ്ത്രങ്ങൾ ധരിക്കുക. ആർത്തവ സമയത്ത് ഒരു പാഡ് ആറു മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്. ആർത്തവ രക്തം ചര്‍മത്തില്‍ തട്ടി നനവുണ്ടാക്കുന്നതു വഴി പൂപ്പൽബാധ വരും.

തുടയുടെ രണ്ടു വശത്തും തൊലി പോയി പുകച്ചിൽ അനുഭവപ്പെടുന്നതിനു ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. പുറത്തും തുടയിലും, മാറിടത്തിനു താഴെയും, അരയിലുമൊക്കെ വട്ടത്തിൽ നിറം മാറ്റം വരുന്നത് പുഴുക്കടിയാണ്. ഇതിനും ഡോക്ടറെ കണ്ടു ചികിത്സ തേടണം.

പ്രസവശേഷം പാടുകളും മറുകുകളും

പ്രവസവശേഷമുള്ള സ്ട്രെച്ച് മാർക്കാണ് കൂടുതൽ കണ്ടു വരുന്ന മറ്റൊരു ചർമപ്രശ്നം. പാരമ്പര്യം ഇക്കാര്യത്തിൽ വലിയ ഘടകമാണ്. അമ്മയ്ക്ക് വലിയ സ്ട്രെച്ച് മാർക്കുകൾ വന്നിട്ടുണ്ടെങ്കിൽ മകൾക്കും വരാനുള്ള സാധ്യത ഏറെയാണ്. പാടുകൾ വരാതിരിക്കാനുള്ള ക്രീമുകൾ ഡോക്ടറോടു ചോദിച്ച് ഗര്‍ഭകാലം മുതലേ പുരട്ടിത്തുടങ്ങാം. എപ്പോഴും വയർ ലൂബ്രിക്കേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഇതിനായി മോയസ്ച്വറൈസർ പുരട്ടാം. ചിലർക്ക് വയറിലും അതിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടും. ചൊറിയുന്നതിനു പകരം മൃദുലമായ കോട്ടൺ ഉപയോഗിച്ച് ഉരസുക. പാടുകൾ മാറാൻ പ്രസവശേഷം കൊളാജൻ റീമൗൾഡിങ് ക്രീമുകൾ പുരട്ടാം. ചിലരിൽ കറുത്ത് തടിച്ച പാടുകൾ വരും. അവർക്ക് ലേസർ ചികിത്സയാണു ഫലപ്രദം.

ശരീരത്തിൽ എവിടെയും മറുകും കാക്കപ്പുള്ളികളും വരാം. കറുത്ത് അൽപം പൊങ്ങിയ കുത്തുകൾ പോലെ വരുന്ന മറുകുകൾ സാവധാനം വലുപ്പം വയ്ക്കും. വണ്ണം വെച്ചാൽ, ഒരു പാട് വെയിലു കൊണ്ടാല്‍ ഒക്കെ ഇത്തരം മറുകു വരും. പൊങ്ങാത്ത കറുത്ത പൊട്ടുകളാണ് കാക്കപ്പുള്ളികൾ.

ഇവയ്ക്ക് പാരമ്പര്യം ഒരു ഘടകമാണ്. ക്രീം പുരട്ടിയതു കൊണ്ടു മറുകു മാറില്ല. ലേസർ ചെയ്താൽ പോകും. എന്നാൽ വീണ്ടും ശരീരത്തിൽ മറ്റു ഭാഗങ്ങളിൽ വരിലിലെന്ന് ഉറപ്പു പറയാൻ സാധിക്കില്ല. പെട്ടെന്ന് ദേഹം മുഴുവൻ വലിയ മറുകുകൾ വന്നാൽ പ്രത്യേകിച്ച് കാലിനടിയിലും കൈയിലും, ‍ഡോക്ടറെ കണ്ട് മറ്റ് അസുഖങ്ങളില്ലെന്ന് ഉറപ്പു വരുത്തണം.

അലർജി അത്ര നിസ്സാരകാര്യമല്ല

സ്ത്രീകൾ നാണക്കേടോർത്തും മടി വിചാരിച്ചും പറയാതെ വയ്ക്കുന്ന അലർജിയാണ് സ്വകാര്യഭാഗങ്ങളിലേത്. സിന്തറ്റിക്കിനു പകരം കോട്ടൺ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. അടിവസ്ത്രങ്ങളിലെ ലെയ്സാണ് അലർജിക്കു കാരണമെങ്കിൽ അതില്ലാത്തവ നോക്കി വാങ്ങണം.

∙അടിവസ്ത്രങ്ങൾ ഒരു ദിവസത്തിൽ കൂടുതൽ ഉപയaോഗിക്കരുത്.

∙ഡിറ്റർജന്റ് ഉപയോഗിച്ച് ഇളം ചൂടുവെള്ളത്തിൽ കഴുകണം.

∙വെയിലത്ത് നന്നായി ഉണക്കിയ ശേഷം മാത്രം ധരിക്കുക.

ഡിറ്റർജന്റ് അലർജിയുള്ളവർ അലക്കുമ്പോഴും പാത്രം കഴുകുമ്പോഴും കൈയുറ ധരിക്കണം. ജോലി കഴിഞ്ഞ് ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം കൈയിലും കാലിലും മോയസ്ച്വറൈസർ പുരട്ടുക. കൈകാലുകളെ രാസവസ്തുക്കളിൽ നിന്നു സംരക്ഷിക്കാനുള്ള ബാരിയർ ക്രീമുകൾ ഇപ്പോൾ മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമാണ്. ഡോക്ടറുടെ ഉപദേശാനുസരണം അതു പുരട്ടാം. പെർഫ്യൂം, ഡിയോ‍ഡ്രന്റ് എന്നിവ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അലർജി വരാം. നിറം മാറ്റവും ചൊറിച്ചിലും ആണ് അനുഭവപ്പെടുക. ഇത്തരക്കാർ കഴിവതും സുഗന്ധലേപനങ്ങൾ ഒഴിവാക്കണം. പട്ടി, പൂച്ച, ആട്, പശു തുടങ്ങിയ വളർത്തു മൃഗങ്ങളിൽ നിന്നും ചർമlത്തിൽ അലർജി പടരാം. വളർ‌ത്തുമൃഗങ്ങളെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും അവയോട് ഇടപഴകുന്നതു കുറയ്ക്കുകയും വേണം. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ‌ അലഞ്ഞു നടക്കുന്ന മറ്റു മൃഗങ്ങളോടു സഹവസിക്കാൻ അനുവദിക്കരുത്.

സൗന്ദര്യം വെറുതെ കിട്ടില്ല

നമ്മുടെ കാലാവസ്ഥയ്ക്ക് ദിവസം ഒരു നേരമെങ്കിലും തല നനയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പൊടിയും വിയർപ്പും കയറി ശിരോരോഗങ്ങൾ വരും. ഫോട്ടോ: സരിൻ രാംദാസ്

മുഖക്കുരു, താരൻ ഇവയൊക്കെ വന്ന ശേഷം പരിഹാരം തേടുന്നവരാണ് നമ്മിൽ പലരും. സൗന്ദര്യ സംരക്ഷണത്തിനായി ദിവസവും അൽപസമയം നീക്കി വച്ചാൽ പ്രശ്നങ്ങൾ അലട്ടാതിരിക്കും. പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. നന്നായി വെള്ളം കുടിക്കുകയും ചെയ്യണം. ഭക്ഷണത്തോടൊപ്പം വൈറ്റമിൻ ഡി സപ്ലിമെന്റ് കഴിക്കുന്നതിൽ തെറ്റില്ല.

ഈ കരുതലുകൾ‌ പ്രധാനം

∙ രാവിലെയും വൈകുന്നേരവും ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഫെയ്സ് വാഷിട്ട് മുഖം കഴുകണം. ഫെയ്സ് സിറം ഉപയോഗിക്കുന്നതും നല്ലതാണ്.

∙വെയിലത്തു പുറത്തിറങ്ങുമ്പോൾ സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്.പി.എഫ്) 30 എങ്കിലുമുള്ള സൺസ്ക്രീൻ പുരട്ടുന്നത് ശീലമാക്കുക. വേനൽക്കാലത്തു പുറത്തുപോയി വന്നാൽ, മുഖം കഴുകിയിട്ട് വീണ്ടും സൺസ്ക്രീൻ പുരട്ടാം.

∙രാത്രി ഉറങ്ങും മുൻപ് ഒരു തരി പോലുമില്ലാത്ത മേക്കപ്പ് കഴുകിക്കളയണം.

∙നമ്മുടെ കാലാവസ്ഥയ്ക്ക് ദിവസം ഒരു നേരമെങ്കിലും തല നനയ്ക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പൊടിയും വിയർപ്പും കയറി ശിരോരോഗങ്ങൾ വരും.

∙ഷാംപൂവും കണ്ടീഷണിങ്ങും ആഴ്ചയിലൊരിക്കൽ മതി. ദിവസവും ഷാംപൂ ചെയ്യണമെന്നുള്ളവർ ബേബി ഷാംപൂ ഉപയോഗിക്കുക. ഇളംചൂടുള്ള എണ്ണ കൊണ്ടു നന്നായി തല മസാജ് ചെയ്ത ശേഷം ഷാംപൂ ചെയ്യുന്നതാണ് ഉത്തമം. തലയിൽ പുരട്ടാൻ വെളിച്ചെണ്ണയാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.

∙നനഞ്ഞ മുടി കെട്ടി വയ്ക്കുന്നത് മുടിക്കായ ഉണ്ടാക്കും. മുടിക്കു പോഷകം കിട്ടാകതെ താഴേക്കു വളരുമ്പോൾ മുടി പിളരുകയും ചെയ്യും. ഈ രണ്ടവസരത്തിലും മൂന്നു മാസം കൂടുമ്പോൾ മുടി കൃത്യമായി ട്രിം ചെയ്യുക.

∙പാരമ്പര്യമായി കരുത്തുള്ള മുടിയുള്ളവർ സ്ട്രെയ്റ്റനിങ്, റീബോണ്ടിങ് എന്നിവ ചെയ്യുന്നതിൽ കുഴപ്പമില്ല സാധാരണ മുടിയുള്ളവർക്ക് ഇവ ദോഷം ചെയ്യും.

നഖങ്ങളാണ്, പണിയായുധമല്ല

എളുപ്പത്തിൽ പൊട്ടുന്ന നഖങ്ങളാണ് പലരുടേയും പ്രശ്നം. ഡയറ്റിങ് ചെയ്യുന്നതിൽ ഈ പ്രശ്നം കൂടുതൽ കണ്ടുവരാറുണ്ട്. മുട്ട, പാൽ, ഇറച്ചി, ചീര മത്തങ്ങക്കുരു തുടങ്ങിയവ ധാരാളം കഴിച്ചാൽ ഇതു പരിഹരിക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, ഇരുമ്പ്, സിങ്ക് എന്നിവ നഖത്തിന്റെ ആരോഗ്യത്തിനു നല്ലതാണ്.

നെയിൽ പോളിഷ് പുരട്ടും മുൻപേ നഖങ്ങളിൽ മോയ്സ്ചറൈസർ ഇടുന്നത് നല്ലതാണ്.

കാലിന്റെയും കൈയുടെയും സൗന്ദര്യത്തിനു പെഡിക്യൂർ, മാനിക്യൂർ എന്നിവ ചെയ്യുന്നത് നല്ലതാണ്. കേടുള്ള നഖം വൃത്തിയാക്കിയശേഷം ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്യണം. ഇങ്ങനെ ചെയ്യാതെ മറ്റു നഖങ്ങളിൽ ഉപയോഗിച്ചാൽ‌ അണുബാധ പടരാനുള്ള സാധ്യത കൂടും.

കുഴിനഖം (ഇൻഗ്രോയിങ് ടോ നെയിൽ– പുറത്തേക്ക് വളരാതെ മാംസത്തിനുള്ളിലേക്ക് വളരുന്ന നഖം) ഉള്ള ഭാഗം മൂർച്ചയുള്ള വസ്തുക്കൾ കൊണ്ട് വൃത്തിയാക്കുന്നതും നഖം പൊക്കുന്നതും ഒഴിവാക്കുക. ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് കുഴിനഖം ശുചിയാക്കാം. നഖം നേരെ വെട്ടാനും ശ്രദ്ധിക്കണം.

എന്തെങ്കിലും തുറക്കാനും, വലിച്ചിളക്കാനുമൊക്കെ നഖം ഉപയോഗിക്കരുത്. ഓർക്കുക, നഖം പണിയായുധമല്ല, സംരക്ഷണം വേണ്ട ശരീരഭാഗം തന്നെയാണ്.

∙നെയിൽ പോളിഷ് പുരട്ടും മുൻപേ നഖങ്ങളിൽ മോയ്സ്ചറൈസർ ഇടുന്നത് നല്ലതാണ്.

∙നെയിൽ‌ പോളിഷ് പല കോട്ട് ഇടുന്ന ശീലം നല്ലതല്ല. നഖങ്ങൾക്ക് ശ്വസിക്കാൻ പ്രയാസമാകും. നഖത്തിനു മഞ്ഞ നിറം വരാനും കാരണമാകും. ഒരു കോട്ട് മാത്രം ഇട്ടു ശീലിക്കുക.

∙അസറ്റോൺ ഫ്രീ ആയ നെയിൽ പോളിഷ് റിമൂവറുകൾ നോക്കി വാങ്ങുക.

∙നഖം കടിക്കുക, വളരെ ഉളളിലേക്കിറക്കി നഖം വെട്ടുക, നഖത്തിനു ചുറ്റും കാണുന്ന ചർമം (ക്യൂട്ടിക്കിൾ) പൊളിച്ചെടുക്കുക തുടങ്ങിയവ ഒഴിവാക്കണം.

വേറിട്ട പരീക്ഷണങ്ങൾ

ചർമസംരക്ഷണത്തിനും സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഒട്ടേറെ നൂതന മാർഗങ്ങൾ ഇന്നുണ്ട്.

∙കെമിക്കൽ പീലിങ്ങ്: പഴങ്ങളുടെ സത്തിൽ നിന്നു വേർതിരിച്ചെടുക്കുന്ന കെമിക്കലുകൾ കൊണ്ടുള്ള പീൽ. മൃതകോശങ്ങളെ നീക്കി ചർമത്തിനു യുവത്വം നൽകും. പ്രായമാകുന്നതിന്റെ ചുളിവുകൾ മാറും. ചർമം മൃദുലമാക്കും മുഖക്കുരു കുറയ്ക്കും.

∙റീസർഫസിങ്: പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ കൊണ്ടു കുഴികളും പാടുകളും നീക്കി ചർമത്തിന്റെ ചെറുപ്പം നില നിർlത്തുന്ന രീതിയാണിത്.

∙വാംപയർ ഫേഷ്യൽ: നമ്മുടെ തന്നെ രക്തത്തിലെ നല്ല പ്ലാസ്മയെ വേർതിരിച്ച് അതുകൊണ്ടുള്ള ചികിത്സ. ചർമത്തിനു നല്ല തിളക്കം കിട്ടും.

∙ബോടോക്സ് ഫില്ലറുകൾ: ഇരട്ടത്താടി, ചുളിവുകൾ, മാംസം തൂങ്ങിക്കിടക്കുന്ന അവസ്ഥയൊക്കെ മാറ്റാൻ ബോടോക്സ് ഫില്ലറുകൾ ഉപയോഗിക്കാം.

∙ലേസർ ഹെയർ റിമൂവൽ: അനാവശ്യ രോമങ്ങൾ ലേസർ ചികിത്സ വഴി നീക്കുന്ന രീതി.  

കടപ്പാട്: ഡോ. സൗമ്യ ജഗദീശൻ, അസിസ്റ്റന്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഡെർമറ്റോളജി, അമൃത ഹോസ്പിറ്റൽ, ഇടപ്പള്ളി.