Friday 12 January 2018 11:30 AM IST : By സ്വന്തം ലേഖകൻ

കൈകാലുകളിലുള്ള അനാവശ്യരോമങ്ങൾ ഒഴിവാക്കാം; കൂടുതൽ മൃദുവായും തിളക്കത്തോടെയും

hair-removing33

സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കൈയ്യിലും കാലുകളിലുമുള്ള അനാവശ്യ രോമങ്ങൾ. വാക്സിങ്, ഹെയർ റിമൂവിങ് ക്രീമുകൾ, ഷേവിങ് തുടങ്ങിയ നിവാരണ മാർഗ്ഗങ്ങളാണ് സാധാരണയായി പരീക്ഷിക്കാറുള്ളത്. പലർക്കും വാക്സിങ് ചെയ്യുമ്പോഴും ക്രീമുകൾ ഉപയോഗിക്കുമ്പോഴുമെല്ലാം അലർജി കണ്ടുവരാറുണ്ട്. ഇക്കാരണം കൊണ്ട് ഭൂരിഭാഗം പേരും അനാവശ്യ രോമങ്ങൾ നീക്കാൻ ഷേവിങ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ ഷേവ് ചെയ്യുമ്പോൾ പെട്ടെന്ന് രോമവളർച്ചയുണ്ടാവുകയും ചർമ്മം ഇരുണ്ടുപോവുകയും ചെയ്യും. ഷേവിങ്ങിന് മുൻപ് ചില ചർമ്മ സംരക്ഷണ മാർഗ്ഗങ്ങൾ കൂടി ചെയ്‌താൽ ഈ പ്രശ്നങ്ങൾ പൂർണ്ണമായും ഒഴിവാക്കാം.

നശിച്ചുകിടക്കുന്ന ചർമ്മകോശങ്ങൾ നീക്കം ചെയ്യുന്നു

ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ചർമ്മത്തിലെ ഡെഡ് സ്കിൻ സെൽസ് നീക്കം ചെയ്യുക എന്നത്. ഇങ്ങനെ നശിച്ചുകിടക്കുന്ന ചർമ്മ കോശങ്ങളെ നീക്കം ചെയ്യുന്നതോടെ പുതിയ കോശങ്ങൾ ആ സ്ഥാനത്ത് ഉണ്ടാവുന്നു. ഇത് ചർമ്മത്തിലെ രക്തചംക്രമണം കൂട്ടി നവോന്മേഷവും തിളക്കവും നിറവുമെല്ലാം നൽകുന്നു. തൊലിക്കടിയിലെ അഴുക്കുകളും അനാവശ്യ കൊഴുപ്പും നീക്കം ചെയ്യുന്നു. ചർമ്മത്തിലെ മൃദു കോശങ്ങളെ ഇത്തരത്തിൽ നീക്കം ചെയ്തശേഷം മാത്രം ഷേവിങ് ചെയ്‌താൽ നല്ല റിസൾട്ട് ലഭിക്കും.

ഡെഡ് സ്കിൻ സെൽസ് നീക്കം ചെയ്യുന്ന വിധം

രണ്ടു രീതിയിൽ ഡെഡ് സ്കിൻ സെൽസ് നീക്കം ചെയ്യാം. നാച്ചുറലായും കെമിക്കലുകൾ ഉപയോഗിച്ചുമാണ് ഇങ്ങനെ ചെയ്യുന്നത്. വീട്ടിലിരുന്നുകൊണ്ടുതന്നെ ചെയ്യാൻ ചില പ്രകൃതിദത്ത സ്‌ക്രബുകൾ ഉപയോഗിക്കാം. ഓട്സ്, ബേക്കിങ് സോഡ, മഞ്ഞൾ എന്നിവയുപയോഗിച്ചുകൊണ്ടുള്ള സ്‌ക്രബ് എല്ലാത്തരം ചർമ്മമുള്ളവർക്കും ഉപയോഗിക്കാം. കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ടുള്ള ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളത് പഴങ്ങളുടെ എൻസൈമുകൾ ആയിരിക്കും. അതുകൊണ്ട് ഇവ സ്‌ക്രബ് ചെയ്യാതെ തന്നെ നേരിട്ട് ചർമ്മത്തിൽ എത്തുന്നു. ഇങ്ങനെ സംഭവിക്കുന്നതുകൊണ്ടു ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ ആദ്യം തിളക്കം കിട്ടുമെങ്കിലും പിന്നീട് മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. പ്രകൃതിദത്തമായ രീതികൾ വളരെ ഫലപ്രദമാണ്. സ്‌ക്രബ് ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് താഴെ നിന്നും മുകളിലേക്ക് മസ്സാജ് ചെയ്യണം.

ഷേവിങ്ങിനു മുൻപ് ഡെഡ് സ്കിൻ നീക്കം ചെയ്യുന്നതിന്റെ ഗുണഫലങ്ങൾ

1. ആരോഗ്യവും മൃദുലവുമായ ചർമ്മം ലഭിക്കുന്നു.

2. രക്തചംക്രമണം കൂട്ടി ചർമ്മത്തിന് തിളക്കവും കൂടുതൽ നിറവും നൽകുന്നു.

3. ഹെയർ റൂട്ടുകൾ തുറക്കുന്നത് ഷേവിങ് കൂടുതൽ എളുപ്പമാക്കുന്നു. വേരു മുതലുള്ള രോമങ്ങളെ പിഴുതുമാറ്റാൻ സഹായിക്കുന്നു.