Tuesday 09 January 2018 04:52 PM IST : By സ്വന്തം ലേഖകൻ

സുന്ദരചർമം സ്വന്തമാക്കാൻ നാടൻ വഴികൾ

184750622

കണ്ണാടിയിൽ നോക്കാത്ത ഒരു ദിവസം പോലും നമ്മുടെയൊന്നും ജീവിതത്തിൽ ഉണ്ടാവാറില്ല. മുഖസൗന്ദര്യത്തിന് അത്രയേറെ പ്രാധാന്യം നൽകുന്നതുകൊണ്ടുതന്നെ മുഖത്തെ ചെറിയ പാടുകളും കുരുക്കളുമൊക്കെ നമ്മെ വളരെ അസ്വസ്ഥരാക്കാറുമുണ്ട്.

ഈ ദൗർബല്യങ്ങൾ മുതലെടുത്തുകൊണ്ടാണ് പല പരസ്യക്കമ്പനികളും മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഉത്പന്നങ്ങൾ വിപണിയിൽ വിറ്റഴിക്കുന്നത്. മുഖകാന്തി വർധിപ്പിക്കാനായി പല സൗന്ദര്യവർധക വസ്തുക്കൾ പരീക്ഷിച്ച് അതിൻെറ പാർശ്വഫലങ്ങളിൽ നിന്ന് രക്ഷപെടാൻ ത്വക്‌രോഗവിദഗ്ധരുടെ സഹയാം തേടി അലയുന്നവരും കുറവല്ല. ചെറിയ അലർജികൾ മുതൽ ജീവഹാനി സംഭവിച്ചേക്കാവുന്ന അർബുദരോഗത്തിനു വരെ കാരണമാവുന്നുണ്ട് ചില വ്യാജസൗന്ദര്യവർധക ഉൽപന്നങ്ങൾ.

എന്നാൽ ഇത്തരം ക്രീമുകളും ലോഷനുകളും ഉപയോഗിച്ച് പണവും ആരോഗ്യവും നശിപ്പിക്കുന്നതിനേക്കാൾ നല്ലത് പാർശ്വഫലങ്ങളേതുമില്ലാത്ത നാടൻ വിദ്യകൾ പരീക്ഷിക്കുന്നതാണ്. തിരക്കേറിയ ജീവിതത്തിൽ നിന്ന് അൽപസമയം നീക്കിവെയ്ക്കാൻ തയാറായാൽ ദിവസങ്ങൾക്കുള്ളിൽ ചർമ്മസൗന്ദര്യം വർധിപ്പിക്കാം.

∙ പഴം നന്നായി ഉടച്ചു മുഖത്ത് അരമണിക്കൂർ മാസ്കിട്ടാൽ മുഖകാന്തി വർധിപ്പിക്കുന്നതിനൊപ്പം മുഖത്തിൻെറ ഇലാസ്തികതയും നിലനിൽക്കും

∙ ചെറുനാരങ്ങാനീര് വെള്ളത്തിൽ കലർത്തി ആ മിശ്രിതം മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കും.

∙ കരിക്കിൻ വെള്ളം മുഖത്തു പുരട്ടി അല്പസമയത്തിനു ശേഷം കഴുകി കളയുക.

∙ തക്കാളികൊണ്ടു ദിവസേന മുഖം മസാജ് ചെയ്യുന്നതും തക്കാളിനീര് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതും മുഖകാന്തി വർധിപ്പിക്കും.

∙ പപ്പായ ഉടച്ചു മുഖത്ത് പുരട്ടുന്നതും മസാജ് ചെയ്യുന്നതും നല്ലതാണ്.

∙ അവക്കാഡോ അരച്ച് കാരറ്റ് നീരിൽ ചേർത്ത് മുഖത്ത് തേക്കുന്നതും. ദിവസേന ഒരെണ്ണം വീതം കഴിക്കുന്നതും മുഖം തിളങ്ങാൻ സഹായിക്കുന്നു .

∙ തൈര്,തേൻ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടി എകദേശം അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയുക.

∙ചെറുനാരങ്ങാ നീരും ഗ്ലിസറിനും ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖകാന്തി വർധിപ്പിക്കാൻ സഹായിക്കും .

∙പാലിൽ അല്പം തേനോ മഞ്ഞൾ പൊടിയോ ചേർത്ത് പുരട്ടുന്നതും മുഖം തിളങ്ങുവാൻ സഹായിക്കുന്നു