Wednesday 10 January 2018 02:12 PM IST : By സുചിത്ര ശിവദാസ്

വെളുക്കാന്‍ തേക്കുന്നത് പാണ്ടാകരുത്! ബ്യൂട്ടിപാർലർ തിരഞ്ഞെടുക്കും മുൻപ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

beauty-parlour

വിവാഹവേദിയിൽ വധുവായി ഒരുങ്ങി നിന്ന സുഹൃത്തിനെ കണ്ടപ്പോൾ ഞെട്ടിപ്പോയി. മുഖം മുഴുവൻ കുരു നിറഞ്ഞ്.. ഡള്ളായി. രണ്ടു ദിവസം മുൻപു ചെയ്ത ഫേഷ്യലായിരുന്നു ഈ രൂപമാറ്റത്തിനു പിന്നിൽ. പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിരിക്കാം.നമുക്കു ചുറ്റും നിരവധി ബ്യൂട്ടി പാർ‌ലറുകള്‍ ഉണ്ടെങ്കിലും മികച്ച നിലവാരം പുലർത്തുന്നവ ചുരുക്കമായിരിക്കും. വൃത്തി, മികച്ച സേവനം, കാര്യങ്ങള്‍ പറഞ്ഞുതരുന്നതിലുള്ള ബ്യൂട്ടീഷന്റെ വൈദഗ്ധ്യം ഇവയൊക്കെ മനസ്സിലാക്കിയ ശേഷം വേണം ഒരു ബ്യൂട്ടി പാർലറിലെ സ്ഥിരം സന്ദർശകയാകാൻ.

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

∙ മിക്ക പാർലറുകളിലും ബ്യൂട്ടീഷന്റെ സർട്ടിഫിക്കറ്റുകൾ വച്ചിട്ടുണ്ടാകും. നല്ല മികവുള്ള അംഗീകൃത യോഗ്യതയുള്ള ബ്യൂട്ടീഷനെയാണു തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കുക. സുഹൃത്തുക്കളും പരിചയക്കാരും നല്ല അഭിപ്രായം പറയുന്ന പാർലറുകളും തിരഞ്ഞെടുക്കാം.

∙ ഉപയോഗിക്കുന്ന ക്രീമുകള്‍ ഏതെന്ന് പറഞ്ഞുതരിക, ടിപ്‌സ് പങ്കുവയ്ക്കുക, ബ്ലീച്ച് പോലുള്ള കെമിക്കല്‍ വസ്തുക്കൾ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാവുന്ന ദോഷവശങ്ങള്‍ മനസ്സിലാക്കി തരിക, സൗന്ദര്യ ചികിത്സയുടെ ഗുണവും ദോഷവും പറഞ്ഞു തരിക ഇവയെല്ലാം ബ്യൂട്ടീഷ്യനു കഴിയണം. മേയ്ക്കപ്പിലും

ട്രെന്‍ഡ്, ലേറ്റസ്റ്റ് ഫാഷന്‍ എന്നിവയിലും മികവുള്ളവരാണോ ബ്യൂട്ടീഷൻ എന്നു വിലയിരുത്തുക.

∙ നിലവാരമുള്ള കോസ്മറ്റിക്സും ബ്യൂട്ടി പ്രോഡക്ടുകളുമാണോ ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കുക. കാലാവധി കഴിഞ്ഞവയല്ലെന്ന് ഉറപ്പുവരുത്തണം. ഫേസ് മസാജിങ്ങിന് എന്തു ക്രീമാണ് ഉപയോഗിക്കുന്നതെന്നു ചോദിക്കാം. നിങ്ങൾ തിരഞ്ഞെടുത്ത ഫേഷ്യലിന്റെ പ്രത്യേകതകളെന്തെന്നും അറി‍ഞ്ഞിരിക്കണം.

∙ പാർലറിന്റെ അകത്തളങ്ങളും ഉപകരണങ്ങളും വൃത്തിയുള്ളവയാണെന്ന് ഉറപ്പു വരുത്തുക. പെഡിക്യൂറിനും മാനിക്യൂറിനും ബ്ലാക് ഹെഡ്സ് നീക്കാനുമൊക്കെ ഉപയോഗിക്കുന്ന ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്തവയാണോ എന്ന് അന്വേഷിക്കാം. ചെറിയ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. മസാജിങ്ങിനും മറ്റും ഉപയോഗിക്കുന്ന ക്രീമുകൾ മറ്റൊരു പാത്രത്തിലേക്കു പകർന്ന ശേഷം മാത്രം ഉപയോഗിക്കാൻ ആവശ്യപ്പെടാം. മുഖം തുടയ്ക്കാൻ നൽകുന്ന ടവ്വലുകൾ വൃത്തിയുള്ളവയാണോ എന്നു ശ്രദ്ധിക്കുക.

ഹെയർ സ്റ്റൈൽ ചെയ്യാൻ പോകുമ്പോൾ ചീപ്പ്, ബ്രഷ്, കത്രിക, ഇവയെല്ലാം ഉപയോഗശേഷം വൃത്തിയായി കഴുകി അണുവിമുക്തമാക്കിയ ശേഷമാണോ വയ്ക്കുന്നതെന്നു മനസ്സിലാക്കണം. വാക്സിങ്ങിനു ശേഷം കൈകാലുകളിൽ പൗഡർ പുരട്ടുന്നുണ്ടെങ്കിൽ പൗഡർ പഫിനു പകരം പഞ്ഞിയിൽ മുക്കി പൗഡർ കൈകാലുകളിൽ പുരട്ടാൻ ആവശ്യപ്പെടാം.

∙ കാതു കുത്താനും മറ്റും ഡിസ്പോസിബിൾ നീഡിലാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

∙ ഓരോ ട്രീറ്റ്മെന്റിന്റെയും ചാർജ് എത്രയെന്നു മനസ്സിലാക്കി അതിനനുസരിച്ചുള്ള സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ബജറ്റിനിണങ്ങുന്ന പാർലർ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

∙ കഴിവതും എളുപ്പത്തിൽ എത്താൻ കഴിയുന്നിടത്തുള്ള പാർലറുകൾ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. പല സ്കിൻ കെയർ ട്രീറ്റ്മെന്റുകളും കഴിഞ്ഞ് ഏറെ ദൂരം യാത്ര ചെയ്യുന്നത് അവയുടെ ഫലം കുറയ്ക്കും.

 

വിവരങ്ങൾക്കു കടപ്പാട്:ബീന ഉണ്ണിക്കൃഷ്ണൻ, പ്രിറ്റി ഫെയ്സ് ബ്യൂട്ടി പാർലർ, പനമ്പിള്ളി നഗർ, എറണാകുളം.

ബീന ഷാജി, ബി സ്പേസ് ബ്യൂട്ടി ക്ലിനിക്,സി എൽ വർക്കി ആർക്കേഡ്, ഏറ്റുമാനൂർ