Wednesday 10 January 2018 12:02 PM IST : By ആമി ജോസ്

വിവാഹ നാളിലെ ഒരുക്കത്തെ കുറിച്ച് ടെൻഷൻ വേണ്ട! ഇതാ മനസുവച്ചാൽ ആർക്കും ബ്യൂട്ടീ ക്വീൻ ആകാനുള്ള മാർഗങ്ങൾ

wedding_beauty

മുടി മുതല്‍ നഖം വരെ തന്റേതായ സ്റ്റൈൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ പെൺകുട്ടികൾ. ഓടി ചെന്നുള്ള ഒരുക്കങ്ങളിൽ അവർ വിശ്വസിക്കുന്നില്ല. അഴക് മേക്കപ്പിൽ മാത്രം ഒതുങ്ങുന്നതാകരുത് എന്നും അവർക്ക് നിർബന്ധമുണ്ട്. പക്ഷേ കളയാൻ ഏറെ സമയം ഇന്ന് പെൺകുട്ടികൾക്കില്ല. അതിനാൽ തന്നെ കുറഞ്ഞ സമയത്തിൽ ഇഫക്റ്റീവ് ആയ ബ്യൂട്ടി ട്രീറ്റ്മെന്റുകളും ഇന്നുണ്ട്.

ഓരോരുത്തരുടെയും ചർമം, ആരോഗ്യം, തലമുടി എന്നിവയൊക്കെ കണക്കിലെടുത്ത് നാലോ അഞ്ചോ പാക്കേജുകളായാണ് ഇന്ന് ബ്യൂട്ടി ട്രീന്റ്മെന്റുകൾ ചെയ്യുന്നത്. അതിന് പ്രീ ബ്രൈഡൽ ട്രീറ്റ്മെന്റ് എന്ന് പറയാം.

കണ്‍സൾറ്റ് എ ബ്യൂട്ടി കൺസൾട്ടന്റ്

പ്രീബ്രൈഡല്‍ ട്രീറ്റ്‌മെന്റിന്റെ ആദ്യ ചുവട് ബ്യൂട്ടി കണ്‍സള്‍ട്ടന്റിനെ കാണുകയാണ്. ബ്യൂട്ടി രംഗത്ത് അറിവും പരിചയവും ഉള്ളവരെയാകണം കൺസൾറ്റ് ചെയ്യേണ്ടത്. കണ്‍സള്‍ട്ടന്റിനോട് വധു തന്റെ ആരോഗ്യം, ഡയറ്റ്, നെഗറ്റിവിറ്റി, ഹെയര്‍, മേക്കപ് സ്റ്റൈല്‍, ആഭരണങ്ങള്‍, വസ്ത്രം എന്നിവയെക്കുറിച്ച് തീര്‍ച്ചയായും സംസാരിച്ചിരിക്കണം. എങ്കിലേ എന്തൊക്കെ വേണം എന്തൊക്കെ വേണ്ട എന്നു ബ്യൂട്ടീഷ്യന് മനസിലാക്കാന്‍ സാധിക്കൂ. അതിനനുസരിച്ച് ആവശ്യമായ ബ്യൂട്ടി ട്രീറ്റ്മെന്റ്സ് കൺസൾട്ടന്റ് നിശ്ചയിക്കും.

wed_beauty2

ചർമ സംരക്ഷണത്തിൽ തുടങ്ങാം

ആദ്യമായി കൺസൾട്ടന്റ് നിങ്ങളുടെ സ്‌കിന്‍ അനലൈസ് ചെയ്യും. എന്തെങ്കിലും ചികിത്സയുണ്ടോ, മരുന്നു കഴിക്കുന്നുണ്ടോ, എത്ര ദിവസത്തെ ഫങ്ഷനാണ്. സമയം ഏത്രയുണ്ട്, ആഭരണം ആന്റിക് ആണോ ഡയമണ്ട് ആണോ, വിവാഹത്തിന്റെ കളര്‍ കോഡ് അല്ലെങ്കില്‍ കളര്‍ തീം ഏതാണ്, മുഹൂര്‍ത്തം എന്നിവയെല്ലാം ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് പ്രീ ബ്രൈഡൽ ട്രീറ്റ്മെന്റ് ഏങ്ങനെ വേണം എന്ന് നിശ്ചയിച്ചു കഴിഞ്ഞാൽ ട്രീറ്റ്‌മെന്റ് ആരംഭിക്കാം.

സ്കിന്‍ അനലൈസ് ചെയ്തു കഴിഞ്ഞാൽ ശരീരത്തിലെ ഒടിവുകളിലും കക്ഷത്തിലും മറ്റുമുള്ള പാടുകള്‍ ഇല്ലാതാക്കാൻ ബോഡി പോളീഷിങ് ചെയ്യാം.വണ്ണം കൂടുകയും കുറയുകയും ചെയ്യുന്നതിന്റെ ഭാഗമായി വയറിലും മറ്റും സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരാം. അത് ഇല്ലാതാക്കാനായിട്ടാണ് ബോഡി പോളിഷിംഗ്. കൂടാതെ സ്കിൻ സ്‌ക്രബ് ചെയ്യുകയും സ്‌പെഷ്യല്‍ ബോഡി ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുകയും ചെയ്യുമ്പോൾ മൃത കോശങ്ങളും ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങളും അകന്ന് ചർമത്തിന് തിളക്കവും നിറവും കാന്തിയും ലഭിക്കും. കല്യാണത്തിന് രണ്ടു മാസം മുമ്പ് ട്രീറ്റ്‌മെന്റിനെത്തുന്നവര്‍ക്ക് പ്രീ ബ്ൈഡല്‍ ട്രീറ്റ്‌മെന്റ് അഞ്ചു മണിക്കൂറോളം എടുത്ത് മാസത്തില്‍ ഒന്ന്, അല്ലെങ്കില്‍ 15 ദിവസം കൂടുമ്പോള്‍ എന്നിങ്ങനെ ചെയ്യാം. നേരം കൂടുതലെടുത്ത് ചെയ്യുന്ന സ്കിൻ ട്രീറ്റ്മെന്റിന് ഫലം കൂടും.

ചർമത്തിന് നല്‍കാം പ്രത്യേക പരിഗണന

ഓര്‍ഗാനിക് ട്രീറ്റ്‌മെന്റായ പഞ്ചതത്വ ചർമത്തിന് തിളക്കം നൽകുകയും സുഗന്ധപൂരിതമാക്കുകയും ചെയ്യും. പാലിലാണ് ഇത് ചെയ്യുന്നത് പാല്‍ അലര്‍ജിയുള്ളവര്‍ക്ക് തേൻ പോലെയുള്ള മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിച്ച് ട്രീറ്റ്‌മെന്റ് നല്‍കും.ചർമത്തിന് ട്രീറ്റ്‌മെന്റുകള്‍ നല്‍കുമ്പോള്‍ തീര്‍ച്ചയായും കുറച്ചുകാലം നീണ്ടു നില്‍ക്കുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റുകള്‍ ചെയ്യുക.

wed_beauty3

കൈകാലുകൾക്ക് അഴകേകാൻ

വിവാഹത്തിനൊരുങ്ങുന്ന പെൺകുട്ടി ഫുള്‍ ബോഡി വാക്‌സിംഗ്, പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ നിർബന്ധമായും ചെയ്യണം. കൈകാലുകളിലെ ഡ്രൈനസ്, ഇൻഫെക്ഷനുകൾ, പാടുകൾ എന്നിവയെല്ലാം ഇതിലൂടെ അകറ്റാനാകും. വിവാഹത്തിന് രണ്ടു മാസം മുൻപേ ഇത്തരം ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നതാണ് നല്ലത്. ഇതിന്റെ തുടര്‍ച്ചയായി ഒരു മാസം കഴിയുമ്പോഴോ, 15 ദിവസം കഴിയുമ്പോഴോ സ്‌കിന്‍ വൈറ്റനിങ്ങും ബോഡി വൈറ്റനിങ്ങും ചെയ്യാം

മുടിക്ക് വേണം കെയർ

മുടിയെ അനലൈസ് ചെയ്യുകയാണ് അടുത്തപടി. മിക്കവരുടെയും മുടി ഡാമേജ് ആയിട്ടുണ്ടാകും. മുടിക്ക് കരുത്ത് പകരാൻ െകരാട്ടിന്‍ ട്രീറ്റ്‌മെന്റ്, റിഫ്രഷ്മന്റെ് ട്രീറ്റ്‌മെന്റ് എന്നിവ ചെയ്യാം. മുടിക്കായി ഹെയര്‍ സ്‌ട്രെഗ്തനിംഗ് ട്രീറ്റ്‌മെന്റ് ഉണ്ട്. ആറ് മാസം മുൻപെങ്കിലും ചെയ്തു തുടങ്ങിയാൽ നല്ല വ്യത്യാസം ഉണ്ടാകും. ഹെയര്‍ കട്ട്, ഹെയര്‍ സ്പാ എന്നിവയും ചെയ്യാം. വീട്ടില്‍ കൊണ്ടു പോയി ചെയ്യാനാവശ്യമായ ഹോം കെയര്‍ ഉത്പന്നങ്ങളും മിക്ക ബ്യൂട്ടി ട്രീറ്റ്‌മെന്റ് സെന്ററുകളും നല്‍കുന്നുണ്ട്. അവ കൂടി കൃത്യമായി ചെയ്താൽ കുറച്ച് സമയം കൊണ്ട് തന്നെ മുടിയുടെ സൗന്ദര്യം വീണ്ടെടുക്കാനാകും.

സുന്ദരിയാകാൻ ഏത്ര സമയം വേണം

സമയമാണ് സുന്ദരിയാകാനുള്ള തയാറെടുപ്പിലെ പ്രധാന ഘടകം. സമയം കൂടുതൽ ലഭിക്കും തോറും ട്രീറ്റ്മെന്റുകളുടെ ഫലവും കൂടും. കുറഞ്ഞപക്ഷം വിവാഹത്തിന് രണ്ടുമാസം മുൻപെങ്കിലും തയാറെടുപ്പുകള്‍ തുടങ്ങണം. ഇനി അത്രയും സമയവും കിട്ടിയില്ലെങ്കിലും വിഷമിക്കാനില്ല.

ഒരു മാസം മുന്‍പോ, 20 ദിവസം മുന്‍പോ ഫസ്റ്റ് സിറ്റിംഗ് നടത്തി ചെയ്യാവുന്ന ട്രീറ്റ്മെന്റുകൾ ലഭ്യമാണ്. ഹെയര്‍ സ്പാ മാനിക്യൂര്‍, പെഡിക്യൂര്‍, ഫേഷ്യല്‍, ഫേസ് ആന്‍ഡ് നെക്ക് ബ്ലീച്ച്, ഫുള്‍ ബോഡി ക്ലെന്‍സിംഗ്, സ്‌ക്രബിംഗ്, മസാജിംഗ്, ഫുള്‍ ബോഡി വാക്‌സിംഗ്, ഫുള്‍ ബോഡി ബ്ലീച്ചിംഗ്. എന്നിവയാണ് ഫസ്റ്റ് സിറ്റിംഗില്‍ നല്‍കുന്നത്. രണ്ടുമാസത്തെയെങ്കിലും സമയം വിവാഹത്തിന് ഉള്ളവര്‍ക്കു മാത്രമെ മൂന്നും നാലും സിറ്റിംഗുകള്‍ നടത്താൻ സമയം ലഭിക്കൂ.

എത്ര സിറ്റിങ് വേണം

ഫസ്റ്റ് സിറ്റിംഗിന് 4 മണിക്കൂറാണ് സമയം വേണ്ടത്. രണ്ടാമത്തെ സിറ്റിംഗിന് 5 മുതല്‍ 6 മണിക്കൂര്‍ വേണം. രണ്ടാമത്തെ സിറ്റിംഗ് ചടങ്ങിന് മൂന്നാഴ്ച മുൻപ് ചെയ്യാം. രണ്ടാമത്തെ സിറ്റിംഗില്‍ മുഖത്തിന് ചില വ്യത്യാസങ്ങളൊക്കെ വരുത്തും. ഓരോരുത്തരുടെയും ആഭരണം വസ്ത്രം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇത് ചെയ്യുന്നത്. മൂന്നാമത്തെ സിറ്റിംഗ് നടത്തേണ്ടത് ചടങ്ങിന് രണ്ടാഴ്ച മുന്‍പാണ്. ഈ സിറ്റിംഗിലും ഫസ്റ്റ് സിറ്റിംഗില്‍ ചെയ്ത കാര്യങ്ങളെല്ലാം അഡ്വാന്‍സായി ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ സിറ്റിംഗ് കഴിഞ്ഞതിനു ശേഷം സ്‌കിൻ പരിശോധിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹാരം കാണാനുള്ളതാണ് നാലാമത്തെ സിറ്റിംഗ്. അത് ചടങ്ങിന് രണ്ടോ മൂന്നോ ദിവസം മുൻപ് ചെയ്യാം.

ഇത്രയും കാര്യങ്ങളൊക്കെ ചെയ്യുന്നത് രണ്ടുമാസമെങ്കിലും മുന്നിലുള്ളവര്‍ക്കാണ്. വിവാഹത്തിന് ഒരു മാസം, ഒരാഴ്ച്ച എന്നിവ മാത്രമുള്ളവര്‍ക്കായി ചടങ്ങിന്റെ മൂന്നോ, നാലോ ദിവസം മുന്‍പ് പ്രീബ്രൈഡല്‍ ബ്യൂട്ടി ട്രീറ്റ്‌മെന്റ് നല്‍കും. ഇവര്‍ക്ക് വീട്ടിലിരുന്നു ചെയ്യാനാവശ്യമായ ഹോം കെയര്‍ ഉത്പന്നങ്ങൾ നല്‍കും.

ഇഷ്ടാനുസരണം മാറ്റം വരുത്തരുത്

പ്രീ ബ്രൈഡൽ ട്രീറ്റ്മെന്റ് ചെയ്യുന്ന സമയത്ത് ഒരിക്കലും കണ്‍സള്‍ട്ടന്റ് നിര്‍ദേശിക്കുന്ന ഉത്പന്നങ്ങളല്ലാതെ മറ്റൊന്നും ഉപയോഗിക്കരുത് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പ്രത്യേകിച്ച് സോപ് എണ്ണ മുതലായവ. ഇന്ന് മിക്ക ബ്യൂട്ടി ട്രീറ്റ്‌മെന്റ് സെന്ററുകളിലും ഓര്‍ഗാനിക് രീതിയിലുള്ള ബ്യൂട്ടി കെയര്‍ ഉത്പന്നങ്ങളുണ്ട്. ശരീരത്തിന് പരിശുദ്ധി, തിളക്കം, മൃദുത്വം, സുഗന്ധം എന്നിവ നല്‍കാന്‍ ഇത് സഹായകമാണ്. ചന്ദനം, മഞ്ഞള്‍, ഊദ്, കുങ്കുമപ്പൂവ് എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം ഉത്പന്നങ്ങൾ കല്യാണത്തിന് മുൻപെയും കല്യാണം കഴിഞ്ഞ ശേഷവും ശരീരത്തില്‍ ഉപയോഗിക്കുന്നത് വരന്റെയും വധുവിന്റെയും ശരീരത്തില്‍ സുഗന്ധവും തിളക്കവും നിലനിര്‍ത്താന്‍ സഹായിക്കും.

ട്രയൽ നോക്കുക

മേക്കപ്പ് ആർട്ടിസ്റ്റ് വിവാഹ ദിവസം ആഗ്രഹിക്കുന്ന ഗെറ്റപ്പിന്റെ ട്രയല്‍ തീർച്ചയായും നോക്കും. ട്രയൽ ഒരു അത്യാവശ്യമാണ് എന്ന് അറിയുക. വസ്ത്രവും ധരിച്ച് നോക്കണം. ആഭരണങ്ങളും ധരിച്ച് ട്രയല്‍ നടത്തി നോക്കണം. സ്‌കിന്‍ ടോണ്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കളർ, വെഡ്ഡിങ്ങിന്റെ കളർ തീം എന്നതിനനുസരിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് മേക്കപ്പ് ചെയ്തു തരും. എത്ര ദിവസമാണ് ചടങ്ങ് ഓരോ ചടങ്ങിന്റെയും വ്യത്യസ്തമായ ലുക്ക് എങ്ങിനെ വേണം എന്നിവയും നിശ്ചയിക്കണം.

പുരികം ത്രെഡ് ചെയ്യുമ്പോഴും, നഖങ്ങള്‍ ഷെയിപ് ചെയ്യുമ്പോഴുമെല്ലാം ശ്രദ്ധവേണം. ഇവയൊക്കെ അഴകിനെ വിളിച്ചോതുന്നവയാണ്. തന്റെ വസ്ത്രധാരണം മേക്കപ് എന്നിവക്കനുയോജ്യമായി വേണം പുരികത്തെ ഒരുക്കാന്‍. നഖങ്ങളില്‍ ഇന്ന് നിറയെ അലങ്കാരപണികള്‍ വരെ ചെയ്തു നല്‍കും അവയും വസ്ത്രത്തിനും തന്റെ സ്‌കിന്നിനും അനുയോജ്യമായത് തിരഞ്ഞെടുക്കണം. ഹെയര്‍ സ്‌റ്റൈലാണ് അടുത്തത്. അതും ട്രയൽ ചെയ്ത് ചേരുമോ എന്ന് ഉറപ്പാക്കണം.

ചടങ്ങു നടക്കുന്ന സമയവും മേക്കപ്പിൽ പരിഗണിക്കണം. ഇന്ന് ചടങ്ങുകളെല്ലാം മിക്കവാറും വൈകുന്നേരമാണ് വൈകുന്നേരത്തെ മേക്കപ് നിര്‍ബന്ധമായും ഗ്ലോസിയും ഗ്രിറ്ററിംഗുമായിരിക്കണം. ലിപ്‌സ്, കണ്ണുകള്‍, കവിളുകള്‍ ഹെയര്‍ സ്‌റ്റൈല്‍ എന്നിവയാണ് വൈകുന്നേരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുക.

വണ്ണം ക്രമീകരിക്കാം കൂടുതൽ സുന്ദരിയാകാം

വിവാഹത്തോടനുബന്ധിച്ച് പെൺകുട്ടികൾ ശരീരത്തിന്റെ വണ്ണം ക്രമീകരിക്കേണ്ടതുണ്ട്. മിതമായ വണ്ണം വിവാഹദിനത്തിലെ വസ്ത്രങ്ങളിൽ നിങ്ങളെ കൂടുതൽ സുന്ദരിയാക്കും. ഡയറ്റ് എങ്ങനെയായിരിക്കണം എന്ന് ബ്യൂട്ടി കണ്‍സള്‍ട്ടന്റ് പറഞ്ഞു തരും അത് കൃത്യമായി പാലിക്കണം.

വിവാഹ ദിവസം

കല്യാണത്തിനു മുന്‍പുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞു. ഇനി വേണ്ടത് കല്യാണ ദിവസത്തെ ഒരുക്കമാണ്. തലമുടി, ശരീരം എന്നിവയുടെ ബ്യൂട്ടി ട്രീറ്റ്‌മെന്റിനായി സമീപിച്ച കണ്‍സള്‍ട്ടന്റിനെ തന്നെ മേക്കപ്പിനായി സമീപിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. അതിനായി ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട മേക്കപ് ആര്‍ട്ടിസ്റ്റുകളെ കാണാം. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടു കഴിഞ്ഞാല്‍ ചെയ്യേണ്ട കാര്യം നിങ്ങളുടേതുമാത്രമായ ആ ദിവസം എങ്ങനെ അണിഞ്ഞൊരുങ്ങുവാനാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് മേക്കപ് ആര്‍ട്ടിസ്റ്റിനോട് പറയുക എന്നതാണ്.

ബ്യൂട്ടി ട്രീറ്റ്‌മെന്റിനു സമയം വേണ്ടതു പോലെ തന്നെ മേക്കപ് ആര്‍ട്ടിസ്റ്റിനും നിങ്ങളെ സുന്ദരിയാക്കാന്‍ സമയം വേണം. ഏതു തരം വസ്ത്രമാണ് ഉപയോഗിക്കുന്നത്. മുഗള്‍ സ്‌റ്റൈല്‍, യൂറോപ്യന്‍ സ്റ്റൈല്‍, വെസ്റ്റേണ്‍ സ്റ്റൈല്‍, അറബിക്, ട്രഡിഷണല്‍, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ തുടങ്ങി ഏത് സ്റ്റൈലിലാണ് വിവാഹം നടക്കാൻ പോകുന്നത്. തീം ഉണ്ടോ അല്ലെങ്കില്‍ ഓരോരുത്തര്‍ക്കും അവരവരുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും പ്രത്യേകമായ ആഗ്രഹമുണ്ടോ എന്നെല്ലാം മേക്കപ് ആര്‍്ട്ടിസ്റ്റിനോട് പറയണം.

ഇവന്റ് മാനേജ്‌മെന്റ് ടീം, ഫോട്ടോഗ്രാഫര്‍ എന്നിവയെകുറിച്ച് സംസാരിക്കണം.

വിവരങ്ങൾക്ക് കടപ്പാട്: ഷഫീനാസ്, ബ്രൈഡൽ മേക്കപ്പ് എക്സ്പേർട്ട്, എൻ. എച്ച്. ബൈപാസ്, പാലാരിവട്ടം.