Friday 12 January 2018 10:05 AM IST

മനംമയക്കുന്ന കൈകളും വിരലുകളും സ്വന്തമാക്കാം, വെറും അരമണിക്കൂറിൽ

Lakshmi Premkumar

Sub Editor

nail

നീണ്ട ഭംഗിയുള്ള കൈവിരലുകൾ എല്ലാവർക്കും ഇഷ്ടമാണ്. ഒരു കുടുംബത്തിൽ മുഖച്ഛായ ഉണ്ടാകുന്നത് പോലെ തന്നെ കുടംബാംഗങ്ങളുടെ കൈകളും കാലുകളും തമ്മിൽ സാമ്യതകളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ആകാരത്തിലും ആകൃതിയിലും ഒരു പോലെ ഇവ തലമുറകളോളം ബന്ധപ്പെട്ട് കിടക്കുന്നു.

വരണ്ട ചർമത്തോടെ ചെളിയും അഴുക്കും നിറഞ്ഞ, നിറം മങ്ങിയ നഖത്തോട് കൂടിയ കൈകളാണോ നിങ്ങളുടേത്? യ ഥാർഥത്തിൽ മുഖത്തിന് നൽകുന്ന അതേ പരിപാലനം തന്നെ കൈകൾക്കും നൽകണം. സ്വയം ഒന്ന് നിരീക്ഷിച്ചാൽ തന്നെ കൈകളുടെ പ്രശ്നങ്ങളെ കണ്ടെത്താം.

ഒന്നു ശ്രദ്ധിച്ച് നോക്കൂ, കൈകളിൽ നിറവ്യത്യാസം ഉ ണ്ടോ? തൊലി ചുളിഞ്ഞാണോ? മൃദുത്വം മാറി വിണ്ടു കീറാൻ തുടങ്ങിയോ? മോതിരം കിടക്കുന്നവിരലുകളിൽ വെള്ള പാടുണ്ടോ? ക്യൂട്ടിക്കിൾ വരണ്ടതും കട്ടിയുള്ളതുമാണോ? കൈകളിൽ വരയ്ക്കുമ്പോൾ വെള്ള പാടുണ്ടാകുന്നുണ്ടോ? മനോഹരമായിരിക്കേണ്ട നഖങ്ങൾ പൊട്ടിയും നെയിൽ പോളിഷ് പൊളിഞ്ഞും വൃത്തിയില്ലാതെയാണോ ഇരിക്കുന്നത്? എങ്കിൽ നിങ്ങൾ കൈകൾക്ക് സംരക്ഷണം നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മിന്നും നഖങ്ങൾക്ക് ചെയ്യേണ്ടത്

നഖം വെട്ടുമ്പോൾ മുതൽ ശ്രദ്ധിക്കണം കൈകളുടെ സംരക്ഷണം. നമ്മൾ പുറത്തേക്ക് കാണുന്ന നഖത്തിന്റെ ഭാഗങ്ങൾ രക്തയോട്ടമില്ലാത്ത തികച്ചും മൃതമായ ഭാഗമാണ്. നഖത്തിന്റെ അടിയിലെ മാംസളമായ ഭാഗമാണ് പ്രധാനം. ഈ ഭാഗത്ത് ഉണ്ടാകുന്ന മുറിവോ ചതവോ ആണ് പല പ്രശ്നങ്ങൾക്കും കാരണമാകുന്നത്. നഖങ്ങൾ എപ്പോഴും സ്ട്രെയിറ്റ് എക്രോസ് ആയിവേണം വെട്ടാൻ.നഖത്തിന് ചുറ്റുമുള്ള തൊലിപ്പുറത്ത് ചതവ് സംഭവിച്ചാൽ നഖത്തിന് നിറവ്യത്യാസം ഉണ്ടാകാറുണ്ട്. ഡിറ്റർജന്റ് അമിതമായി ഉപയോഗിക്കുന്നവർക്കും എപ്പോഴും കൈകളിൽ നനവ് തട്ടുന്നവർക്കും ഫംഗൽ അണുബാധുണ്ടാകും. നഖത്തിലെ നിറ വ്യത്യാസവും കട്ടി കുറഞ്ഞ് ലെയറായി ചീന്തിപ്പോകുന്നതുമാണ് ഇതിന്റെ ലക്ഷണങ്ങൾ.

നഖത്തിൽ കാണുന്ന നിറവ്യത്യാസമുള്ള കുത്തുകളും കുഴികളും ശരീരത്തിലെ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്. ശരീരത്തിന് ആവശ്യമുള്ള വൈറ്റമിൻ ലഭിക്കാതെ വരുമ്പോഴാണ് നഖത്തിൽ വെള്ളപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. നഖങ്ങൾ വരണ്ട് പൊട്ടിപോകുന്നതിന് പ്രധാന കാരണം ഭക്ഷണക്രമത്തിലെ അസന്തുലിതാവസ്ഥയാണ്. അനീമിക് ആയവരിൽ നഖങ്ങളുടെ അഗ്രഭാഗങ്ങൾ മുകളിലേക്ക് സ്പൂണുപോലെ പൊങ്ങിയതായി കാണാം. നഖങ്ങൾ അലക്ഷ്യമായി വെട്ടുന്നതിലൂടെയും വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നുമാണ് കുഴിനഖം രൂപപ്പെടുന്നത്.

വരണ്ട ചർമമുള്ളവർ നഖങ്ങളിലും വിരലുകളിലും ഓയിൽ മാനിക്യൂറും പരാഫിൻ വാക്സ് ട്രീറ്റ്മെന്റും ചെയ്യുന്നത് ഗുണകരമാണ്. നഖങ്ങളുടെ തുടക്കത്തിലുള്ള മാംസളമായ ഭാഗത്ത് ഓയിൽ മസാജ് ചെയ്യുന്നത് നഖങ്ങളുടെ വളർച്ചയെ ദ്രുതഗതിയിലാക്കും. വിരലുകളിൽ‌ പാലുണ്ണി പോലെയുള്ള കുരുക്കളോ അരിമ്പാറയോ കണ്ടാൽ ഉടനടി തന്നെ ഡോക്ടറുടെ സഹായം തേടണം. വിരലുകളിൽ നിന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇത്തരം രോഗങ്ങൾ പകരാനുള്ള സാധ്യത കൂടുതലാണ്. കൈകളുടെ സൗന്ദര്യം വർധിപ്പിക്കാൻ മാസത്തിൽ ഒരു തവണ മാനിക്യൂർ‌ വീട്ടിൽ തന്നെ ചെയ്യാം.

nail3

കൃത്രിമ നഖമാകാം

നഖങ്ങൾ വളരാത്തവർക്കും, ഇടയ്ക്കിടെ നഖങ്ങൾ ഒടിഞ്ഞു പോകുന്നവർക്കും കൃത്രിമ നഖങ്ങൾ ഉപയോഗിക്കാം. ചില ആഘോഷ ദിനങ്ങളിൽ മാത്രം ഉപയോഗിക്കാൻ വിവിധ നിറത്തിലും അലങ്കാര പണികളോടും കൂടിയ നഖങ്ങളും വിപണികളിൽ ലഭിക്കും. നഖങ്ങളിൽ ഉപയോഗിക്കുന്ന ജെൽ ഗ്ലൂ ഉപയോഗിച്ച് കൃത്രിമ നഖങ്ങളെ യഥാർഥ നഖത്തിലേക്ക് ബലമായി ഒട്ടിക്കാം. രണ്ട് ദിവസം വരെ ഇത് പൊളിഞ്ഞ് പോകാതെ നിൽക്കും. എന്നാൽ സ്ഥിരമായി ഇത്തരം നഖങ്ങൾ ഉപയോഗിക്കുന്നത് വിരലുകൾക്കും നഖത്തിനും ദോഷം ചെയ്യും.

മാനിക്യൂർ വീട്ടിൽ തന്നെ

ഒരു ബൗളിൽ അൽപം ചൂടുവെള്ളമെടുത്ത് അതിലേക്ക് ചെറുനാരങ്ങയുടെ നീരും അൽപം ഇന്തുപ്പും ഏതെങ്കിലും ഒരു ഷാംപുവും ചേർക്കുക.ഈ വെള്ളത്തില്‍ 20 മിനിറ്റ് കൈകൾ മുക്കി വയ്ക്കുക. നെയിൽ ബ്രഷ്, ക്യൂട്ടിക്കിൾ കട്ടർ, ക്യൂട്ടിക്കിൾ പുഷർ, നെയിൽ കട്ടർ, ബഫർ എന്നിവയെല്ലാം അടങ്ങിയ മാനിക്യൂർ പാക്കുകൾ വിപണികളില്‍ ലഭ്യമാണ്.

മുക്കി വച്ച ശേഷം ക്യൂട്ടിക്കൾ പുറകിലേക്ക് പുഷ് ചെയ്ത് കട്ടർ ഉപയോഗിച്ച് നഖത്തിന്റെ അരികിലെ ക്യൂട്ടിക്കി ൾ വൃത്തിയാക്കാം. ആവശ്യാനുസരണം നഖങ്ങൾ മുറിച്ച ശേഷം നെയിൽ ബ്രഷ് ഉപയോഗിച്ച് പതുക്കെ സ്ക്രബ് ചെയ്ത് നഖങ്ങൾ വൃത്തിയാക്കുക. നഖങ്ങൾ തുടങ്ങുന്ന ഭാഗം വരണ്ടാണിരിക്കുന്നതെങ്കിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. മുഖത്ത് ഉപയോഗിക്കുന്ന സ്ക്രബ് തന്നെ കൈകളിലും ഉപയോഗിക്കാം. നെയിൽ ബ്രഷിൽ അൽപം സ്ക്രബ് എടുത്ത് കൈമുട്ട് വരെയുള്ള ഭാഗത്ത് ഉരസാം. ഡെഡ് സ്കിൻ മാറി കൈകള്‍ സോഫ്റ്റാകാൻ ഇത് സഹായിക്കും.

കൈമുട്ടിൽ കട്ടിയുള്ളതും വരണ്ടതുമായ ചർമമുള്ളവർക്ക് ആഴ്ചയിൽ ഒരു തവണ ഇത് പരീക്ഷിക്കാം. മാനിക്യൂറിന്റെ അവസാനം ചർമത്തിന്റെ സ്വഭാവമനുസരിച്ചുള്ള മോയ്സചറൈസിങ് ക്രീം ഉപയോഗിച്ച് മസാജ് ചെയ്യണം. താഴെ നിന്നും മുകളിലേക്ക് വേണം വിരലുകൾ ചലിപ്പിക്കാൻ.

നെയിൽപോളിഷ് ട്രെൻഡ്

മനോഹര നിറങ്ങൾ നൽകിയ കൈകൾ കണ്ടാൽ ആരാണ് ഒന്ന് നോക്കാത്തത്? നെയിൽ പോളിഷ് ഇടുമ്പോൾ എപ്പോഴും ഒാർക്കേണ്ട ഒരു കാര്യമുണ്ട്. നഖങ്ങൾക്കും ജീവനുണ്ടെന്നത്. നെയിൽ പോളിഷിന്റെ അമിത ഉപയോഗം ചിലപ്പോൾ നഖങ്ങളെ ശ്വാസം മുട്ടിക്കും. നിത്യവും നെയിൽ പോളിഷ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.

∙നഖത്തിന് മുകളിൽ ട്രാൻസ്പാരന്റായ ബേസിക് കോട്ട് നൽകിയ ശേഷമേ നിറങ്ങളിലുള്ള നെയിൽ പോളിഷ് നൽകാവൂ.

∙ആദ്യ കോട്ട് ഉണങ്ങിയ ശേഷം മാത്രം അടുത്ത കോട്ട് നൽകുക

∙റിമൂവർ ഉപയോഗിച്ച് തുടച്ചു കളഞ്ഞ ശേഷം മാത്രമേ അടുത്ത നിറം നൽകാവൂ.

∙രണ്ട് ലെയറിൽ കൂടുതൽ നെയിൽ പോളിഷ് അണിയരുത്. നഖങ്ങൾ പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്.

∙ആഴ്ചയിൽ ഒരു ദിവസമെങ്കിലും നെയിൽ പോളിഷ് നൽകാതെ നഖങ്ങളെ സ്വതന്ത്രമായി വിടാം.

∙നെയിൽ പോളീഷ് ഇട്ടയുടനെ ചൂടുവെള്ളത്തിൽ കൈവയ്ക്കരുത്.

∙നെയിൽ ആർട്ട് ചെയ്യുമ്പോൾ നഖങ്ങൾ മാത്രം പുറത്താക്കി വിരലുകളുടെ അഗ്ര ഭാഗം തുണി കൊണ്ടോ പ്ലാസ്റ്റർ കൊണ്ടോ മൂടാൻ മറക്കരുത്.

വീട്ടിൽ പരീക്ഷിക്കാവുന്ന നെയിൽ ആർട്

∙ഇളംനിറത്തിലുള്ള നെയിൽപോളിഷ് അണിഞ്ഞ ശേഷം കടും നിറങ്ങളിൽ ടൂത്ത്പിക്ക് മുക്കി ചെറിയ ഡോട്ടുകൾ നൽകുക.

∙കടും നിറങ്ങള്‍ നഖത്തിൽ അണിഞ്ഞ ശേഷം വിവിധ നിറങ്ങളിലുള്ള സീക്വൻസുകൾ നഖത്തിന്റെ അഗ്രങ്ങളിലായി നൽകാം.

∙കറുപ്പും വെള്ളയും നിറങ്ങളിൽ ചെറിയ വരകൾ ക്രോസ് ചെയ്ത് നഖങ്ങളിൽ ഇട്ടു നോക്കൂ. സീബ്ര ആർട് റെഡി.

∙ട്രാൻസ്പാരന്റ് കോട്ടിന് മുകളിൽ പല നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിച്ച് പല വലുപ്പത്തിലുള്ള ഡോട്ടുകളിടുക. ഏത് ഡ്രസ്സിനൊപ്പവും മാച്ചാകുന്ന ട്രെൻഡി നെയിൽ ആർട് തയ്യാർ.

∙ഒരു ബൗളിൽ അൽപം ശുദ്ധമായ വെള്ളമെടുക്കുക. ഇതിലേക്ക് ഓരോ നിറങ്ങളിലുള്ള നെയിൽ പോളിഷ് ഓരോ തുള്ളിയായി ഒന്നിന് മുകളിൽ ഒന്നായി ഒഴിക്കാം. ഒരു ടൂത്പിക്ക് ഉപയോഗിച്ച് ഇവയെ ക്രോസായി വരയ്ക്കുക. ശേഷം ഇവയിൽ നഖങ്ങൾ മുക്കി എടുത്ത് നോക്കൂ. മഴവിൽ ഭംഗിയുള്ള നഖങ്ങൾ സ്വന്തമാകും.

nail2

നഖത്തിലെ രോഗങ്ങൾ

നഖത്തിലുണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖത്തിലെ നിറ വ്യത്യാസങ്ങൾ. അരികുകളിൽ അകാരണമായി ഉണ്ടാകുന്ന വേദന ഇവയെല്ലാം കുഴിനഖത്തിന്റെ ലക്ഷണങ്ങളാണ്.

∙പച്ചമഞ്ഞൾ, വേപ്പെണ്ണ ചേർത്ത് മിശ്രിതമായി കാലിലിട്ടാൽ കുഴിനഖം മാറും.

∙ചെറുനാരങ്ങയുടെ അഗ്രം മുറിച്ച് വിരലുകൾ അതിൽ ഇറക്കി വച്ചാൽ നഖത്തിന്റെ അതിയായ വേദന കുറയും.

∙മഞ്ഞളും കറ്റാർ വാഴയുടെ നീരും ചേർത്ത് കുഴിനഖത്തിൽ വെച്ച് കെട്ടുക. ഒരു പരിധി വരെ തടയാൻ കഴിയും.

∙നഖങ്ങളുടെ ഇരുവശങ്ങളിലുംഅഴുക്ക് അടിയാൻ അനുവദിക്കാതെ ഒരേ നിരപ്പിൽ വെട്ടി നിർത്തിയാൽ കുഴി നഖം തടയാം.

∙മാസത്തിൽ ഒരു തവണയെങ്കിലും നഖങ്ങളിൽ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും.

∙തുളസിയില ഇട്ട് കാച്ചിയ എണ്ണകൊണ്ട് വിരലുകളും നഖങ്ങളും മസാജ് ചെയ്യുന്നത് കുഴിനഖം വരാതിരിക്കാൻ സഹായിക്കും.

∙ നാരങ്ങാനീരും വൈറ്റ് വിനഗറും ചേർത്ത് നഖത്തിൽ പുരട്ടിയാൽ നഖത്തിന്റെ മഞ്ഞ നിറം മാറിക്കിട്ടും.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

∙മൂന്ന് ദിവസം കൂടുമ്പോൾ നഖങ്ങളുടെ അരിക് വെട്ടണം

∙ഇടയ്ക്കിടെ മോതിരങ്ങൾ ഊരി ചർമത്തിൽ ഫംഗസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തണം.

∙നഖങ്ങൾ ബ്ലെയിഡ് ഉപയോഗിച്ച് ഉരസരുത്.

∙വാക്സിങ് ചെയ്ത ശേഷം കൈകളിൽ ഐസ് ഉപയോഗിച്ച് മസാജ് ചെയ്യണം. ഇത് ചെറിയ കുരുക്കൾ വരുന്നത് ഒഴിവാക്കാം.

∙കൈകളിലെ രോമങ്ങൾ കളയാൻ ബ്ലെയ്ഡ് ഉപയോഗിക്കരുത്. വാക്സിങ് ആണ് രോമനിർമാർജനത്തിന് നല്ലത്.

∙ അണ്ടർ ആം വൃത്തിയാക്കാൻ ബ്ലെയിഡും ഇറേസറും ഉപയോഗിക്കാതിരിക്കുക. ഇവ നിറവ്യത്യാസം ഉണ്ടാക്കും.

∙ബട്ടർ ഫ്രൂട്ടും നാരങ്ങ നീരും ചേർത്തുള്ള പാക്ക് കൈകളിൽ ഇട്ടാൽ നിറം കൂടും.

∙തേയിലയും തേനും സമാസമം ചേർത്ത് വട്ടത്തിൽ കൈകളിൽ മസാജ് ചെയ്യാം. ചർമം മൃദുവാകും.

∙കടലമാവും കസ്തൂരി മഞ്ഞളും ഗോതമ്പ് പൊടിയും ചന്ദനവും സമം ചേർത്ത് പായ്ക്കുണ്ടാക്കി കൈകളിൽ ഇടാം.

∙പഴുത്ത ഏത്തപ്പഴം ഉടച്ച് കൈകളിൽ പാക്കായി ഇടാം. നിറവും മൃദുത്വവും കൂടും.

വിവരങ്ങള്‍ക്ക് കടപ്പാട്: പ്രീത ബിജു, ഡയറ്റീഷൻ ആന്‍ഡ് ബ്യൂട്ടി കൺസൽറ്റന്റ്, മിയ ബ്യൂട്ടിപാർലർ, കാക്കനാട്