Friday 12 January 2018 10:29 AM IST : By സ്വന്തം ലേഖകൻ

കണ്ണിനടിയിലെ പാടുമാറും, മുഖത്തെ കലകളും; ഉരുളക്കിഴങ്ങ് പ്രയോഗം സൂപ്പറാ

face

കണ്ണിനടിയിലെ കറുത്തപാടുകൾ പല സുന്ദരിമാരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ഉരുളക്കിഴങ്ങുനീരുപയോഗിച്ചോ ഉരുളക്കിഴങ്ങിന്റെ കഷ്ണങ്ങളുപയോഗിച്ചോ ഈ കറുത്ത പാടിനെ പമ്പ കടത്താം. ഉരുളക്കിഴങ്ങിന്റെ മാജിക് അറിഞ്ഞാൽ മതി.

കണ്ണിനടിയിലെ കറുപ്പിനെ ഒഴിവാക്കാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കേണ്ട വിധം

ഉരുളക്കിഴങ്ങിന്റെ തൊലികളഞ്ഞതിനു ശേഷം വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അത് കനംകുറഞ്ഞ തുണിയിലോ പഞ്ഞിയിലോ പൊതിഞ്ഞതിനു ശേഷം കണ്ണിനു മുകളിൽ വയ്ക്കുക. കുറഞ്ഞത് പതിനഞ്ചോ ഇരുപതോ മിനിറ്റെങ്കിലും അത് കണ്ണിന്റെ മുകളിൽ വയ്ക്കണം. അതിനുശേഷം ചെറിയ ചൂടുള്ള വെള്ളമുപയോഗിച്ച് മുഖം കഴുകുക. ദിവസവും ഇതാവർത്തിച്ചാൽ കണ്ണിനടിയിലെ കറുത്ത പാടുകൾ ഇല്ലാതാവും. ഉരുളക്കിഴങ്ങ് കണ്ണിനു മുകളിൽ വയ്ക്കാൻ താൽപര്യമില്ലാത്തവർ ഉരുളക്കിഴങ്ങ് ജ്യൂസാക്കിയ ശേഷം അതിൽ ഒരു പഞ്ഞിമുക്കിയതിനു ശേഷം അതു കറുത്തപാടിനു മുകളിൽ പുരട്ടുക.

ചർമ്മത്തിലെ ചുളിവുകൾ മാറാൻ ഉരുളക്കിഴങ്ങ് ജ്യൂസ്

ചർമ്മത്തിലെ ചുളിവുകളകറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഘടകങ്ങൾ ഉരുളക്കിഴങ്ങിലുണ്ട്. ഉരുളക്കിഴങ്ങു നീര് നിത്യേന ചർമ്മത്തിൽ പുരട്ടിയാൽ ചർമ്മം മൃദുലമാവുകയും ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും.

മുഖത്തെ കറുത്തപാടുകളെ മായ്ക്കാൻ

മുഖത്തുണ്ടാവുന്ന കറുത്ത പാടുകളെ മായ്ക്കാൻ ഉരുളക്കിഴങ്ങിനാവും. ഉരുളക്കിഴങ്ങ് തൊലികളഞ്ഞതിനു ശേഷം അരച്ചെടുത്ത് മുഖത്തു പുരട്ടുക. ശേഷം ചെറുതായി മുഖം മസാജ് ചെയ്യുക. അഞ്ചുമിനിറ്റ് ഇങ്ങനെ ചെയ്തതിനുശേഷം ശുദ്ധമായ ജലമുപയോഗിച്ച് മുഖം കഴുകുക.

സൂര്യതാപം മൂലമുള്ള പാടുകളകറ്റാൻ

ഉരുളക്കിഴങ്ങ് കനംകുറച്ചു വട്ടത്തിലരിഞ്ഞ ശേഷം അതു തണുപ്പിക്കുക. ശേഷം സൂര്യതാപമേറ്റ ഭാഗത്ത് അത് വയ്ക്കുക. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് ജ്യൂസെടുത്ത് തണുപ്പിച്ച ശേഷം സൂര്യതാപമേറ്റ ഭാഗത്ത് പുരട്ടുക. ആ തണുപ്പും ഉരുളക്കിഴങ്ങിന്റെ ഗുണവും കൂടിച്ചേരുമ്പോൾ സൂര്യതാപത്തിന്റെ ചൂടും വേദനയ്ക്കും ശമനം ലഭിക്കുകയും ചർമ്മത്തിലെ മുറിവും കരിവാളിപ്പും മാറുകയും ചെയ്യും.

വരണ്ട ചർമ്മുള്ളവർ ഉരുളക്കിഴങ്ങുപയോഗിക്കുമ്പോൾ

വരണ്ട ചർമ്മക്കാർ ഉരുളക്കിഴങ്ങിനൊപ്പം അൽപം തൈരും കൂടിച്ചേർത്തു മുഖത്തു പുരട്ടിയാൽ ചർമ്മം മൃദുവാകും.

കൂടുതല്‍ ടിപ്സ്