Wednesday 10 January 2018 02:17 PM IST : By സ്വന്തം ലേഖകൻ

ഒരാഴ്ച കൊണ്ട് സുന്ദരമായ തിളങ്ങുന്ന ചർമം സ്വന്തമാക്കാം, അതും വീട്ടില്‍ തന്നെ; വഴികള്‍ ഇതാ

Beautiful Girl Touching Her Face. Beauty Face.

പ്രായം, ‌ പോഷകങ്ങളുടെ അഭാവം, മാറുന്ന കാലാവസ്ഥ.. ചർമത്തിന്റെ തിളക്കം മങ്ങി പ്രായം തോന്നിക്കാൻ ഇതിലേതെങ്കിലും ഒന്നോ ര ണ്ടോ കാരണം തന്നെ ധാരാളം. ഒരാഴ്ച കൊണ്ട് മൃദുലവും സുന്ദരവുമായ ചർമം സ്വന്തമാക്കാൻ ഇതാ ഒരു ടൈംടേബിൾ.

ഒന്നാം ദിവസം

ക്ലെൻസിങ്, ടോണിങ്, മോയ്സ്ചറൈസിങ് എന്നിവയ്ക്കു ( സി ടി എം) പ്രാധാന്യം നൽകണം. ക്ലെൻസിങ് ചർമത്തിലെ പൊടിപടലങ്ങളും അഴുക്കുമകറ്റും. മുഖക്കുരുവുണ്ടാകുന്നതു തടയുകയും ചെയ്യും. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള ക്ലെൻസിങ് ലോഷൻ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

∙ ക്ലെൻസിങ് ചെയ്തതിനു ശേഷം ടോണിങ് ചെയ്യുന്നതു തുറന്ന സുഷിരങ്ങൾ അടയ്ക്കാനും ചർമം കൂടുതൽ മൃദുവാകാനും സഹായിക്കും. റോസ് വാട്ടർ, ഗ്രീൻ ടീ ഇവ പ്രകൃതിദത്തമായ ടോണറാണ്. രണ്ട് വലിയ സ്പൂൺ റോസ് വാട്ടറിൽ ഒരു കഷണം കോട്ടൺ മുക്കി മുഖത്തും കഴുത്തിലും പുരട്ടുക. അൽപസമയം കഴിഞ്ഞു ചർമം കഴുകി വൃത്തിയാക്കണം. ഇതു തുറന്ന സുഷിരങ്ങൾ അടയ്ക്കാൻ സഹായിക്കും. ടോണിങ്ങിനു ശേഷം ഒരു മോയ്സ്ചറൈസിങ് ക്രീമോ ലോഷനോ പുരട്ടുക.

∙ ഇതിനു ശേഷം ഒരു ചെറിയ കഷണം പപ്പായ ഉടച്ചതിൽ ഒരു ചെറിയ സ്പൂൺ തേൻ ചേർത്തു മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വൃത്തിയാക്കണം.

∙ രാത്രി കിടക്കുന്നതിനു മുമ്പ് നിർബന്ധമായും മേക്കപ്പ് നീക്കം ചെയ്ത ശേഷം ക്ലെൻസിങ്ങും ടോണിങ്ങും മോയ്സ്ചറൈസിങ്ങും ചെയ്യണം.

രണ്ടാം ദിവസം

സൗന്ദര്യ പരിചരണത്തോടൊപ്പം ഈ ദിവസം കൂടുതൽ പോഷകങ്ങൾ നിറഞ്ഞ പച്ചക്കറികൾ, പഴങ്ങൾ, പഴച്ചാറുകൾ, ഇവ ഭക്ഷണക്രമത്തിലുൾപ്പെടുത്താൻ ശ്രദ്ധിക്കണം.

∙ രാവിലെ ക്ലെൻസിങ്ങും ടോണിങ്ങും മോയ്സ്ചറൈസിങ്ങും ചെയ്ത ശേഷം ഒരു ചെറിയ കഷണം വാഴപ്പഴം ഉടച്ചെടുത്തതു മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. കിടക്കുന്നതിനു മുമ്പും സിടിഎം ആവർത്തിക്കുക.

മൂന്നാം ദിവസം

ഈ ദിവസം ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനു പ്രാധാന്യം നൽകുക. രണ്ട് വലിയ സ്പൂൺ ഓട്സ് പൊടിച്ചതിൽ അൽപം നാരങ്ങാനീര് ചേർത്തു മുഖത്തു പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. അതല്ലെങ്കിൽ എക്സ്ഫോളിയേറ്റിങ് സ്ക്രബ് പുരട്ടുക. ഇതിനു ശേഷം ഇടത്തരം വലുപ്പമുള്ള ഒരു കഷണം വാഴപ്പഴമോ തക്കാളിയോ പപ്പായയോ ഉടച്ചെടുത്തതു മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

∙ കിടക്കുന്നതിനു മുമ്പ് ക്ലെൻസിങ് ചെയ്തതിനു ശേഷം ഏതെങ്കിലും ഒരു പഴം ഉടച്ചെടുത്തതു മുഖത്തു പുരട്ടുക. പതിനഞ്ചു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം. ഇതിനു ശേഷം ടോണിങ്ങും മോയ്സ്ചറൈസിങ്ങും ചെയ്യുക.

നാലാം ദിവസം

രാവിലെ ക്ലെൻസിങ് ചെയ്തതിനു ശേഷം ആവി പിടിക്കുക. തുടർന്നു രണ്ട് വലിയ സ്പൂൺ ഓട്സ് പൊടിച്ചതിൽ ഒരു വലിയ സ്പൂൺ തേൻ ചേർത്തു മുഖത്തും കഴുത്തിലും പുരട്ടി പ തിനഞ്ച് മിനിറ്റിനു ശേഷം കഴുകി വൃത്തിയാക്കണം. ടോണിങ് ചെയ്തതിനു ശേഷം മോയ്സചറൈസിങ് ക്രീം പുരട്ടുക.

അഞ്ചാം ദിവസം

സിടിഎമ്മിനു ശേഷം കറ്റാർവാഴയുടെ ജെൽ മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയണം.

∙ രാത്രിയിൽ ക്ലെൻസിങ് ചെയ്തതിനു ശേഷം രണ്ട് വലിയ സ്പൂൺ ചന്ദനം അരച്ചതു മുഖത്തു പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം കഴുകിക്കളയുക. പകരം കടലമാവ് ഉപയോഗിച്ചാലും മതി. ഇതിനു ശേഷം ടോണിങ്ങും മോയ്സ്ചറൈസിങ്ങും ചെയ്യുക.

ആറാം ദിവസം

സിടിഎം രണ്ടുനേരം ചെയ്യണം. പഴച്ചാറുകൾ, സാലഡുകൾ, ഇവ കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തുക.

ഏഴാം ദിവസം

രണ്ടു നേരം സിടിഎം ചെയ്ത ശേഷം ഇടത്തരം വലുപ്പമുള്ള ഒരു കഷണം വാഴപ്പഴം, തക്കാളി, പപ്പായ ഇവയിലേതെങ്കിലും ഉടച്ചെടുത്തതിൽ രണ്ട് വലിയ സ്പൂൺ നാരങ്ങാനീര് ചേർത്തു മുഖത്തും കഴുത്തിലും പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.