Friday 12 January 2018 11:28 AM IST : By സ്വന്തം ലേഖകൻ

താരനകറ്റാനും, മുടിയുടെ സൗന്ദര്യത്തിനും തനിനാടൻ പായ്‌ക്കുകൾ!

natural-pack-hair1

സൗന്ദര്യത്തിന്റെ സുപ്രധാന ഘടകം നല്ല ഉള്ളുള്ള നീളൻ മുടിയാണ്. എന്നാൽ മുടിയുടെ സംരക്ഷണമാണെങ്കിൽ ചർമ്മസംരക്ഷണം പോലെ അത്ര എളുപ്പവുമല്ല. നാല് ദിവസം അടുപ്പിച്ചു മുടി ഷാംപൂ ചെയ്‌താൽ അഞ്ചാമത്തെ ദിവസം തലയോട്ടിയിൽ താരൻ ഉണ്ടാകും. എണ്ണ സ്ഥിരമായി തേയ്‌ക്കുന്നവർക്ക് തലയോട്ടിയിൽ വിയർപ്പ് നിന്ന് ചളി പിടിക്കും. ഈ പ്രശ്നങ്ങളെല്ലാം ഒഴിവാക്കിയാൽ മുടി നല്ല ഇടതൂർന്ന് വളരും. മുടിയുടെ സംരക്ഷണത്തിന് വീട്ടിൽ ചെയ്യാവുന്ന ചില നാടൻ പായ്‌ക്കുകൾ ഇവയാണ്;

നാച്ചുറൽ ഷാമ്പൂ പായ്‌ക്ക്

ആവശ്യമായ ചേരുവകൾ;

ചെമ്പരത്തിയില, ഉലുവ, കോഴിമുട്ട

തയ്യാറാക്കുന്ന വിധം;

രണ്ടു സ്പൂൺ ഉലുവ തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർത്തുവെയ്ക്കുക. പിറ്റേദിവസം രാവിലെ ഇതിലേക്ക് ഒരു പിടി ചെമ്പരത്തിയില ചേർത്ത് നല്ലപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. പിന്നീട് ഒരു കോഴിമുട്ട ഉടച്ചു ചേർക്കുക.

ഉപയോഗിക്കുന്ന വിധം;

നാച്ചുറൽ ഷാമ്പൂ പായ്‌ക്ക് ഉപയോഗിക്കുന്നതിന് മുൻപ് അൽപ്പം വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുക. അതിനുശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഷാംപൂ പായ്‌ക്ക് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. 15 ദിവസത്തിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടികൊഴിച്ചിൽ, താരന്റെ ശല്യം എന്നിവ പൂർണ്ണമായും ഇല്ലാതാക്കും. സ്വാഭാവിക നിറം നിലനിർത്തി മുടിയ്‌ക്ക് നല്ല തിളക്കവും മിനുസവും നൽകുന്നു. ഒരിക്കലും കെമിക്കലുകൾ ചേർത്ത ഷാംപൂ ഉപയോഗിച്ചു മുടി കഴുകരുത്.

നാച്ചുറൽ ഹെയർ കളർ പായ്‌ക്ക്

ആവശ്യമായ ചേരുവകൾ;

മൈലാഞ്ചിയില (ഹെന്ന മിക്സ്), ഉണക്ക നെല്ലിക്ക പൊടി, ചായപ്പൊടി, കറ്റാർവാഴ, കോഴിമുട്ട, നാരങ്ങാനീര്

തയ്യാറാക്കുന്ന വിധം;

തലേദിവസം തന്നെ ചായപ്പൊടിയും നാരങ്ങാനീരും ഉണക്ക നെല്ലിക്കയും ചേർത്ത് വെള്ളം തിളപ്പിക്കുക. ചൂടാറിയ ശേഷം ഇതിലേക്ക് മൈലാഞ്ചിയില അരച്ച പേസ്റ്റോ അല്ലെങ്കിൽ മാർക്കറ്റിൽ നിന്നും വാങ്ങിക്കാവുന്ന ഹെന്ന മിക്‌സോ ചേർത്ത് ഇളക്കുക. പിറ്റേദിവസം കറ്റാർവാഴ അരച്ചത്, കോഴിമുട്ട എന്നിവ ചേർത്തിളക്കി പായ്‌ക്ക് രൂപത്തിലാക്കുക.

ഉപയോഗിക്കുന്ന വിധം;

തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ നാച്ചുറൽ ഹെയർ കളർ പായ്‌ക്ക് തേച്ചുപിടിപ്പിക്കണം. 30 മിനിറ്റിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. അകാലനരയ്‌ക്ക് നല്ലൊരു ട്രീറ്റ്മെന്റാണിത്. മാസത്തിൽ ഒരു തവണ മാത്രം ഇങ്ങനെ ചെയ്‌താൽ മതി.

കടപ്പാട്: ടി. സന്ധ്യ, ലേഡികെയർ, കൊടുന്തിരപ്പുള്ളി, പാലക്കാട്