Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയറാം ഇന്നും സൂക്ഷിക്കുന്നു, ഓം പുരിയുടെ ആ അപൂർവ വിഡിയോ! ആടുപുലിയാട്ടത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ കുരങ്ങൻ പറ്റിച്ച പണി

jayaram-ompuri

മലയാളത്തിൽ ഓം പുരി അവസാനമായി അഭിനയിച്ച ചിത്രമാണ് ജയറാം നായകനായ ‘ആടുപുലിയാട്ടം’. കുറ്റാലത്തായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. സിനിമയിൽ ശക്തമായ ഒരു കഥാപാത്രമായിരുന്നു ഓം പുരിയുടേത്. യോഗേന്ദ്ര മുനി എന്ന മന്ത്രവാദിയായി അദ്ദേഹം കരുത്തുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. മലയാളത്തിൽ ഓം പുരി അഭിനയിച്ച അവസാന കഥാപാത്രമായി അതു മാറുകയും ചെയ്തു. ഹോളിവുഡിൽ അടക്കം ഇന്ത്യൻ സിനിമയുടെ സാന്നിധ്യമായി മാറിയ ഓം പുരിയുടെ ഒപ്പം അഭിനയിച്ചതിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് ജയറാം.

രണ്ടുവട്ടം ദേശീയ അവാർഡ് േനടിയ നടൻ. ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടൻമാരിൽ ഒരാൾ. ആടുപുലിയാട്ടത്തിന്റെ സെറ്റിൽ ഓം പുരിയെ കണ്ടപ്പോൾ ബഹുമാനം മാത്രമായിരുന്നില്ല, മനസിൽ അൽപം ഭയവും തോന്നിയിരുന്നു. എന്നാൽ അതു കുറച്ചു സമയത്തേക്ക് മാത്രമായിരുന്നു. പരിചയപ്പെട്ടപ്പോൾ മനസിലായി, ഈ പരുക്കൻ ഭാവം മുഖത്തു മാത്രമേ ഉള്ളൂ. ഉള്ളിൽ തനി രസികനാണ് അദ്ദേഹം. തമാശ പറയാനും കുസൃതി കാട്ടാനും എല്ലാം ഒപ്പം കൂടുന്ന ഒരാൾ.

സെറ്റിൽ ജോയിൻ ചെയ്തു ഉടൻ അദ്ദേഹം എന്റെ അടുക്കൽ എത്തി പറഞ്ഞു, ജയറാം... ‘നീ എന്റെ അടുക്കൽ തന്നെ കാണണം. എനിക്ക് ഭാഷ അറിയില്ലല്ലോ.’ പിന്നെ അദ്ദേഹം പോകും വരെ നിഴൽ പോലെ ഒപ്പം നിൽക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. സെറ്റിൽ ഡയലോഗുകൾ കാണാതെ പഠിച്ചാണ് അദ്ദേഹം എത്തിയിരുന്നത്. ഉറുദുവിൽ എഴുതിയാണ് അദ്ദേഹം മലയാളം ഡയലോഗുകൾ കാണാതെ പഠിച്ചത്. മറന്നു പോകാതിരിക്കാൻ ഷൂട്ട് നടക്കുമ്പോൾ എന്റെ മുഖത്ത് ഡയലോഗുകള്‍ എഴുതി ഒട്ടിച്ചു വയ്ക്കും. പ്രോംപ്ടിങ് അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നില്ല.  

ആടുപുലിയാട്ടത്തിന്റെ സെറ്റിൽ കാരവാൻ പോലും ഉപയോഗിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഞാനും കാരവാൻ വേണ്ടെന്നു പറഞ്ഞു. എപ്പോഴും സെറ്റിലുണ്ടാവും. എല്ലാ കാര്യത്തിലും ഇടപെടും. കൃത്യനിഷ്ട നിർബന്ധമുള്ള വ്യക്തി. ഷൂട്ട് തുടങ്ങാൻ നിശ്ചയിച്ച സമയത്തിനു മുൻപു തന്നെ ഹാജരാകും. അഞ്ചു മിനിറ്റ് വൈകിയാൽ പോലും ക്ഷമാപണം നടത്തും.

കുറ്റാലത്ത് വനത്തിനുള്ളിലായിരുന്നു ഷൂട്ട്. അതുകൊണ്ടു തന്നെ നിറയെ കുരങ്ങൻമാരുണ്ടായിരുന്നു. സെറ്റിൽ എപ്പോഴും അവ ചുറ്റിപ്പറ്റി നിൽക്കും. കുട്ടത്തിൽ ഒരുത്തൻ അൽപം വില്ലത്തരമുള്ളവനായിരുന്നു. കുരങ്ങ് സംഘത്തിന്റെ നേതാവായിരുന്നു അവൻ എന്നു തോന്നുന്നു. സെറ്റിൽ ശല്യക്കാരനായിരുന്നു. അങ്ങനെയിരിക്കെയാണ് അവനെ മര്യാദക്കാരനാക്കുമെന്ന് ഓം പുരി സാർ പ്രഖ്യാപിച്ചത്. സംവിധായകൻ കണ്ണൻ താമരക്കുളം അടക്കം എല്ലാവരോടും ഇക്കാര്യം പറയുകയും ചെയ്തു.

അടുത്ത ദിവസം അദ്ദേഹം സെറ്റിൽ എത്തിയത് കുറച്ചു നിലക്കടലയുമായാണ്. വിളിച്ചയുടൻ ‘അവൻ’ എത്തി. ആദ്യം ഒന്നു രണ്ടു നിലക്കടല എറിഞ്ഞു കൊടുത്തു. പിന്നീട് അടുത്തു വിളിച്ച് കളിപ്പിക്കാനായി ശ്രമം. ആദ്യമൊക്കെ ശാന്തനായിരുന്ന കുരങ്ങൻ ഇതോടെ വയലന്റായി. മുരണ്ടുകൊണ്ട് സാറിന്റെ നേർക്ക് ചാടാനാഞ്ഞു. ഭയന്നു പോയ അദ്ദേഹം പിന്നോട്ടു വീണു. സെറ്റിലുള്ളവരെല്ലാം ഓടിയെത്തി താങ്ങിയതു കൊണ്ട് പരുക്കൊന്നും പറ്റിയില്ല. പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം ആ സംഭവത്തെ നേരിട്ടത്.

ഈ രംഗം അത്രയും ഞാൻ മൊബൈൽ ഫോണിൽ റെക്കോഡ് ചെയ്തിരുന്നു. ഇത് അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. ഉടൻ വന്നു മറുപടി. ‘ഇപ്പോൾ നീ ഇതു പുറത്താരെയും കാണിക്കരുത്. എനിക്കു വലിയ നാണക്കേടാകും’. വിഡിയോ ഞാൻ അദ്ദേഹത്തിന് ഷെയർ ചെയ്തു. പിറ്റേന്ന് സെറ്റിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു, ‘ഇതു ഞാന്‍ വീട്ടിൽ കാട്ടി. എല്ലാവരും പൊട്ടിച്ചിരിച്ചു ജയറാമേ..’– നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ ആയിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം. അദ്ദേഹത്തിന് നൽകിയ വാക്ക് ഞാൻ ഇതുവരെ പാലിച്ചു. അശ്വതിയെ പോലും വിഡിയോ കാട്ടിയില്ല. ഇപ്പോൾ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞപ്പോൾ, ആ മനസിന്റെ നൈർമല്യം എല്ലാവരെയും കാട്ടാൻ വേണ്ടി ഞാൻ ഈ വിഡിയോ ‘വനിത’ വായനക്കാർക്കു സമർപ്പിക്കുകയാണ്.

ഓർക്കുമ്പോൾ മനസ് വേദനിക്കുന്നു. മാസങ്ങൾക്കു മുൻപ് ഒരുമിച്ചു ദിവസങ്ങളോളം ചെലവഴിച്ച, ഒരുപാട് പൊട്ടിച്ചിരിപ്പിച്ച ആ മഹാന‍ടൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ആ നഷ്ടം ആർക്കു നികത്താനാകും. സിനിമ ഉള്ളിടത്തോളം ഓം പുരി എന്ന ചലച്ചിത്ര ഇതിഹാസത്തിന് മരണമില്ല. അദ്ദേഹത്തിന്റെ ഓർമകൾ നമ്മുടെ മനസിന്റെ അഭ്രപാളികളിൽ മായാതെ നിൽക്കും. ആ ഓർമകൾക്കു മുന്നിൽ ഞാൻ വിനീതനായി ശിരസ് നമിക്കുന്നു.Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.