Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊറ്റെക്കാട്ട് തറവാട്ടിൽ നിന്ന് സഞ്ചാര ലോകത്തേക്ക് ഒരു ഇളമുറക്കാരി; എസ്.കെ. പൊറ്റെക്കാട്ടിന്റെ കൊച്ചുമകൾ നീതു അമിത്ത് മനോരമ ട്രാവലറിലൂടെ സഞ്ചാര ലോകത്തേക്ക്

sk1

മലയാളിക്ക് സഞ്ചാരത്തിന്റെ രസം വാക്കുകളിലൂടെ പകർന്നു നൽകിയ സാഹിത്യകാരൻ എസ്. കെ. പൊറ്റെക്കാട്ട്. ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന സഞ്ചാരി തന്റെ യാത്രകളെ അക്ഷരം കൊണ്ട് വരച്ചിട്ടപ്പോൾ മലയാള സാഹിത്യത്തിന് ലഭിച്ചത് 1947 പ്രസിദ്ധീകരിച്ച കശ്മീർ മുതൽ 1977 പുറത്തു വന്ന ഏഷ്യ വരെ 20 ഈടുറ്റ സഞ്ചാര കൃതികളാണ്. മലയാള സഞ്ചാര സാഹിത്യത്തിലെ ഈ കുലപതിയുടെ തറവാട്ടിൽ നിന്ന് ഒരു ഇളമുറക്കാരി സഞ്ചാര ലോകത്തേക്ക് കടന്നുവരുന്നു, മനോരമ ട്രാവലറിന്റെ പേജുകളിലൂടെ, നീതു അമിത്ത്.

എസ്. കെ. പൊറ്റെക്കാട്ടിന്റെ മകൾ സുമിത്രയുടെയും കോഴിക്കോട് ഫർണിച്ചർ ബിസിനസ് ചെയ്യുന്ന ജയപ്രകാശിന്റെയും ഇളയമകളാണ് നീതു. മുത്തച്ഛൻ അക്ഷരങ്ങൾ കൊണ്ട് ദേശങ്ങളുടെ കഥ പറഞ്ഞെങ്കിൽ കൊച്ചുമകൾ ചിത്രങ്ങൾ കൊണ്ട് അവ നൽകുന്നു. ‘നദിയുടെ നാട് ജോർദാൻ’ എന്ന ഫോട്ടോ ഫീച്ചറിലുടെ മനോരമ ട്രാവലർ നീതു അമിത്ത് എന്ന സഞ്ചാര ഫൊട്ടോഗ്രഫറെ അവതരിപ്പിക്കുകയാണ് ജനുവരി 2017 ലക്കത്തിലൂടെ.

sk3

‘‘മുത്തച്ഛന്റെ പുസ്തകങ്ങളാണ് ട്രാവൽ എന്ന ഇഷ്ടത്തിലേക്ക് എന്നെ അടുപ്പിച്ചത്. കഴിഞ്ഞ നാലു വർഷം കൊണ്ട് ശ്രീലങ്ക, തായ്‌ലൻഡ്, മലേഷ്യ, ബംഗ്ലാദേശ്, ജോർദാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചു. ഒരു ഹോബിയെന്ന നിലയ്ക്കാണ് ചിത്രങ്ങളെടുത്തു തുടങ്ങിയത്.’’ നീതു പറയുന്നു.

ഭർത്താവ് കണ്ണൂർ സ്വദേശി അമിത്ത് ജയപാലനൊപ്പം ജൊർദാനിലാണ് നീതു. ജോർദാനിലെ ഒരു ഗാർമെന്റ് എക്സ്പോർട്ട് കമ്പനിയിൽ മാനേജരാണ് നീതുവിന്റെ ഭർത്താവ് അമിത്ത്. മകൻ അമാൻ അമിത്ത്. ‘‘മുത്തച്ഛൻ സഞ്ചരിച്ച രാജ്യങ്ങളിലൂടെ പോയി ഫോട്ടോകളെടുക്കണമെന്നാണ് എന്റെ ആഗ്രഹം.’’ സഞ്ചാര ലോകത്തെ തന്റെ ഭാവി സ്വപ്നങ്ങൾ നീതു മനോരമ ട്രാവലറിനോടു പങ്കുവച്ചു. നീതുവിന്റെ ജോർദാൻ ഫോട്ടോ ഫീച്ചർ അടക്കം ഒരുപിടി പുതുമകളുമായാണ് മനോരമ ട്രാവലർ ജനുവരി 2017 ലക്കം വിപണിയിലെത്തുന്നത്.

sk2

കൈലാസം മുതൽ വട്ടവട വരെ

കൈലാസ യാത്ര മുതൽ മൂന്നാറിന്റെ ഗ്രാമഭംഗി നിറഞ്ഞ വട്ടവടയും പഴത്തോട്ടവും വരെ വായനക്കാർക്ക് വൈവിധ്യം നിറഞ്ഞ സഞ്ചാരാശയങ്ങൾ ഒരുക്കിയിട്ടുണ്ട് മനോരമ ട്രാവലറിന്റെ ജനുവരി ലക്കത്തിൽ. ദുബായ് ഗ്ലോബൽ വില്ലേജ്, ഇറ്റാലിയൻ ഗ്രാമക്കാഴ്ചകൾ, ജോർജിയൻ ഡയറിക്കുറിപ്പുകൾ, കാടിന്റെ കഥകളുമായി ഫൊട്ടോഗ്രഫർ ബാലൻ മാധവൻ, കാടും കൃഷിയിടവും ടൂറിസ്റ്റാകർഷണമായ പുതുവർഷ ഫീച്ചറുകൾ, ഗ്രാമീണ സൗന്ദര്യവുമായി ഇത്തിപ്പുഴയും പൂപ്പാറയും തുടങ്ങി വായനയുടെ പുതുവത്സര സമ്മാനമായാണ് മനോരമ ട്രാവലർ ജനുവരി 2017 ലക്കം വായനക്കാരിലേക്ക് എത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.