Thursday 13 September 2018 11:12 AM IST : By സ്വന്തം ലേഖകൻ

സ്കൂൾ ബാഗിന് അമിതഭാരം, തെലങ്കാനയിൽ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു

telangana_student

സ്‌കൂൾ ബാഗിന്റെ അമിത ഭാരം കാരണം 12 ാം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂൾ പരിസരത്ത് കുഴഞ്ഞ് വീണു മരിച്ചു.  തെലുങ്കാനയിലെ വാറംഗലിലെ കരിമ്പാടിലുള്ള കൗടല്ല്യ ഹൈസ്‌കൂളിലാണ് ഏവരെയും നടുക്കിയ ദുരന്തം. 14 വയസുകാരിയായ ശ്രിവർഷിത എന്ന പെൺകുട്ടിയാണ് കുഴഞ്ഞ് വീണത്. സ്കൂൾ അധികൃതർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. രാവിലെ 8.45 നാണ് പെൺകുട്ടി സ്‌കൂളിലെത്തിയത്. തുടർന്ന് നാലാം നിലയിൽ എത്തിയപ്പോഴേക്കും തളർന്നു വീഴുകയായിരുന്നു. വീഴ്ചയിൽ കുട്ടിയുടെ നെറ്റിയിൽ മുറിവ് പറ്റി. മൂക്കിൽ നിന്ന് രക്തം വാർന്നതിനെ തുടർന്ന് കുട്ടികൾ സ്കൂൾ അധികൃതരെ വിവരം അറിയിച്ചു.

സ്കൂളിൽ പ്രാഥമിക ശ്രശ്രൂഷ നൽകിയതിന് ശേഷം സ്‌കൂൾ അധികൃതർ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിർദേശപ്രകാരം പിന്നീട് അവിടെനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെ കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു.  കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ വൈകിയെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു. സ്കൂൾ ബാഗിന്റെ ഭാരം മൂലമല്ല, നിർജലീകരണം മൂലമാണ് കുട്ടി മരിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ പറയുന്നു.