Friday 19 January 2018 10:37 AM IST : By സ്വന്തം ലേഖകൻ

ഇനി കാത്തിരുന്നാല്‍ അന്നം മുട്ടും! അനിയന്റെ നീറുന്ന ഓര്‍മകളുമായി ഇരുപതുകാരൻ കടലിലേക്ക്

stevin

തിരുവനന്തപുരം: വീട്ടിൽ അന്നം കൊണ്ടുവന്നിരുന്ന പൊന്നനിയൻ വിനീഷ് ഇനിയും തിരിച്ചെത്തിയിട്ടില്ല, കാത്തിരിപ്പ് എത്രനാളെന്നും ചേട്ടൻ സ്റ്റെവിനറിയില്ല. പക്ഷേ ഒന്നറിയാം, ഇനി കാത്തിരുന്നാൽ വീട്ടിലെ അന്നം മുട്ടും. അനുജന്റെ നീറുന്ന ഓർമകളും പേറി ഇരുപതുകാരൻ സ്റ്റെവിൻ തിങ്കളാഴ്ച മുതൽ കടലിൽ പണിക്കു പോകും. പൂന്തുറ ചേരിയാമുട്ടം സ്വദേശി വിൻസെന്റിന്റെ നാലു മക്കളിൽ ഇളയവനായ വിനീഷായിരുന്നു ദുരന്തത്തിൽപെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ.

പതിനാറുകാരനായ വിനീഷ് മാത്രമാണു വീട്ടിൽനിന്നു കടലിൽ പണിക്കുപോയിരുന്നത്. വിനീഷ് പോയതോടെ വീടിന്റെ താളം തെറ്റി. അച്ഛൻ വിൻസെന്റിന്റെ രണ്ടു വൃക്കകളും തകരാറിലായതോടെ പണിക്കു പോകാൻ കഴിയാതായിട്ടു വർഷങ്ങളായി. വീടിനു മുൻപിൽ വിനേഷിനെ കാത്ത് വലിച്ചുകെട്ടിയിരുന്ന ടാർപോളിനും ട്യൂബ്‍ലൈറ്റുകളും അഴിക്കട്ടെയെന്നു പലരും ചോദിച്ചപ്പോഴും വേണ്ടെന്നു പറഞ്ഞതു സ്റ്റെവിനാണ്. മുറ്റത്തെ പന്തലിലെ തിരക്കൊഴിഞ്ഞു.

വിനീഷിനു മുകളിലുള്ള രണ്ടു സഹോദരങ്ങളെയും സഭയുടെ നേതൃത്വത്തിൽ ഹോസ്റ്റലിൽ ആക്കിയതോടെ അച്ഛനും സ്റ്റെവിനും മാത്രം ബാക്കിയായി. ഇളയമകൻ ഇനിയും തിരിച്ചുവരും മുൻപ് മൂത്തയാൾ കൂടി കടലിൽ പോകുന്നതെങ്ങനെയെന്നു ചോദിച്ചാൽ പുഞ്ചിരി മാത്രമാകും സ്റ്റെവിന്റെ മറുപടി. പത്താം ക്ലാസ് കഴിഞ്ഞ സ്റ്റെവിനു തുടർന്നു പഠിക്കാൻ താൽപര്യമുണ്ടെങ്കിലും അനിയന്റെ ഓർമകൾ വിടാതെ പിന്തുടർന്നതോടെയാണു പണിക്കു പോകാൻ തീരുമാനിച്ചത്.

പണ്ട് എപ്പോഴോ കടലിൽ വള്ളക്കാരോടൊപ്പം പോയ ഓർമ മാത്രമേയുള്ളൂ. അനുഭവങ്ങളുടെ കരുത്തിലാണു സ്റ്റെവിൻ കടലിൽ പോകുന്നത്. ഓരോ തിരയും ഉയർന്നു മാറുമ്പോൾ അനിയൻ വിനീഷിന്റെ മുഖമാകും സ്റ്റെവിൻ തിരയുകയെന്നുറപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍