Friday 27 July 2018 12:40 PM IST : By സ്വന്തം ലേഖകൻ

200 രൂപയുടെ നോട്ട് നാളെ പുറത്തിറക്കും; നോട്ടിൽ സാഞ്ചി സ്തൂപവും സ്വച്ഛ് ഭാരതിന്റെ ലോഗോയും

200-rupees

രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകൾ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാ ഗാന്ധി സീരിസിൽപ്പെട്ട നോട്ടുകൾ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. ആർബിഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫിസുകളിൽനിന്നും ചില ബാങ്കുകൾ വഴിയുമായിരിക്കും നോട്ടുകൾ പുറത്തിറക്കുക.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ ലോഗോയും മുദ്രാവാക്യവും നോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 2000 രൂപയുടെ കറൻസി നിരോധനം പരിഗണനയിലില്ലെന്നു കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. ചെറിയ തുകയ്ക്കുള്ള നോട്ടുകൾക്ക് ക്ഷാമമുണ്ടെന്ന പരാതിക്കു പരിഹാരമായാണ് 200 രൂപ നോട്ട് ഉടൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം പുതിയ 50 രൂപ നോട്ടിന്റെ ഡിസൈൻ പുറത്തിറക്കിയിരുന്നു.

കൂടുതൽ വായനയ്‌ക്ക്