Thursday 25 October 2018 02:19 PM IST : By സ്വന്തം ലേഖകൻ

അബ്ദുൽ റഊഫിനെ ജീവിതത്തിലേക്കു വിളിക്കുകയാണ് കോളജും നാടും

rouf

ഒരാഴ്ചയായി ആശുപത്രിക്കിടക്കയിൽ നിശ്ചലം കിടക്കുന്ന അബ്ദുൽ റഊഫിനെ തിരികെ കൊണ്ടുവരാൻ എംഡി കോളജിലെ വിദ്യാർഥികൾ രാവും പകലും ഓട്ടത്തിലാണ്. അധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർഥികളും അവരുടെ കൂടെയുണ്ടെങ്കിലും വരാനിരിക്കുന്ന വലിയ ചികിത്സാച്ചെലവ് കണ്ടെത്താൻ അതൊന്നും മതിയാകുമെന്ന് അവർക്കു തോന്നുന്നില്ല. മൂന്നര ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി.

29ന് ഉമ്മ ആയിഷയ്ക്കു ചെരുപ്പു വാങ്ങാൻ പോകുമ്പോൾ ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിച്ചാണ് ബിഎസ്ഡബ്ല്യു രണ്ടാം വർഷ വിദ്യാർഥിയായ ചാവക്കാട് എടക്കഴിയൂർ അതിർത്തിയിൽ കൊട്ടിലിങ്ങൽ അബ്ദുൽ റഊഫിന് (19) തലച്ചോറിനു ഗുരുതരമായി പരുക്കേറ്റത്. കവിളെല്ല് തകർന്നു. ചുമലിനും പരുക്കുണ്ട്. ശ്വാസകോശത്തിൽ രക്തം കട്ടപിടിക്കുകയും ചെയ്തു.

തുടർച്ചയായ ചികിത്സയും ചെലവേറിയ ശസ്ത്രക്രിയകളും വേണ്ടിവരും. തൃശൂർ അശ്വിനി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നത്. രണ്ടു മാസം മുൻപു തെന്നി വീണു പരുക്കേറ്റ പിതാവ് അബ്ദുൽ റസാഖിന്റെ ചികിത്സയ്ക്കും ലക്ഷങ്ങൾ വേണ്ടിവന്നിരുന്നു. കോളജ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പലരെയും കാണുകയും സഹായം അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്.

സംയുക്ത ബാങ്ക് അക്കൗണ്ട് (നമ്പർ 0717101064490, ഐഎഫ്എസ്‌സി: സിഎൻആർബി0000717, കാനറ ബാങ്ക് പഴഞ്ഞി) തുടങ്ങി. നാളെ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ കുന്നംകുളം ഏരിയ കമ്മിറ്റിക്കു കീഴിലെ 40 ബസുകൾ റഊഫിനുവേണ്ടി ഓടും. കുന്നംകുളം ‘ഷെയർ ആൻഡ് കെയർ’ സംഘടനയും കൂടെയുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയും സഹായം തേടുന്നുണ്ടെന്നു കോളജ് യൂണിയൻ ജനറൽ സെക്രട്ടറി കെ.ആർ.വിഷ്ണു പറഞ്ഞു. ഫോൺ: 96599 45431.

കൂടുതല്‍ വാര്‍ത്തകള്‍