Thursday 04 October 2018 03:09 PM IST : By സ്വന്തം ലേഖകൻ

എന്റെ അമ്മയുടെ കണ്ണീരിന് അവർ മറുപടി പറയണം! അനുജന്റെ അപകട മരണത്തിൽ ആശുപത്രി അധികൃതർക്കെതിരേ യുവാവിന്റെ പോരാട്ടം

akshay-fb-post-bro

അനുജന്റെ ജീവൻ കവർന്നെടുത്ത ആശുപത്രിക്കെതിരേ യുവാവിന്റെ പോരാട്ടം ശ്രദ്ധേയമാകുന്നു. അച്ചു അക്ഷയ് എന്ന ആറ്റിങ്ങൽ സ്വദേശിയായ യുവാവാണ് അനുജൻ സച്ചുവിന്റെ ജീവൻ നഷ്ടമാകാൻ ആശുപത്രിയിലെ ജീവനക്കാരാണ് കാരണക്കാരെന്ന് ആരോപിച്ച് നീതി തേടി രംഗത്തു വന്നിരിക്കുന്നത്. വര്‍ക്കല എസ്എന്‍ കോളേജിലെ രണ്ടാം വര്‍ഷ എക്കണോമിക്സ് വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍.

നവംബര്‍ ആറിന് വൈകിട്ട് ആറരയോടെയാണ് അക്ഷയുടെ സഹോദരന്‍ സച്ചിനും സുഹൃത്തും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുന്നത്. പുന്നമൂട് ജംഗ്ഷനിലായിരുന്നു സംഭവം. അപകടം നടന്നതിന് തൊട്ട് പിന്നാലെയെത്തിയ ഇവരുടെ കൂട്ടുകാര്‍ തന്നെയാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുന്നത്. മുൻ എംഎൽഎയുടെ കാറിടിച്ച് റോഡിൽ ചോരവാർന്നു കിടന്ന യുവാക്കളെ ഇവർ തിരിഞ്ഞു നോക്കിയില്ലെന്നും അച്ചു ആരോപിക്കുന്നു.

പിന്നീട് സുഹൃത്തുക്കൾ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സച്ചിന് ഒപ്പം ഉണ്ടായിരുന്ന ബാസില്‍ മരിച്ചു. താലൂക്ക് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സിലാണ് സച്ചിനെ വര്‍ക്കലയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏഴുമണിയോടെ ആശുപത്രിയിലെത്തിച്ച സച്ചിന് ഫസ്റ്റ് എയ്ഡ് നടത്തുന്നത് ഇവിടെ നിന്നാണ്. അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നതിനാല്‍ വേറെ ആശുപത്രിയിലേക്ക് മാറ്റാന്‍ വര്‍ക്കല മിഷന്‍ ആശുപത്രി അധികൃതര്‍ തന്നെയാണ് സുഹൃത്തുക്കളോടു പറഞ്ഞത്. എന്നാല്‍ നാലായിരം രൂപ അടച്ചാല്‍ മാത്രമേ സച്ചിനെ കൊണ്ട് പോകാന്‍ സാധിക്കൂ എന്ന് ആശുപത്രി അധികൃതർ വാശിപിടിച്ചെന്നും യുവാവ് ആരോപിക്കുന്നു.

മൊബൈലും ബൈക്കിന്റെ താക്കോലും ‘ഈടാ’യി വാങ്ങിയ അധികൃതര്‍ ഫസ്റ്റ് എയിഡിന്റെ പണം കൂടി അടയ്ക്കണമെന്നാണ് പിന്നീട് അറിയിച്ചത്. ഒരു മണിക്കൂറിന് ശേഷം എട്ട് മണിയോടെ അക്ഷയും പിതാവും എത്തി പണം അടച്ച ശേഷമാണ് ആശുപത്രി അധികൃതര്‍ ആംബുലന്‍സ് അനുവദിച്ചത്. എന്നാല്‍ സച്ചിനെ ആംബുലന്‍സില്‍ കയറ്റുന്നതിന് തൊട്ട് മുമ്പാണ് ഇതില്‍ ഓക്സിജന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പത്ത് മിനുട്ടോളം എടുത്ത് ഓക്സിജന്‍ നിറച്ചാണ് സച്ചിനേയും കൊണ്ട് അക്ഷയ്ക്ക് അനന്തപുരി ആശുപത്രിയില്‍ എത്തിച്ചേരാനായതെന്നും അക്ഷയ് പറയുന്നു.

ആശുപത്രി അധികൃതരുടെ കൃത്യവിലോപത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് സച്ചിന്റെ സുഹൃത്തുകള്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് പോലീസ് അടിച്ചമര്‍ത്തിയെന്ന് മറ്റൊരു പോസ്റ്റിൽ ആക്ഷയ് ആരോപിക്കുന്നു.