Friday 22 June 2018 02:35 PM IST : By സ്വന്തം ലേഖകൻ

ഇവർക്കു തലചായ്ക്കാൻ വേണമൊരു മേൽക്കൂര; പെൺകുട്ടിയുടെയും അച്ഛന്റെയും ദുരിത കഥ പങ്കുവച്ച് ഷാജു ശ്രീധർ

shaju

ഈ പത്താക്ലാസുകാരി ഉച്ചയ്ക്ക് സ്കൂളിൽ നിന്ന് ഓടിയെത്തും, പ്രമേഹം ബാധിച്ച് കാൽ രണ്ടും നിലത്തുകുത്താൻ പോലും കഴിയാത്ത അച്ഛന്റെ വേദനയിലേക്ക്, ഒരിറ്റു വറ്റു നൽകാൻ. പലപ്പോഴും രോഗിയായ അച്ഛനു നൽകാൻ ഭക്ഷണവും മരുന്നുമുണ്ടാകില്ല ഇവളുടെ കയ്യിൽ. അതിനിടയിലാണ് കാറും കോളും നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് വീണ്ടും ദുരിതമെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തിയായ കാറ്റിലും മഴയിലും ഗോപികയുടെ വീടിന്റെ മേൽക്കൂര തകർന്നു വീണു. ഗോപികയ്ക്ക് അച്ഛനെ ഒന്നു മഴ നനയാതെ കിടത്താൻ ഒരു വീടില്ല. ഒപ്പം പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഒന്നു നനയാതെ വയ്ക്കാനോ പേടിയില്ലാതെ ഉറങ്ങാനോ ഒരിടമില്ല. പാലക്കാട് പുതുപ്പരിയാരം തെക്കേപ്പറമ്പിൽ സന്തോഷിന്റെയും മകൾ ഗോപികയുടെ ദുരിതകഥ പങ്കുവച്ചിരിക്കുകയാണ് നടൻ ഷാജു ശ്രീധർ.

ഗോപികയുടെയും അച്ഛന്റെയും കഥയറിഞ്ഞ ഷാജു അവിടെ ചെന്ന് അവരെ നേരിൽ കണ്ട് വിഡിയോയിലൂടെ അത് ഫെയ്സ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയായിരുന്നു. തന്നെക്കൊണ്ടാവും വിധം സഹായങ്ങൾ എത്തിച്ചുകൊടുക്കുമെങ്കിലും രോഗിയായ അച്ഛനും വിദ്യാർഥിയായ ഗോപികയ്ക്കും വീടിനോടൊപ്പം നിത്യവൃത്തിക്കുള്ളതോ പഠന സഹായമോ ആകുമെന്ന നിലയിലാണ് ഷാജു അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഗോപികയും അച്ഛനും സഹോദരനും അച്ഛന്റെ സഹോദരിയും ഇപ്പോൾ വീടിനോട് ചേർന്നുള്ള ചായ്പിൽ ആണ് കഴിയുന്നത്. പട്ടികളും സാധനസാമഗ്രികളും മൂലം നന്നായിരുന്നൊന്നു പഠിക്കാൻ കൂടെ ഉള്ള സ്ഥലമില്ല.

കരുണയുടെ കരങ്ങൾ നമുക്ക് ഈ പെൺകുട്ടിയുടെ കണ്ണുനീരുതുടയ്ക്കാനുപകരിക്കട്ടെ. ഷാജു പങ്കുവച്ച അക്കൗണ്ട് നമ്പറും വിവരങ്ങളും.

സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ഗോപികയ്ക്കായി ഫണ്ട് സമാഹരിക്കുന്ന അക്കൗണ്ട്:

Federal bank, Palakkad, Account num: 10810100252766

മേൽ വിലാസം: ഗോപിക ഇ.എസ്, 10 എ, സിബികെഎംജിഎച്ച്എസ്എസ്, പുതുപ്പരിയാരം, പാലക്കാട്

Gopika.E.S D/o Santhosh, vennakkara, Puduppariyaram, Palakkad