Friday 05 October 2018 11:50 AM IST

‘ആദ്യമായിട്ടാണ് ഇത്രയും കൊള്ളാവുന്ന പേരൊക്കെ എനിക്ക് കിട്ടുന്നത്’! അജയകുമാർ എന്ന ഗിന്നസ് പക്രു

Unni Balachandran

Sub Editor

pakru2

മലയാളികളുടെ സ്വന്തം അജയകുമാർ സിനിമയിൽ എത്തിയിട്ടിപ്പോൾ മുപ്പത്തിരണ്ട് വർഷം തികയുന്നു. മലയാളികളെ പലവട്ടം ഞെട്ടിച്ച ഗിന്നസ്പക്രു, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സിനിമയിലെ ബാങ്ക് മാനേജറുടെ സീരിയസ് റോളിലൂടെ കയ്യടി വാരികൂട്ടുകയാണ്.

ഏറെ പുതുമകളുള്ള വേഷമാണല്ലൊ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ ബാങ്ക് മാനേജർ?

പേരിൽ തന്നെ പുതുമയുണ്ട്, ചന്ദ്രകാന്തൻ. ആദ്യമായിട്ടാണ് ഇത്രയും കൊള്ളാവുന്ന പേരൊക്കെ എനിക്ക് സിനിമയിൽ കിട്ടുന്നത്. ജയനാണ് (ജയസൂര്യ) എന്നെ വിളിച്ചത്, നമ്മൾ ഇങ്ങനെ പുണ്യാളൻ 2 ചെയ്യുന്നുണ്ട്, അതിൽ ഒരു റോൾ ചെയ്യണമെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ കരുതി സ്ഥിരം റോളുകളായിരിക്കും എന്ന്. അപ്പോഴാണ് ജയൻ പറയുന്നത്, ഇത്രയും നാൾ ചെയ്തിട്ടില്ലാത്ത തരത്തിലുള്ളൊരു കഥാപാത്രമായിരിക്കും. ഒരുപക്ഷേ, ഈ സിനിമകണ്ട് ഇറങ്ങുന്നവരുടെ മനസ്സിൽ ഏറ്റവും കൂടുതൽ തങ്ങിനിൽക്കുന്നത് എന്റെ കഥാപാത്രമായിരിക്കും എന്നൊക്കെ.

ജയൻ ചെയ്യുന്ന ജോയ് താക്കോൽക്കാരനുമായി അടുത്തു നിൽക്കുന്ന കഥാപാത്രമാണെന്ന് പറഞ്ഞപ്പൊ തമാശയൊക്കെ പറയുന്ന സുഹൃത്തുക്കൾ ആരെങ്കിലുമായിട്ടാവും എന്നാണ് കരുതിയത്. പക്ഷേ, സെറ്റിൽ ചെന്നപ്പോഴാണ് ബാങ്ക് മാനേജരായാണ് വേഷം എന്ന് അറിഞ്ഞത്. അപ്പൊ തന്നെ ഞാൻ പറഞ്ഞു, എന്നെ മാനേജരാക്കിയാൽ ഒരു ഗുണമുണ്ട് കാശ്ശു എടുത്തോണ്ട് ഓടി രക്ഷപെടില്ലല്ലൊയെന്ന്. പിന്നെ, ഇതിന്റെയൊരു രസമെന്ന് പറഞ്ഞാൽ ബാങ്ക് ജോലി പ്രതീക്ഷിച്ച് പണ്ട് ബസേലിയോസ് കോളജിൽ പ്രീഡിഗ്രിക്ക് ഫോർത്ത് ഗ്രൂപ്പ് എടുത്തവനാണ് ഞാൻ.

നമ്മളെപോലെയുള്ളവർക്ക് മര്യാദയ്ക്കു ജോലിചെയ്യാൻ പറ്റുന്നത് ഇങ്ങനെയുള്ള ജോലികളിലാണല്ലൊ. പക്ഷേ, എന്റെ ‘അക്കൗണ്ടൻസി’ അത്രയും വളർന്നിട്ടില്ലാഞ്ഞതുകൊണ്ട് ഞാനവിടുന്ന പിന്മാറി. എങ്കിലും സാമ്പത്തിക രംഗവുമായുള്ള ബന്ധം തുടർന്നു. ഡിഗ്രി ഇ ക്കണോമിക്സ് ആയിരുന്നു. പക്ഷേ, ബാങ്ക് ജോലി അത്ര സിംപിൾ അല്ലെന്നു മനസ്സിലായപ്പോൾ വെറുതേ ഒരു ഭാരമാകേണ്ട എന്നു കരുതി ആ സ്വപ്നമങ്ങ് ഉപേക്ഷിച്ചു.

ഇങ്ങനൊയൊരു സീരിയസ് വേഷം കിട്ടയപ്പൊ എന്തായിരുന്നു തോന്നിയത്?

നല്ല ടെൻഷനായിരുന്നു, ചെയ്യുന്നത് എറിക്കുമോയെന്നൊരു പേടിയും തോന്നിയിരുന്നു. ഞാൻ ജയനോട് ചോദിക്കും, ശരിയാവുന്നുണ്ടൊ? അവൻ പറയും കറക്ടാണ്, ഇതു മതി ഇതാണ് വേണ്ടതെന്ന്. ആ ധൈര്യത്തിലാണ് ഞാൻ മുൻപോട്ട് പോയത്. സിനിമയിലെ അങ്ങനെ ഫുൾ ലെങ്ത് കഥാപാത്രമല്ലെങ്കിലും, അത്രയധികം അംഗീകാരം കിട്ടുന്നൊരു കഥാപാത്രമായിരിക്കുകയാണ് ചന്ദ്രകാന്ദൻ.

pakru1 പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ ജയസൂര്യയുമായി

ജീവിതത്തിലെ ഏറ്റവും സക്സസ്ഫുൾ ആയൊരു മനുഷ്യനാണെന്ന് പക്രുചേട്ടനെ ചൂണ്ടി പറയുന്ന സീനുണ്ടല്ലൊ സിനിമയിൽ ?

സന്തോഷമാണ്. ഞാൻ സക്സസ്ഫുള്ളായൊരു മനുഷ്യനാണൊ എന്നൊന്നും എനിക്കറിയില്ല. എന്റെ പരിമിതികളെ അതിജീവിക്കാൻ ഞാൻ എന്നും ശ്രമിക്കാറുണ്ട്. അതിനൊരു അംഗീകാരം കിട്ടുന്നത് മറ്റുള്ളവർ അങ്ങനെ പറയുമ്പോഴാണ്. ഒരു ട്രോൾ ആ സീനിന്റെ പടം വച്ച് എനിക്കാരൊ അയച്ചിരുന്നു ‘ ഈ സിനിമ കാണിച്ച മാസ് ഇദ്ദേഹത്തിന് നല്ലൊരു റോൾ നൽകിയെന്നതാണെന്ന്’.

ഇപ്പൊ സിനിമ കണ്ടിട്ട് വിളിക്കുന്ന ആളുകൾ ഏറ്റവും കൂടുതൽ പറയുന്നത് ആ സീനിനെ പറ്റിയാണ്. മാത്രമല്ല ആ സീനിൽ മകളായി അഭിനിയിച്ചിരിക്കുന്ന കുട്ടി എന്റെ മകൾ ദീപ്തയാണെന്നാണ് മിക്കയാളുകളുടേയും സംശയം. സംവിധായകൻ രഞ്ജിത്ത് ശങ്കറിന്റെ മകൾ താരയാണ് സിനിമയിലെ എന്റെ മകൾ.

ഇനി സീരിയസ്സ് റോളുകൾ മാത്രമെ കിട്ടുകയൂള്ളൂ എന്നൊരു പേടിയുണ്ടൊ?

ഏയ്...അങ്ങനെയൊന്നുമില്ല. ഞാൻ വളർന്നില്ലെങ്കിലും എന്റെ കഥാപാത്രം വളരട്ടെയെന്നാണ് വിചാരിക്കുന്നത്. ആ വളർച്ചയുടെ ഒരു ഭാഗമായിട്ടായിരിക്കാം ഇത്തരത്തിൽ നല്ലൊരു കഥാപാത്രം കിട്ടുന്നത്. പിന്നെ, എനിക്കങ്ങനെയൊരു ടൈപ് കാസ്റ്റിങ് ഒന്നും വരില്ല, കാരണം നമ്മൾ വേറൊരു മുതലായതുകൊണ്ട്. എനിക്കും പറ്റുന്ന തമാശകളും കൗണ്ടറുകളും അവിടെ കാണുമെന്ന വിശ്വാസമുണ്ട്. കഥാപാത്രത്തിന് നരയൊക്കെ ഉണ്ടെന്ന് ഡയറക്ടർ പറഞ്ഞപ്പൊ ഞാൻ തമാശയ്ക്ക് ചോദിച്ചു,സോൾട്ട് ആന്റ് പെപ്പർ ലുക്കാണൊന്ന്? ജയനവിടെ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ല , വെറും ‘പേപ്പർ ലുക്കാണെന്ന്’ അവൻ ഉടനെ മറുപടിയും തന്നു.

pakru3 ഗിന്നസ് പക്രു കുടുംബത്തോടൊപ്പം

ജയസൂര്യയൂമായി ധാരാളം നാളുകളായുള്ള പരിചയമുണ്ടല്ലൊ. ആ സൗഹൃദത്തെ പറ്റി?

എന്നെ ഏറ്റവും കൂടുതൽ നാൾ എടുത്തോണ്ട് നടന്നിട്ടുള്ള ഒരാളാണ് ജയൻ. ‘കൊച്ചിൻ ഡിസ്കവറി’ എന്നു പറഞ്ഞ കോട്ടയം നസീറിന്റെ ട്രൂപ്പിൽ രണ്ടു വർഷത്തോളം ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒരേ മുറിയിൽ താമസിക്കുകയും, എന്നെ എടുത്തോണ്ട് നടക്കുകയും ചെയ്തിരുന്നു ജയൻ. അന്ന് ജയന്റെ തുടക്കകാലമാണ്, ഒന്നു രണ്ട് ഐറ്റമൊക്കെയെ ചെയ്യുന്നുള്ളൂ. ബാക്കി സമയങ്ങളിൽ എന്റെ കാര്യങ്ങളൊക്കെ നോക്കി സഹായിക്കും. ഇതെല്ലാം കഴിഞ്ഞ് ജയൻ വല്യ നടനായി ഇത്ര വല്യ ഹീറോ ആയി കഴിഞ്ഞിട്ടാണ് എനിക്ക് നല്ലൊരു ക്യാരക്ടർ തരുന്നത്. പുണ്യാളന്റെ സെറ്റിൽ ഞാനവനോട് ചോദിച്ചു, നീയെന്താ ഇത്രയും നാളും എന്നെ സിനിമയിലേക്ക് വിളിക്കാഞ്ഞതെന്ന്. അപ്പോഴാണ് അവൻ പറയുന്നത്, തരുമ്പൊ അങ്ങനത്തെ ഒരു സംഭവം തരണം, അതാണ് ഇത്രയും കാത്തിരുന്ന് ഈ സിനിമയിലേക്ക് വിളിച്ചതെന്നും.

ഒരു നല്ല ചിരിചിരിച്ചോണ്ട് ഞാൻ മീശമാധവനിലെ ഡയലോഗ് അങ്ങ് പറഞ്ഞു,

‘അപ്പൊ ഞാനൊരു ഫുൾ ചായ എടുക്കാനായി അല്ലേടാ........’