Friday 21 April 2017 02:27 PM IST : By സ്വന്തം ലേഖകൻ

ഇവൻ ഏഴു വയസുകാരൻ ആകാശ്, ഒറ്റയ്ക്ക് സമരം നയിച്ച് ഒരു നാടിനെ രക്ഷിച്ചവൻ!

aakash_1

കഷ്ടിച്ചു ഏഴു വയസു മാത്രമാണ് ആകാശിന്റെ പ്രായം. കാഴ്ചയിൽ ഒരു തീപ്പെട്ടിക്കൊള്ളിയുടെ വലുപ്പം മാത്രം. പക്ഷേ അവൻ ഒന്ന് ആളിക്കത്തയപ്പോൾ അടച്ചു പൂട്ടിയത് ഒരു നാടിന്റെ ശാപമാണ്. തമിഴ്നാട്ടിലാണ് സംഭവം. പാഡൂർ സ്വദേശിയാണ് പയ്യൻ. നാട്ടിൽ ടാസ്മാക് (നമ്മുടെ നാട്ടിലെ ബിവറേജസ് ഷോപ്പ്) ഷോപ്പ് ആരംഭിച്ചപ്പോഴാണ് പയ്യന്റെ വിശ്വരൂപം നാട്ടുകാർ തിരിച്ചറിഞ്ഞത്. ‘കുടിയേ വിടു, പഠിക്ക വിടൂ’ എന്ന ബാനറുമേന്തി യൂണിഫോം അണിഞ്ഞ് ഷോപ്പിനു മുന്നിൽ സ്കൂളിൽ പോകാതെ സമരം ചെയ്ത പയ്യനെ പെട്ടെന്നു മാധ്യമങ്ങളും ഏറ്റെടുത്തു. സംഗതി വലിയ ചർച്ചയായി.

aakash_3

മൂന്നു മണിക്കൂർ പ്ലക്കാർഡും ഏന്തി ആകാശ് സമരം ചെയ്തു. വിവരം അറിഞ്ഞ് അധികൃതർ പാഞ്ഞെത്തി. അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ ടാസ്മാക് ഷോപ്പിന്  താഴു വീണു. ഇനി തുറക്കാതിരിക്കാൻ നടപടി സ്വീകരിക്കാമെന്ന് സ്ഥലം തഹസിൽദാറും വില്ലേജ് അ‍ഡ്മിനിസ്ട്രേറ്റീവ് ഓഫീസറും പയ്യനെ നേരിൽ കണ്ട് ഉറപ്പു കൊടുക്കുകയും ചെയ്തു. ഇത്രയും വായിക്കുമ്പോൾ ഓർക്കും ആകാശിന് കാര്യങ്ങൾ അത്ര ഈസി ആയിരുന്നുവെന്ന്. എന്നാൽ ആദ്യം പൊലീസ് എത്തി പയ്യനെ വിരട്ടി നോക്കി. പ്ലക്കാർഡും പിടിച്ച് പുസ്തകം വായിച്ചു കൊണ്ടിരുന്ന പയ്യനോടു സ്കൂളിൽ പോകാൻ പറഞ്ഞു പേടിപ്പിച്ചു. മുട്ടേന്നു വിരിഞ്ഞിട്ടാകാം സമരം എന്ന മട്ടിലൊരു ഉപദേശവും ഫ്രീ. പക്ഷേ പയ്യൻ വിട്ടു കൊടുത്തില്ല. ഉറച്ചുനിന്നു. ഇതോടെ ഏമാൻമാർക്കും മനസിലായി പയ്യൻ സീരിയസാണെന്ന്. ഷോപ്പ് തുറക്കുന്നതിനെതിരേ മാസങ്ങളായി ഇവിടെ സമരം നടന്നിരുന്നു. എന്നിട്ടും ഒരാഴ്ച മുൻപ് ഷോപ്പ് തുറന്നു.

പ്രദേശത്തെ ഏക പൊതു ടോയ്‌ലെറ്റിന് സമീപമാണ് ടാസ്മാക് ഷോപ്പ് തുറന്നത്. സമീപം ഒരു ദളിത് കോളനിയാണ്. കോളനിയിലെ ആളുകൾ മുഴുവൻ ഈ ശൗചാലയമാണ് ഉപയോഗിക്കുന്നത്. അതിനടുത്ത് ടാസ്മാക് ഷോപ്പ് വന്നതോടെ സ്ത്രീകൾക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടായിരുന്നു. ഷോപ്പിന് സമീപം തന്നെയാണ് നദിയും. കുടിവെള്ളം എടുക്കാൻ എത്തുന്ന സ്ത്രീകൾക്കും ഇതോടെ വെള്ളംകുടി മുട്ടിയ മട്ടായിരുന്നു. എന്തായാലും ആദ്യ സമരം വിജയിച്ചതിന്റെ ആവേശത്തിലാണ് പയ്യൻ. ഇനിയും അനീതിക്കെതിരേ സമരം ചെയ്യുമെന്ന് അവൻ ഉറപ്പിച്ചു പറയുന്നു. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിനും ഉണ്ട് അവന്റെ കയ്യിൽ ഉത്തരം, ഒരു ഐഎഎസ് ഓഫീസർ.

aakash_0