Tuesday 21 August 2018 02:18 PM IST : By സ്വന്തം ലേഖകൻ

പാമ്പുകൾക്ക് ഒരു പെണ്ണിനോട് ഇത്ര പകയോ? 56 തവണ പാമ്പുകടിയേറ്റ അനിത കൃഷ്ണന്റെ കഥ

anitha_snake_bite

ഒരു സ്ത്രീയെ 56 തവണ പാമ്പുകടിക്കുക എന്ന് പറയുന്നത് തന്നെ ഒരുപക്ഷെ കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമായിരിക്കും. പാമ്പുകൾക്ക് ഒരു പെണ്ണിനോട് ഇത്ര പകയോ? പാമ്പുകളുടെ പകയെക്കുറിച്ച് പറയുന്നവർ അത്തരത്തിൽ ചിന്തിച്ച് നോക്കി. എന്നാൽ അനിതയുടെ കഥ അതിലും വിചിത്രമാണ്. ഒന്നും രണ്ടുമല്ല, അമ്പത്തിയാറു തവണയാണ് കോട്ടയം വാഴൂർ സ്വദേശി അനിത കൃഷ്ണനെ (40) പാമ്പ് കടിച്ചത്. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. വാഴൂർ സ്‌കൂളിൽ പത്താം ക്ലാസ് വരെ പഠിക്കുന്നതിനിടെ നാലുതവണ സ്കൂൾ വളപ്പിൽ വച്ച് കടിയേറ്റിട്ടുണ്ട്. കാല്, കൈ, തല, മുഖം എന്നിങ്ങനെ കടിയേൽക്കാത്ത ഭാഗങ്ങൾ കുറവാണ്. രാത്രിയെന്നോ പകലെന്നോ പാമ്പുകൾക്ക് ഭേദമില്ല. പുറത്തിറങ്ങിയാലും അകത്തായാലുമെല്ലാം പാമ്പ് കടിക്കും.

ഓണം പോലെയുള്ള വിശേഷദിവസങ്ങളിൽ പലപ്പോഴും ഉണ്ണാൻ പോലും കഴിയാതെ പാമ്പ് കടിയേറ്റ് കിടന്നിട്ടുണ്ട് ഇവർ. അതോ കടിക്കുന്നത് നിസാരക്കാരൊന്നുമല്ല. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി, മഞ്ചട്ടി, വളവളപ്പൻ തുടങ്ങിയ ഇനങ്ങളാണ്. ആറു വർഷം മുമ്പ് മൂർഖന്റെ കടിയേറ്റ് കുറവിലങ്ങാട്ടെ വൈദ്യരുടെ അടുക്കൽ എത്തി. വൈദ്യർ ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മരുന്നു കൊടുത്തത്. വൈദ്യരെപ്പോലും അമ്പരപ്പിച്ച് അനിത പിറ്റേന്ന് തന്നെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരിക്കൽ പുല്ല് ചെത്തുമ്പോൾ മൂർഖൻ തൊട്ടടുത്തു കൂടി പോവുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോൾ അനിത തലകറങ്ങി വീണു. താനറിയാതെ പാമ്പ് കടിച്ചിട്ട് പോയതാണെന്ന് പിന്നെയാണ് മനസിലായത്.  

വീട്ടിലെ മറ്റെല്ലാവരും സുരക്ഷിതരാണെന്നതാണ് അനിതയുടെ ആശ്വാസം. എന്നാൽ ധാരാളം വളർത്തു മൃഗങ്ങളുള്ള അനിതയുടെ വീട്ടിലെ പശുവും ആടും നായയുമൊക്കെ പലവട്ടം പാമ്പുകടിയേറ്റ് ചത്തിട്ടുണ്ട്. അവിവാഹിതയായ അനിത, കുറവിലങ്ങാട് കാരയ്ക്കൽ മോഹനൻ വൈദ്യരുടെ അടുക്കലാണ് പത്തുവർഷമായി ചികിത്സ തേടുന്നത്.  മാതാപിതാക്കളുടെ മരണശേഷം പതിന്നാല് വർഷമായി മരങ്ങാട്ടുപള്ളി വളകുഴി വള്ളിപ്പാംത്തോട്ടത്തിൽ ഗോപിനാഥിന്റെയും ഭാര്യ ഓമനയുടെയും സംരക്ഷണയിലാണ്.

ഗോപിനാഥും ഭാര്യ ഓമനയും അനിതയും ചേർന്ന് പത്തുസെന്റ് സ്ഥലത്തെ സർക്കാർ അംഗീകൃത ഫാമിൽ 16 പശുക്കളെയും 22 ആടുകളെയും വളർത്തുകയാണ്. പശുക്കൾക്ക് പുല്ലു ചെത്തുന്നതും കാര്യങ്ങൾ നോക്കുന്നതുമൊക്കെ അനിതയാണ്. ഇന്നൊരു പാമ്പും കടിക്കരുതേ എന്ന പ്രാർത്ഥനയോടെയാണ് അനിത ഉണരുന്നത്. തന്നെ മാത്രമല്ല, താൻ നോക്കി വളർത്തുന്ന മിണ്ടാപ്രാണികളെയും.