Friday 22 June 2018 02:39 PM IST

ആവണിയാണ് എന്റെ ലോകം! അഞ്ജലി നായർ തുറന്നു പറയുന്നു

Rakhi Parvathy

Sub Editor

anjali_avani അഞ്ജലി നായര്‍ മകള്‍ ആവണിയോടൊപ്പം

‘അന്ന് വൈശാഖേട്ടനിൽ നിന്നൊരു കോൾ വന്നപ്പോൾ കഥയോ താരങ്ങളോ ഒന്നും തിരക്കാതെ തന്നെ ചെയ്യാം എന്നുറപ്പിച്ചു. പിന്നീടാണ് മോഹൻലാലിന്റെ ചെറുപ്പകാലത്തെ അമ്മ വേഷമാണ് അഭിനയിക്കേണ്ടെന് അറിഞ്ഞത്. പക്ഷെ അപ്പോഴും പുലിമുരുകനെന്ന ഇത്രയും വലിയ ചിത്രത്തിലെ അമ്മ വേഷം ആണെന്നും അത്രയധികം ശ്രദ്ധനേടുമെന്ന് അറിഞ്ഞിരുന്നില്ല.’– അഞ്ജലി നായർ അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം സെഞ്ചുറിയോട് അടുക്കുകയാണ്.  ‘ബെൻ’ എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടും പുലിമുരുകനിലെ അമ്മ വേഷമാണ് ആളുകൾ മനസിൽ നിറഞ്ഞു നിൽക്കുന്നതെന്ന് അഞ്ജലിയുടെ സാക്ഷ്യം.

അഭിനയത്തിനു പുറമേ പ്രൊഡക്ഷൻ മേഖലയിലേക്കും കടക്കുകയാണ് അഞ്ജലി. കൂട്ടായുള്ളത് ഇരട്ട സഹോദരൻ അജയ്‌യും ചില സുഹൃത്തുക്കളും. സ്വപ്നങ്ങളുടെ സാക്ഷാത്കാരം ആയതിനാൽ ‘റിയലൈസ് പ്രൊഡക്ഷൻ ഹൗസ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘അനിയനും അൽപ്പം സിനിമാ അഭിനയവും പ്രമോഷനും ഒക്കെ ചെയ്തിരുന്നു. കൂടെ ഉള്ള സുഹൃത്തുക്കളായ സൂര്യാശേഖർ ഫാഷൻ ഡിസൈറും സ്റ്റൈലിസ്റ്റുമാണ്, സൂരജ് ശ്രീധർ നിർമാതാവും വിഎഫ്എക്സ് സൂപ്പർ വൈസറുമായി പ്രവർത്തിച്ചിരുന്നു.  ക്രീയേറ്റീവ് ‍ഡയറക്ടറായ സതീഷ് കുമാറാണ് മറ്റൊരാൾ. അഭിനയത്തിനും നൃത്തത്തിനും പുറമേ എന്തെങ്കിലും സ്വന്തമായി ചെയ്യണം എന്ന് പണ്ടുമുതലേ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അത് യാഥാർത്ഥ്യമായത്.’– സ്വപ്നങ്ങൾ കൂട്ടിവച്ചു തുടങ്ങിയ സ്ഥാപനത്തിലിരുന്ന് ‘വനിത ഓൺലൈനു’മായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജലി നായർ.

anjali_nair6 റിയലൈസ് പ്രൊഡക്ഷന്‍ ഹൗസ് ടീം

‘ഡിഗ്രിക്ക് പഠിക്കുമ്പോൾ ട്യൂഷനെടുക്കും ഡാൻസ് പഠിപ്പിക്കും. ഒപ്പം മോഡലിങും. അങ്ങനെ ഓടിനടന്ന് എല്ലാ ചെയ്യും. അഭിനയം മാത്രമായി ഒതുങ്ങുന്ന മേഖലയല്ലല്ലോ സിനിമ. പ്രോത്സാഹിപ്പിക്കുന്ന നിരവധി പേരുടെ പിന്തുണയുള്ളതു കൊണ്ട് സിനിമാ പ്രമോഷൻ എന്ന പദ്ധതി പ്രൊഡക്ഷൻ ഹൗസ് എന്ന ആശയത്തിലേക്ക് വരികയായിരുന്നു. വിജയ്ബാബുവും റിമി ടോമിയും ചേർന്നാണ് ‘റിയലൈസ്’ ലോഞ്ച് ചെയ്തത്. സംവിധായകൻ ജോഷിയും അനുഗ്രഹിച്ചു. എന്റെയും അജയ്‌യുടെയും പിറന്നാളായ ജൂലൈ 16 ന് ലോഞ്ച് നടത്തി.’– അഞ്ജലിക്ക് നൂറു നാവ്.  

anjali_nair2

സിനിമ വന്ന വഴി

1994 ല്‍ റിലീസ് ചെയ്ത മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമാ ലോകത്ത് എത്തിയത്. തമിഴ് ചിത്രങ്ങളിലൂടെ നായികയായി. പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാളത്തിലേക്ക്. ‘അഭിനയം എന്റെ പാഷനാണ്, അന്നവുമാണ്. സംവിധായകർ ചെറിയ വേഷമാണെങ്കിലും എന്നെ ഓർമിച്ചു വിളിച്ചു തരുമ്പോൾ അത് തള്ളിക്കളയാൻ എനിക്കു കഴിയില്ല. സിനിമയിൽ ഞാൻ അല്ലെങ്കിൽ മറ്റൊരു അഞ്ജലി ഉണ്ടാകും. ചെയ്യാൻ കഴിയും എന്ന് അവർ വിശ്വസിക്കുന്ന കഥാപാത്രങ്ങളിലേക്കാണ് എന്നെ വിളിക്കുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണ് കലാകാരി എന്ന നിലയിൽ എന്റെ കടമ.’– അഞ്ജലി നയം വ്യക്തമാക്കുന്നു.

anjali_nair3

അമ്മ വേഷവും ടൈപ്പ് കാസ്റ്റും

പുലിമുരുകനിലും കമ്മട്ടിപ്പാടത്തിലും അമ്മ വേഷം ചെയ്തപ്പോൾ എല്ലാവരും എന്നോട് ചോദിച്ചു, ‘മോഹൻലാലിന്റെയും ദുൽഖറിന്റെയുമൊക്കെ അമ്മയാണെങ്കിലും അമ്മ വേഷമല്ലേ, ഇനി അമ്മ വേഷങ്ങൾക്ക് മാത്രമായി അഞ്ജലിയെ വിളിക്കുമോ’ എന്ന്. പക്ഷെ ഇതുവരെ ചെയ്ത വേഷങ്ങൾ തന്നെ വീണ്ടും ചെയ്യേണ്ടിവരുന്ന മടുപ്പില്ല. അത്രമാത്രം വ്യത്യസ്തമാണ് എന്ന തേടിയെത്തിയ ഓരോ കഥാപാത്രവും. പ്രിയദർശന്റെ ഒപ്പത്തിൽ ലാലേട്ടന്റെ പെങ്ങളായി അഭിനയിച്ചപ്പോൾ ചെറിയ വേഷമായിരുന്നിട്ടുകൂടി എല്ലാവരും അഭിനന്ദിച്ചു. സ്വന്തം ഏട്ടനോട് ‘എന്റെ കല്യാണത്തിന് വരരുത്’ എന്നു നിറകണ്ണുകളോടെ പറയേണ്ടി വന്നത് വല്ലാതെ സ്പർശിച്ചു എന്ന് ഒരുപാട് പേർ പറഞ്ഞു. പുലിമുരുകനിൽ കുട്ടിപ്പുലിമുരുകന്റെ അമ്മയാകാൻ കഴിഞ്ഞതു ഭാഗ്യമാണ്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിൽ ദുൽഖറിന്റെ അമ്മയായതും അതേ പോലെ കരുതുന്നു. വിഎം വിനുവിന്റെ ‘മറുപടി’യിൽ റഹ്മാന്റെ അമ്മയായും എത്തി.

anjali_dq

‘രക്ഷാധികാരി’യിൽ ബിജുവേട്ടന്റെ സഹോദരിയാണ്, രണ്ടു കുട്ടികളുടെ അമ്മയും. അമ്മയായി അഭിനയിക്കുന്നത് എന്നെ സംബന്ധിച്ച് അഭിമാനമുള്ള കാര്യം തന്നെയാണ്. നമ്മുടെ പ്രായത്തിൽ കൂടുതലുള്ള കഥാപാത്രങ്ങളിലൂടെ മറ്റൊരാളായി എത്തുക എന്നതല്ലേ സിനിമയിൽ ശ്രമകരം. ടൈപ്പ് കാസ്റ്റ് ആയി പോകും എന്ന പേടി എനിക്കില്ല. ‘കളം’ എന്ന പുതിയ ചിത്രത്തിൽ നായികാ കഥാപാത്രമാണ്. പട്ടുപാവാട ഉടുത്ത് ഓടി നടക്കുന്ന നായിക. അത്തരത്തിൽ ഞാൻ പണ്ട് സ്വപ്നം കണ്ടിരുന്നു. പാട്ടൊക്കെ പാടി അഭിനയിക്കുന്നത്. അത് കൊണ്ട് തന്നെ ‘കള’ത്തിലെ കഥാപാത്രം വളരെ അടുത്തു നിൽക്കുന്നു. അങ്കമാലി ഡയറീസിൽ അപ്പാനി രവിയായി എത്തിയ ശരത്തിന്റെ ഭാര്യാകഥാപാത്രമാണ് പോക്കിരി സൈമണിൽ. മോഹൻലാൽ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം. ജീവിതത്തിൽ ഒരു മകളുടെ അമ്മയാണ്. ആവണിയുടെ. സിനിമ കഴിഞ്ഞാൽ അവളാണ് എന്റെ ലോകം. അഞ്ച് വയസായി.രാവിലെ പോയി വൈകിട്ട് വരാവുന്ന സെറ്റിലേക്കല്ല പോകുന്നതെങ്കിൽ അമ്മയും ആവണിയും ഉണ്ടാകും. അവൾക്കും സിനിമ വലിയ ഇഷ്ടമാണ്. ഞാൻ അഭിനയിച്ച ചിത്രങ്ങളൊക്കെ കാണും.

സംസ്ഥാന അവാർഡ് ചാൻസ് കളഞ്ഞില്ല

anjali_nair7

ബെന്‍ എന്ന ചിത്രത്തില്‍ ആശ ജെസ്റ്റിന്‍ എന്ന കഥാപാത്രത്തിനാണ് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. വെല്ലുവിളിയുള്ള വേഷമായിരുന്നു. എങ്കിലും അത്ര വലിയ അംഗീകാരം കിട്ടുെമന്നു കരുതിയില്ല. അതിനുശേഷം തിരക്കു കൂടി. നാൽപ്പതോളം ചിത്രങ്ങൾ എന്നെ തേടിയെത്തി. അതിലെ അഭിനയം കണ്ടിട്ടാകാം പ്രിയദർശൻ സാറും വിഎം വിനു സാറുമൊക്കെ എന്നെ അവരുടെ സിനിമകളിലേക്ക് വിളിച്ചതെന്നുപോലും എനിക്കു തോന്നുന്നു.– അഞ്ജലിയുടെ വാക്കുകളിൽ പിന്തുണ നൽകുന്നവരോടുള്ള നന്ദി.