Tuesday 11 September 2018 04:31 PM IST : By അനൂപ് മേനോൻ

ട്യൂബിലെ ബംഗ്ലാദേശി! ഹൃദയസ്പർശിയായ അനുഭവകഥയുമായി അനൂപ് മേനോൻ

anoop-menon-s2

വൈകുന്നേരം പെയ്ത മഴ കൊണ്ടാവണം ലണ്ടൻ നല്ലവണ്ണം തണുത്തിരുന്നു.  ഹോട്ടലിൽ നിന്നിറങ്ങി ട്യൂബ് സ്റ്റേഷനിലേക്ക് നടക്കുന്ന വഴി ഒരു കാപ്പി വാങ്ങി അത് കൈകൾക്കുള്ളിൽ തിരുകി തണുപ്പ് മാറ്റിക്കൊണ്ടാണ് നീങ്ങിയത്. സെന്റ് ജെയിംസ് കോർട്ടിന് മുന്നിലെ റോഡിൽ കാൽനടക്കാരുടെ നല്ല തിരക്കുണ്ട്. ഓഫിസ് വിട്ടു വരുന്ന സമയമാണ്. നമുക്കെല്ലാം അസാധ്യമെന്നു തോന്നുന്ന അച്ചടക്കത്തോടെ മനുഷ്യരും വാഹനങ്ങളും ചുറ്റും ഒഴുകുന്നു. എത്ര തവണ വന്നാലും ഈ നഗരം മടുക്കാത്തതിന്റെ കാരണങ്ങളിൽ ഒന്ന്.

വിക്ടോറിയയിൽ നിന്നും എനിക്ക് പോകേണ്ടത് Shepherd's Bush എന്ന സ്ഥലത്തേക്കാണ്. അണ്ടർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയപ്പോൾ തണുപ്പിൽ നിന്നും ഒരാശ്വാസം. പെട്ടെന്ന് തന്നെ ട്രെയിനും വന്നു... വലിയ തിരക്കില്ല. ഞാൻ കയറിയ കംപാർട്മെന്റിൽ അഞ്ചാറു പേരേയുള്ളൂ... മൂന്നു പെൺകുട്ടികൾ ഫോണിലാണ്. ഒരു ചെറുപ്പക്കാരൻ ലാപ്ടോപ്പിൽ, മറ്റൊരാൾ ചെവിയിൽ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ട് വെറുതെ പുറത്തേക്ക് നോക്കിയിരിക്കുന്നു.

അടുത്ത രണ്ട് സ്റ്റേഷനുകൾ Sloane Square ഉം South Kensington ഉം ആൾത്തിരക്കില്ലാതെ കടന്നുപോയി. Earls Court എത്തിയപ്പോൾ അടുത്ത് കംപാർട്മെന്റിൽ ഉണ്ടായിരുന്ന ഒരുപാട് പേർ ഇറങ്ങി.  അവിടെ നിന്നും ഞങ്ങളുടെ കംപാർട്മെന്റിലേക്ക് ഒരാൾ കയറി. കാഴ്ചയിൽത്തന്നെ മുസൽമാൻ എന്ന് മനസ്സിലാവുന്ന ഒരാൾ... മീശയില്ല, മൈലാഞ്ചി കലർന്ന നരച്ച താടി, പാക്കിസ്ഥാനി വേഷവിധാനം, നെറ്റിയിൽ തെളിഞ്ഞു നിൽക്കുന്ന നിസ്കാരത്തഴമ്പ്. അയാൾ കയറിയപ്പോൾ മുതൽ എന്റെ മുന്നിലിരിക്കുന്നവർ ഒരൽപം അസ്വസ്ഥരാവുന്നത് ഞാൻ കണ്ടു. അയാളുടെ വീർത്ത പോക്കറ്റിലേക്കാണ് അവരുടെ നോട്ടം. അത് അസാധാരണമായ ഒരു വീർപ്പ് തന്നെയായിരുന്നുവെന്ന് പറയാതെ വയ്യ. അയാൾ നടന്ന് എന്റെ ബെഞ്ചിന്റെ അപ്പുറത്തെ അറ്റത്തിരുന്നു. ഇരുന്നപാടെ, അയാൾ പതിയെ താഴത്തെ പോക്കറ്റിൽ നിന്നും ഒരു ഉരുണ്ട പൊതി പുറത്തെടുത്തു. എന്നിട്ട് സീറ്റിൽ, അയാൾക്ക് പിന്നിലേക്ക് നീക്കിവച്ചു. നിസ്സംഗമായിരുന്നു അയാളുടെ മുഖം.

ഭയം, അതിന്റെ എല്ലാ ലക്ഷണങ്ങളോടും കൂടി മുന്നിലിരിക്കുന്ന യാത്രക്കാരിലേക്കും അവരിൽ നിന്നും എന്നിലേക്കും പടരുന്നത് ഞാനറിഞ്ഞു. അയാളോ, അയാളുടെ കൈയിലെ ദുരൂഹമായ പൊതിയോ അല്ല, എന്റെ നേരെ മുന്നിൽ ഇരിക്കുന്നവരുടെ കണ്ണുകളാണ്, എന്നിലും പേടി നിറയ്ക്കുന്നത്.  സമയം ഒട്ടും പാഴാക്കാനില്ല എന്ന പോലെ അവരിൽ ലാപ്ടോപ്പുമായി ഇരിക്കുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റ് ധൃതിയിൽ അപ്പുറത്തെ കംപാർട്മെന്റിലേക്ക് നടന്നു. അയാൾ പോയതിന് തൊട്ടുപിന്നാലെ ബാക്കിയുള്ള നാലുപേരും  എഴുന്നേറ്റ് അക്ഷരാർഥത്തിൽ ഓടുകയായിരുന്നു. നിമിഷനേരത്തിൽ അവർ പല കംപാർട്മെന്റുകൾക്ക് അപ്പുറമെത്തി. ഞാനും അയാളും മാത്രം ബെഞ്ചിൽ. നേരത്തെ തോന്നിയ തണുപ്പ് ഇരട്ടി ശക്തിയിൽ എന്നിലേക്ക് വീണ്ടും അരിച്ചു കയറുംപോലെ. എനിക്കെന്തോ അവിടെനിന്ന് അനങ്ങാൻ തോന്നിയില്ല. അത് ഭയം കൊണ്ടാണോ, ശുഭാപ്തി വിശ്വാസം കൊണ്ടാണോ എന്ന് ഇന്നുമറിയില്ല. ഞാൻ നോക്കുമ്പോൾ അയാൾ എന്നെ നോക്കി ഇരിക്കുകയാണ്. അയാളുടെ മുഖം ഇപ്പോഴും വികാരശൂന്യമാണ്. ബ്ലാങ്ക് സ്റ്റെയർ (Blank Stare). ഞാൻ ചിരിക്കാൻ ശ്രമിച്ചു. അത് കണ്ട് അയാൾ ചോദിച്ചു.

anoop-menon-s1

‘നിങ്ങൾ പാക്കിസ്ഥാനിൽ നിന്നാണോ....’

ഒരു നിമിഷം ശങ്കിച്ച് ഞാൻ മറുപടി പറഞ്ഞു.

‘അല്ല, ഇന്ത്യ...’

‘ഞാൻ ബംഗ്ലാദേശിൽ നിന്നാണ്, താങ്കൾ മുസ്ലിമാണോ...’

ഞാൻ കള്ളം പറഞ്ഞു, ‘അതേ...’

എന്തിനായിരുന്നു അപ്പോൾ അങ്ങനെയൊരു കള്ളം പറഞ്ഞത്. ഇനി ഒരു പക്ഷേ ആ പൊതിയിൽ ബോംബ് തന്നെയാണെങ്കിൽ എന്നോട് അലിവ് തോന്നി ‘രക്ഷപ്പെടാൻ’ അവസരം തന്നാലോ...

ബംഗ്ലാദേശി പതിയെ തന്റെ സീറ്റിന് പുറകിലേക്ക് തിരുകിവച്ച ആ പൊതിയെടുത്തു. അപ്പോഴാണ് ഞാനത് ശരിക്കും കാണുന്നത്. ഒരു ചെറിയ നാളികേരം ബ്രൗൺ പേപ്പറിൽ പൊതിഞ്ഞുവച്ചപോലെ. അതുപോലൊരു കൈതമുള്ളിൽ പിടിച്ച അവസ്ഥ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഞങ്ങളുടെ ബെഞ്ചിന്റെ നടുവിൽ ആ പൊതി വച്ച് അയാളത് തുറന്നു. ബ്രൗൺ പേപ്പറിനുള്ളിൽ കുറെ ടിഷ്യു പേപ്പറുകൾ. അതിനുള്ളിൽ ലണ്ടനിലെ high end ബേക്കറികളിൽ കാണാറുള്ള ചില സാധനങ്ങളാണ്. ഒരു അലങ്കാര കേക്കിന്റെ പൊട്ടിയ കഷണങ്ങൾ, കുറേ ടർക്കിഷ് പേസ്ട്രി, macarons, ആരോ പാതി കഴിച്ച lasagne, അരിക് പൊട്ടിയ കുറേ  കുക്കീസ്, കുറച്ച് മിഠായികൾ.

അയാളെന്നെ നോക്കി... അയാളെ നോക്കാനാവാതെ ഞാനും...

‘ഇവിടെയുള്ള സ്റ്റോക്ക് എക്സ്ചേഞ്ചിൽ ടോയ്|ലെറ്റ് വൃത്തിയാക്കലാണ് എന്റെ പണി. ഇന്ന് ഓഫിസിൽ ഒരു പാർട്ടി ഉണ്ടായിരുന്നു. അവര് കഴിച്ച് ബാക്കി വന്നത് കുറച്ച് ആരും കാണാതെ പൊതിഞ്ഞെടുത്തതാണ്... എന്റെ മക്കൾക്ക് കൊടുക്കാൻ... വല്ലപ്പോഴും പുറത്തേക്ക് കൊണ്ടുപോവുമ്പോൾ വലിയ ബേക്കറികളുടെ കണ്ണാടിക്കൂട്ടിൽ ഇതൊക്കെ ഇരിക്കുന്നത് മക്കൾ നോക്കി നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.... കുട്ടികൾ അത് വേണമെന്ന് പറയാറില്ല... അവർക്കറിയാം... ഇതിപ്പോ ഇങ്ങനെ കണ്ടപ്പോൾ, വേറൊന്നും ആലോചിച്ചില്ല... പൊതിഞ്ഞെടുത്തു...’

ആ നേരം എന്താണ് എന്റെ മനസ്സിലൂടെ കടന്നുപേയത്. സഹതാപം, ആത്മനിന്ദ, ലോകമെമ്പാടുമുള്ള തീവ്രവാദികളോടുള്ള വെറുപ്പ്, ദൂരെയുള്ള ഒരു ചെറിയ വീട്ടിൽ ബാപ്പയെ കാത്തിരിക്കുന്ന ആ കുരുന്നകളുടെ മുഖം... ഇതൊന്നുമായിരുന്നില്ല... ആനന്ദം... പറഞ്ഞറിയിക്കാനാവാത്ത ആനന്ദം...

ഞാൻ അപ്പുറമുള്ള കംപാർട്മെന്റുകളിലേക്ക് തിരിഞ്ഞു നോക്കി. ബോംബ് പൊട്ടുന്നുണ്ടോയെന്ന ആകാംക്ഷയോടെ  ആ ബ്രിട്ടീഷുകാരുടെ കണ്ണുകൾ അവിടെയെങ്ങാനും ഉണ്ടോ... തിരിച്ച് അയാളെ നോക്കിയപ്പോൾ ആ ബംഗ്ലാദേശി ആദ്യമായി നിറഞ്ഞ് ചിരിച്ചു. മനോഹരമായ, നിഷ്കളങ്കമായ ചിരി.

‘ഇത് ഞങ്ങൾക്കെല്ലാം ഇപ്പോൾ ശീലമാണ് സർ... ഞങ്ങളെ കാണുമ്പോഴുള്ള ഭയം... സംശയം... മാറ്റി നിർത്തപ്പെടുന്നത് ഇപ്പോൾ സ്വാഭാവികമായ ഒരു കാര്യം മാത്രമായി... പക്ഷേ, ഇവരേയും കുറ്റപ്പെടുത്താൻ കഴിയില്ല സർ...’’

തിരിച്ച് നാട്ടിലെത്തി പത്രം തുറന്നപ്പോൾ ലണ്ടനിലെ Parsons Green metro യിൽ വീണ്ടും ബോംബാക്രമണം. ഞാനെന്റെ ബംഗ്ലാദേശിയെ ഓർത്തു. ഉപ്പമാരെ കാത്ത് വീടിന്റെ തിണ്ണയിലെ സന്ധ്യയിലിരിക്കുന്ന ഒരു തലമുറയേയും...

anoopmenon-s3